Sunday, January 31, 2021

കര്‍ഷക സമരം തകര്‍ക്കാന്‍ ശ്രമം ;പരിഹാസ്യരായി കോർപറേറ്റ്‌ മാധ്യമങ്ങൾ

ന്യൂഡൽഹി> കർഷകപ്രക്ഷോഭം കരുത്താർജിച്ചതോടെ നുണക്കഥ പ്രചരിപ്പിച്ച വലതുകോർപറേറ്റ്‌ മാധ്യമങ്ങളുടെ വിശ്വാസ്യത കൂടിയാണ്‌ ഇടിഞ്ഞില്ലാതാകുന്നത്‌. റിപ്പബ്ലിക്‌ ദിനത്തിലെ കിസാൻ പരേഡു‌മുതൽ ചില‌ മാധ്യമങ്ങൾ കർഷകർക്കെതിരായി തുടർച്ചയായി വ്യാജപ്രചാരണം നടത്തി. കർഷകരെയാകെ അക്രമികളായി ചിത്രീകരിക്കാനായിരുന്നു ശ്രമം.

സിഎൻഎൻന്യൂസ്‌ 18, ടൈംസ്‌നൗ, റിപ്പബ്ലിക്‌ ടിവി എന്നീ ഇംഗ്ലീഷ്‌ ചാനലുകളും സീന്യൂസ്‌, ഇന്ത്യാ ടിവി തുടങ്ങിയ ഹിന്ദി ചാനലുകളുമാണ്‌ കർഷകസമരത്തെ അപകീർത്തിപ്പെടുത്തിയത്‌.

കർഷകരെ ഗുണ്ടകളെന്ന്‌ വിശേഷിപ്പിച്ചായിരുന്നു ആക്രോശം. ചെങ്കോട്ടയിലെ ദേശീയപതാക കർഷകർ നീക്കം ചെയ്‌തുവെന്നും ഖാലിസ്ഥാൻ പതാക ഉയർത്തിയെന്നും ഇവർ ആവർത്തിച്ച്‌ പറഞ്ഞു. ദേശീയപതാക ആരും നീക്കം ചെയ്‌തിട്ടില്ലെന്ന്‌ ദൃശ്യങ്ങൾ സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പോസ്‌റ്റ്‌ നിറഞ്ഞിട്ടും തിരുത്തിയില്ല.

സിഖ്‌ പതാക ഉയർത്തിയത്‌ മോഡിയുടെയും സംഘപരിവാറിന്റെയും അടുപ്പക്കാരനായ ദീപ്‌ സിദ്ദുവാണെന്ന കാര്യം  മറച്ചുവച്ചു. അണികളില്ലാത്ത ചില കടലാസുസംഘടന പിൻവാങ്ങിയതിനെ പർവതീകരിച്ചു. സമരകേന്ദ്രങ്ങളിൽ ആളൊഴിഞ്ഞുവെന്ന്‌ കള്ളവാർത്ത നൽകി. നാട്ടുകാർ എന്ന പേരിലെത്തിയത്‌ സംഘപരിവാറുകാരാണെന്ന്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ തെളിഞ്ഞെങ്കിലും കണ്ട ഭാവം നടിച്ചില്ല.

രാകേഷ്‌ ടിക്കായത്ത്‌ ഉടൻ പൊലീസിന്‌ കീഴടങ്ങുമെന്നും ഗാസിപുർ സമരകേന്ദ്രം ഒഴിപ്പിക്കുമെന്നും വാർത്ത നൽകി. മരിച്ചാലും സമരവേദി വിടില്ലെന്ന്‌ ടിക്കായത്ത്‌ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്‌ നേരെയായി നുണപ്രചാരണം. ചാനലുകളുടെ അപവാദങ്ങളെ തള്ളി കർഷകർ സമരകേന്ദ്രങ്ങളിലേക്ക്‌ പ്രവഹിച്ചതോടെ ഇവർ മറ്റ്‌ കാഴ്‌ചകളിലേക്ക്‌ ക്യാമറ തിരിച്ചു.

അടിച്ചമര്‍ത്താന്‍ ശ്രമിക്കുംതോറും കരുത്താര്‍ജിക്കുന്നു; ഗൂഢാലോചന പൊളിഞ്ഞു: പി‌ കൃഷ്‌ണപ്രസാദ്‌

സിൻഘു> ബിജെപി സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുംതോറും കർഷകസമരം കൂടുതൽ കരുത്താർജിക്കുമെന്ന്‌ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്.‌ സിൻഘു അതിർത്തിയിൽ ഉപവാസത്തിലുള്ള കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകസമരം അക്രമസമരമെന്ന്‌ വരുത്താൻ വലിയ ഗൂഢാലോചന നടക്കുന്നു‌. റിപ്പബ്ലിക്‌ ദിനത്തിലെ ഒറ്റപ്പെട്ട സംഭവം അതിന്റെ ഭാഗമാണ്‌.

കർഷകസംഘടനകൾ തീരുമാനിച്ചിരുന്നെങ്കിൽ ചെങ്കോട്ട തന്നെ സമരകേന്ദ്രമാകുമായിരുന്നു. അതിന്‌ ശ്രമിക്കാത്തത്‌‌ കർഷകസംഘടനകളുടെ ദൗർബല്യമായി മോഡി സർക്കാർ കാണരുത്‌.

സമരകേന്ദ്രത്തിന്‌ നേരെ ആക്രമണം നടത്തുന്നത്‌ ബിജെപിക്കാരാണ്‌.  ഇത്തരം പ്രകോപനങ്ങളിൽ കർഷകർ വീഴില്ല. മൂന്ന്‌ നിയമവും പിൻവലിക്കുംവരെ സമരം തുടരും.‌–- കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. നേതാക്കളും കർഷകർക്കൊപ്പം ഉപവസിച്ചു. തിക്രി, ഷാജഹാൻപുർ, ഗാസിപുർ എന്നീ സമരകേന്ദ്രങ്ങളിലും കർഷകർ ഉപവസിച്ചു. ഡൽഹിയിലെ സുർജിത്‌ ഭവനിൽ കിസാൻസഭ നേതാക്കൾ ഉപവസിച്ചു.

അടിച്ചോടിക്കാന്‍ വന്ന ‘നാട്ടുകാർ’ ബിജെപി പ്രവർത്തകർ

ന്യൂഡൽഹി> സിൻഘു അതിർത്തിയിൽ സമാധാനപൂർവം പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചൊതുക്കാൻ ‘നാട്ടുകാർ’ എന്ന വ്യാജേന എത്തിയത്‌ ബിജെപിക്കാർ.  റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാകയെ അവഹേളിച്ച കർഷരെ ‘നാട്ടുകാർ’ കൈയേറ്റം ചെയ്‌തെന്ന നിലയിലാണ്‌ ചില ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത്‌. എന്നാൽ, അക്രമികൾ പ്രാദേശിക ബിജെപി നേതാക്കളും പ്രവർത്തകരുമാണെന്ന്‌ വ്യക്തമായി.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിജെപി നേതാവ്‌ അമൻകുമാറാണ്‌ അക്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്. ഇതിന്റെ‌  ദൃശ്യങ്ങൾ പുറത്തുവന്നു. 31–-ാം വാർഡ്‌ ബിജെപി കൗൺസിലർ അഞ്‌ജുദേവിയുടെ ഭർത്താവാണ്‌ അമൻകുമാർ. ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്ക്‌ ഒപ്പമുള്ള അമൻകുമാറിന്റെ ഫോട്ടോകളും പുറത്തുവന്നു‌. അമൻകുമാറിന്റെ സുഹൃത്തും പ്രാദേശിക ബിജെപി നേതാവുമായ കൃഷ്‌ണൻ ദബസും കർഷകരെ കൈയേറ്റം ചെയ്‌തു.  ‘പ്രദേശവാസികൾ’ എന്ന വ്യാജേനയാണ്‌ ബിജെപിക്കാർ ഗുണ്ടകളുമായെത്തി കർഷകരെ ആക്രമിച്ചത്‌. 

പൊലീസ്‌ ബാരിക്കേഡുകൾ മറികടന്ന്‌ കർഷകർക്ക്‌ നേരെ കല്ലെറിഞ്ഞു. കർഷകരുടെ കൂടാരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അക്രമികൾക്കെതിരായ രോഷം സാമൂഹ്യമാധ്യമങ്ങളിൽ അലയടിക്കുന്നു‌.

കർഷകസമരത്തിന്‌ പിന്തുണ അറിയിച്ച്‌ ബിഹാറിൽ മനുഷ്യച്ചങ്ങല

ന്യൂഡൽഹി> കർഷകസമരത്തിന്‌ പിന്തുണ അറിയിച്ച്‌ ബിഹാറിൽ ഇടതുപക്ഷ പാർടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ മഹാസഖ്യം സംസ്ഥാനത്തുടനീളം മനുഷ്യച്ചങ്ങല തീർത്തു. തലസ്ഥാനമായ പട്‌നയിൽ ബുദ്ധപാർക്കിലെ മനുഷ്യച്ചങ്ങലയിൽ ആയിരക്കണക്കിനാളുകൾ പങ്കാളികളായി.

പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറി അവധേഷ്‌ കുമാർ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ അണിചേർന്നു.

മഹാരാഷ്ട്ര കിസാൻസഭ സെക്രട്ടറിയെ വധിക്കുമെന്ന്‌ സംഘപരിവാർ; നടപടിയെടുക്കണമെന്ന്‌ കിസാൻസഭ

ന്യൂഡൽഹി> മഹാരാഷ്ട്രയിൽ ഐതിഹാസിക കർഷകസമരത്തിന്‌ നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത്‌ നർവാലെയെ വധിക്കുമെന്ന്‌ സംഘപരിവാർ ഭീഷണി. 

കർഷകസമരത്തിന്‌ നേതൃത്വം നൽകുന്നത്‌ തുടർന്നാൽ വെടിവച്ച്‌ കൊല്ലുമെന്നാണ്‌ സാമുഹ്യമാധ്യമങ്ങളിലൂടെ ഭീഷണി.

വധഭീഷണി ഉയർത്തുന്നവർക്കെതിരായി സർക്കാർ നടപടിയെടുക്കണമെന്ന്‌ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസ്‌താവനയിൽ പറഞ്ഞു.

യുപി, ഹരിയാന പൊലീസിന്റെ സഹായത്തോടെ ഗാസിപുർ, ഷാജഹാൻപുർ, പൽവൽ എന്നീ കർഷക സമരകേന്ദ്രങ്ങളിൽ സംഘപരിവാർ കുഴപ്പങ്ങൾക്ക്‌ ശ്രമിക്കുകയാണ്‌.  കർഷകർക്ക്‌ നേരെ ആക്രമണം നടത്തുന്നവരെയും അവർക്ക്‌ കൂട്ടുനിൽക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും- കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു.

Saturday, January 30, 2021

ഗാസിപുരിലേക്ക്‌ കർഷകപ്രവാഹം ; നാടാകെ കർഷകർക്കൊപ്പം

യുപി പൊലീസിന്റെ ഒഴിപ്പിക്കൽ ശ്രമം ചെറുത്തുതോൽപ്പിച്ച ഗാസിപുരിലെ സമരകേന്ദ്രത്തിലേക്ക്‌ കർഷകപ്രവാഹം. വ്യാഴാഴ്‌ച രാത്രി ആരംഭിച്ച കർഷകരുടെ ഒഴുക്ക്‌ വെള്ളിയാഴ്‌ചയും തുടർന്നു. ആയിരത്തിൽ താഴെ പ്രക്ഷോഭകരുണ്ടായിരുന്ന ഗാസിപുരിൽ വെള്ളിയാഴ്‌ച പകലോടെ പതിനായിരത്തിലേറെ പേരെത്തി. സിൻഘുവിനും ടിക്രി‌ക്കുമൊപ്പം ശക്തമായ സമരകേന്ദ്രമായി ഡൽഹി–-യുപി അതിർത്തിയിലെ ഗാസിപുരും മാറി. ആയിരക്കണക്കിന്‌ പൊലീസിനെയും അർധസേനയെയുമാണ്‌ യുപി സർക്കാർ വിന്യസിച്ചത്‌. നിരോധനാജ്‌ഞയും പ്രഖ്യാപിച്ചു. കർഷകരെ ബലമായി ഒഴിപ്പിക്കാനുള്ള നീക്കമറിഞ്ഞ്‌ രാത്രി യുപി, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന്‌ ട്രാക്ടറുകളിലും മറ്റ്‌ വാഹനങ്ങളിലുമായാണ്‌ കർഷകർ പ്രവഹിച്ചത്‌. 

ഭാരതീയ കിസാൻ യൂണിയൻ (ടിക്കായത്ത്‌) വിഭാഗത്തിൽപ്പെട്ട കർഷകരാണ്‌ ഗാസിപുരിൽ സമരത്തിലുണ്ടായിരുന്നത്‌. റിപ്പബ്ലിക്‌ ദിനത്തിലെ അനിഷ്ടസംഭവങ്ങളെ തുടർന്ന്‌ കോർപറേറ്റ്‌ മാധ്യമങ്ങളും സംഘപരിവാരവും വലിയ പ്രചാരം അഴിച്ചുവിട്ടതോടെയാണ് യുപി പൊലീസ് സമരകേന്ദ്രത്തിലെത്തിയത്. സമരകേന്ദ്രം ഒഴിയാൻ ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്തിനോട് ജില്ലാ ഭരണകൂടവും പൊലീസും നിർദേശിച്ചു. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഇതറിഞ്ഞ് കിസാൻസഭ നേതാക്കളായ ഹനൻ മൊള്ള, അശോക്‌ ദാവ്‌ളെ, വിജൂ കൃഷ്‌ണൻ, കെ കെ രാഗേഷ്‌, പി കൃഷ്‌ണപ്രസാദ്‌ തുടങ്ങിയവർ എത്തി ചർച്ച നടത്തി.

അതിനിടെ, ഗാസിയാബാദ്‌ ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ഒരു സംഘം കർഷകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കലക്ടറും കമീഷണറും അടക്കമുള്ളവർ പിന്നാലെയെത്തി സമരക്കാരെ ബലമായി നീക്കാൻ ശ്രമിച്ചു. കെ കെ രാഗേഷും ടിക്കായത്തും അടക്കമുള്ളവർ ചെറുത്തു. ഇതോടെ കലക്ടർക്കും കൂട്ടർക്കും മടങ്ങേണ്ടി വന്നു. 

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ അടക്കം സമരകേന്ദ്രം സന്ദർശിച്ചു. കർഷകർക്ക്‌ വെള്ളം അടക്കമുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന്‌ സിസോദിയ അറിയിച്ചു. മൂന്ന്‌ കാർഷിക നിയമവും പിൻവലിക്കുംവരെ ഗാസിപുരിലെ കർഷകസമരം തുടരുമെന്ന്‌ നേതാക്കൾ പ്രഖ്യാപിച്ചു.

നാടാകെ കർഷകർക്കൊപ്പം , മുസഫർനഗറിൽ മഹാപഞ്ചായത്ത്‌

ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷകസമരത്തിന്‌ പിന്തുണ അറിയിച്ച്‌ മഹാപഞ്ചായത്ത്‌ ചേർന്നു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മഹാപഞ്ചായത്ത്‌ യുപി–- ഡൽഹി അതിർത്തിയിലെ ഗാസിപുർ സമരകേന്ദ്രത്തിലേക്ക്‌ കൂട്ടമായി നീങ്ങാൻ തീരുമാനമെടുത്തു. നിയമങ്ങൾ പിൻവലിക്കുംവരെ ഗാസിപുരിൽ സമരത്തിലിരിക്കാനാണ്‌ തീരുമാനം. ഗാസിപുർ സമരകേന്ദ്രം ഒഴിപ്പിക്കാൻ യുപിയിലെ ബിജെപി സർക്കാർ ശ്രമിച്ചതോടെയാണ് മഹാപഞ്ചായത്ത്‌ ചേർന്നത്‌.

ഹരിയാനയിൽ പാനിപ്പത്ത്‌ അടക്കം നിരവധി കേന്ദ്രങ്ങളിൽ കർഷകർ സമരം പുനരാരംഭിച്ചു. ഹരിയാനയിലെയും യുപിയിലെയും സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ അധികാരികൾ തീരുമാനമെടുത്തുവെന്ന വാർത്തകൾക്ക്‌ പിന്നാലെയാണ്‌ കൂടുതൽ സമരകേന്ദ്രങ്ങൾ തുറന്നത്‌. ഗാസിപുരിലേക്ക്‌ ട്രാക്ടറുകളിലും മറ്റുമായി കൂടുതൽ കർഷകരെ അയക്കാനും നിരവധി ഗ്രാമങ്ങളിൽ കിസാൻസഭ അടക്കം തീരുമാനിച്ചു.

കർണാൽ ടോൾപ്ലാസയ്‌ക്ക്‌ പുറമെ ചണ്ഡിഗഢ്‌ ദേശീയപാതയിലെ പാനിപ്പത്ത്‌ ടോൾപ്ലാസയിലും കർഷകർ സമരം പുനരാരംഭിച്ചു. ടോൾപ്ലാസയിലെ പിരിവ്‌ കർഷകർ അവസാനിപ്പിച്ചു. ആയിരക്കണക്കിന്‌ കർഷകരാണ്‌ പാനിപ്പത്തിൽ പ്രക്ഷോഭം പുനരാരംഭിച്ചത്‌. ഡൽഹി–- റോത്തക്ക്‌ റോഡിലെ റൊഹഡ്‌ ടോൾപ്ലാസയിലും കർഷകർ സമരം പുനരാരംഭിച്ചു.

മുംബൈ കലക്‌ട്രേറ്റിലേക്ക് ഇരച്ചെത്തി കര്‍ഷകര്‍

മുംബൈ കേന്ദ്ര സർക്കാരിന്റെ കർഷകനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ മുംബൈ കലക്‌ട്രേറ്റിനുമുന്നിൽ പ്രതിഷേധം. പുതിയ നിയമങ്ങൾ കോർപറേറ്റുകൾക്കു‌മാത്രമാണ്‌ ഗുണം ചെയ്യുകയെന്ന്‌ മുംബൈ സബർബൻ കലക്‌ട്രേറ്റിനുമുന്നിൽ സംഘടിച്ച കര്‍ഷര്‍ ചൂണ്ടിക്കാട്ടി.മഹാരാഷ്ട്ര മന്ത്രി ബച്ചു കടുവിന്റെ നേതൃത്വത്തിലുള്ള ‘പ്രഹാർ’ എന്ന സംഘടനയുടെ പിന്തുണയോടെയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌.

കർണാൽ തിരിച്ചുപിടിച്ച്‌ കർഷകർ

ഹരിയാനയിലെ കർണാലിൽ പൊലീസും സംഘപരിവാറുകാരും ചേർന്നൊഴിപ്പിച്ച ഡൽഹി–- ചണ്ഡിഗഢ്‌ ദേശീയപാതയിലെ സമരകേന്ദ്രം കർഷകർ വീണ്ടും തുറന്നു. വെള്ളിയാഴ്‌ച നൂറുകണക്കിന്‌ കർഷകർ കർണാൽ ടോൾ പ്ലാസയിലെ സമരകേന്ദ്രത്തിലെത്തി പ്രക്ഷോഭം പുനരാരംഭിച്ചു. ടോൾ പ്ലാസയിലെ പിരിവ്‌ അവസാനിപ്പിച്ചാണ്‌ കർഷകസമരം. ഹരിയാനയിലെ മറ്റ്‌ കേന്ദ്രങ്ങളിലും കർഷകർ സമരം പുനരാരംഭിച്ചു.

വ്യാഴാഴ്‌ചയാണ്‌  സമരക്കാരെ പൊലീസ് ബലമായി ഒഴിപ്പിച്ചത്‌.  വെള്ളിയാഴ്‌ച രാവിലെ നൂറുകണക്കിന്‌ കർഷകർ സമരകേന്ദ്രത്തിലേക്ക്‌ മാർച്ച്‌ ചെയ്‌തെത്തിയതോടെ ടോൾപ്ലാസയിലെ  പിരിവ്‌ നിര്‍ത്തിവയ്ക്കേണ്ടിവന്നു. മൂന്ന്‌ കാർഷിക നിയമവും സർക്കാർ പിൻവലിക്കുംവരെ കർണാൽ ടോൾപ്ലാസയിലെ സമരം തുടരുമെന്ന്‌ കർഷകർ പ്രഖ്യാപിച്ചു.

സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ഒപിക്ക്‌ ശേഷം ‘കോൾ ഡ്യൂട്ടി’ ഡോക്ടർമാരെത്തും ; രാവിലെ 10 മുതൽ വൈകിട്ട്‌ 6 വരെ ഒപി

സംസ്ഥാനത്തെ ബ്ലോക്ക്‌തല  സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചു.  ആർദ്രം മിഷന്റെ ഭാഗമായി പിഎച്ച്‌സികൾ എഫ്‌എച്ച്‌സികളാകുകയും -ജനറൽ–ജില്ലാ–-താലൂക്ക്‌ ആശുപത്രികളിൽ ഹൈടെക്‌ സേവനങ്ങൾ ലഭ്യമാക്കുകയുംചെയ്‌ത പശ്‌ചാത്തലത്തിലാണ്‌  സിഎച്ച്‌സികളിലെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നത്‌.

ഡോക്ടർമാർ കൂടും

സിവിൽസർജൻ  സ്ഥാപന മേധാവിയാകും. കൂടാതെ അസി. സർജൻ–- 4, ജൂനിയർ കൺസൾട്ടന്റ്‌- പീഡിയാട്രീഷൻ–-1,  ഫിസിഷ്യൻ–- 1, അസിസ്‌റ്റന്റ്‌‌ ഡെന്റൽ സർജൻ–- 1 എന്നിങ്ങനെ ഡോക്ടർമാരുണ്ടാകണം. കൂടാതെ 10 സ്‌റ്റാഫ്‌ നേഴ്‌സുണ്ടാകും. ഫാർമസിസ്‌റ്റ്‌–- 2, ലബോറട്ടറി ടെക്‌നീഷ്യൻ–- 2, ലബോറട്ടറി അറ്റൻഡന്റ്‌–- 1, ഒപ്‌റ്റോമെറ്റിസ്‌റ്റ്‌–- 1, റേഡിയോഗ്രാഫർ–-1, നേഴ്‌സിങ്‌ അസിസ്‌റ്റൻഡ്‌–- 4, ഹോസ്‌പിറ്റൽ അറ്റൻഡർ–- 6, ക്ലർക്ക്‌–- 2, ഡ്രൈവർ–- 1, ഓഫീസ്‌ അറ്റൻഡന്റ്‌–- 1 എന്നിങ്ങനെ തസ്‌തികകൾ വർധിക്കും.

പാർടൈം സ്വീപ്പർ, പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സ്‌ സൂപ്പർവൈസർ, ബ്ലോക്ക്‌ കോ ഓർഡിനേറ്റർ, ഹെൽത്ത്‌ സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ  തസ്‌തികകളും ഉണ്ടാകും. 

കിടത്തി ചികിത്സ കൂട്ടും

ഒപി സമയത്തിനുശേഷം ‘കോൾ ഡ്യൂട്ടി’ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.  രാവിലെ 9 മുതൽ വൈകിട്ട്‌ ആറ്‌ വരെയാകും ഒപി സമയം. ഞായറാഴ്‌ച ഒപി പകൽ 1.30 വരെയും. ലബോറട്ടറി സേവനം രാവിലെ 8 മുതൽ വൈകിട്ട്‌ 6 വരെ ലഭ്യമാകും. ഫാർമസി സേവനങ്ങൾ ഒപി സമയം മുഴുവൻ ലഭ്യമാക്കും.

ഗാർഹിക പീഡനം തടയൽ, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോക്‌സോ എന്നിവ ഉൾപ്പെടെയുള്ള എല്ലാ മെഡിക്കോ ലീഗൽ സേവനങ്ങളും മദ്യലഹരിയുടെ അളവ്‌ നിർണയിച്ചുള്ള സർട്ടിഫിക്കറ്റും നൽകണം.

മറ്റു പ്രധാന സേവനങ്ങൾ

● പാലിയേറ്റീവ്‌ കെയർ

● പുനരധിവാസം

● -കൂടുതൽ രോഗനിർണയ ഉപകരണങ്ങൾ

● പൊതുജനാരോഗ്യ പരിപാടികളുടെ ഏകോപനം

● മാനസിക രോഗികൾക്ക്‌ ഡേ കെയർ

● തിരക്ക്‌ കുറയ്‌ക്കാൻ‌ ടോക്കൺ സംവിധാനം

● അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പ്രത്യേക പരിചരണം

● ജീവിത ശൈലീ രോഗചികിത്സ

എം വി പ്രദീപ്‌ 

കോവിഡ്:‌ പോരാട്ടത്തിന്റെ ഒരുവർഷം - കെ കെ ശൈലജ എഴുതുന്നു

2020 ജനുവരി 30 കേരളത്തിന്‌ മറക്കാനാകാത്ത ഒരു ദിവസമാണ്. ഇന്ത്യയിൽത്തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവൽ കൊറോണ വൈറസ് ) കൊറോണ കുടുംബത്തിൽപ്പെട്ട (സാർസ്, മെർസ് ) വൈറസുകളുടെ ഒരു വകഭേദമായിരുന്നു. ഇതിന് പകർച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണകാരണമാകുമെന്ന് ഡബ്ല്യുഎച്ച്ഒ  മുന്നറിയിപ്പ് നൽകി. ഉടൻതന്നെ കേരളത്തിൽ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ തുടങ്ങി.

പകർച്ചവ്യാധി പ്രതിരോധത്തിൽ കേരളം മൂന്ന് പ്രധാന വെല്ലുവിളി നേരിടുന്നു. ഒന്ന്, വളരെ ഉയർന്ന ജനസാന്ദ്രതയാണ്. രണ്ടാമതായി പ്രായം ചെന്നവരുടെ ജനസംഖ്യ ഏറ്റവും കൂടുതലാണ്‌. ജീവിതശൈലീ രോഗവ്യാപനമാണ് മറ്റൊന്ന്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. പല മാനവ വികസന സൂചികകളിലും നാം ഒന്നാമതെത്തിയെങ്കിലും ആരോഗ്യശീലങ്ങളിലും ജീവിതശൈലിയിലും ഉണ്ടായ അശാസ്ത്രീയമായ പ്രവണതകളാണ് ജീവിതശൈലീരോഗങ്ങൾ വർധിക്കാൻ കാരണം. ഏറെ വ്യാപനശേഷിയുള്ള ഒരു വൈറസിന്റെ പകർച്ച ഉണ്ടാകുമ്പോൾ മരണനിരക്ക് വർധിക്കാൻ ഇത് കാരണമാകുന്നു. സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറയ്‌ക്കാൻ സാധിച്ചത്. ലോകാരോഗ്യ സംഘടനയും ആരോഗ്യരംഗത്തെ മറ്റ്‌ ഏജൻസികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോൾ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാൻ സാധിച്ചു.

ഈ ഘട്ടത്തിൽ അകലംപാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാൻ ഓരോ വ്യക്തിയും തയ്യാറായാൽ മാത്രമേ രോഗപകർച്ച തടയാൻ കഴിയുമായിരുന്നുള്ളൂ. ആയത് വേണ്ടത്ര പാലിക്കാത്തതിന്റെ ഫലമായാണ് രോഗപകർച്ച കൂടിയത്. എന്നാൽ, സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സമയോചിതവും സാഹസികവുമായ ഇടപെടലിലൂടെയാണ് കേസുകൾ ഇത്രയേറെ വർധിച്ചിട്ടും മരണനിരക്ക് ആദ്യഘട്ടത്തിലെ 0.5 ശതമാനത്തിൽനിന്ന്‌ 0.4 ശതമാനമായി കുറയ്ക്കാൻ സാധിച്ചത്. കോവിഡ് മഹാമാരി പിൻമാറുമ്പോൾ ഒരു ചോദ്യമാണ് പ്രധാനമായി അവശേഷിക്കുക. എത്ര പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത്. ഒരു ചെറിയ അശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ മരിച്ചു പോകുമായിരുന്ന പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തിന് ഇതേവരെയുണ്ടായിട്ടുള്ള നേട്ടം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും സേവനങ്ങളും ശക്തമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സമയബന്ധിതമായിട്ടുള്ള പ്രവർത്തനങ്ങളുമാണ് ഇതിന് സാധ്യമാക്കിയത്.

2020 ജനുവരി 24 മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി കൺട്രോൾ റൂം സ്ഥാപിച്ചു. 18 ടീം സജ്ജമാക്കി.  ജില്ലാ കൺട്രോൾ റൂമുകളും കോൾ സെന്ററുകളും സ്ഥാപിച്ചു. ജനുവരി 25 മുതൽ മാർച്ച് അഞ്ചുവരെയുള്ള ആദ്യഘട്ടത്തിൽ ആകെ മൂന്ന് പേർക്കാണ് രോഗം ബാധിച്ചത്. മാർച്ച് 6 മുതൽ മെയ് നാലുവരെയുള്ളതാണ് രണ്ടാം ഘട്ടം. മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർന്നപ്പോഴും പിടിച്ചുനിൽക്കാൻ നമുക്കായി. മാർച്ച് എട്ടിന് വിദേശത്തുനിന്ന്‌ വന്ന പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേർക്കാണ് രണ്ടാം ഘട്ടത്തിൽ ആദ്യം രോഗമുണ്ടായത്. രണ്ടാം ഘട്ടത്തിൽ ആകെ 499 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ മൂന്നുപേർ മരിച്ചു.

രണ്ടാംഘട്ടത്തിൽ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കി. എല്ലാ ജില്ലയിലും കോവിഡ് കെയർ സെന്ററുകൾ സ്ഥാപിച്ചു. കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. മികച്ച കോവിഡ് ചികിത്സയ്ക്കായി ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള കോവിഡ് ആശുപത്രികൾ ആരംഭിച്ചു. ഒപി സമയം വൈകിട്ട്‌ ആറുവരെ നീട്ടി.

രാജ്യവ്യാപക ലോക്‌ഡൗൺ

2020 മാർച്ച് 24ന് രാജ്യവ്യാപകമായി ലോക്‌ഡൗൺ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചു. ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കാത്ത വ്യക്തികൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു. എൻസിഡി രോഗികൾക്ക് അവരുടെ വീടുകളിൽ ഒരു മാസത്തെ മരുന്നുകൾ വിതരണം ചെയ്തു. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് പ്രത്യേക ഡയാലിസിസ് സൗകര്യം നൽകാൻ നിർദേശം നൽകി. വയോജനങ്ങളുടെ വീടുകൾ ആരോഗ്യപ്രവർത്തകർ സ്ഥിരമായി സന്ദർശിക്കുകയും റിവേഴ്‌സ് ക്വാറന്റൈൻ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തിലുള്ള സന്നദ്ധ സംഘങ്ങൾ വീട് സന്ദർശനം ആരംഭിച്ചു.  കമ്യൂണിറ്റി അടുക്കളകൾ ആരംഭിച്ച് ഭക്ഷണം ഉറപ്പുവരുത്തി. ഡീ അഡിക്‌ഷൻ, കൗൺസലിങ്‌ സേവനം ഉറപ്പുവരുത്തി.

മെയ് നാലുമുതൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുടുങ്ങിയവർക്ക്  സംസ്ഥാനത്തേക്ക് മടങ്ങാൻ അനുവാദം നൽകി. മെയ് ഏഴുമുതൽ “വന്ദേ ഭാരത് മിഷന്റെ’ ഭാഗമായി അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചു. മികച്ച കോവിഡ് ചികിത്സയ്ക്കായി 29 കോവിഡ് ആശുപത്രിയും 41 മറ്റാശുപത്രികളും ഉൾപ്പെടെ സർക്കാർ മേഖലയിൽ 70 ആശുപത്രിയിലായി 11,640 കിടക്ക സജ്ജമാക്കി. 1286 സ്വകാര്യ ആശുപത്രിയിലായി 5757 കിടക്ക സജ്ജമാക്കി. കൂടുതൽ ഐസിയു കിടക്കകളും വെന്റിലേറ്റർ സൗകര്യങ്ങളും ഒരുക്കി. കോവിഡ് പ്രതിരോധത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പിച്ചു. 1427 കേന്ദ്രത്തിലായി 1,24,282 കിടക്കയാണ് സജ്ജമാക്കിയത്.

പരിശോധന 70,000 വരെ

പരിശോധനാശേഷി പ്രതിദിനം 70,000 ടെസ്റ്റായി ഉയർത്തി.  കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് എൻഐവി ആലപ്പുഴ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സംസ്ഥാനത്തുടനീളം സർക്കാർ,സ്വകാര്യലാബുകൾ ഉൾപ്പെടെ 2231 ലാബ്‌ സ്ഥാപനങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നു. കോവിഡ്-–-19 സമ്പർക്കരോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി. ബ്രേക്ക് ദ ചെയിൻ നടപ്പാക്കി. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോക ശ്രദ്ധനേടി. ഏറ്റവും ശരിയായ പരിശോധനാ രീതിയും നിയന്ത്രണരീതിയുമാണ് കേരളം അവലംബിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് സംസ്ഥാനം കാര്യങ്ങൾ നിയന്ത്രിച്ചത്. കേരളത്തിന്റെ രീതി ശരിയെന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയിൽ ഏറ്റവുമാദ്യം കേസ് റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് ഇപ്പോൾ അവസാനം ഉച്ചസ്ഥായിലെത്തുന്നത്.

മൂന്നാംഘട്ടത്തിൽ ഓണം കഴിഞ്ഞുള്ള ആഴ്ചകളിൽ പ്രതിദിന രോഗികളുടെ എണ്ണംകൂടി 10,000 കഴിഞ്ഞു. ഒരു ഘട്ടത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു. ഒക്‌ടോബറിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബർ പതിനാലോടെ ചികിത്സയിലുള്ളവരുടെ എണ്ണം അമ്പത്തേഴായിരമാക്കി കുറയ്ക്കാൻ സാധിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തദ്ദേശതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവർത്തനങ്ങളിൽ വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയെങ്കിലും നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയാണുള്ളത്. 

കോവിഡ് വാക്‌സിന് അനുമതി ലഭിച്ചതോടെ ഈവർഷം പ്രതീക്ഷ നൽകുന്നു. കേന്ദ്രം വാക്‌സിൻ എത്തിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്‌സിൻ എത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനായുള്ള എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്. ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കോവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്കും മറ്റ് വിവിധ വിഭാഗങ്ങളിലെ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. എല്ലാവരിലും വാക്‌സിൻ എത്തുന്നതുവരെ പോരാട്ടം തുടരണം.

ഗാന്ധിജി: രക്തസാക്ഷിത്വത്തിന്റെ അര്‍ഥം - സുനിൽ പി ഇളയിടം എഴുതുന്നു

1948 ജനുവരി 30ന് വൈകിട്ട്‌ അഞ്ചിനുള്ള പ്രാർഥനായോഗത്തിലേക്ക് ഗാന്ധിജി കുറച്ചു വൈകിയാണ് പുറപ്പെട്ടത്. പട്ടേലുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം അഞ്ചു കഴിഞ്ഞ് പത്തുമിനിറ്റോളം നീണ്ടു. തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങിയപ്പോൾ കത്തിയവാറിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ ഗാന്ധിജിയെ കാണാൻ സമയം ചോദിച്ച് നിൽക്കുന്നുണ്ടെന്ന് സഹായികളിലൊരാൾ പറഞ്ഞു. അവരോട് പ്രാർഥനയ്ക്കുശേഷം വരാൻ പറയാൻ ഗാന്ധിജി നിർദേശിച്ചു. ""ജീവിച്ചിരിക്കുന്നുവെങ്കിൽ ഞാനവരെ അപ്പോൾ കാണാം''. പ്രാർഥനായോഗത്തിലേക്ക് നടന്നുതുടങ്ങുംമുമ്പ് ഗാന്ധിജി പറഞ്ഞു.

പ്രാർഥനാവേദിയിലേക്കുള്ള വഴിയിൽ ഗാന്ധി മിക്കവാറും നിശ്ശബ്ദനായിരുന്നു. അദ്ദേഹം ""വൈകുന്നത് ഞാൻ വെറുക്കുന്നു'' എന്നു മനുവിനോടും ആഭയോടുംപറഞ്ഞ് അദ്ദേഹം മൗനത്തിലാഴ്ന്നു. അൽപ്പം ചുവടുകൾക്കപ്പുറം ഗോഡ്സെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മനുവിനെ തള്ളിമാറ്റി അയാൾ ഗാന്ധിജിയെ വണങ്ങാൻ എന്ന വ്യാജേന കുനിഞ്ഞുനിവർന്നു. ഹൈന്ദവ വർഗീയതയുടെ കൈത്തോക്കിൽനിന്ന് പുറപ്പെട്ട മൂന്ന് വെടിയുണ്ട ഗാന്ധിജിയുടെ മാറുപിളർന്നു. മതരാഷ്ട്രവാദത്തിനെതിരായ എക്കാലത്തെയും വലുതും മഹനീയവുമായ ആ സമരമുഖം നിശ്ചലമായി.

1947 ഫെബ്രുവരി 21ന് ചേർന്ന പ്രാർഥനായോഗത്തിലാണ് മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ ഖണ്ഡിതമായ വീക്ഷണം ഗാന്ധിജി അവതരിപ്പിച്ചത്. "ഒരു രാജ്യത്തിലെ മുഴുവൻ ആളുകളും ഒരു മതത്തിൽ വിശ്വസിക്കുന്നവരായാൽപോലും രാഷ്ട്രമതം (സ്‌റ്റേറ്റ്‌ റിലിജ്യൻ) ആവശ്യമില്ലെ'ന്ന് അദ്ദേഹമന്ന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യ ഒരു ഹിന്ദുരാജ്യമായിരിക്കില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഭൂരിപക്ഷത്തെ അടിസ്ഥാനമായി സ്വീകരിക്കാത്ത ഇന്ത്യൻരാജ് ആയിരിക്കും അതെന്നും ഗാന്ധിജി അതിനുമേറെ മുമ്പേ (09.08.1942) പ്രസ്താവിച്ചിരുന്നു. മതം തീർത്തും വ്യക്തിപരമായ കാര്യമാണ്.

മതത്തെ വ്യക്തിപരമായ തലത്തിൽ ഒതുക്കിനിർത്താൻ കഴിഞ്ഞാൽ നമ്മുടെ രാഷ്ട്രജീവിതത്തിൽ എല്ലാം ഭദ്രമായിരിക്കുമെന്ന് ഒന്നാം സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച കഴിഞ്ഞ് (1947 ആഗസ്ത്‌ 22) കൽക്കത്തയിലെ ദേശബന്ധു പാർക്കിൽ ചേർന്ന പ്രാർഥനായോഗത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നുണ്ട്. രാഷ്ട്രജീവിതത്തിൽ മതത്തിന് ഒരു ഇടവുമില്ലാത്ത ഒരു മതനിരപേക്ഷ ഭരണകൂടം സൃഷ്ടിക്കുന്ന ഉത്തരവാദിത്തം ഭരണാധികാരികൾ ഏറ്റെടുത്താൽ ലോകത്തിനുതന്നെ ശോഭയായിത്തീരുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.

സ്വാതന്ത്ര്യപ്രാപ്തിയും വിഭജനവും ആസന്നമായതോടെ രാഷ്ട്ര ജീവിതത്തിൽ മതത്തിന് നിർവഹിക്കാനുണ്ടെന്ന് കരുതിയ തന്റെ ആദർശാത്മക ബോധ്യങ്ങളെ ഗാന്ധിജി  കൈയൊഴിയുന്നത് കാണാം. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രജീവിതത്തിലോ ഭരണനിർവഹണത്തിലോ ഒരു പങ്കും ഉണ്ടാകരുതെന്നും ഇക്കാലത്ത് ഗാന്ധിജി നിരന്തരം പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പ്‌ ഗാന്ധിജി കൈക്കൊണ്ട നിലപാടിന് വിപരീതമായ ഒന്നാണിത്. മതം രാഷ്ട്രീയത്തിൽനിന്ന് വേർപിരിയരുത് എന്നായിരുന്നു 1910–-30 കാലയളവിൽ ഗാന്ധിജി ആവർത്തിച്ചുകൊണ്ടിരുന്നത്. മതത്തിൽനിന്ന് വേർപിരിഞ്ഞ രാഷ്ട്രീയം തരംതാണതായിരിക്കും എന്നദ്ദേഹം അക്കാലത്ത് ഉറച്ച് വിശ്വസിച്ചിരുന്നു. ആധുനിക നാഗരികതയും സംസ്കാരവും അത്തരം തരംതാണ രാഷ്ട്രീയമാണ്. അത് സംസ്കരിക്കാൻമാത്രം യോഗ്യമായ മൃതദേഹത്തെപ്പോലെയാണെന്നുവരെ ഗാന്ധിജി എഴുതിയിട്ടുണ്ട് (21.06.1919). താൻ മതത്തെ രാഷ്ട്രീയത്തിലേക്ക് ആനയിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ഗാന്ധിയുടെ അപ്പോഴത്തെ നിലപാട്. മനുഷ്യജീവിതത്തിലെ ഏതെങ്കിലും ഒരു ഘടകം മതമുക്തമായിരിക്കരുതെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. ഇവിടെനിന്ന് വർഗീയവാദികൾക്കും മതരാഷ്ട്രവാദികൾക്കും പ്രിയങ്കരമാകാവുന്ന വിധത്തിൽ, ഒരാളുടെ യഥാർഥ രാജ്യതാൽപ്പര്യവും അവരുടെ മതതാൽപ്പര്യവും തമ്മിൽ ഒരു വൈരുധ്യവുമില്ലെന്നുവരെ ഇക്കാലത്ത് ഗാന്ധിജി അഭിപ്രായപ്പെടുന്നത് കാണാം (09.01.1930).

രണ്ടു പതിറ്റാണ്ടുകാലത്തെ സജീവ രാഷ്ട്രീയജീവിതം ഗാന്ധിജിയുടെ ആദ്യകാല ബോധ്യങ്ങളെ പുതുക്കിപ്പണിതു. ഇവിടെ ഗാന്ധിജി മതമായി പരിഗണിക്കുന്നത് സ്ഥാപനപരവും ആചാരബദ്ധവുമായ പാരമ്പര്യ മതത്തെയല്ല എന്ന കാര്യം നാം ശ്രദ്ധിക്കണം. അദ്ദേഹത്തിന് മതം ഒരു ധാർമിക പ്രേരണയായിരുന്നു. സഹിഷ്ണുതയുടെയും സാഹോദര്യഭാവനയുടെയും അടിത്തറയായ നൈതികശക്തിയായാണ് മതത്തെ കണ്ടത്. 1940 ഫെബ്രുവരി 10ന് ഹരിജനിൽ എഴുതിയ ലേഖനത്തിൽ മതബോധം എന്നത് പ്രപഞ്ചത്തിന്റെ ക്രമീകൃതമായ ധാർമികഭരണത്തിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം വിശദീകരിച്ചു. അത് ഹിന്ദുമതം, ഇസ്ലാംമതം, സിഖ്മതം, ക്രിസ്തുമതം തുടങ്ങിയ വിഭജനങ്ങളെയെല്ലാം അതിവർത്തിക്കുമെന്നും ഗാന്ധിജി എഴുതുന്നുണ്ട്. മതം ഇവയെയെല്ലാം ലയാത്മകമായി സംയോജിപ്പിച്ച് അതിന് യാഥാർഥ്യം നൽകുന്ന ഒന്നാണെന്നായിരുന്നു ഗാന്ധിജിയുടെ ബോധ്യം. തന്റെ രാഷ്ട്രീയം താൻ നിർധാരണം ചെയ്യുന്നത് മതത്തിൽനിന്നും നൈതികതയിൽനിന്നുമാണെന്ന് പറയുന്നത് മതത്തെക്കുറിച്ചുള്ള ഇത്തരമൊരു വിപുലവീക്ഷണത്തെ മുൻനിർത്തിയാണ്.

ഇന്ത്യ മതപരമായി വിഭജിതമാകുന്നതിന്റെ വിത്തുകൾ ഇന്ത്യയുടെ ചരിത്രത്തിലല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കുമേൽ വന്നുവീണ വിദേശാധിപത്യംമൂലമാണ് മതപരമായി വിഭജിതമാകുക എന്ന അസ്വാഭാവികസ്ഥിതി ഇവിടെ സംജാതമായതെന്ന് അദ്ദേഹം എഴുതി. 1944 സെപ്തംബർ 15ന് ജിന്നയ്ക്ക് എഴുതിയ കത്തിൽ നമ്മുടെ രാഷ്ട്രസ്വത്വത്തിന്റെ യഥാർഥ പരിശോധന നമ്മുടെ പൊതുവായ രാഷ്ട്രീയാടിമത്തത്തിലും അതിനെതിരായ സമരത്തിലും നിന്നാണ് ഉരുത്തിരിയുന്നതെന്ന് ഗാന്ധിജി വ്യക്തമാക്കുന്നുണ്ട്. മതം ദേശീയതയുടെയോ ദേശസ്വത്വത്തിന്റെയോ അടിസ്ഥാനമല്ലെന്ന തന്റെ ഖണ്ഡിതമായ ബോധ്യമാണ് ഗാന്ധിജി ഇവിടെ പങ്കുവയ്ക്കുന്നത്. മതം തീർത്തും വ്യക്തിപരമായ കാര്യമായിരിക്കണമെന്ന തത്വം ഇന്ത്യക്കെന്നപോലെ പാകിസ്ഥാനും ബാധകമാണെന്നും  അദ്ദേഹം അക്കാലത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മതത്തെ ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമായി പരിഗണിക്കാനുള്ള ശ്രമങ്ങളോട് ഗാന്ധിജി ഇക്കാലത്ത് പ്രത്യക്ഷമായി വിയോജിക്കുന്നുണ്ട്. മധ്യകാല ഇന്ത്യാചരിത്രത്തെ മതാടിസ്ഥാനത്തിൽ വിഭജിതമായ നിലയിൽ അവതരിപ്പിക്കുന്നതിനെ അദ്ദേഹം എതിർത്തു. തീർത്തും ചരിത്രവിരുദ്ധമായ നിലപാടായാണ് അദ്ദേഹം അതിനെ കണ്ടത്. മുസ്ലിം ഭരണകൂടങ്ങൾ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചിട്ടില്ലെന്ന് 1939 നവംബർ 11ന് ഹരിജനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം തുറന്നുപറയുന്നുണ്ട്.  അക്ബർ മുതലുള്ള പല ഭരണാധികാരികളും മതപരമായ സംയോജനത്തിനാണ് ശ്രമിച്ചതെന്ന കാര്യവും അവിടെ എടുത്തുപറഞ്ഞു. ഹൈന്ദവ വർഗീയവാദം ഇന്ത്യാചരിത്രത്തിനുമേൽ കെട്ടിപ്പൊക്കിയ ഏറ്റവും വലിയ വ്യാജങ്ങളിലൊന്നിനെയാണ് ഗാന്ധിജി ഇവിടെ സമ്പൂർണമായി തിരസ്കരിക്കുന്നത്.

