Monday, October 5, 2020

വികസന വഴിയിൽ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ; ആധുനികവത്കരണത്തിന് നടപ്പാക്കിയത് 33.9 കോടിയുടെ പദ്ധതി

 ആലപ്പുഴ > കേരളത്തിലെ സ്പിന്നിംഗ് മില്ലുകളുടെ ചരിത്രത്തിൽ മാതൃകാ സ്ഥാപനമായി വ്യവസായവകുപ്പിന് കീഴിലുള്ള ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ. ആലപ്പുഴ കരിയിലക്കുളങ്ങരയിലെ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പുനരുദ്ധാരണ-നവീകരണ- വികസന പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. 1981 ൽ സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം ഇതോടെ 25,200 സ്പിന്റിലുകൾ എന്ന് സ്ഥാപിത ശേഷി കൈവരിച്ചു.

33.9426 കോടി രൂപയുടെ പദ്ധതിയാണ് ആധുനികവത്ക്കരണത്തിനും സ്പിന്റിൽശേഷി വർദ്ധിപ്പിക്കുന്നതിനും നടപ്പാക്കിയത്. ഈ സ്പിന്റിലുകൾ പ്രവർത്തിപ്പിക്കുന്നതോടെ ഉത്പാദനക്ഷമത 20% വർദ്ധിക്കുകയും ഗുണമേന്മ സ്വകാര്യ സ്പിന്നിംഗ് മില്ലുകളോട് കിടപിടിക്കുന്നതാകുകയും ചെയ്യും. നവീകരണത്തിന്റെ ഭാഗമായി ഓട്ടോമറ്റിക് ബെയിൽ പ്ലക്കർ, കാർഡിംഗ് മെഷീനുകൾ, ഡ്രോയിംഗ്് മെഷീനുകൾ, സിംപ്ലക്‌സ് മെഷീനുകൾ, കോമ്പർ മെഷീനുകൾ, സ്പിന്നിംഗ് മെഷീനുകൾ, ഓട്ടോമറ്റിക് കോൺവൈന്റിംഗ് മെഷീൻ എന്നിവ സ്ഥാപിച്ചു. നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റേയും സംസ്ഥാന സർക്കാരിന്റേയും ധനസഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്.

250 ഓളം ജീവനക്കാരാണ് നിലവിൽ സ്ഥാപനത്തിലുള്ളത്. സ്ത്രീകളും സമീപവാസികളും  തന്നെയാണ് ജീവനക്കാരിൽ ഭൂരിഭാഗവും. ആധുനികവത്കരണത്തോടെ നൂറോളം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാകും. ഒരു നാടിന്റെ ഉന്നമനത്തിൽ കൈത്താങ്ങാവുകയാണ് ഈ സ്ഥാപനം 

നൂറ് ശതമാനം പരുത്തി നൂലാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 40 കൗണ്ട് മുതൽ 120 കൗണ്ട് വരെയുള്ള നൂൽ ഉത്പാദിപ്പിക്കുവാനുള്ള ശേഷി മില്ലിനുണ്ട്. കാർഡഡ്, കോമ്പ്ഡ് എന്നീ വ്യത്യസ്ത നൂലുകളും ഉത്പ്പാദിപ്പിക്കുന്നു. ഈ നൂലുകളെല്ലാം സിങ്കിൾ, ഡബിൾ  എന്ന തരത്തിലും ഉത്പാദിപ്പിക്കുവാനുള്ള ശേഷി ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ കൈവരിച്ചു. ആഭ്യന്തര - വിദേശ വിപണികളിൽ ഒരു പോലെ നിലയുറപ്പിക്കാൻ ഇതോടെ  ഇവിടുത്തെ ഉത്പന്നങ്ങൾക്ക് സാധിക്കും.

പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനായി നിരവധി പദ്ധതികൾ പരിഗണനയിൽ ഉണ്ട്.  കോമ്പാക്ട് യാൺ, സ്ലബ്ബ് യാൺ ആരോഗ്യരംഗത്ത് അത്യന്താപേക്ഷിതമായ സർജിക്കൽ കോട്ടൺ എന്നിവയാണ് ഇതിൽ പ്രധാനം

No comments:

Post a Comment