Monday, October 12, 2020

ഹൈടെക്ക് കേരളവും അഫ്ഗാനിസ്ഥാനോട് മത്സരിക്കുന്ന ഇന്ത്യയുമൊക്കെ ചാനലുകളുടെ ചവറ്റുകൊട്ടയില്‍

 ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളെയും സംഭവങ്ങളെയും അവഗണിച്ചുകൊണ്ട് ഊതീവീര്‍പ്പിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പല വാര്‍ത്താ ചാനലുകളും. ചുറ്റും നടക്കുന്ന മാറ്റങ്ങളെയോ നിര്‍ണായക തീരുമാനങ്ങളെയോ ഒന്നും പലപ്പോഴും ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ മടിക്കുന്നത് വിമര്‍ശനവിധേയമാകാറുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയെയും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെയും സംബന്ധിച്ച രണ്ട് സുപ്രധാന വാര്‍ത്തകള്‍ ഉദാഹരണമായി സൂചിപ്പിച്ചുകൊണ്ട് ഈ വിഷയം ഫെയ്‌‌സ്‌ബുക്ക് കുറിപ്പിലൂടെ എം ബി രാജേഷ് പങ്കുവെക്കുന്നു.


എം ബി രാജേഷിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് ചുവടെ

പറയുന്നത് യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ചാണ്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന രണ്ട് മേഖലകളെക്കുറിച്ചുള്ള അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായ രണ്ട് വാര്‍ത്തകളെക്കുറിച്ച്. ഒന്ന് കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച്. രണ്ടാമത്തേത് ഇന്ത്യയിലെ ആരോഗ്യ മേഖലയെക്കുറിച്ച്.

ഇന്ന് കേരളം പൊതുവിദ്യാഭ്യാസത്തില്‍ സമ്പുര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറിയ ദിവസമാണ്. ഇന്ത്യയില്‍ ആദ്യത്തെ സംസ്ഥാനം. 'ഡിജിറ്റല്‍ ഇന്ത്യ' പരസ്യത്തിലൊടുങ്ങിയ പ്രചരണ മുദ്രാവാക്യമായി അവസാനിച്ചപ്പോള്‍ കേരളം അധികം ബഹളമൊന്നുമില്ലാതെ സ്‌കൂളുകള്‍ ഡിജിറ്റലാക്കി.160274 സ്‌കുളുകളില്‍ 3.74 ലക്ഷം ഡിജിറ്റല്‍ ഉപകരണങ്ങള്‍. 11275 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍. പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലും ക്ലാസ് മുറികളിലും അരങ്ങേറിയ നിശ്ശബ്ദ വിപ്ലവം. മാദ്ധ്യമങ്ങളും പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിച്ച മഹാവിപ്ലവം.

ഇനി മറ്റൊരു വാര്‍ത്തയിലേക്ക്. ഇന്ത്യ ആരോഗ്യ മേഖലക്ക് ഏറ്റവും കുറവ് ബജറ്റ് വിഹിതം നീക്കി വെക്കുന്ന നാലാമത്തെ രാജ്യമെന്ന് ഓക്‌സ്‌ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പറയുന്നു. വെറും 4 ശതമാനം മാത്രമാണ് ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതം. അഫ്ഗാനിസ്ഥാനും ഇതേ 4 ശതമാനമാണ് ചെലവഴിക്കുന്നത് എന്നോര്‍ക്കുക! 158 രാജ്യങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാന്നും 155-ാം റാങ്ക് പങ്കുവെക്കുന്നു. (അല്ലെങ്കിലും അഫ്ഗാനിസ്ഥാനെപ്പോലെ മത രാഷ്ട്രത്തിന്റെ മറ്റൊരു പതിപ്പ് ഇന്ത്യയിലുണ്ടാക്കലാണല്ലോ ലക്ഷ്യം. മത രാഷ്ട്രത്തിലെന്തിന് വിദ്യ? എന്ത് ആരോഗ്യം?) പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ അല്പം മാത്രം കൂടും. നേപ്പാളും ബംഗ്ലാദേശും 5 ശതമാനം. ഇന്ത്യയിലെ ആരോഗ്യ ചെലവുകളുടെ 70 ശതമാനവും ജനങ്ങള്‍ സ്വയം വഹിക്കണമെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുന്നു.

കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യക്കുണ്ടായ പരാജയത്തിന്റെ പ്രധാന കാരണം ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ അഭാവമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായ ആഫ്രിക്കയിലെ ബറുണ്ടി ഇന്ത്യയുടെ മൂന്നിരട്ടി ആരോഗ്യത്തിന് ചെലവിടുന്നു എന്ന കണ്ടെത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. മേരാ ഭാരത് മഹാന്‍ ! അല്ലേ?

എഴുതി വന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. പ്രൈം ടൈം ചര്‍ച്ചക്കിനി ഏതാനും മണിക്കൂര്‍ മാത്രം. ഹൈടെക്ക് കേരളവും അഫ്ഗാനിസ്ഥാനോട് മല്‍സരിക്കുന്ന ഇന്ത്യയുമൊക്കെ ചവറ്റുകൊട്ടയില്‍. അവതാരകര്‍ക്കിത് ആവര്‍ത്തന വിരസതയില്ലാത്ത നൂറാം നാള്‍. ഒരേ വിഷയം. ഒരേ സൂചനകള്‍. ഒരേ ചോദ്യങ്ങള്‍. ഒരേ ഉത്തരങ്ങളും

വാല്‍ക്കഷണം: സെഞ്ച്വറി ദിനത്തില്‍ മനംപുരട്ടല്‍ ഒഴിവാക്കാന്‍ പ്രേക്ഷകര്‍ മരുന്നു കഴിക്കണമെന്ന് മുന്നറിയിപ്പ്.  

No comments:

Post a Comment