Tuesday, October 13, 2020

വീണ്ടും ചാണക ചിപ്പുമായി കേന്ദ്രം; മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയുമെന്ന് അവകാശവാദം

 മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയുമെന്ന തെറ്റായ അവകാശവാദവുമായി ചാണക ചിപ്പ് പുറത്തിറക്കി രാഷ്‌ട്രീയ കാമധേനു ആയോഗ്. ചാണകത്തിൽ നിന്നുള്ള വസ്തുക്കൾ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ ‘കാമധേനു ദീപാവലി അഭിയാൻ’ എന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് ചിപ്പ് പുറത്തിറക്കിയത്. രാഷ്‌ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ ആണ് ചിപ്പ് അവതരിപ്പിച്ചത്.

“ചാണകം എല്ലാവരെയും സംരക്ഷിക്കും. അത് റേഡിയേഷനെ തടയും. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. റേഡിയേഷൻ കുറയ്ക്കുന്നതിനായി മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാവുന്ന ഒരു ചിപ്പ് ആണ് ഇത്. ഇത് അസുഖങ്ങൾക്കെതിരെ ഒരു പരിചയാണ്.”- വലഭായ് കത്തിരിയ പറഞ്ഞു.

ദീപാവലിക്ക് ചൈനയിൽ നിർമിച്ച മൺവിളക്കുകൾ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 500 ലധികം ഗോശാലകൾ ഇപ്പോൾ ചിപ്പ് നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 50 മുതൽ 100 രൂപ വരെയാണ് ചിപ്പിൻറെ വില. ചിപ്പിന് ഏതെങ്കിലും അംഗീകൃത ലബോട്ടറി പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ അംഗീകാരം ലഭിച്ചിട്ടില്ലെന്നായിരുന്നു കത്തിരിയയുടെ മറുപടി.

No comments:

Post a Comment