Tuesday, October 6, 2020

ഹാഥ്‌രസ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; നീതിക്കായിരിക്കണം മുന്‍ഗണനയെന്ന് യെച്ചൂരി

 ലഖ്‌നൗ > ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പെണ്‍കുട്ടിയുടെ കുടുംബത്തോട് ഏത് സഹായവും ആവശ്യപ്പെട്ടപ്പോളാന്‍ പറഞ്ഞുവെന്നും നീതിക്കായി ഒരുമിച്ച് പോരാടുമെന്നും യെച്ചൂരി പറഞ്ഞു. ഹാഥ്‌രാസിലെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

21-ാം നൂറ്റാണ്ടില്‍ കേട്ടുകേള്‍വിയില്ലാത്തവിധം ക്രൂരതയാണ് നടന്നതെന്ന് യെച്ചൂരി പറഞ്ഞു. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ഉറപ്പുകളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തോട് അനുകമ്പ പ്രകടിപ്പിക്കാന്‍ മാത്രമല്ല, നീതിക്കുവേണ്ടി പോരാടുമെന്ന് ഉറപ്പ് നല്‍കാനുമാണ് എത്തിയത്. വിഷയത്തെ വഴിതിരിച്ചുവിടാനാണ് യുപി സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ പ്രതികളെ എത്രയുംവേഗം പിടികൂടി ശിക്ഷിക്കണം. അന്വേഷണത്തില്‍ കാലതാമസമോ അവഗണനയോ ഉണ്ടാകരുത്. നീതിക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

യെച്ചൂരിക്കൊപ്പം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ഹാഥ്‌രസില്‍ എത്തിയിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഹിരാലാല്‍ യാദവ്, സിപിഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സാന്ത്വനമായി നേതാക്കള്‍; യെച്ചൂരിയും ഡി രാജയും ഉള്‍പ്പെടെ ഹാഥ്‌രസിലെത്തി

ലഖ്‌നൗ > ഹാഥ്‌രസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സിപിഐ എം, സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഹിരാലാല്‍ യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരടങ്ങിയ സംഘമാണ് ഹാഥ്‌രസിലെത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേതാക്കള്‍ ആശ്വസിപ്പിച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും യുപിയിലും പുറത്തും വലിയ പ്രക്ഷോഭമാണ് നടത്തുന്നത്‌.

ഹാഥ്‌രസ് സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംകോടതി; സിബിഐ മതിയെന്ന് യുപി സര്‍ക്കാര്‍, എതിര്‍ത്ത് ഹര്‍ജിക്കാര്‍

ന്യൂഡല്‍ഹി > ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി. സംഭവം അനന്യസാധാരണവും ഭീകരവുമാണ്. കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കേസില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇടപെടല്‍. കേസ് സിബിഐയെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിടണമെന്ന് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു. ഉന്നാവോ കേസിലെ പോലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരം കേസ് എടുക്കണമെന്നും അവര്‍ വാദിച്ചു.

കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

No comments:

Post a Comment