വിഭജനവാദവും ഹൈന്ദവവർഗീയതയുടെ അക്രമണോത്സുകമായ പടയോട്ടവും ശക്തിപ്പെട്ടതോടെ മതത്തെ രാഷ്ട്രജീവിതത്തിൽനിന്ന്‌ പൂർണമായി ഒഴിച്ചുനിർത്തുക എന്ന നിലപാട് ഗാന്ധിജിക്ക് പരമപ്രധാനമായിത്തീർന്നു. 1940കളിൽ മറ്റു പല വിഷയങ്ങളിലും അദ്ദേഹം കൈക്കൊണ്ട, അത്യന്തം വിപ്ലവകരമായ സമീപനങ്ങൾക്ക് സമാനമായ കാഴ്ചപ്പാട് ഇക്കാര്യത്തിലും ഗാന്ധിജി സ്വീകരിക്കുന്നത് കാണാം. 1946 സെപ്തംബർ 16ന് ഒരു ക്രൈസ്തവ മിഷനറിയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഈ പ്രകരണത്തിൽ ഏറെ ശ്രദ്ധേയമാണ്. താനൊരു ഏകാധിപതിയാണെങ്കിൽ, മതവും ഭരണകൂടവും പരിപൂർണമായി വേർപെട്ടിരിക്കും എന്നദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ മതത്തോട് പ്രതിജ്ഞാബദ്ധനാണ്. ഞാനതിനുവേണ്ടി മരിക്കും. പക്ഷേ, അതെന്റെ വ്യക്തിപരമായ കാര്യമാണ്. ഭരണകൂടത്തിന് അതിൽ ഒരു പങ്കുമില്ല.' ഗാന്ധിജി ആ സംഭാഷണത്തിൽ വ്യക്തമാക്കി. മതത്തെ വിഭാഗീയവും അക്രമണോത്സുകവുമായ രാഷ്ട്രീയ യുക്തിയായി ഉപയോഗിക്കുന്നതിനെതിരായ ഗാന്ധിജിയുടെ ഏറ്റവും പ്രകടമായ പ്രഖ്യാപനമായിരുന്നു അത്.

ഗാന്ധിജിയുടെ മതവിചാരങ്ങളിലെ ഈ പരിവർത്തനങ്ങളെയാകെ മറച്ചുപിടിച്ചുകൊണ്ട് തങ്ങളുടെ മതരാഷ്ട്രവാദത്തിന്റെ സാധൂകരണമായി അദ്ദേഹത്തെ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന വ്യാജം അവർ നിരന്തരം പ്രചരിപ്പിച്ചുപോരുന്നു. (ഗാന്ധിജി മതവർഗീയവാദിയാണെന്നും പ്രചരിപ്പിക്കുന്ന ചില താർക്കികപണ്ഡിതർ അവർക്ക് തുണയായി നിലകൊള്ളുന്നുമുണ്ട്.) ഇതിൽ രണ്ടു വലിയ തട്ടിപ്പുണ്ട്. ഒന്നാമതായി, ഗാന്ധിജിയുടെ മതം ഇവർ പറഞ്ഞ മതമല്ല എന്ന കാര്യം. ഹൈന്ദവ വർഗീയവാദികളുടെ രക്താഭിഷിക്തവും വിദ്വേഷനിർഭരവുമായ മതസങ്കൽപ്പവുമായി ഗാന്ധിജിയുടെ മതസങ്കൽപ്പത്തിന് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന് അതൊരു ധാർമികാദർശമായിരുന്നു. മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ ഗാന്ധിജി വലിയതോതിലുള്ള പുനഃപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രജീവിതത്തിൽ ഒരു പങ്കും ഉണ്ടാകരുത് എന്നുമുള്ള നിലപാടിലേക്ക് ഗാന്ധിജി എത്തിയിരുന്നു. ഈ ഇരുനിലപാടിനെയും മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുത്വഫാസിസ്റ്റുകൾ ഗാന്ധിജിയുടെ പാരമ്പര്യത്തെ സ്വാംശീകരിച്ചവരായി തങ്ങളെ അവതരിപ്പിക്കുന്നത്. അസത്യത്തിലും അപവാദപ്രചാരണത്തിലും ഹിംസയിലും വേരാഴ്ത്തിനിൽക്കുന്ന വർഗീയഫാസിസത്തിന്റെ അത്തരം പ്രചാരണങ്ങളിൽ വാസ്തവത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഫാസിസത്തിന്റെ ജനിതകംതന്നെ അത്തരം വഞ്ചനകളാൽ പണിതെടുത്തതാണ്.

ആധുനിക നാഗരികത എന്ന് ഔപചാരികമായി വിവരിക്കപ്പെട്ടുപോരുന്ന മുതലാളിത്ത ആധുനികതയോടും അതിന്റെ വ്യക്തി ഭരണകൂട സങ്കൽപ്പത്തോടുമുള്ള ഗാഢമായ വിയോജിപ്പിൽനിന്നാണ് ഗാന്ധിജിയുടെ വീക്ഷണങ്ങൾ പലതും ഉയർന്നുവന്നത്. പാശ്ചാത്യ നാഗരികത സ്വാർഥത്തിലും ഹിംസയിലും അധിഷ്ഠിതമായ ഒന്നാണെന്ന വിമർശമാണ് ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. മതത്തിന്റെ നൈതികാടിസ്ഥാനംകൊണ്ട് അതിനെ മറികടക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഔപചാരികമായ മതാതിർത്തികളെ മറികടക്കുന്ന, മതനിരപേക്ഷവും ധാർമികവുമായ മൂല്യക്രമമായാണ് ഗാന്ധിജി മതത്തെ കണ്ടത്. സഹിഷ്ണുതയും സാഹോദര്യവുമായിരുന്നു അതിന്റെ അടിപ്പടവ്. നിശ്ചയമായും അദ്ദേഹത്തിന്റെ ഈ നിലപാടിനോട് നമുക്ക് വിയോജിക്കാം. പക്ഷേ, തന്റെ അത്തരം ആലോചനകൾ ഗാന്ധിജിയെ ഏതെങ്കിലും നിലയിൽ മതരാഷ്ട്ര സങ്കൽപ്പത്തിലേക്ക് കൊണ്ടുപോയില്ല എന്ന കാര്യം ഒരുനിമിഷംപോലും നാം വിസ്മരിച്ചുകൂടാ. ഹൈന്ദവ ഫാസിസ്റ്റുകൾ അദ്ദേഹത്തെ വെടിവച്ചുവീഴ്ത്തിയതും അതുകൊണ്ടാണ്. മതരാഷ്ട്രവാദത്തിനും വർഗീയരാഷ്ട്രീയത്തിനും എതിരായ ഇന്ത്യയിലെ ഏറ്റവും വലിയ ഊർജസ്രോതസ്സായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ പരമമായ അർഥവും അതുതന്നെയാണ്.

സുനിൽ പി ഇളയിടം 

Friday, January 29, 2021

രാഷ്ട്രീയ ലാഭത്തിന് ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസ് മാത്രം; സിപിഐ എമ്മിനുള്ളത് ഉറച്ച മതനിരപേക്ഷത: വിജയരാഘവന്‍

തിരുവനന്തപുരം> മതാധിഷ്ടിത രാഷ്ട്രീയ ചേരിയുമായി കേരളത്തിലെ കോണ്‍ഗ്രസ് കൂടുതലായി കൂട്ടുകെട്ടിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെട്ടു. അതവര്‍ തുടരും എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

മുസ്ലിം ജനവിഭാഗത്തെ മതാധിഷ്ടിത രാഷ്ട്രീയ ചേരിയില്‍ അണിനിരത്തുക എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ആ പ്രവര്‍ത്തനം വിപുലപ്പെടാത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരം ഒരു മുന്നണി കോണ്‍ഗ്രസ്  രൂപീകരിച്ചത് കണ്ടുപിടിക്കപ്പെട്ടു. ആ മുന്നണിയെ ജനം നിരാകരിച്ചു. ഇപ്പോഴും കോണ്‍ഗ്രസ് ജമാ അത്ത് ബന്ധം തുടരുകയാണ്. നിരവധി പഞ്ചായത്തില്‍ ജമാ അത്ത് പിന്തുണയില്‍ കോണ്‍ഗ്രസുകാര്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയാണെന്നുംവിജയരാഘവന്‍  പറഞ്ഞു.

  ഇത് നാടിന് ഗുണം നല്‍കുന്ന രാഷട്രീയ കൂട്ടുകെട്ടല്ല. ഇവിടെ ഹിന്ദുത്വ ശക്തികള്‍ നാട്ടില്‍ അപകടകരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുകയാണ്. ആ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം സമൂഹത്തില്‍ സൃഷ്ടിച്ച് മതപരമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നിലപാടിനെ എതിര്‍ക്കുക എന്നതാണ് പ്രധാനം. അതിന് പകരം മറ്റൊരു മതമൗലിക ചേരി ഉണ്ടാക്കുകയാണ്. ഒരു ഘട്ടത്തിലും ഒരു ചാഞ്ചാട്ടവും ഈ വിഷയത്തില്‍ സിപിഐ എമ്മിനുണ്ടായിട്ടില്ല. രാജ്യത്ത് ഉറച്ച മതനിരപേക്ഷ  നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ എം.

 എല്ലാ സന്ദര്‍ഭത്തിലും സിപിഐ എം കൃത്യ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അവരൊന്നൊന്നായി ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്ത് കളഞ്ഞു. പൗരത്വ ഭേഗദഗതി നിയമം പാസാക്കി . ഈ സന്ദര്‍ഭത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത് സിപിഐ എം ആണ്. മതേതരത്വത്തിന് വിരുദ്ധമായി അയോധ്യയില്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തുന്നതില്‍ വിമര്‍ശിച്ചത് സിപിഐ എമ്മാണ് .

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പൗരത്വ നിയമത്തിന് എതിരായി എല്ലാവരേയും ഒരുമിപ്പിക്കാനാണ് ശ്രമിച്ചത്. ആ സിപിഐ എമ്മിനെയാണ് ജമാ അത്തെ ഇസ്ലാമി എതിര്‍ക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിനെ വര്‍ഗീയവാദികള്‍ എന്ന് വിളിക്കുന്നു. അയോധ്യക്ഷേത്ര നിര്‍മാണത്തിന് വെള്ളികൊണ്ട് ഇഷ്ടിക കൊടുത്തത് കമല്‍നാഥാണ്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ജമാ അത്തെ ഇസ്ലാമിക്ക് കൃത്യമായ അജണ്ടയുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ അപകടകരമായ നിലപാടിനെ മുസ്ലീം വിഭാഗത്തിലെ ധാരാളം സംഘടനകള്‍ നിശിതമായി വിമര്‍ശിക്കുന്നു. അവരുമായി രാഷ്ട്രീയ ലാഭത്തിന് കൂട്ടുകൂടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. അതിനെ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി

മുഖംമൂടിയിട്ട് കര്‍ഷകരെ ആക്രമിച്ചത് ആര്‍എസ്എസ്: എ വിജയരാഘവന്‍

ഫെബ്രുവരി 6ന് എല്‍ഡിഎഫിന്റെ സായാഹ്ന പ്രതിഷേധം

തിരുവനന്തപുരം > കര്‍ഷക സമരത്ത അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം ഒത്തുതീര്‍പ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും സേനകളെ ഉപയോഗിച്ച് സമരക്കാരെ മര്‍ദ്ദിച്ച് ഒതുക്കുകയുമാണ് ചെയ്യുന്നത്. മുഖം മൂടിയിട്ട് വന്ന് ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ കര്‍ഷകരെ മര്‍ദ്ദിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വലിയ കളങ്കമേറ്റ ദിവസമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.  

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം രാജ്യവ്യാപകമായി വളര്‍ന്നുവരും. കേരളത്തില്‍ ഇടതുപക്ഷവും വിശേഷിച്ച് സിപിഐ എമ്മും ഈ പ്രക്ഷോഭങ്ങളുടെ മുന്നില്‍ അണിനിരക്കും. ഫെബ്രുവരി 6ന് എല്‍ഡിഎഫ് സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വളരെ അപകടരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ഈ നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമാണ് റിപ്പബ്ലിക് ദിനത്തിലും കണ്ടത്.

ജനജീവിതത്തെ പ്രയാസകരമാക്കുന്ന നയങ്ങള്‍ നിര്‍ബാധം തുടരുകയാണ്. പെട്രോളിയം ഉള്‍പന്നങ്ങളുടെ വില ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ തൊഴില്‍ നഷ്ടപ്പെട്ടു. തീവ്രവര്‍ഗീയതയ്ക്കപ്പുറത്ത് ജനങ്ങള്‍ക്ക് അനുകൂലമായതൊന്നും ബിജെപി ഭരണം നല്‍കിയിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

പാര്‍ലമെന്റിലേക്ക് ഇടത് എംപിമാരുടെ മാര്‍ച്ച്; പൊലീസിനെ മറികടന്ന് പ്രതിഷേധം

ന്യൂഡല്‍ഹി > കര്‍ഷകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും കാര്‍ഷിക നിയമങ്ങളിലും പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. പാര്‍ലമെന്റിലേക്ക് എംപിമാര്‍ മാര്‍ച്ച് ചെയ്യുകയാണ്.  പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞുവെങ്കിലും എംപിമാര്‍ മുന്നോട്ടുനീങ്ങി.

കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച പ്രതിപക്ഷപാര്‍ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.  സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ക്കു പുറമെ കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, ആര്‍ജെഡി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ്, എംഡിഎംകെ, കേരള കോണ്‍ഗ്രസ്, എഐയുഡിഎഫ് പിഡിപി തുടങ്ങിയ പാര്‍ടികള്‍ ബഹിഷ്‌കരണത്തില്‍ പങ്കാളികളാകും. ടിആര്‍എസ് അടക്കമുള്ള ചില കക്ഷികള്‍കൂടി പങ്കുചേര്‍ന്നേക്കും.

സിംഘുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണം; ടെന്റുകള്‍ പൊളിച്ചു; അതിര്‍ത്തിയില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി > കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുനേരെ ആക്രമണം. തദ്ദേശവാസികള്‍ എന്ന വ്യാജേന എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചു.

ടെന്റുകള്‍ പൊളിച്ചുനീക്കാനുള്ള അക്രമികളുടെ ശ്രമം കര്‍ഷകര്‍ ചെറുത്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.

കര്‍ഷക സമരത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസുമായി ബന്ധമുള്ളവരെ അയയ്ക്കുന്നതായി കര്‍ഷകര്‍ നേരത്തേ ആരോപിച്ചിരുന്നു. മുന്‍പ് സമരത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അക്രമിയെ കര്‍ഷകര്‍ തന്നെ പിടികൂടിയിരുന്നു.

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കും: ഡല്‍ഹി ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി> കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളമെത്തിക്കും.കുടിവെള്ളം, ശൗചാലയം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി അറിയിച്ചു.സമരസ്ഥലത്തെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ഷക സമരത്തെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണവും വൈദ്യുതി വിതരണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി സര്‍ക്കാര്‍ രംഗത്തെത്തിയത്.

പെട്രോളിൽ കേന്ദ്രത്തിന്‌ 32 രൂപ, കേരളത്തിന്‌ 20 രൂപ; നികുതി കുറയ്‌ക്കേണ്ടതാര്‌?

