Friday, October 16, 2020

സമാനതകളില്ലാത്ത വികസന സാക്ഷാൽക്കാരം

 വികസനനേട്ടങ്ങളുടെ അവസാനിക്കാത്ത പട്ടികയിലേക്കിതാ പുതിയൊരു ചരിത്രംകൂടി എഴുതിച്ചേർത്ത്‌ കേരളം. സഞ്ചാരികൾക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ 26 പദ്ധതികൾ 22ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 70 കോടിയിൽപ്പരം രൂപയുടെ പദ്ധതികളാണ്‌ 14 ജില്ലയിലായി പൂർത്തിയാക്കിയത്‌.  പൊന്മുടിയിൽ 2.08 കോടി രൂപ ചെലവിൽ‌ ലോവർ സാനിറ്റോറിയം കൂടുതൽ സഞ്ചാരി സൗഹൃദമാക്കി. കൊല്ലത്ത്‌ അറക്കൽ ‘മലമേലി’ന്റെ സൗന്ദര്യം ആസ്വദിക്കാൻ മൂന്നു കോടിയിലാണ്‌ അടിസ്ഥാന സൗകര്യമൊരുക്കിയത്‌. കൊല്ലം തീരത്തും താന്നീ ബീച്ചിലും 2.27 കോടിയുടെ പദ്ധതികൾ പൂർത്തിയായി. പത്തനംതിട്ട ഇലവുംതിട്ട മുലൂർ സ്‌മാരകം സൗന്ദര്യവൽക്കരിച്ചു. പാലാ നഗരത്തിലെ ഗ്രീൻ ടൂറിസം കോംപ്ലക്‌സിന്‌ നീക്കിവച്ചത്‌ അഞ്ചു കോടിയാണ്‌. ഇടുക്കി അരുവിക്കുഴിയിൽ കഫറ്റേറിയയും റെയിൻ ഷെൽട്ടറുമടക്കമായി. എലപ്പാറ അമിനിറ്റി സെന്ററിനും കൂടുതൽ സൗകര്യങ്ങളായി.

ആലപ്പുഴ പുന്നമട ഫിനിഷിങ്‌ പോയിന്റിൽ പവലിയനും ജെട്ടിയും പൂർത്തിയാക്കി. നഗരത്തിൽ തിരുമല ചുങ്കത്ത് നൂറോളം ഹൗസ്‌ ബോട്ടുകൾ അടുപ്പിക്കാവുന്ന ബോട്ട്‌ ജെട്ടിയും മനോഹര നടപ്പാതയും നിർമിച്ചു. ഭൂതത്താൻകെട്ടിൽ 2.35 കോടിയിൽ ഏറുമാടങ്ങളും കോട്ടേജുകളുമായി. തൃശൂർ പീച്ചി ഡാം പരിസരവും ബൊട്ടാണിക്കൽ ഗാർഡനും അഞ്ചുകോടിയിൽ നവീകരിച്ചു. തൂമ്പൂർമൂഴിയുടെ രണ്ടാംഘട്ട വികസനത്തിൽ 3.3 കോടിയുടെ നിർമാണങ്ങൾ പൂർത്തിയായി.

നവീകരിച്ച പാലക്കാട്‌ പോത്തുണ്ടി ഡാം ഉദ്യാനം (നാലു കോടി),  മംഗലം ഡാം ഉദ്യാനം (4.76 കോടി), മലപ്പുറം കോട്ടക്കുന്നിൽ മിറാക്കിൾ ഗാർഡൻ,  ചമ്രവട്ടം പുഴയോര സ്‌നേഹപാത ഒന്നും രണ്ടും ഘട്ടങ്ങൾ (2.36 കോടി), പുനരുദ്ധരിച്ച വടകര സാൻഡ്‌ ബാങ്ക്‌സിലെ ഗ്രീൻ കാർപറ്റ്‌, മാനാഞ്ചിറ സ്‌ക്വയർ, നവീകരിച്ച കണ്ണൂർ കക്കാട്‌ പാലക്കാട്‌ സ്വാമി മഠം പാർക്ക്‌, സൗന്ദര്യവൽക്കരിച്ച ചൊക്ലി ബണ്ട്‌ റോഡ്‌, നോർത്ത്‌ മലബാർ റിവർ ക്രൂസ്‌ ടൂറിസം പദ്ധതി, പറശിനിക്കടവ്‌ ബോട്ട്‌ ടെർമിനൽ എന്നിവയും തുറക്കും.

വയനാട്‌ ചീങ്ങേരി മല–-റോക്ക്‌ അഡ്‌വെഞ്ച്വർ ടൂറിസം (1.04 കോടി) പദ്ധതി പൂർത്തിയായി. 400 വർഷത്തോളം പഴക്കമുള്ള ബേക്കൽ കോട്ടയിലേക്ക്‌ സ്വാഗത കമാനവും ഇതിലുൾപ്പെട്ടു.

ജി രാജേഷ്‌കുമാർ 

ഇനി യാത്രാസൗകര്യങ്ങളുടെ ഹബ്‌: മുഖ്യമന്ത്രി

കൊച്ചി> വിവിധ ഗതാഗതപദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ യാത്രാസൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി ചമ്പക്കര കനാലിനുകുറുകെ ഡിഎംആര്‍സി നിര്‍മിച്ച രണ്ടാമത്തെ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കൊച്ചി മെട്രോ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ഗതാഗത ഉപാധിമാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ ജീവിതരേഖകൂടിയാണ്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടംകൂടി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ മാറും.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ നല്‍കാൻ വാട്ടര്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ യാത്ര ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന ദ്വീപുനിവാസികളും പുരോഗമനത്തിന്റെ പാതയിലെത്തും. യന്ത്രേതരയാത്രയ്ക്കുള്ള മാസ്റ്റര്‍ പ്ലാനും കെഎംആര്‍എല്‍ തയ്യാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശത്തുമുള്ള രണ്ടു കിലോമീറ്റര്‍ ദൂരമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തില്‍ മികച്ച കാല്‍നടപ്പാതകള്‍, സൈക്കിള്‍പാതകള്‍, ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിങ് സൗകര്യം എന്നിവ പൂര്‍ത്തിയാകുന്നതോടെ വീടിനടുത്തുവരെ ഗതാഗതസൗകര്യം എത്തും.

വിദേശമാതൃകയില്‍ കൊച്ചിയിലെ കനാലുകള്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് കെഎംആര്‍എലിനാണ്. ഇടപ്പള്ളി, ചിലവന്നൂര്‍, തേവര–--പേരണ്ടൂര്‍, തേവര, മാര്‍ക്കറ്റ്, കോന്തുരുത്തി കനാലുകളുടെ പുനരുജ്ജീവനമാണ് നടപ്പാക്കുന്നത്. 1400 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ കനാലുകളുടെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment