Tuesday, October 13, 2020

നഷ്ടമായത്‌ സിബിഐയുടെ വിശ്വാസ്യത

 ഇത്‌ ‘സെൻട്രൽ ബ്യൂറോ ഓഫ്‌ ഇഡിയറ്റ്‌സ്‌’ അല്ല–- കഴിഞ്ഞ ദിവസം ഹൈക്കോടതി മുമ്പാകെ സിബിഐ അഭിഭാഷകൻ അവകാശപ്പെട്ടതാണ് ഇത്‌. ഒരുകാലത്ത്‌ രാജ്യത്തെ ‘പ്രീമിയർ’ അന്വേഷണ ഏജൻസിയെന്നും ഇന്ത്യയിലെ സ്‌കോട്ട്‌ലൻഡ്‌ യാർഡെന്നും മറ്റും അവകാശപ്പെട്ടിരുന്ന ഒരു സംഘടനയ്‌ക്ക്‌ തങ്ങൾ വെറും വിഡ്‌ഢിക്കൂട്ടമല്ലെന്ന്‌ നീതിന്യായ കോടതിമുമ്പാകെ അവകാശപ്പെടേണ്ടി വരുന്ന പരിതാപകരമായ സാഹചര്യത്തിലേക്ക്‌ തരംതാഴേണ്ടി വന്നത്‌ എന്തുകൊണ്ടാകും? കഴിഞ്ഞ എട്ടു ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ച ‘യജമാനന്റെ അരുമ’ എന്ന പരമ്പര ഈ ചോദ്യത്തിന്‌ ഉത്തരം തേടുകയായിരുന്നു.

ഇതിന്‌ ഉത്തരം ഹാഥ്‌രസിൽ സവർണരുടെ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടിയുടെ കുടുംബം നൽകുന്നുണ്ട്‌. ഹാഥ്‌രസ്‌ പീഡനം സിബിഐ അന്വേഷിക്കുമെന്ന്‌ യുപിയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ചപ്പോൾ സിബിഐ വേണ്ടേ വേണ്ടെന്നാണ്‌ പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചത്‌. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്‌ അവർ താൽപ്പര്യപ്പെട്ടത്‌. എന്നാൽ, ഈ ആവശ്യം യുപി സർക്കാർ തള്ളി. കേസ്‌ സിബിഐയെ ഏൽപ്പിച്ചു.

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കുടുംബത്തിനെതിരായി അടുത്തിടെ ഉയർന്ന അഴിമതി ആക്ഷേപങ്ങളിൽ പ്രതിപക്ഷമായ കോൺഗ്രസ്‌ സിബിഐ അന്വേഷണം താൽപ്പര്യപ്പെടുന്നില്ല. ജുഡീഷ്യൽ അന്വേഷണമാണ്‌ പ്രതിപക്ഷ നേതാവായ സിദ്ദാരാമയ്യ ആവശ്യപ്പെടുന്നത്‌. കോൺഗ്രസ്‌ ഭരണസംസ്ഥാനങ്ങളായ രാജസ്ഥാനും ഛത്തീസ്‌ഗഢും ഒരു പടികൂടി കടന്ന്‌ സംസ്ഥാനങ്ങളിൽ കേസന്വേഷണത്തിന്‌ സിബിഐക്ക്‌ കാലങ്ങളായി നൽകിവന്നിരുന്ന ‘പൊതുസമ്മതം’ പിൻവലിക്കുകയും ചെയ്‌തു. ഈ രണ്ട്‌ സംസ്ഥാനങ്ങൾക്കു പുറമെ ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങളും സിബിഐക്ക്‌ നൽകിയിരുന്ന പൊതുസമ്മതം പിൻവലിച്ചിരുന്നു.

സത്യസന്ധവും നിഷ്‌പക്ഷവുമായ അന്വേഷണത്തിന്‌ ഒരുകാലത്ത്‌ പേരുകേട്ടിരുന്ന സിബിഐക്ക്‌ തൊണ്ണൂറുകൾമുതലാണ്‌ നിറംമാറ്റം ആരംഭിച്ചത്‌. കേന്ദ്രത്തിൽ മാറിമാറി അധികാരത്തിൽ വന്ന കോൺഗ്രസും ബിജെപിയും തങ്ങളുടെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി സിബിഐയെ ഉപയോഗിച്ചുതുടങ്ങി. കേന്ദ്ര ഭരണകക്ഷിയെ രാഷ്ട്രീയമായി എതിർക്കുന്നവരെ വേട്ടയാടുന്നതിനുള്ള ഉപകരണംമാത്രമായി സിബിഐ ചുരുങ്ങി. അന്വേഷണ ഏജൻസിയിൽനിന്ന്‌ വേട്ടയാടൽ ഏജൻസിയായി പരുവപ്പെട്ടതോടെ മികച്ച ഉദ്യോഗസ്ഥരുണ്ടായിട്ടുകൂടി പ്രധാന കേസുകളിൽ സിബിഐ തോറ്റുതുടങ്ങി. എൽ കെ അദ്വാനി അടക്കം പരിവാർ നേതാക്കളായ എല്ലാ പ്രതികളെയും വെറുതെവിട്ടുള്ള ബാബ്‌റി കേസ്‌ വിധി ഒടുവിലെ ഉദാഹരണമാണ്‌. പൊലീസ്‌ സ്‌റ്റേഷനുകളിലെ സാധാരണ റൈട്ടർമാർ പാലിക്കുന്ന ജാഗ്രതപോലും ബാബ്‌റി കേസ്‌ കൈകാര്യം ചെയ്‌ത ഘട്ടത്തിൽ സിബിഐക്കുണ്ടായില്ല. ബൊഫോഴ്‌‌സ്‌, ടു ജി സ്‌പെക്ട്രം, സൊറാബുദ്ദീൻ ഷെയ്‌ക്ക്‌ വ്യാജഏറ്റുമുട്ടൽ, ആരുഷി തൽവാർ കൊലപാതകം, ജെഎൻയു വിദ്യാർഥി നജീബിന്റെ തിരോധാനം തുടങ്ങി സിബിഐ തോൽക്കുകയോ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയോ ചെയ്‌ത കേസുകളുടെ പട്ടിക നീണ്ടതാണ്‌.

സിബിഐയുടെ പ്രൊഫഷണലിസമില്ലായ്‌മയിൽ മനംമടുത്ത്‌ പലപ്പോഴും കടുത്ത ഭാഷയിൽ സുപ്രീംകോടതിക്കുപോലും വിമർശിക്കേണ്ടി വന്നു. കൽക്കരി കേസ്‌ പരിഗണിക്കുന്ന വേളയിൽ യജമാനന്റെ ശബ്ദത്തിൽമാത്രം സംസാരിക്കുന്ന കൂട്ടിലടച്ച തത്തയെന്നാണ്‌ ചീഫ്‌ ജസ്റ്റിസായിരുന്ന ആർ എം ലോധ സിബിഐയെ വിശേഷിപ്പിച്ചത്‌. സ്വീകാര്യമായ ഒരു തെളിവെങ്കിലും സിബിഐ സമർപ്പിക്കുമെന്ന പ്രതീക്ഷയിൽ ഏഴുവർഷം കോടതിമുറിയിൽ താൻ കാത്തിരുന്നുവെന്ന്‌ ടു ജി കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടുള്ള വിധിന്യായത്തിൽ പ്രത്യേക കോടതി ജഡ്‌ജി ഒ പി സെയ്‌നി കുറിച്ചു. ഫോട്ടോകളുടെ നെഗറ്റീവുകളോ പത്രവാർത്തകളുടെ ഒറിജിനലുകളോ ഹാജരാക്കാൻപോലും സിബിഐക്ക്‌ കഴിഞ്ഞില്ലെന്ന്‌ ബാബ്‌റി കേസ്‌ വിധിയിൽ ജഡ്‌ജി പറഞ്ഞു.

