Thursday, October 8, 2020

ഐഎംഎയുടേതാണോ അവസാനവാക്ക്

 കോവിഡ് പ്രതിരോധത്തിന്റെ നിർണായകഘട്ടത്തിലാണ് കേരളം. മനുഷ്യരുടെ പ്രതിരോധശേഷിയും ആരോഗ്യസംവിധാനങ്ങളുടെ ക്ഷമതയും പരീക്ഷിക്കപ്പെടുകയാണ്. ഇനി കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. സ്വാഭാവികമായും പ്രതിസന്ധികളും വീഴ്ചകളും വരാം. ആരോഗ്യവകുപ്പിനെതിരെ വിമർശങ്ങൾ ഉയരും. തിരുത്തേണ്ടത് തിരുത്തേണ്ടിവരും. ജാഗ്രത കൂട്ടേണ്ടിവരും. ഇതെല്ലാം സ്വാഭാവികമാണ്. എന്നാൽ, ആരോഗ്യരംഗത്ത്  വീഴ്ചകൾ മാത്രമേ ഉള്ളൂ എന്നും ആരോഗ്യവകുപ്പിനെ ‘പുഴുവരിക്കുക’യാണെന്നും ഈ നിർണായക ഘട്ടത്തിൽ പ്രചാരണവുമായി ചിലർ രംഗത്തുണ്ട്. അവർക്ക് ഏതായാലും സദുദ്ദേശ്യമല്ല.  കോവിഡ് ചെറുത്തുനിൽപ്പിൽ കേരളം ഇതുവരെ നേടിയ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് അവർ ശ്രമിക്കുന്നതെന്നു വ്യക്തം. അതിനുപിന്നിൽ രാഷ്ട്രീയതാൽപ്പര്യമടക്കം എന്തുമുണ്ടാകാം.

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷ (ഐഎംഎ)നും ചില സ്വയംപ്രഖ്യാപിത വിദഗ്ധരും  ഇത്തരത്തിൽ വിമർശങ്ങൾ ഉയർത്തി.  ഐഎംഎ പറയുന്നതെല്ലാം സർക്കാർ അതേപടി അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ട്  കോവിഡ് പ്രതിരോധമാകെ താളംതെറ്റി എന്നുമാണ് അവരുടെ വാദം. ഐഎംഎ ഡോക്ടർമാരുടെ ഒരു സംഘടനയാണ്. എല്ലാ പ്രൊഫഷനുകളിലും ഉള്ളതുപോലുള്ള സംഘടന. അത് ഒരു വിദഗ്ധസമിതിയല്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യപോലെ രാജ്യത്ത് ഒരു നിയമപ്രകാരം നിലവിൽവന്ന സ്ഥാപനവുമല്ല. അവർക്ക് ആരോഗ്യകാര്യങ്ങളിൽ അഭിപ്രായങ്ങൾ ഉണ്ടാകും. സർക്കാർ നയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. അത് അവർക്ക് പ്രകടിപ്പിക്കാം. എന്നാൽ, ആരോഗ്യമേഖലയിലെ ഏതുകാര്യത്തിലും തങ്ങൾക്ക് മാത്രമാണ് വൈദഗ്ധ്യമെന്നും തങ്ങൾ പറയുന്നതാകണം അവസാനവാക്കെന്നും അവർ വാശിപിടിക്കരുത്. ഐഎംഎ മുമ്പ് പണം വാങ്ങി ചില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ കരാറുണ്ടാക്കിയിരുന്നു. ഒഴിവാക്കേണ്ട ഭക്ഷണമെന്ന്‌ ആരോഗ്യവിദഗ്ധർതന്നെ ചൂണ്ടിക്കാട്ടുന്ന ചില ഉൽപ്പന്നങ്ങളും ഇതിൽപ്പെടും. ഒടുവിൽ ‘അണുക്കളെ കൊല്ലുന്ന’  ബൾബിനും പെയിന്റിനുംവരെ ഇങ്ങനെ അംഗീകാരം കൊടുത്തു. അതിനെതിരെ വിമർശം ഉയർന്നത് ആ സംഘടനയിൽനിന്നു തന്നെയാണ്. ഐഎംഎ അംഗീകരിച്ച സോഫ്റ്റ്‌ ഡ്രിങ്കും പേസ്റ്റും ബൾബും പെയിന്റും മുഴുവൻ മലയാളികളും ഉപയോഗിക്കണമെന്ന്‌ നാളെ ഐഎംഎ ആവശ്യപ്പെട്ടാൽ അതും അംഗീകരിക്കണം എന്ന മട്ടിലാണ് ഇപ്പോഴത്തെ അവരുടെ വാദത്തിന്റെ രീതി.

നാലു തട്ടിലായി വിദഗ്ധസമിതികൾ  സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഇവയിലെല്ലാം വിദഗ്ധരായ ഡോക്ടർമാർ അംഗങ്ങളാണ്. അവരിൽ മിക്കവരും ഐഎംഎ അംഗങ്ങളുമാണ്. ഐഎംഎ അടക്കം ഉന്നയിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചാണ് ഈ സമിതി തീരുമാനമെടുക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ തുടക്കംമുതൽ അങ്ങനെയാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്.

