Tuesday, October 6, 2020

പീഡിപ്പിക്കപ്പെട്ടുവെന്ന്‌ പെൺകുട്ടിയുടെ മൊഴി; തേജോവധം ചെയ്ത് ബിജെപി

 ന്യൂഡൽഹി> ഹാഥ്‌രസിൽ കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായിട്ടില്ലെന്ന യുപി പൊലീസിന്റെ അവകാശവാദത്തിന് പ്രചാരം നല്‍കി ബിജെപി. ആദ്യം പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് പകര്‍ത്തിയ പെണ്‍കുട്ടിയുടെ വീഡിയോകളാണ് ബിജെപി നേതാക്കൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഈ വീഡിയോകള്‍തന്നെ ലൈം​ഗികാതിക്രമം സംഭവിച്ചതിന് തെളിവായി മാറി. കൂട്ടബലാത്സം​ഗത്തിന് ഇരയായെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന്റെ പേരില്‍ യോ​ഗി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ നുണപരിശോധന നടത്താനിരിക്കെയാണ് ബിജെപിയുടെ വീഡിയോ പ്രചാരണം.

ബലാത്സംഗം ഉണ്ടായി മണിക്കൂറുകൾക്കകം ചന്ദ്‌പ പൊലീസ്‌ സ്‌റ്റേഷനിൽനിന്നുള്ളതാണ്‌‌ ആദ്യ വീഡിയോ. ബിജെപി ഐടി സെൽ തലവൻ അമിത്‌ മാളവ്യ ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കഴുത്ത്‌ ഞെരിച്ചെന്നും ബലംപ്രയോഗിച്ച്‌ അതിക്രമം നടത്തിയെന്നും പെണ്‍കുട്ടി പറയുന്നു.  തീര്‍ത്തും അവശയായ പെൺകുട്ടിയെയാണ് പൊലീസുകാര്‍ ചോദ്യംചെയ്യുന്നത്. മേല്‍ജാതിക്കാരനായ സന്ദീപാണ്‌ ആക്രമിച്ചതെന്നും കുടുംബവുമായി അവര്‍ക്ക് ശത്രുതയുണ്ടെന്നും പെണ്‍കുട്ടി പറയുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. ബിജെപി

തമിഴ്‌നാട്‌ ഐടി സെൽ കൺവീനർ സി ടി നിർമൽ കുമാറാണ് വീഡിയോ പുറത്തുവിട്ടത്.

എന്നാല്‍, അലിഗഢിലെ ജവാഹർലാൽ നെഹ്‌റു മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ കഴിയവെയുള്ള വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സെപ്തംബര്‍ 14ന് ബലാത്സം​ഗം ചെയ്യപ്പെട്ടെന്നും മുമ്പും സന്ദീപും കൂട്ടരും ബലാത്സംഗം ചെയ്യാൻശ്രമിച്ചിട്ടുണ്ടെന്നും അന്ന്‌ ഓടിരക്ഷപ്പെട്ടെന്നും പെൺകുട്ടി ഇതില്‍ വെളിപ്പെടുത്തുന്നു. മജിസ്‌ട്രേട്ടിനു നൽകിയ മരണമൊഴിയിലും പെൺകുട്ടി ഇക്കാര്യം ആവർത്തിച്ചു. അലിഗഢിലെ ആശുപത്രിയിൽ തയ്യാറാക്കിയ മെഡിക്കോ ലീഗൽ റിപ്പോർട്ടും ബലാത്സംഗം സ്ഥിരീകരിക്കുന്നതാണ്.

