Thursday, October 8, 2020

21.42 ലക്ഷം വീടുകളിൽ കുടിവെള്ളം ; ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

 ജലജീവൻ മിഷൻ സംസ്ഥാനതല പ്രവർത്തനോദ്‌ഘാടനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്‌ഷൻ ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്‌ ജലജീവൻ. നടപ്പു സാമ്പത്തികവർഷം 21.42 ലക്ഷം വീടുകൾക്ക്‌  കണക്‌ഷൻ നൽകും. സംസ്ഥാനത്ത്‌ 67.15 ലക്ഷം ഗ്രാമീണ വീടുകളുള്ളതിൽ 17.50 ലക്ഷത്തിനാണ് നിലവിൽ കണക്‌ഷനുള്ളത്. ശേഷിക്കുന്ന മുഴുവൻ വീടുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ആദ്യഘട്ടത്തിൽ, 716 പഞ്ചായത്തിൽ 16.48 ലക്ഷം  കണക്‌ഷനുവേണ്ടി 4343.89 കോടിയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകി.  682 പഞ്ചായത്തിലെ 795 പ്രവൃത്തി ടെൻഡർ ചെയ്തു. ഇതിൽ 105 നിയമസഭാമണ്ഡലത്തിലായി 243 പഞ്ചായത്തിലെ മൂന്നു ലക്ഷം  ഗാർഹിക കണക്‌ഷനുകൾ ഉൾപ്പെടുന്ന 340 പ്രവൃത്തിക്ക് പ്രവർത്തനാനുമതിയായി. കണക്‌ഷന്‌ ആധാർ കാർഡ്മാത്രം രേഖയായി നൽകിയാൽ മതി. നടപടിക്രമം ലളിതമാക്കാൻ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. ആദ്യം ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നവർക്ക് ആദ്യം കണക്‌ഷൻ നൽകും. ഗുണഭോക്തൃ വിഹിതം കുറവാണ്‌. കണക്‌ഷൻ എടുക്കാൻ പഞ്ചായത്ത്,  വാട്ടർ അതോറിറ്റി,  ജലനിധി ഓഫീസുകളെ സമീപിക്കാം.പകൽ 3.30ന്‌ നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി കെ കൃഷ്‌ണൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ എ സി മൊയ്തീൻ, ടി എം തോമസ് ഐസക് എന്നിവർ മുഖ്യാതിഥികളാകും. ഇതിനൊപ്പം ജില്ലാതല ഉദ്‌ഘാടനങ്ങളും നടക്കും.

No comments:

Post a Comment