അടിക്കടി ഉയരുന്ന ഇന്ധനവിലയിൽ പെട്രോളിയം കമ്പനികൾക്കൊപ്പം നേട്ടംകൊയ്യുന്നത്‌ കേന്ദ്ര സർക്കാർ. വിലയുടെ മൂന്നിലൊന്നിലേറെ‌ കേന്ദ്ര സർക്കാരാണ്‌ കൊള്ളയടിക്കുന്നത്‌. വ്യാഴാഴ്‌ചത്തെ വില അനുസരിച്ച്‌ ഒരു ലിറ്റർ പെട്രോളിൽനിന്ന്‌ കേന്ദ്ര സർക്കാരിനുള്ള വരുമാനം 31.73 രൂപ‌. കേരളത്തിന്‌ 20.16 രൂപയും. എന്നിട്ടും സംസ്ഥാനസർക്കാർ നികുതി ഉപേക്ഷിക്കണമെന്നാണ്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആവശ്യം.

ഒരു ലിറ്റർ പെട്രോളിൽ‌ 2.98 രൂപയാണ്‌ കേന്ദ്ര സർക്കാരിന്‌ ലഭിക്കുന്ന എക്‌സൈസ്‌ ഡ്യൂട്ടി. അഡീഷണൽ എക്‌സൈസ്‌ ഡ്യൂട്ടിയായി 12 രൂപയും, റോഡ്‌ സെസായി 18 രൂപയും ലഭിക്കും. എക്‌സൈസ്‌ ഡ്യൂട്ടിയിൽ 1.73 രൂപ കേന്ദ്രത്തിനും 1.25 രൂപ സംസ്ഥാനങ്ങൾക്കുമാണ്‌.  ജനസംഖ്യാനുപാതികമായി കേരളത്തിന്‌  1.25 രൂപയുടെ 1.943 ശതമാനമായ‌ രണ്ടു പൈസ ലഭിക്കും.

വിൽപ്പന നികുതി 18.94 രൂപയും അഡീഷണൽ വിൽപ്പന നികുതി ഒരു രൂപയും സെസ്‌ ഇനത്തിൽ 20 പൈസയും കേന്ദ്ര എക്‌സൈസ്‌ ഡ്യൂട്ടിയിൽനിന്നുള്ള രണ്ടു പൈസയും ചേർത്താണ്‌ 20.16 രൂപ കേരളത്തിന്‌ ലഭിക്കുന്നത്‌.  ഡീസൽ വിലയിലെ അന്തരം നാമമാത്രമായതിനാൽ, കേന്ദ്ര–-സംസ്ഥാന വരുമാനങ്ങളിലും സമാന സ്ഥിതിയാണ്‌.

കേരളത്തിൽ കുറഞ്ഞ നികുതി

ബിജെപിയും കോൺഗ്രസും  ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ നികുതി  താരതമ്യേന കുറവാണ്‌. ഇവിടെ 30.8 ശതമാനമാണ്‌ വിൽപ്പന നികുതി. രാജസ്ഥാനിൽ 38 ശതമാനവും‌. ഒന്നര രൂപ സെസുമുണ്ട്‌. മഹാരാഷ്‌ട്രയിൽ 25 ശതമാനം വാറ്റിനുപുറമെ 10.12 രൂപ അധിക നികുതിയുമുണ്ട്‌‌. പഞ്ചാബിൽ വാറ്റ്‌ 24.79 ശതമാനവും, 10 ശതമാനം അധിക നികുതിയുമാണ്‌. ഒഡിഷയിൽ 32 ശതമാനവും കർണാടകയിൽ 35 ശതമാനവും മഹാരാഷ്‌ട്രയിൽ 33 ശതമാനവുമാണ്‌ വാറ്റ്‌.

കേരളത്തിന്‌ വലിയ ആഘാതം

അടിക്കടിയുള്ള പെട്രോൾ, ഡീസൽ വില വർധന കേരളത്തിന്‌ വലിയ ആഘാതമാകുന്നു. ഭക്ഷ്യവസ്‌തുക്കളടക്കം നിത്യോപയോഗ സാധനങ്ങൾക്കും അസംസ്‌കൃത വസ്‌തുക്കൾക്കും അന്യസംസ്ഥാനങ്ങളെയാണ്‌ കേരളം  ആശ്രയിക്കുന്നത്‌. പെട്രോൾ, ഡീസൽ വിലവർധന ചരക്കുഗതാഗത ചെലവ്‌ ഉയർത്തും. അവശ്യ സാധനങ്ങൾക്ക്‌ വിലക്കയറ്റമുണ്ടാകുന്നു. നിർമാണ, അനുബന്ധ മേഖലയിലും പ്രതിസന്ധിയാകും. 

വി മുരളീധരന്റെ അന്യായ‘വാദം’

ഇന്ധനവില കുറയണമെന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കട്ടെ. കേന്ദ്ര സർക്കാർ നികുതിയിലൂടെ പല ആനുകൂല്യങ്ങൾ നൽകുന്നു.

ജി രാജേഷ്‌ കുമാർ

Thursday, January 28, 2021

കോവിഡ്‌; സാഹചര്യം അതിതീവ്ര ജാഗ്രത ആവശ്യപ്പെടുന്നുവെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ഇന്ന്‌ 5771 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.19 പേർ മരണമടഞ്ഞു. 72392 പേരാണ് ചികിൽസയിൽ. 5228 പേർക്ക് സമ്പർക്കുമൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 410 കേസുണ്ട്. 45 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടി വരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലേയ്ക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രോഗവിമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിനു തുല്യമോ കൂടുതലോ ആയിരുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. നേരത്തെ ഉണ്ടായിട്ടുള്ളത്ര വ്യാപകമായ വര്‍ദ്ധനവില്ലെങ്കിലും രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്ന ഒരു സാഹചര്യം വന്നിട്ടുണ്ട്. തികഞ്ഞ ജാഗ്രതയോടെ നമ്മള്‍ സമീപിക്കേണ്ട കാര്യമാണിതെന്നതില്‍ സംശയമില്ല.

കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ ഇതുവരെ  25,762.11 ആണ്. മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. അതെ സമയം 2,67,648.74 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നമ്മള്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാലും അത് ഇനിയും വര്‍ധിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കേരളത്തില്‍ മറ്റു പല സ്ഥലങ്ങളേക്കാള്‍ ഉയര്‍ന്നിരിക്കുന്നു.  എന്നാല്‍, മരണസംഖ്യ താരതമ്യേന കുറവാണ്. പത്തു ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഈ സംഖ്യ ഇവിടത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കേസ് ഫെറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞിരിക്കുന്ന സംസ്ഥാനവും കേരളം തന്നെ. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ കേസ് ഫെറ്റാലിറ്റി റേറ്റ്.

ഈ മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ഒരാഴ്ചയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടായതായി കാണാന്‍ സാധിക്കും. ജനുവരി 4നും 10നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 35,296 ആയിരുന്നു. ജനുവരി 11 മുതലുള്ള ആഴ്ചയില്‍ അത് 36,700 ആയും, ജനുവരി 18 മുതലുള്ള ആഴ്ചയില്‍ സമയത്ത് അത് 42,430 ആയും ഉയര്‍ന്നു.

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ നാം സ്വീകരിച്ച സമീപനം യഥാര്‍ത്ഥ സ്ഥിതി അതുപോലെ  ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കലാണ്. ഇത്തരമൊരു നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ തീരദേശ മേഖലയില്‍ സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അതു പരസ്യമായി പൊതുസമൂഹത്തെ അറിയിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.  

എന്നാല്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ കൂടി എന്നതാണ്. നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. പൊതു ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകകളായി വാഴ്ത്തപ്പെടുന്നത് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയാണ്. അവിടെ ഉള്‍പ്പെടെ കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടായത് നമ്മള്‍ കണ്ടതാണ്. അവിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞു എന്നു പറയാന്‍ ആയിട്ടില്ല. കോവിഡ് പോലെ അതിവേഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തില്‍ വളരെ സ്വാഭാവികമായ ഒരു പരിണതിയാണീ സംഭവിച്ചിരിക്കുന്നത്.  

രോഗവ്യാപനം ഇപ്പോഴും വര്‍ദ്ധിക്കുന്നു എന്നത്, അത്തരം ഇടങ്ങളിലെല്ലാം രോഗികളാകാന്‍ സാധ്യതയുള്ള ഇതുവരെ രോഗബാധിതരാകാത്ത ആളുകള്‍ ഒരുപാടുണ്ട് എന്നതിന്റെ സൂചനയാണ്. കേരളത്തിലെ സ്ഥിതിയെടുത്താല്‍ ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ചിട്ടുള്ളത്.

രോഗികളെ കണ്ടെത്താനും, ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യസംവിധാനവും, രോഗത്തെക്കുറിച്ച് അവബോധമുള്ള ഒരു സമൂഹവും കേരളത്തിലുണ്ട്. ഐസിഎംആര്‍ ഇതുവരെ നടത്തിയ സെറോ പ്രിവേലെന്‍സ് പഠനങ്ങളിലെല്ലാം കോവിഡ് വന്നു മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുണ്ടായിരുന്ന പ്രദേശം കേരളമാണ്. അതുകൊണ്ട് തന്നെ പുതിയ സെറൊ പ്രിവേലെന്‍സ് ഡാറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തില്‍ നിലവില്‍ രോഗവ്യാപനം ചിലര്‍ ആരോപിക്കുന്ന രീതിയില്‍ അസ്വഭാവികമായോ എന്നു പറയാന്‍ സാധിക്കൂകയുള്ളൂ.   

നമ്മുടെ ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയില്‍, കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് രോഗവ്യാപനം വളര്‍ന്നില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ജാഗ്രതയുടേയും മികവിന്റേയും നേട്ടമാണിത്. അതുകൊണ്ടുതന്നെ, വിമര്‍ശനങ്ങള്‍ ഏതൊക്കെ തരത്തിലുണ്ടായാലും കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകില്ല. യഥാര്‍ഥ കണക്കുകള്‍ നിര്‍ഭയം ജനങ്ങള്‍ക്കു മുന്‍പില്‍ വയ്ക്കും; ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ ആന്റിജന്‍ ടെസ്റ്റുകളെയാണ് അധികം ആശ്രയിക്കുന്നതെന്ന് ഒരു പരാതിയുണ്ട്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും.  അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ് എന്ന് വ്യക്തമായിട്ടുണ്ട്.  രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടുള്ളതു കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. നമ്മുടെയാകെ ശ്രദ്ധ എവിടെയും കുറയാന്‍ പാടില്ല എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. നിലവില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും ആവശ്യമുള്ള സ്ഥലങ്ങലില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും. ഇതിനായി സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി പത്തു വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുളള മറ്റ് ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. പകരം അവ തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം. ഇക്കാര്യത്തില്‍ ഹോട്ടല്‍ അധികൃതരുടെയും മറ്റും സഹകരണം അത്യാവശ്യമാണ്. രാത്രിയില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ. രാത്രി പത്ത് മണിക്കുശേഷം യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ 'അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ ഉപയോഗിച്ചും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തന സജ്ജരാക്കാനും വേണ്ട കാര്യങ്ങള്‍ നടന്നു വരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടനെ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സെറോ സര്‍വൈലന്‍സ് സര്‍വേയും ജീനോം പഠനവും നടന്നു വരികയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് വാക്സിന്‍

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍  7,94,000 ഡോസുകളാണ് കേരളത്തിനു ലഭിച്ചിട്ടുള്ളത്. നമ്മുടെ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരില്‍ 17.54 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.    

മാസ്ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ട്. ട്രെയിന്‍ യാത്രക്കാരില്‍ ഈ പ്രവണത കൂടുതലായി കാണുന്നു. നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്ന പൊതുസമീപനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണം.

നാം മാതൃകാപരമായി തന്നെ ഈ രോഗത്തോട് പൊരുതുകയാണ്. നമ്മുടെ ആരോഗ്യമേഖല ആകെയും സമൂഹം ഒന്നടങ്കവും ഈ പോരാട്ടത്തില്‍ ഉണ്ട്. രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്.  നാടിന്റെ  കൂട്ടായ്മയും നമ്മുടെയാകെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ട് ഈ അപകടസന്ധി മുറിച്ചുകടക്കാന്‍ നമുക്ക് കഴിയും.

ലൈഫ്

ലൈഫ് മിഷന്റെ ഭാഗമായി രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍ 2,57,547. ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സ്വന്തം വീട് എന്നതിനാല്‍ ഇതിലെ ഓരോ എണ്ണവും പ്രധാനപ്പെട്ടതാണല്ലോ. പാര്‍പ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ അതീവ  ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതും അത് കൈകാര്യം ചെയ്തതും.

ഇനിയും അടച്ചുറപ്പില്ലാത്ത കിടപ്പാടമില്ലാത്തതിന്റെ പേരില്‍ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കും വൈകാതെ തന്നെ ആത്മസംതൃപ്തിയോടെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഭൂമി കണ്ടെത്തിയതില്‍ 52 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 5 സമുച്ചയങ്ങളുടെ നിര്‍മാണം രണ്ടു മാസത്തിനുള്ളിലും 32 സമുച്ചയങ്ങള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭയില്‍ യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന സ്പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് 140 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. അവിടെ ഭവനസമുച്ചയം മാത്രമല്ല ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും നിര്‍മിക്കുന്നുണ്ട്. ജനങ്ങള്‍ക്കു അനുഭവവേദ്യമാകുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളിലും ആരോപണങ്ങളിലും ഭയന്ന് ഈ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.  

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം ഉള്‍പ്പടെ മറ്റു വകുപ്പുകള്‍ തുടങ്ങിവച്ച ഭവനനിര്‍മാണ പദ്ധതികളും സംസ്ഥാനത്താകെ പുരോഗമിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഭൂമിയുള്ള ഭവനരഹിതര്‍ക്കു 51,317 വീടുകളും ഭൂരഹിതരായ ഭവനരഹിതര്‍ക്കു 29,608 വീടുകളും നിര്‍മിക്കുകയാണ്. ഇത്തരത്തില്‍ വിവിധ പദ്ധതികളിലൂടെ 8,823 കോടി രൂപയുടെ വീടുനിര്‍മാണമാണ് ഇതേവരെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

കേരള ലുക്സ് എഹെഡ്ഡ്

നാളത്തെ കേരളം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിവിധ മേഖലകളില്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുണ്ടായ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ പുതിയ കാഴ്ചപ്പാടുകളും സമീപനവും  ആവിഷ്കരിക്കേണ്ടതുണ്ട്. ആധുനിക മേഖലകള്‍ കണ്ടെത്തി വ്യവസായ ഉല്‍പാദനം വര്‍ധിപ്പിക്കാനും കൃഷിþഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള സാധ്യതകളാണ് അത്യാവശ്യമായിട്ടുള്ളത്. അത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ പിന്തുണയും പിന്‍ബലവും വേണം.  

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ്  'കേരള ലുക്സ് എഹെഡ്ഡ്' എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ സംഘടിപ്പിക്കുകയാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ അതില്‍ പങ്കെടുത്ത സംസാരിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

രാജ്യാന്തര തലത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇþഗവേണന്‍സ് എന്നീ പ്രധാന സാമ്പത്തിക മേഖലകള്‍ക്കു പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും.

രാജ്യാന്തര തലത്തിലും ഇന്ത്യക്കുള്ളിലും ഉണ്ടായ പുതിയ നീക്കങ്ങളും ഇടപെടലുകളും മനസ്സിലാക്കുവാനും അതിലൂടെ കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസൃതമായ വികസന തന്ത്രങ്ങള്‍ രൂപീകരിക്കുവാനും ഈ കോണ്‍ഫറന്‍സ് സഹായിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  

കൊവിഡ് കാരണം നഷ്ടപ്പെട്ട തൊഴിലും തൊഴിലവസരങ്ങളും വീണ്ടെടുക്കണമെങ്കില്‍ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ തൊഴിലവസരങ്ങളും നൂതന തൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനാകണം.