ബ്രിട്ടീഷ്‌കാലത്ത്‌ യുദ്ധാനുബന്ധ അഴിമതികൾ അന്വേഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്‌പെഷ്യൽ പൊലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റാണ്‌ സിബിഐയുടെ ആദ്യരൂപം. 1946ൽ ഇത്‌ ഡൽഹി സ്‌പെഷ്യൽ പൊലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റായി (ഡിഎസ്‌പിഇ) മാറി. നെഹ്‌റു പ്രധാനമന്ത്രിയും ലാൽബഹാദൂർ ശാസ്ത്രി ആഭ്യന്തരമന്ത്രിയുമായിരിക്കെ 1963 ഏപ്രിൽ ഒന്നിനാണ്‌ ഡിഎസ്‌പിഇ സിബിഐ ആയി മാറിയത്‌. ആഭ്യന്തരവകുപ്പ്‌ പുറപ്പെടുവിച്ച ഒരു വിജ്ഞാപനപ്രകാരമായിരുന്നു പേരുമാറ്റം. സെക്രട്ടറിതല ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഈ വിജ്ഞാപനത്തിന്റെ നിയമസാധുതതന്നെ ചോദ്യംചെയ്യപ്പെട്ട നിലയിലാണ്‌. ഭരണഘടനാപരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഗുവാഹത്തി ഹൈക്കോടതി 2013 നവംബറിൽ സിബിഐ രൂപീകരിച്ചുള്ള വിജ്ഞാപനം റദ്ദാക്കി. ഇതിനെതിരായ അപ്പീൽ‌ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. അപ്പീൽ അനുവദിച്ച്‌ സുപ്രീംകോടതി അനുവദിച്ച സ്‌റ്റേയുടെ പിൻബലത്തിലാണ്‌ നിലവിൽ സിബിഐയുടെ പ്രവർത്തനം.

സിബിഐയെ സ്വതന്ത്രമാക്കി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ 1997ലെ വിനീത്‌ നരെയ്‌ൻ കേസ്‌ വിധിയിൽ സുപ്രീംകോടതി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡയറക്ടറുടെ കാലാവധി രണ്ടുവർഷമായി നിജപ്പെടുത്തൽ, സിവിസിക്ക്‌ മേൽനോട്ട അധികാരം, തോൽക്കുന്ന കേസുകളിൽ പ്രോസിക്യൂഷൻ വീഴ്‌ച പരിശോധിച്ച്‌ നടപടി തുടങ്ങിയ നിർദേശങ്ങൾ കോടതി മുന്നോട്ടുവച്ചെങ്കിലും സിബിഐയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. ഏറ്റവുമൊടുവിൽ ഡയറക്ടറും സ്‌പെഷ്യൽ ഡയറക്ടറുമായുള്ള തമ്മിലടിയും സിബിഐ ആസ്ഥാനത്തുണ്ടായ പാതിരാഅട്ടിമറിയും നാഗേശ്വര റാവുവിനെപ്പോലുള്ള വർഗീയവാദികൾ ഡയറക്ടർ സ്ഥാനത്ത്‌ അവരോധിക്കപ്പെട്ടതുമെല്ലാം കൂട്ടിലടച്ച തത്തയായിത്തന്നെ സിബിഐ തുടരുന്നതിന്‌ ഉദാഹരണങ്ങളാണ്‌. അമിതാധികാര പ്രവണതകാട്ടുന്ന മോഡി സർക്കാരിന്റെ കീഴിൽ സിബിഐമാത്രമല്ല മറ്റ്‌ അന്വേഷണ ഏജൻസികളും യജമാനന്മാരുടെ ശബ്ദമായി അധഃപതിച്ചിരിക്കുകയാണ്‌. മികവുറ്റ ,സ്വതന്ത്ര ഏജൻസിയായി സിബിഐ മാറണമെങ്കിൽ അധികാരത്തിലിരിക്കുന്നവർ രാഷ്ട്രീയ ഇച്ഛാശക്തി കാട്ടുകതന്നെ വേണം.

deshabhimani editorial 131020

No comments:

Post a Comment