ഹാഥ്‌രാസ് പീഡനം: ഫോറൻസിക്‌ റിപ്പോർട്ട്‌ തള്ളി വിദഗ്‌ധർ

ന്യൂഡൽഹി > ഹാഥ്‌രസിലെ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നു വരുത്താൻ ഉത്തർപ്രദേശ്‌ പൊലീസ്‌ ആശ്രയിച്ച ഫോറൻസിക്‌ റിപ്പോർട്ട്‌ നിലനിൽക്കില്ലെന്ന്‌ വിദഗ്‌ധർ. സംഭവം നടന്ന്‌ 11 ദിവസത്തിനുശേഷമാണ്‌ പെൺകുട്ടിയുടെ ശരീരത്തിൽനിന്ന്‌ സാമ്പിളുകൾ ശേഖരിച്ചത്‌. ബലാത്സംഗ കേസുകളിൽ 96 മണിക്കൂറിനുള്ളിൽ ഫോറൻസിക്‌ തെളിവുകൾ ശേഖരിക്കണമെന്നതാണ്‌ നിയമപരമായ മാർഗനിർദേശം. ദിവസങ്ങൾ വൈകി എടുത്ത സാമ്പിളുകൾ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന്‌ അലിഗഢ്‌ ജവാഹർ ലാൽ നെഹ്‌റു മെഡിക്കൽ കോളേജിലെ ചീഫ്‌ മെഡിക്കൽ ഓഫീസർ ഡോ. അസീം മലിക്‌ പറഞ്ഞു.

സെപ്‌തംബർ 14ന്‌ ആക്രമിക്കപ്പെട്ട പെൺകുട്ടിയിൽനിന്ന്‌ ഫോറൻസിക്‌ തെളിവുകൾ ശേഖരിച്ചത്‌ 25നാണ്‌. സാമ്പിളുകളിൽ ശുക്ലത്തിന്റെയോ ബീജത്തിന്റെയോ അംശം കണ്ടെത്താനായില്ലെന്നും അതിനാൽ  ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ തെളിവില്ലെന്നും ഫോറൻസിക്‌ റിപ്പോർട്ട്‌ ഉദ്ധരിച്ച്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ, മെഡിക്കൽ–- ലീഗോ റിപ്പോർട്ടിൽ ബലാത്സംഗം സ്ഥിരീകരിച്ചിരുന്നു. സെപ്‌തംബർ 22ന്‌ നടത്തിയ വൈദ്യപരിശോധനയിൽ ബലാത്സംഗത്തിന്റെ തെളിവുകൾ ലഭിച്ചു. സ്വകാര്യഭാഗങ്ങളിൽ മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നു. ഫോറൻസിക്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പൊലീസിന്റെ വാദം നിയമവിദഗ്‌ധരും തള്ളി‌.

ഹാഥ്‌രസ്‌ കേസ്‌ ഡൽഹിയിലേക്ക്‌ മാറ്റണമെന്ന് ഹര്‍ജി

ഹാഥ്‌രസില്‍‌ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സം​ഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്‌ച പരിഗണിക്കും. കേസിന്റെ തുടർനടപടി ഡൽഹിയിലേക്ക്‌ മാറ്റണമെന്നും കേസിൽ സുപ്രീംകോടതി, ഹൈക്കോടതി സിറ്റിങ് ജഡ്‌ജിമാരുടെയോ വിരമിച്ച ജഡ്‌ജിമാരുടെയോ മേൽനോട്ടത്തിൽ സിബിഐ, എസ്‌ഐടി അന്വേഷണം വേണമെന്നുമാണ് ‌ സാമൂഹ്യപ്രവർത്തകൻ സത്യംദുബേ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ക്രമസമാധാന നില തകരാറിലായ ഉത്തർപ്രദേശിൽ അനുച്ഛേദം 356 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഡ്വ. സി ആർ ജയ സുഖിനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌. കേസ്‌ അട്ടിമറിക്കാൻ പൊലീസ്‌ ഉദ്യോഗസ്ഥരും  ജില്ലാ മജിസ്‌ട്രേട്ടും നടത്തിയ നീക്കം‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥൻ ചന്ദ്രബാൻസിങ്ങും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌.

No comments:

Post a Comment