വിശ്രുത സാമ്പത്തിക വിദഗ്ധനും നോബല്‍ സമ്മാന ജേതാവുമായ പ്രൊഫ. അമര്‍ത്യാ സെന്‍, സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വ്യവസായ പ്രമുഖരായ ശ്രീ. രത്തന്‍ ടാറ്റ, ശ്രീ. ആനന്ദ് മഹീന്ദ്ര, ശ്രീ. എം.എ. യൂസുഫ് അലി, കിരണ്‍ മസുംദാര്‍ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലക്രഷ്ണന്‍, ഡോ. ആസാദ് മൂപ്പന്‍, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇവരുടെ കാഴ്ചപ്പാടുകളും സംസ്ഥാനത്തിന്റെ ഭാവിക്കായി അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളും ഈ സമ്മേളനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഇതില്‍ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. ഏവര്‍ക്കും ഏതു സെഷനും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണം. കോണ്‍ഫെറെന്‍സ് വെബ്സൈറ്റായ www.keralalooksahead.com എന്ന സൈറ്റില്‍ എല്ലാ സെഷനുകളും ലൈവായി വീക്ഷിക്കാവുന്നതാണ്.

നൂറുദിന പരിപാടി

ഡിസംബര്‍ 17ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടിയുടെ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തി. പദ്ധതികള്‍  തീവ്ര വേഗത്തില്‍ പുരോഗമിക്കുകയാണ്. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുന്നത്.  

100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടതില്‍  ഇതിനകം 23,606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതിതെങ്കിലും പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

അഴിമതി വിരുദ്ധ പരിപാടി

സര്‍ക്കാര്‍ സംവിധാനത്തില്‍ എപ്പോഴെങ്കിലും അഴിമതിയോ മറ്റു തെറ്റുകളോ ഉണ്ടായാല്‍ പ്രതികരിക്കണമെന്നും ഇടപെടണമെന്നും  ജനങ്ങള്‍ ആഗ്രഹിക്കാറുണ്ട്. പക്ഷെ, ആരോടാണ് പരാതിപ്പെടേണ്ടത്, എന്ത് വിവരമാണ് നല്‍കേണ്ടത്, ഇതൊക്കെ ഉയര്‍ത്തുന്നതുകൊണ്ട് വ്യക്തിപരമായ അപകടങ്ങള്‍ സംഭവിക്കുമോ, ബുദ്ധിമുട്ടുന്നതുകൊണ്ട് എന്തെകിലും ഗുണം ഉണ്ടാകുമോ എന്നിങ്ങനെയുള്ള ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

സത്യസന്ധരായ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. സത്യസന്ധമായി ജോലി ചെയ്യുന്നതിനിടയില്‍ ആരെങ്കിലും വ്യാജ പരാതികള്‍ നല്‍കുമോ? മറ്റ് ഉപദ്രവങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അവരും ചിന്തിക്കുന്നു.

ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 'ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിനും' ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്.'2021þലെ പത്തിന  കര്‍മ്മപരിപാടി'കളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെളിവുകളടക്കം സമര്‍പ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോണ്‍ സന്ദേശങ്ങള്‍, സ്ക്രീന്‍ ഷോട്സ്, എസ്എംഎസ്, ഓഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ തെളിവുകള്‍ സമര്‍പ്പിക്കാം.

ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും. അതോടുകൂടി ഭാവിയില്‍ ഈ പ്രവണതകള്‍ തടയുന്നതിന് ആവശ്യമായ കൃത്യവും ശക്തവുമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയും.  ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടത്തുന്ന പദ്ധതി ആയതിനാല്‍, ഈ പദ്ധതിയുടെ പേര് ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി ഉടനെ പരസ്യപ്പെടുത്തും.

സാന്ത്വന സ്പര്‍ശം

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. സാന്ത്വന സ്പര്‍ശത്തിന്റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്‍ കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സിഎം പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികള്‍ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് 'സാന്ത്വന സ്പര്‍ശം' സംഘടിപ്പിക്കുന്നത്.

ആലപ്പുഴ ബൈപ്പാസ്

ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു ബൈപ്പാസ് ഉദ്ഘാടനം ചെയ്തു.  ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.

വെടിവെച്ചാലും മുന്നില്‍ നില്‍ക്കും; എത്രപേരെ ജയിലിലടയ്ക്കും? കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താനാകില്ല: കെ കെ രാഗേഷ്

ന്യൂഡല്‍ഹി > കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ കെ രാഗേഷ് എംപി. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യാം. വെടിവെച്ചാലും സമരമുഖത്ത് മുന്നില്‍ തന്നെ നില്‍ക്കും. അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. രാജ്യത്തെ കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും രാഗേഷ് പറഞ്ഞു.

ഗാസിപൂരില്‍ നിന്ന് അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്നാണ് പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ കൂടുതല്‍ ശക്തമായി സമരം തുടരുക തന്നെ ചെയ്യും. സമരസ്ഥലത്തേക്കുള്ള ജലവിതരണവും വൈദ്യുതിയും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു. താല്‍കാലിക ശൗചാലയങ്ങള്‍ നീക്കം ചെയ്തു.

രാജ്യത്തെ കര്‍ഷകരെ മുഴുവന്‍ ജയിലിലടച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് രാഗേഷ് ചോദിച്ചു. രണ്ട് മാസത്തിലേറെയായി കര്‍ഷകര്‍ തുടര്‍ച്ചായി സമരത്തിലാണ്. 150ലേറെ പേര്‍ ഇതിനിടയില്‍ മരണപ്പെട്ടു. എന്നിട്ടും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. കരിനിയമങ്ങള്‍ പിന്‍വലിക്കാത്ത പ്രധാനമന്ത്രിയെ എത്രകാലം രാജ്യം സഹിക്കുമെന്ന് കണ്ടറിയാമെന്നും രാഗേഷ് പറഞ്ഞു.

കര്‍ഷകരുടെ ഇന്ത്യ

ചരിത്രത്തിൽ പോരാട്ട ലിപികളിൽ എഴുതപ്പെട്ട ഒരു റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ചൊവ്വാഴ്ച പിന്നിട്ടത്. രാജ്യത്തിനായി പൊരുതി സ്വാതന്ത്ര്യം നേടിയവരുടെ പിന്മുറക്കാർ ആ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി തലസ്ഥാന നഗരം നിറഞ്ഞ ദിനമായി അത്. ഔദ്യോഗിക പരേഡിന്റെ ശോഭ തെല്ലും കെടുത്താതെയാണ് ട്രാക്ടറും പണിക്കോപ്പുമായെത്തിയ ലക്ഷക്കണക്കിന്‌ കർഷകരും അവർക്ക് പിന്തുണയുമായെത്തിയ പതിനായിരങ്ങളും നഗരവീഥികളിൽ പുതിയ സമരഗാഥ രചിച്ചത്. “ജയ്‌ ജവാൻ ജയ്‌ കിസാൻ’ എന്ന മുദ്രാവാക്യം കൂടുതൽ അർഥം നേടിയ ദിവസം.

തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊടുംതണുപ്പിൽ രണ്ടുമാസത്തിലേറെയായി സഹനസമരം ചെയ്യുന്ന കർഷകരാണ് റിപ്പബ്ലിക് ദിനത്തിൽ ചിട്ടയോടെ ചുവടുവച്ചത്. പതിനൊന്നു തവണ സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്തവരാണ് അവരുടെ പ്രതിനിധികൾ. ഈ പതിനൊന്നു ചർച്ചയിലും കേന്ദ്രസർക്കാർ കർഷകവിരുദ്ധ നിലപാടിൽ ഉറച്ചുനിന്നിട്ടും വീണ്ടും ചർച്ചയ്ക്ക് ഒരുക്കമാണ് എന്ന് വ്യക്തമാക്കി ക്ഷമയുടെ പ്രതിരൂപങ്ങളായവരാണ്‌ അവർ. വളരെ നേരത്തേ മുന്നറിയിപ്പ് നൽകി സമരരൂപവും വ്യക്തമാക്കിയാണ് ഇത്ര ബൃഹത്തായ സമരം അവർ സംഘടിപ്പിച്ചത്. കർഷകസംഘടനകളുടെ കൊടികൾക്കൊപ്പം ദേശീയപതാകയും വഹിച്ചായിരുന്നു വാഹനങ്ങൾ നീങ്ങിയത്. ഡൽഹിയിലെ സമരത്തിനൊപ്പം കർഷകസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്താകെ റാലികൾ നടന്നു. കോടിക്കണക്കിനു ജനങ്ങൾ പങ്കെടുത്തു. കേരളത്തിൽ എല്ലാ പഞ്ചായത്തിലും പട്ടണങ്ങളിലും ആയിരങ്ങൾ അണിചേർന്നു. രാജ്യം കണ്ടിട്ടില്ലാത്തത്ര വിപുലമായ പങ്കാളിത്തത്തിലൂടെ കർഷകസമരം ബഹുജന സമരമായി മാറുന്ന കാഴ്ചയാണ് റിപ്പബ്ലിക് ദിനത്തിൽ കണ്ടത്.

സമരത്തോടനുബന്ധിച്ച് ചില അക്രമങ്ങൾ ഉണ്ടായി. അതേപ്പറ്റി മാത്രമാണ് ചില കൂട്ടർക്ക് ആവലാതി. “വൻ അക്രമം അരങ്ങേറി, ചെങ്കോട്ടയിൽ ഏതോ കൊടി കെട്ടി രാജ്യത്തെ അപമാനിച്ചു’ എന്നൊക്കെ അവർ അലമുറയിടുന്നു. പത്തുലക്ഷത്തോളം പേർ അണിനിരന്ന സമരത്തിൽ വളരെ ചെറിയൊരു ന്യൂനപക്ഷം വഴിവിട്ടു നീങ്ങി എന്നത് ശരിയാണ്. സമരസമിതിയും പൊലീസും ചർച്ച ചെയ്തു തയ്യാറാക്കിയ റൂട്ട് മാപ്പിലൂടെ ലക്ഷങ്ങൾ നീങ്ങുമ്പോൾ ഈ വിഭാഗം മുൻനിശ്ചയിച്ചിട്ടില്ലാത്ത നഗരഭാഗങ്ങളിൽ എത്തി. ഇവരെ പൊലീസ് നേരിട്ടു. സാധാരണ സമരരംഗത്തുണ്ടാകാറുള്ള സംഘർഷം ഉണ്ടായി. റൂട്ടുമാറി വന്നവരെ തടയാനോ അവർ ചെങ്കോട്ടയിൽ കടക്കുന്നത്‌ തടുക്കാനോ കഴിയാതിരുന്ന പൊലീസ് അവരെ മർദിച്ച്‌ പിന്തിരിപ്പിക്കാനാണ് നോക്കിയത്. കണ്ണീർവാതകവും ലാത്തിയും തോക്കും ഇവിടെയും മറ്റ് സമര കേന്ദ്രങ്ങളിലും ഉപയോഗിച്ചു. ഇതിനിടെ ചിലർ ചെങ്കോട്ടയിലെത്തി അവിടത്തെ ഒഴിഞ്ഞുകിടന്ന ഇടങ്ങളിൽ അവരുടെ കൊടികൾ കെട്ടി.

ഇതൊന്നും സമരസമിതി മുൻകൂട്ടി നിശ്ചയിച്ച പരിപാടിയല്ല. സംഘർഷം നടക്കുമ്പോൾത്തന്നെ സമിതി അതിനെ തള്ളിപ്പറഞ്ഞു. എന്നാൽ, ഈ സംഭവങ്ങളുടെ മറപിടിച്ച്‌ സമരത്തെ ദേശവിരുദ്ധ സമരവും അക്രമസമരവുമായി മുദ്രകുത്താനാണ് ചിലർ ശ്രമിക്കുന്നത്. സംഘപരിവാറും കേന്ദ്രസർക്കാരുമാണ് ഇതിന്റെ മുഖ്യ വക്താക്കൾ.1992 ഡിസംബർ ആറിന്‌ ആളെക്കൂട്ടി ആയുധങ്ങളുമായെത്തി ബാബ്‌റി മസ്ജിദ് പൊളിച്ചവരാണിവർ. ആ സ്ഥലത്ത് പണിയാനൊരുങ്ങുന്ന ക്ഷേത്രത്തിന്റെ മാതൃക റിപ്പബ്ലിക് ദിനത്തിൽ നിരത്തിലുരുട്ടി അതു നോക്കി തൊഴുത് നിർവൃതി അടഞ്ഞവരാണവർ.

എന്നാൽ, പൊലീസിന്റെ കടുത്ത പ്രകോപനം ഉണ്ടായിട്ടും അത്തരമൊരു അക്രമസമരത്തിന്‌ കർഷകസമരത്തിൽ വഴിതെറ്റി നീങ്ങിയവർപോലും മുതിർന്നില്ല എന്നതുകാണണം. അവരിൽ ചിലർ ചെങ്കോട്ടയുടെ മിനാരങ്ങളിൽ പിടിച്ചുകയറിയത് കോട്ട പൊളിക്കാനുള്ള പിക്ക് ആക്സും കമ്പിപ്പാരയുമായല്ല; അവരുടെ സമര പതാകയുമായാണ്. എങ്കിലും അത്തരത്തിലുള്ള നീക്കങ്ങൾ സമരത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ എന്ന നിലപാടാണ് സമരസമിതിക്ക്‌. അവർ തിരുത്തൽ നടപടി തുടങ്ങിക്കഴിഞ്ഞു. സമരത്തിൽ ഒരു വിഭാഗത്തെ ഇങ്ങനെ വഴിതെറ്റിച്ചതിലും അക്രമങ്ങൾക്ക് ഇടയാക്കിയതിലും സംഘപരിവാറിനുള്ള പങ്കിനെപ്പറ്റിയും ചില ആരോപണങ്ങൾ ഉയരുന്നുണ്ട്. അവയും പരിശോധിക്കപ്പെടട്ടെ.

ഈ സമരം അട്ടിമറിയോ അക്രമമോ ലക്ഷ്യമിടുന്നതായിരുന്നെങ്കിൽ കൊടുംമഞ്ഞിൽ നിരവധിപ്പേരുടെ ജീവൻ പൊലിഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന്‌ ഒരു അക്രമസംഭവംപോലും ഈ അറുപതിലേറെ ദിവസങ്ങളിൽ എന്തേ ഉണ്ടായില്ല?

ഇത് ജനകീയ സമരമാണ്. ആർഎസ്എസും സമാന വർഗീയശക്തികളും സംഘടിപ്പിക്കുന്ന കലാപംപോലെയല്ല ഇത്. കർഷകർ വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്വയം സംഘടിച്ചും പല സംഘടനകളുടെ ബാനറിലും എത്തിയവരാണ്. ഇതുവരെ സമാധാനപരമായി സമരം ചെയ്ത അവർക്ക് ഈ സമരം ഈ രീതിയിൽത്തന്നെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ബ്രിട്ടീഷുകാരുടെ ദാസ്യത്തിന് മുതിർന്ന സവർക്കറിൽനിന്നും മതഭിന്നത വിതച്ച ഭിന്ദ്രൻവാലയിൽനിന്നും ആവേശം നേടിയവരല്ല, അവർ. സ്വാതന്ത്ര്യത്തിനായി തൂക്കിലേറിയ ഭഗത് സിങ്ങിൽനിന്നും കൃഷിക്കാർക്കും ഏറ്റവും ദരിദ്രർക്കും വേണ്ടി പോരാടിയ ഗാന്ധിജിയിൽനിന്നും ജീവിതപാഠം ഉൾക്കൊണ്ടവരാണ്. ആരെയാണ് എതിരിടുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് അവർ സമരം ചെയ്യുന്നത്.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയതുപോലെ സമരം തീർക്കാൻ ഒറ്റ വഴിയേ ഉള്ളൂ: ജനവിരുദ്ധവും കോർപറേറ്റുകൾക്കുവേണ്ടി ഉള്ളതുമായ മൂന്ന്‌ കാർഷികനിയമം പിൻവലിക്കുക. സമരം വീണ്ടും ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. അതിനു മുമ്പെങ്കിലും നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായാൽ സർക്കാരിന് തൽക്കാലം മുഖം രക്ഷിക്കാം. ഇല്ലെങ്കിൽ മണ്ണിൽ അന്നം വിളയിക്കുന്നവന്റെ സമരച്ചൂടിൽ ഈ സർക്കാർ ചുട്ടടങ്ങും എന്നുറപ്പ്.

