Monday, October 12, 2020

വീണ്ടും ചരിത്രം കുറിച്ച്‌ കേരളം; എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസുള്ള ആദ്യ സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

  സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാർട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കൈറ്റ് ആണ്.

16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.

നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ സംസ്ഥാനത്തെ എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അഭിമാനകരമായ ഒരു നേട്ടമാണിത്. വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകൾക്കും ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുക എന്നത് സർക്കാരിൻ്റെ ഉറച്ച തീരുമാനമായിരുന്നു. പ്രളയങ്ങളും മഹാമാരിയുമടക്കം നിരവധി വെല്ലുവിളികൾ ഉയർന്നു വന്നിട്ടും ദൃഢനിശ്ചയത്തോടെ ആ ലക്ഷ്യം നമുക്ക് പൂർത്തീകരിക്കാനായി. നമുക്കൊത്തൊരുമിച്ച് കൂടുതൽ മികവിലേക്ക് വരും കാലങ്ങളിൽ നമ്മുടെ വിദ്യാലയങ്ങളെ കൈ പിടിച്ചുയർത്താമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

മുഴുവൻ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം,16,027 സ്‌കൂളുകളിലായി വിതരണം ചെയ്തത് 3,74,274 ഡിജിറ്റൽ ഉപകരണങ്ങൾ, 4752 എച്ച്എസ്,എച്ച്എസ്എസ് സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ്മുറികൾ, പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബ്, സർക്കാർ,എയിഡഡ് മേഖലകളിലെ 12678 സ്‌കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഉപകരണങ്ങൾക്ക് 5 വർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും, പരാതി പരിഹാരത്തിന് വെബ് പോർട്ടലും കോൾ സെന്ററും, അടിസ്ഥാനസൗകര്യമൊരുക്കാൻ 730.5 കോടി രൂപ, കിഫ്ബിയിൽ നിന്നു മാത്രം 595 കോടി രൂപ,വിദഗ്ധ ഐടിസി പരിശീലനം നേടിയ 1,83,440 അധ്യാപകർ എന്നിവയാണ്‌ ഒറ്റ നോട്ടത്തിൽ പദ്ധതിയുടെ നേട്ടങ്ങൾ.

സ്‌കൂളുകളുടെ മാറ്റം നാടിന്റെ നേട്ടമാണ്‌; മറച്ച് വെക്കാൻ ആരും ശ്രമിക്കേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം > നല്ല സൗകര്യമുള്ള സ്‌കൂളുകളില്‍ പഠിക്കുക എന്നത് ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം പറ്റുന്നുവെന്ന കാര്യമെന്ന നിലയില്‍ നിന്നും പാവപ്പെട്ടവനും സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ പോലും ലോകത്തിലെ ഏറ്റവും സൗകര്യമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തിലേക്ക് മാറി വരുന്നത്  ഇതിന്റെ ഭാഗമാണ്.

ഒരു നാടിന് തന്നെയാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒന്ന് മുതല്‍ പന്ത്രണ്ട്  വരെ ക്ലാസുകള്‍ക്കായി 3,74,270 ഹൈടെക് ഉപകരണങ്ങള്‍ നല്‍കി കഴിഞ്ഞു. എട്ട് മുതല്‍ പ്ലസ്ടുവരെ 45,000 ഹൈടെക്‌ ക്ലാസ് മുറികളും സാധ്യമായി. നേട്ടങ്ങളെല്ലാം  ഞങ്ങള്‍ക്ക് മാത്രമാണുള്ളത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ചിലത് മറ്റുള്ളവരും ചെയ്തിട്ടുണ്ടാവാം. അത് പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിനും കഴിഞ്ഞു. ഇത് നാടിന്റെ നേട്ടമായി കാണണം. നേടിയ നേട്ടങ്ങള്‍ മറച്ച് വെക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ നാടിന്റെ  പങ്കാളിത്തം ഉണ്ടാവുകയെന്നതാണ് സര്‍ക്കാര്‍ ഉറപ്പാക്കിയത്. അങ്ങനെയാണ് മിഷന്റെ  യഥാര്‍ഥ നേതൃത്വം  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. അതിലൂടെ അടച്ചൂപൂട്ടപ്പെട്ട സ്‌കൂളുകള്‍ വീണ്ടും ഉയര്‍ന്ന്  വന്നു. മറ്റ് സ്‌കൂളുകള്‍ പോലെ സര്‍ക്കാര്‍ സ്‌കൂളും മാറി. കേരളത്തിലെ പൊതു വിദ്യാഭ്യാസം നേരത്തെ തന്നെ ശക്തിപ്പെട്ടത്  രാജ്യവും ലോകവും അംഗീകരിച്ചതാണ്. ലോകത്തെ ഏറ്റവും മികവുറ്റ സ്‌കൂളിന്റെ സൗകര്യം കേരളത്തിലുണ്ടായി. ഇത് അക്കാദമിക തലത്തിലടക്കം വലിയ മാറ്റമുണ്ടാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1.19 ലക്ഷം ലാപ്‌ടോപ്പുകളും 69,944 പ്രൊജക്ടറുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മൊത്തമായി വാങ്ങിയതോടെ നിരക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു. ഉപകരണങ്ങള്‍ക്കെല്ലാം അഞ്ച് വര്‍ഷത്തെ വാറണ്ടി ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി 4752 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടുമുതല്‍ 12 വരെയുള്ള 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആയി. 11,275 എല്‍.പി, യു.പി സ്‌കൂളില്‍ ഹൈടെക് ലാബുകള്‍ ഒരുക്കി. 12678 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി.

'ഏത് ഉള്‍ഗ്രാമത്തിലെ സ്‌കൂളും പട്ടണത്തിലെ വിദ്യാലയവുമായി കിടപിടിക്കും': സര്‍ദേശായിയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം> ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്ന നഗര -ഗ്രാമ വ്യത്യാസം അത്രത്തോളം  പ്രകടമല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും ഇവിടെ ഏത് നഗരത്തിലുള്ള പൊതുവിദ്യാലയത്തോടും എല്ലാ അര്‍ഥത്തിലും കിടപിടിക്കാവുന്ന പൊതുവിദ്യാലയം തന്നെയാണ് ഏത് ഗ്രാമത്തിലുമുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 എത്ര ദൂരത്തുള്ള ഉള്‍ഗ്രാമമായാലും, അവിടെയുള്ള വിദ്യാലയവും വലിയ പട്ടണത്തിലുള്ള സ്‌കൂളും ആര്‍ജിച്ച നേട്ടത്തില്‍ വലിയ വ്യത്യാസമില്ല. കോവിഡ് കാലം കഴിഞ്ഞാല്‍ അങ്ങ് കേരളത്തില്‍ വരികയും ഗ്രാമത്തിലെ സ്‌കൂളുകളും; വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും നേരിട്ട് കണ്ട് വിലയിരുത്തണമെന്നും ഇതൊരു ക്ഷണമായി  സ്വീകരിച്ച് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിദ്യാലയങ്ങള്‍ ഡിജിറ്റല്‍ ആയതോടെ ഗ്രാമ -നഗര വിദ്യാഭ്യാസം തമ്മിലുള്ള വ്യത്യാസത്തിന് മാറ്റമുണ്ടാകമോ എന്ന  രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്

No comments:

Post a Comment