ആരോഗ്യപ്രവർത്തകർക്കുവേണ്ടി വാദിക്കുന്നു എന്ന മട്ടിലാണ് ഐഎംഎയുടെ ചില വിമർശങ്ങൾ. എന്നാൽ, ഫലത്തിൽ എല്ലാ വെല്ലുവിളിയും നേരിട്ട്, വിശ്രമമില്ലാതെ പോരാടുന്ന, ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുകയാണ് അവർ ചെയ്യുന്നത്. സർക്കാർമേഖല കോവിഡ് രോഗികളെ കൈയൊഴിഞ്ഞ സ്ഥിതിയാണെന്ന നിരുത്തരവാദപരമായ പരാമർശംവരെ അവരുടെ പ്രസ്താവനയിൽ കാണാം. ബഹുഭൂരിപക്ഷം രോഗികളും ഇപ്പോഴും സർക്കാർ ആശുപത്രികളിലാണ്. അവരെ ചികിത്സിക്കാൻ രാപ്പകലില്ലാതെ പാടുപെടുന്ന സ്വന്തം അംഗങ്ങൾ കൂടിയായ ഡോക്ടർമാരെപ്പോലും അവഹേളിക്കുന്നതല്ലേ ഈ പരാമർശം? ഇതെങ്ങനെ സദുദ്ദേശ്യമാകും. അതുകൊണ്ട്, ഐഎംഎയ്ക്ക് ചെയ്യാവുന്നത് വിമർശങ്ങൾ വിദഗ്ധസമിതിക്കും സർക്കാരിനും മുന്നിൽ സമർപ്പിക്കുകയും ഉചിതമായ തീരുമാനമെടുക്കാൻ അവരെ അനുവദിക്കുകയുമാണ്. ഒപ്പം സ്വകാര്യ മേഖലയിൽക്കൂടി രോഗികൾക്ക് ആവശ്യമായ പരിചരണം കിട്ടാൻ സംഘടന എന്ന നിലയിൽ ഇടപെടാനും ശ്രമിക്കാം. അതിനുപകരം ഓരോ ഭാരവാഹിയും ചാനൽ ചർച്ചകളിൽ വന്നിരുന്ന് കേരളത്തിന്റെ ആരോഗ്യമുന്നേറ്റങ്ങളെ അപഹസിക്കുകയല്ല വേണ്ടത്.

കോവിഡ് പ്രതിരോധത്തിൽ ഐഎംഎയേക്കാൾ രൂക്ഷവിമർശം ഉയർത്തിയ ഒരു ഡോക്ടർ കോൺഗ്രസിന്റെ പോഷകസംഘടനയായ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ പുതിയ സംസ്ഥാന പ്രസിഡന്റാണ്. അദ്ദേഹത്തിന്‌ രാഷ്ട്രീയനിലപാടുകളുണ്ട്. രാഷ്ട്രീയമോഹങ്ങളും ഉണ്ടാകും. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. ചില ആരോഗ്യകാര്യങ്ങളിൽ  വൈദഗ്ധ്യവുമുണ്ടാകാം. അതും നല്ലകാര്യം. പക്ഷേ, ഇപ്പോൾ കോവിഡ് പ്രതിരോധത്തിൽ വീഴ്ചകളേ ഉള്ളൂ എന്ന് തോന്നുന്നെങ്കിൽ അതിനുകാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രമാണെന്ന് പറയേണ്ടിവരും. ഉള്ള “വൈദഗ്ധ്യം’ രാഷ്ട്രീയത്തിന് അടിമപ്പെടുത്തിയാൽ ഏത് വിദഗ്ധനും വിശ്വാസ്യത നശിക്കും എന്നുമാത്രം പറയട്ടെ. സംസ്ഥാന സർക്കാർ  ഈ കോവിഡ് പ്രതിസന്ധികൾക്കിടയിലും ആരോഗ്യരംഗത്ത് വൻ കാൽവയ്‌പുകളാണ് നടത്തുന്നത്.

ആർദ്രം മിഷനിൽ സജ്ജമാക്കിയ 75 കുടുംബാരോഗ്യ കേന്ദ്രം ചൊവ്വാഴ്ചയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌‌ സമർപ്പിച്ചത്. ഒരു ഡോക്‌ടറുടെ സേവനം മാത്രമുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇവിടെ അടിസ്ഥാനസൗകര്യം വികസിപ്പിച്ചു.‌ കൂടുതൽ ഡോക്‌ടർമാരെയും ലാബ്‌ ഉൾപ്പെടെയുള്ള  സേവനങ്ങളും ലഭ്യമാക്കി. പ്രവർത്തനസമയവും കൂട്ടി. ഇത്തരം നടപടികൾ സ്വകാര്യ ആശുപത്രികളെ വല്ലാതെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കും. രാഷ്ട്രീയകാരണങ്ങളാൽ ഇതിലൊക്കെ അസ്വസ്ഥരാകുന്നവരുണ്ട്. അവരുടെ നിരയിലേക്ക് കടന്നുനിൽക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കാൻ ഡോക്ടർമാരുടെ സംഘടനയും താൻ മാത്രമാണ് വൈദഗ്ധ്യമുള്ളയാൾ എന്ന് കരുതുന്ന വിദഗ്ധരും തയ്യാറാകുമെന്ന് കരുതാം.

deshabhimani editorial 08102020

No comments:

Post a Comment