Tuesday, October 6, 2020

വ്യവസായമേഖലയിൽ 30,000 പേർക്ക്‌ തൊഴിൽ

 കോവിഡ്‌ മൂലമുണ്ടായ തൊഴിലില്ലായ്‌മയ്‌ക്ക്‌ പരിഹാരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സംയോജിതപദ്ധതി പ്രകാരം വ്യവസായ മേഖലയിൽ മാത്രം മുപ്പതിനായിരത്തോളം പേർക്ക്‌ തൊഴിൽ ലഭിക്കും. ജില്ലാ വ്യവസായകേന്ദ്രങ്ങൾ വഴി 2400 യൂണിറ്റിലായി 7200 പേർക്കാണ്‌ തൊഴിൽ ലഭിക്കുക. എംഎസ്എംഇ ഫെസിലിറ്റേഷൻ നിയമത്തിനു കീഴിൽ 4053 പേർക്ക് ചെറുകിട വ്യവസായം ആരംഭിക്കാൻ അനുമതി നൽകി. 100 ദിവസത്തിനുള്ളിൽ ഈ സംരംഭങ്ങളിൽ 6000 പേർക്ക് തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പിനു കീഴിൽ 700 സംരംഭത്തിന്‌ നിക്ഷേപ സബ്സിഡി അനുവദിച്ചു. 416 അപേക്ഷ  തീർപ്പാക്കാനുണ്ട്‌. ഇതുകൂടി പൂർത്തിയാകുമ്പോൾ 4600 പേർക്ക് തൊഴിൽ ലഭിക്കും.

കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ അക്കൗണ്ടിലായി 4525 കോടി രൂപയാണ്‌ സംസ്ഥാനത്ത്‌ അധിക വായ്പയായി വിതരണം ചെയ്‌തത്‌. ഇതിന്റെ അടിസ്ഥാനത്തിൽ 1200 പുതിയ തൊഴിലവസരമുണ്ടാകും. കേന്ദ്ര ഭക്ഷ്യസംസ്‌കരണ സൂക്ഷ്മ തൊഴിൽ സംരംഭ പദ്ധതിയിൽ 600 പേർക്ക് തൊഴിൽ ലഭിക്കും.

കശുവണ്ടി മേഖലയിൽ കാപ്പെക്സിലും കോർപറേഷനിലുമായി 3000 പേർക്ക്‌ 100 ദിവസത്തിനുള്ളിൽ പുതുതായി തൊഴിൽ സൃഷ്ടിക്കും. ഇതിനാവശ്യമായ തോട്ടണ്ടി ഇറക്കുമതിക്ക്‌ പ്രവർത്തനം ആരംഭിച്ചു. 100 യന്ത്രവൽക്കൃത കയർ ഫാക്ടറികളിൽ 500 പേർക്ക്‌ തൊഴിൽ നൽകും.

42 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിൽ 1178 സ്ഥിരം നിയമനവും 342 താൽക്കാലിക നിയമനവും 241 കരാർ നിയമനവുമടക്കം 1761 നിയമനമുണ്ടാകും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്‌മെന്റ് കോർപറേഷനിൽ മാത്രം 241 പേർക്ക്‌  നിയമനം ലഭിക്കും. കേരള മിനറൽസ് ആൻഡ് മെറ്റൽസ് (കെഎംഎംഎൽ), ട്രാവൻകൂർ ടൈറ്റാനിയം, ടെക്സ്റ്റൈൽ കോർപറേഷൻ, ബാംബൂ കോർപറേഷൻ,  ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്‌ഡിപി)  എന്നിവയിലായി 766 നിയമനം നടക്കും.

പുതിയ ഹോംകോ ഫാക്ടറിയിൽ 150 തസ്തിക സൃഷ്ടിക്കും.  കാർഷിക വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളിൽ 348 പേർക്കും കൃഷി വകുപ്പിനു കീഴിലുള്ള സംരംഭകത്വ വികസന പരിപാടികളിലൂടെ 230 പേർക്കും കാർഷിക യന്ത്രവൽക്കരണ കർമസേനകൾ വഴി 1000 പേർക്കും തൊഴിൽ ലഭിക്കും.

No comments:

Post a Comment