ദേശാഭിമാനി മുഖപ്രസംഗം 280121

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി ശൈലജ

തിരുവനന്തപുരം > സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാ ചിലവ്. മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളും സേവനവും ഒരുക്കിയാണ് ഇതിനൊരു പരിഹാരം കണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 33 ശതമാനം ആള്‍ക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ നിരന്തരം ഇടപെട്ട് ആശുപത്രികള്‍ ശാക്തീകരിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 50 ശതമാനമായി. മൊത്തം വരുന്ന ക്ലെയ്മിന്റെ 72 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയിലെ ഒരു നിര്‍ണായക ചുവടുവെപ്പാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പിലാക്കുകയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ചെയ്യുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി എന്നിവയുടെ നടത്തിപ്പ് ചുമതല ഹെല്‍ത്ത് ഏജന്‍സിക്കാണ്. കോവിഡ് മഹാമാരി ചെറുത്തുനില്‍ക്കുന്നതിനായി ഏജന്‍സി കൈക്കൊണ്ട നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് തന്നെ വലിയ ആശ്വാസമാണ് നല്‍കിയത്. സ്വകര്യ ആശുപത്രികളെ കോവിഡ് ചികിത്സക്കായി മുന്നോട്ട് കൊണ്ടുവരുന്നതിനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ നേതൃത്വത്തില്‍ സ്വാകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി വിവിധ ചര്‍ച്ചകള്‍ നടത്തുകയും കോവിഡ് ചികിത്സക്കായി ഏകീകൃത കോവിഡ് നിരക്ക് നിജപ്പെടുത്തുകയും ചെയ്തു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന 19,51,453 കുടുംബങ്ങളുടെ 100 ശതമാനം ചികിത്സ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തമുള്ള ആയുഷ്മാന്‍ പദ്ധതിയില്‍ അംഗങ്ങളായ 22,01,131 കുടുംബങ്ങളുടെ ചികിത്സ ചിലവിന്റെ 40 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. 2 വര്‍ഷകാലയളവില്‍ 17.14 ലക്ഷം ക്ലെയിമുകളും 1,036.89 കോടി രൂപയുടെ സൗജന്യ ചികിത്സയും നല്‍കി.

റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി പദ്ധതി നടപ്പിലാക്കിയിരുന്നു കാലയളവില്‍ ചെറിയ രീതിയിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രികളുടെ ക്ലെയിമുകള്‍ അധികമായി നിരസിച്ചിരുന്നു. എന്നാലിപ്പോള്‍ ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തതോടെ പരമാവധി ക്ലെയിമുകള്‍ നല്‍കാന്‍ സാധിക്കുന്നു. 375 സ്വകാര്യ ആശുപത്രികള്‍ അടക്കം കേരളത്തിലുടനീളം 566 ആശുപത്രികളില്‍ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാണ്. കൂടുതല്‍ ആശുപത്രികളെ പദ്ധതിയില്‍ പങ്കാളികളാക്കാനുള്ള എംപാനല്‍മെന്റ് പ്രക്രിയ തുടര്‍ന്ന് വരികയാണ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 1.5 ലക്ഷം രൂപയാണ് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പാക്കേജ് പ്രകാരം നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം രൂപയോളം ചികിത്സയിനത്തില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തികരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോ. ഡയറക്ടര്‍ ഡോ. ഇ. ബിജോയ് എന്നിവര്‍ സംസാരിച്ചു.

കണ്ണൂർ സർവകലാശാലയിൽ ചുവപ്പ്‌ വസന്തം; തുടർച്ചയായ 22 - ാം തവണയും എസ്‌എഫ്‌ഐയ്‌ക്ക്‌ ജയം

 കണ്ണൂര്‍ > കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ 22–-ാമതും എസ്എഫ്ഐക്ക്. തെരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ്‌ വിജയിച്ചത്. കെഎസ്‌യു–- എംഎസ്എഫ് സഖ്യത്തെയാണ് എസ്എഫ്ഐ പരാജയപ്പെടുത്തിയത്. 123 കൗണ്‍സിലര്‍മാരില്‍ 110 പേരാണ്‌ വോട്ട് ചെയ്‌തത്‌. 84 വോട്ട്‌ നേടിയാണ്‌ എസ്‌എഫ്‌ഐ സ്ഥാനാർഥികളുടെ വിജയം.

കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും പാലയാട് ക്യാമ്പസിലെ രണ്ടാം വർഷ എൽഎൽഎം വിദ്യാർത്ഥിയുമായ അഡ്വ. എം കെ ഹസ്സനാണ്‌ ചെയർമാൻ. സംസ്ഥാന കമ്മിറ്റിയംഗവും കാസർകോട്‌ ഗവ. കോളേജ്  ഒന്നാം വർഷ എംഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിനിയുമായ കെ വി ശിൽപയാണ്‌ ജനറൽ സെക്രട്ടറി. കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും കാഞ്ഞിരങ്ങാട് കോളേജ് രണ്ടാം വർഷ എംഎസ്‌സി ഫിസിക്‌സ്‌ വിദ്യാർത്ഥിനിയുമായ ഷിംന സുരേഷാണ്‌ ലേഡി വൈസ്‌ ചെയർപേഴ്‌സൺ.

വൈസ് ചെയര്‍മാനായി   ശ്രീകണ്‌ഠാപുരം  എസ്‌ ഇ എസ്‌ കോളേജിലെ പി ജിഷ്ണുവും ജോയിന്റ്‌ സെക്രട്ടറിയായി നീലേശ്വരം ഡോ: പി കെ  രാജൻ മെമ്മോറിയൽ ക്യാമ്പസിലെ വി സച്ചിൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.  മുന്നാട് പീപ്പിൾസ് കോളേജിലെ ബി കെ ഷൈജിന (കാസർകോട്‌),  ഇരിട്ടി ഐഎച്ച്ആർഡി കോളേജിലെ കെ അപർണ  (കണ്ണൂർ) എന്നിവരാണ്‌ ജില്ല എക്സിക്യുട്ടീവ്‌ ആയി വിജയിച്ചത്‌.  വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് മാനന്തവാടി മേരി മാതാ കോളേജിലെ അജയ് ജോയ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കുരുക്കിന്‌ "ബൈ' പറഞ്ഞ്‌ ആലപ്പുഴയും; ബൈപാസ്‌ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന്‌ ഉദ്‌ഘാടനംചെയ്‌തു

 ആലപ്പുഴ > നഗരത്തിലെ പാലങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്‌ക്ക്‌ ഇനി അതിവേഗം കുതിക്കാം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ബൈപ്പാസ്‌ ജനങ്ങൾക്കായി തുറന്നുകൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്നാണ്‌ സ്വപ്‌നപദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.

കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ള പദ്ധതികളെക്കുറിച്ച്‌ നിരന്തരമായി കേന്ദ്രമന്ത്രിയുമായി സംസാരിക്കാറുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പലവിധ പദ്ധതികൾ പറഞ്ഞ കൂട്ടത്തിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിങ്‌ റോഡ്‌ അദ്ദേഹം വിട്ടുപോയിട്ടുണ്ട്‌. അത്‌ അദ്ദേഹത്തിന്റെ ഓർമ്മയിലേക്ക്‌ കൊണ്ടുവരികയാണ്‌. അടുത്ത ഡൽഹി യാത്രയിൽത്തന്നെ മന്ത്രിയുമായി എല്ലാ വികസന വിഷയങ്ങളും ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലാണ്‌ നാല്‌ വൻകിട പാലങ്ങളാണ്‌ ഈ സർക്കാരിന്റെ കാലത്ത്‌ പണിത്‌ പൂർത്തിയാക്കിയത്‌. പാലാരിവട്ടം പാലം മെയ്‌ മാസത്തിൽ പൂർത്തിയാക്കും ‐ മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത 66-ല്‍ (പഴയ എന്‍എച്ച്.-47) കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം.

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതുംകൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.

ആലപ്പുഴ ബെപ്പാസ്‌; മുഖ്യമന്ത്രിക്ക്‌ നന്ദി പറഞ്ഞ്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ആലപ്പുഴ > ആലപ്പുഴ ബൈപാസ്‌ യാഥാർത്ഥ്യമാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.

പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്‌ മുഖ്യമന്ത്രിയും സർക്കാരും നൽകിയ പിന്തുണയിലൂടെയാണെന്ന്‌ ഗഡ്‌കരി പറഞ്ഞു. സ്ഥലമേറ്റെടുപ്പും ഫണ്ട്‌ വിനിയോഗിക്കുന്നതിലും സംസ്ഥാന സർക്കാർ കാണിക്കുന്ന ആത്മാർത്ഥത പല പദ്ധതികൾക്കും വേഗം പകരുന്നു. ദേശീയപാത വികസനത്തിൽ പ്രകടിപ്പിക്കുന്ന സഹകരണം എടുത്തുപറയേണ്ടതാണെന്നും ഗഡ്‌കരി പറഞ്ഞു.

ആലപ്പുഴയിൽ 4 കേന്ദ്രമന്ത്രിമാരുണ്ടായിട്ടും അനങ്ങിയില്ല; ഉദ്‌ഘാടന ദിവസം കോൺഗ്രസിന്റെ പ്രഹസന പ്രതിഷേധം

ആലപ്പുഴ > ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കെ സി വേണുഗോപാലിനെ ഒഴിവാക്കിയെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച്. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഉണ്ടായിരുന്ന കാലത്ത്‌ ബൈപാസിന്‌ വേണ്ടി ഒന്നും ചെയ്യാതിരുന്ന ശേഷമാണ്‌ ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാകുന്ന ദിവസം സമരവുമായി കോൺഗ്രസ്‌ രംഗത്ത്‌ എത്തിയത്‌. ഇത്‌ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്‌.

ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്കാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. എം ലിജുവിന്‍റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തി ഇരിക്കാന്‍ തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. 

ജില്ലയിൽനിന്നുള്ള എ കെ ആന്റണിയും വയലാർ രവിയും കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷുമടക്കം പല വർഷങ്ങളിൽ കേന്ദ്ര മന്ത്രിമാരായിരുന്നിട്ടും സാധിക്കാത്തതാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തിയെടുത്തത്‌. 2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ കേവലം 15 ശതമാനം പണിപോലും പൂർത്തിയാക്കാത്ത അവസ്ഥയിലായിരുന്നു ബൈപാസ്‌. പിന്നീടുള്ള നാലര വർഷംകൊണ്ടാണ്‌ മേൽപ്പാലം പൂർണമായും നിർമ്മിച്ചത്‌. റെയിൽവേയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ നിസ്സഹകരണം പരിഹരിച്ചത്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്റെ നിരന്തര ഇടപെടലിലാണ്‌.

"കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യം'; ജനഹൃദയങ്ങളില്‍ ഫ്ലക്‌സ്‌ വയ്‌ക്കാൻ കോൺഗ്രസിനാകില്ലെന്ന്‌ ജി സുധാകരൻ

ആലപ്പുഴ > കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന്‌ മന്ത്രി ജി സുധാകരൻ. കേരളവും കേന്ദ്രവും വ്യത്യസ്‌ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ എന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴ ബൈപാസ്‌ ഉദ്‌ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

174 കോടി വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും 7.5 കോടി രൂപ പൊതുമരാമത്ത് വകുപ്പ് റെയില്‍വേ അനുമതിക്ക് വേണ്ടിയും ചെലവഴിച്ചു. "ബൈപ്പാസിന്റെ 15 ശതമാനം പണി (മണ്ണിനടിയിലുള്ള പണികള്‍) മുന്‍പുള്ള സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ചെയ്‌തിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാക്കിയുള്ള പണികളാണ് പൂര്‍ത്തിയാക്കിയത്". അത് നന്ദിയോടെ ഓര്‍ക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

"കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഈ ബൈപ്പാസ്. കേരളവും കേന്ദ്രവും വ്യത്യസ്‌ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടര്‍ കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോള്‍ ബൈപ്പാസ് നിര്‍മാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോള്‍ സമരം നടത്തുകയല്ല ചെയ്യേണ്ടത്. കോടിക്കണക്കിന് കൊണ്ടുവന്ന് പാലത്തില്‍ ഫ്‌ളക്‌സ് വയ്ക്കാനേ അവര്‍ക്കാവൂ, ജനഹൃദയങ്ങളില്‍ wഫ്‌ളക്‌സ് വയ്ക്കാന്‍ അവര്‍ക്കാവില്ല. സര്‍ക്കാര്‍ പോലും നിയമാനുസൃതമായ ഫ്‌ളക്‌സുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ, ബാക്കിയെല്ലാം ജനങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകളാണ്". അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളും സര്‍ക്കാരിന് പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിദിനം ഒരുലക്ഷം പരിശോധന, വാര്‍ഡ്‌തല സമിതികള്‍ പുനര്‍ജീവിപ്പിക്കും, പൊലീസ് നിരീക്ഷണം വ്യാപിപ്പിക്കും, രാത്രിയാത്രകള്‍ നിയന്ത്രിക്കും

 തിരുവനന്തപുരം > സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോള്‍ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്നൊരു ചിന്ത പലരിലും വന്നിട്ടുണ്ട്. അത് അപകടരമാണ്. 10 ശതമാനത്തിന് മുകളിലേക്ക് പല ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വരുന്നു. രോഗമുക്തരേക്കാള്‍ രോഗികളുടെ എണ്ണം കൂടുകയാണ്. തികഞ്ഞ ജാഗ്രതവേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കും. അതില്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും. അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി രൂപീകരിച്ച വാര്‍ഡ്തല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നു. സമിതിയിലുള്ള ഒരാള്‍ ഓരോഘട്ടത്തിലും വീടുകളിലെത്തിയിരുന്നു. ജനമൈത്രി പൊലീസ്, ആശാ വര്‍ക്കര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണത്. ആ സമിതി വീണ്ടും പുനര്‍ജീവിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് അംഗമായിരിക്കും സമിതിക്ക് നേതൃത്വം നല്‍കുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ പൊലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്നയിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ജനുവരി 29മുതല്‍ ഫെബ്രുവരി 10വരെ 25000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കലാണ് പ്രധാനം.

രോഗവ്യാപനത്തിന് ഇടയാകുന്ന തരത്തിലുള്ള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. അടഞ്ഞ ഹാളുകളില്‍ വലിയ ആള്‍ക്കൂട്ടം അനുവദിക്കില്ല. നിയന്ത്രണങ്ങളില്‍ അയവ് നല്‍കിയപ്പോള്‍ അതില്‍ പങ്കാളിത്തം പലയിടത്തും പരിമിതപ്പെടുത്തിയില്ല.

നേരത്തേ രാത്രിയാത്ര നിരോധിച്ചിരുന്നു. ഇപ്പോള്‍ നിരോധനത്തിന് സര്‍ക്കാര്‍ മുതിരുന്നില്ല. എന്നാല്‍ 10 മണിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ രാത്രി യാത്ര പാടുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്കകത്ത് നിന്നാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ നടത്തിയ പഠനം പറയുന്നു. എവിടെയും ശ്രദ്ധ കുറയാന്‍ പാടില്ല എന്നാണ് വ്യക്തമാകുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ രോഗം കണ്ടെത്താനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും. മാസ്‌ക് ഉപയോഗം വര്‍ധിച്ചിരുന്നതാണെങ്കിലും അടുത്ത നാളുകളില്‍ കുറഞ്ഞു.

കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്. അതേസമയം ടെസ്റ്റ് പെര്‍മില്യണും കേരളത്തില്‍ കൂടുതലാണ്. എന്നാല്‍ അതിനിയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മരണനിരക്ക് താരതമ്യേന കുറവാണ്. 10 ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. ഈ മാസം ഒരാഴ്ച്ചയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായി. കേരളത്തിലെ തീരദേശ മേഖലയില്‍ സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് പരസ്യമായി പൊതുസമൂഹത്തെ അറിയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ എങ്ങനെ കൂടി എന്ന് പലരും ചോദിക്കുന്നു. പൊതുആരോഗ്യത്തില്‍ മികച്ച നിലയിലുള്ള സ്‌കാന്‍ഡിനേവിയവന്‍ രാജ്യങ്ങളില്‍ പോലും ഇപ്പോഴും കോവിഡ് വ്യാപനം വിട്ടുപോയില്ല. ജനസംഖ്യയുടെ 3ല്‍ താഴെ ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. കൈകാര്യം ചെയ്യാനാകാത്ത അവസ്ഥയിലേക്ക് രോഗം പടര്‍ന്നില്ല എന്നത് നമ്മുടെ ജാഗ്രതയുടെ നേട്ടം തന്നെയാണിത്. ഏത് വിമര്‍ശനം ഉണ്ടായാലും കോവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. യഥാര്‍ത്ഥ കണക്കുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ വെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Wednesday, January 27, 2021

സ്വപ്‌നപ്പുലരിയിലേക്ക്‌ ആലപ്പുഴ; ബൈപാസ്‌ നാളെ ഉദ്‌ഘാടനംചെയ്യും

 ആലപ്പുഴ > ദശാബ്‌ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്‌ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്നാണ്‌ പതിറ്റാണ്ടുകളായുള്ള ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നത്‌.

348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമിച്ച ബൈപ്പാസിന്റെ നിർമാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. റെയിൽവേ  മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.

ബൈപ്പാസ് നിർമാണത്തിനുള്ള വിഹിതം നൽകിയതിനു പുറമേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേക്ക് കെട്ടിവയ്‌ക്കാനുള്ള 7 കോടി രൂപ നൽകിയതും സംസ്ഥാന സർക്കാരാണ്.അമ്പത്‌ വർഷത്തെ കാത്തിരിപ്പിനാണ്‌  സാക്ഷാത്‌ക്കാരമാകുന്നത്. ആലപ്പുഴ ഇനി ഇടതടവില്ലാതെ കുരുക്കൊഴിഞ്ഞ പാതയിലൂടെ കുതിക്കും.

അമ്പതാണ്ടിന്റെ കാത്തിരിപ്പ്‌

ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം ചരിത്രത്തിലിടം നേടിയിരിക്കുകയാണ്. കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കി. മീ നീളമുള്ള ബൈപാസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 50 വര്‍ഷം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ 15 ശതമാനം ജോലികളാണ് പൂര്‍ത്തിയായിരുന്നത്. പിന്നീടുള്ള നാലര വര്‍ഷംകൊണ്ടാണ് 85 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

1970കളില്‍ ബൈപാസിനായി സര്‍വേ ആരംഭിച്ചപ്പോള്‍ മുതല്‍ തടസങ്ങളായിരുന്നു. ആദ്യ സർവേ പ്രകാരമായിരുന്നു നിര്‍മാണമെങ്കില്‍ കുറച്ചുകൂടി നീളം കുറയ്‌ക്കാമായിരുന്നു. ഒരു റെയില്‍വേ മേല്‍പ്പാലവും ഒഴിവാക്കാമായിരുന്നു. ചില ഇടപെടലുകളെ തുടർന്ന് ‌അലൈൻമെ‌ന്റിൽ മാറ്റംവരുത്തിയതോടെ ബൈപാസിന് നീളം കൂടി. രണ്ട് റെയിൽവേ മേൽപ്പാലം അനിവാര്യമായി. കുതിരപ്പന്തി ടികെഎംഎം യുപി സ്‌കൂളിന്റെ പ്രധാനപ്പെട്ട മൂന്ന് കെട്ടിടംപൊളിച്ചു മാറ്റി.

പലതായിരുന്നു പ്രതിസന്ധി

നൂറു കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചും വീടുകളടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയുമാണ് ബൈപാസിന് സ്ഥലമെടുത്തത്. സ്ഥലത്തിന് നൽകിയ വിലപോരെന്ന് കാട്ടി പലരുംകൊടുത്ത കേസ് തീര്‍പ്പാകാന്‍ കാലങ്ങളെടുത്തു. റോഡിനായി സ്ഥലമൊരുക്കാന്‍ കടൽമണ്ണാണോ പൂഴിയാണോ വേണ്ടതെന്ന തര്‍ക്കമായി പിന്നീട്. മണലിറക്കാൻ ടിപ്പർലോറി ഉപയോഗിച്ചാൽ തൊഴിലാളിയുടെ തൊഴിൽ നഷ്‌ടം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമായി അടുത്ത തടസം. ബൈപാസ് തന്നെ ഇല്ലാതാകുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് നാമമാത്ര തുക കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തി ബൈപാസ് നഷ്‌ടപ്പെടാതെ നിലനിർത്തി.

നിര്‍മാണം

ബൈപാസ് നിർമാണം ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാൻസ്‌ഫർ) രീതിയിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങി. കേരളത്തിലെ ഇടതുപക്ഷ സർക്കാരും ജനങ്ങളും പ്രക്ഷോഭരംഗത്തെത്തി. തുടർന്ന് കേന്ദ്ര സർക്കാർ നേരിട്ട് ബൈപാസ് നിർമിക്കാൻ തീരുമാനിച്ചു. എന്നാൽ, നിർമാണം അനിശ്ചിതമായി നിലച്ചു. തെരഞ്ഞെടുപ്പ് കാലത്തെ തുറുപ്പുചീട്ടായിരുന്നു കോണ്‍​ഗ്രസിന് ആലപ്പുഴ ബൈപാസ്. ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ദാ, ഇപ്പോ നിര്‍മാണം പുനരാരംഭിക്കുമെന്ന് പറഞ്ഞ് വോട്ടുപിടിക്കുകയായിരുന്നു അവര്‍.

എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തി വലിയ സമ്മര്‍ദ്ദം ചെലുത്തിയതോടെ നിർമാണ തുകയുടെ പകുതി സംസ്ഥാനം നൽകിയാൽ നിർമാണം പുനരാരംഭിക്കാമെന്നായി കേന്ദ്രം. സംസ്ഥാന സർക്കാർ അതിന് തയ്യാറായി. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായതോടെ ശക്തമായ ഇടപെടലിൽ നിര്‍മാണം പുനരാരംഭിച്ചു. ഓരോ ഘട്ടത്തിലും ശ്രദ്ധയില്‍പെട്ട അപാകവും പോരായ്‌മയും അപ്പോള്‍ത്തന്നെ പരിഹരിച്ചു. റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള തടസം. അതിനും പരിഹാരമായതോടെ ബൈപാസ് യാഥാര്‍ഥ്യമായി.

നൂറുദിന പരിപാടി: 13,000 പട്ടയം വിതരണം ചെയ്യും; 50,000 തൊഴിലവസരങ്ങള്‍, പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി

സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബര്‍ 17-ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27-ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം 9 പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.

100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍തന്നെ പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാണെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1400 രൂപയില്‍ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതല്‍ 1500 രൂപയാക്കിയ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും.

16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി.

100 ദിന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇപ്പോള്‍ തുടക്കം കുറിച്ച പരിപാടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാലും പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം.

ആരോഗ്യവകുപ്പില്‍ പുതുതായി 49 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടാതെ 53 ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് സൗകര്യവും പുതിയ ഒ.പി. ബ്ലോക്കും ആരംഭിക്കും.

സ്ത്രീ സുരക്ഷയ്ക്കുള്ള സംയോജിത സ്ത്രീസുരക്ഷ ആപ്പ് പോലീസ് വകുപ്പ് ഉടനെ പുറത്തിറക്കും. തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണയും പിന്തുണയും നല്‍കാനുള്ള പോലീസ് വകുപ്പിന്റെ വി-കെയര്‍ പദ്ധതിയും താമസിയാതെ ആരംഭിക്കും.

ഉതവിദ്യാഭ്യാസ വകുപ്പില്‍ 13 കോളേജുകളിലും എം.ജി. സര്‍വകലാശാല കാമ്പസിലുമായി കിഫ്ബി വഴി 205 കോടി രൂപയുടെ നിര്‍മാണം ഈ കാലയളവില്‍ ആരംഭിക്കും. എയ്ഡഡ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കും. കയര്‍ മേഖലയില്‍ വിര്‍ച്വല്‍ കയര്‍മേള ഫെബ്രുവരിയില്‍ നടക്കും. കയര്‍ കോമ്പോസിറ്റ് ഫാക്ടറിയില്‍ ബൈന്റര്‍ലെസ് ബോര്‍ഡ് നിര്‍മിക്കു ലോകത്തെ ആദ്യ പ്ലാന്റിന്റെ ഉദ്ഘടാനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.

കായികരംഗത്ത് 185 കോടി രൂപ ചെലവില്‍ ഒമ്പത് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ആരംഭിക്കും. കാര്‍ഷിക മേഖലയില്‍ 496 കോടി രൂപയുടെ 46 പദ്ധതികളാണ് നടപ്പാക്കുന്നത്.

ആറ്റിങ്ങലില്‍ സംയോജിത നാളികേര സംസ്‌കരണ പ്ലാന്റിന് തുടക്കം കുറിക്കും. ജലവിതരണ മേഖലയില്‍ ഭൂരിഭാഗം പദ്ധതികളും നല്ലനിലയില്‍ പുരോഗമിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ പൂര്‍ത്തിയാക്കും. കൂടാതെ 35,000 വീടുകളുടെ നിര്‍മാണം ആരംഭിക്കും.

ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് ഭവനസമുച്ചയങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. 153 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. കുടുംബശ്രീയുടെ 500 കയര്‍ക്രാഫ്റ്റ് സ്റ്റാളുകളും തുറക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ 1620 പ്രവൃത്തികളിലായി 3598 കിലോമീറ്റര്‍ റോഡ് ജനുവരി 31-നകം പൂര്‍ത്തിയാക്കും.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 8 ലക്ഷം തൊഴിലുറപ്പ് ദിനങ്ങള്‍ സൃഷ്ടിക്കും. വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ഉടന്‍ നടക്കും.

മുതിര്‍ പൗരന്‍മാര്‍ക്കുള്ള നവജീവന്‍ തൊഴില്‍ പദ്ധതിക്ക് തുടക്കും കുറിക്കും.3500 പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശരേഖ കൊടുക്കും. ഈ വിഭാഗത്തിനുവേണ്ടി 4800 വീടുകള്‍ പൂര്‍ത്തിയാക്കും.

500 കിലോമീറ്റര്‍ നീളത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ 11 റോഡുകള്‍ നിര്‍മിക്കും.റീബില്‍ഡ് കേരള പദ്ധതിയില്‍ 1613 കോടി രൂപ ചെലവില്‍ റോഡ് നിര്‍മാണത്തിന് തുടക്കും കുറിക്കും.

വിദ്യാഭ്യാസ മേഖലയില്‍ അഞ്ചുകോടി ചെലവില്‍ അമ്പതു സ്‌കൂളുകളുടെയും മൂന്നു കോടി ചെലവില്‍ നവീകരിച്ച 30 സ്‌കൂളുകളുടെയും ഉദ്ഘാടനം നടക്കും. ഇതു കൂടാതെ 3 കോടിയും ഒരു കോടിയും ചെലവു വരു 100 സ്‌കൂള്‍ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.

20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തും. 60 കോടി രൂപ ചെലവില്‍ 87 തീരദേശ റോഡുകളുടെ ഉദ്ഘാടനം നടക്കും.

ചെത്തി മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിടും. വളഞ്ഞവഴിയില്‍ ആറ്റുകൊഞ്ച് ഹാച്ചറി, പിവേലിച്ചിറ ഫിഷ് ഹാച്ചറി, കുളത്തൂപ്പുഴ, കണത്താര്‍കും ഫിഷറീസ് ഫാമുകള്‍ എിവയുടെ ഉദ്ഘാടനം ഉടനെ നടക്കും.  

കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്റെ ഓം ഘട്ടം ഉദ്ഘാടനത്തിന് സജ്ജമായി. കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും.

ടൂറിസം രംഗത്ത് 310 കോടി രൂപ ചെലവില്‍ 27 പദ്ധതികളാണ് നടപ്പാക്കുത്. 200 കോടി രൂപ ചെലവില്‍ കെഎസ്ഡിപിയുടെ ഓങ്കോളജി പാര്‍ക്കിന് തറക്കല്ലിടും.

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ വെള്ളൂര്‍ എച്ച്.എന്‍.എല്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. മുട്ടം സുഗന്ധദ്രവ്യ പാര്‍ക്കിന് തറക്കല്ലിടും. മലബാര്‍ കോഫി പൗഡര്‍ വിപണിയില്‍ ഇറക്കുന്നതിന് പ്രത്യേക കമ്പനിക്ക് രൂപം നല്‍കും.

പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമാകും. സഹകരണ മേഖലയില്‍ 150 പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങും. അവലോകന യോഗത്തില്‍  മന്ത്രിമാരും ചീഫ് സെക്ര'റിയും സെക്ര'റിമാരും പങ്കെടുത്തു.

ഇത് രാജ്യദ്രോഹ ഭീകരനിയമങ്ങള്‍ക്കെതിരായ ദേശസ്നേഹികളുടെ സമരം

"കള്ളൻ " "കള്ളൻ " എന്ന് വിളിച്ചു പറഞ്ഞു ആൾക്കൂട്ടത്തിൽ ഓടി മറയാൻ നോക്കുന്ന പോക്കറ്റടിക്കാരന്‍റെ തന്ത്രമാണ് കേന്ദ്ര സർക്കാറും ചരിത്രത്തിലൊരിക്കലും രാജ്യത്തോടൊപ്പം നിന്നിട്ടില്ലാത്ത സംഘികളും പയറ്റുന്നത്. ഇപ്പോൾ വലിയ ദേശസ്നേഹവും ദേശീയ പതാകാസ്നേഹവും തട്ടിവിടുന്ന ഈ കപടദേശീയവാദികൾക്കറിയുമോ ചെങ്കോട്ട ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടന്ന എത്രയോ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ചരിത്ര സ്മാരകം കൂടിയാണെന്ന്.ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ വിജയഭേരി മുഴക്കി ധീരദേശാഭിമാനികൾ അവസാന മുഗള ചക്രവർത്തിയായ ബഹദൂർ ഷായെ ഇന്ത്യൻ ഭരണാധികാരിയായി പ്രഖ്യാപിച്ച ദേശീയ സ്‌മാരകമാണെന്ന്.

സമരം ചെയ്യുന്ന കർഷകർ ഭീകരവാദികളാണ്, ഖാലിസ്ഥാനികളാണെന്ന് വിളിച്ചു പറഞ്ഞും തങ്ങൾ പറയുന്നതെന്തും ഏറ്റുപറയുന്ന, പുൽവാമയിൽ ഇന്ത്യൻ ജവാന്മാരെ കുരുതി കൊടുക്കുന്നതിന് കൂട്ടുനിന്ന അർണാബ് തരത്തിലുള്ള മാധ്യമഭീകരരെ ഇറക്കിയും, ലോക പിന്തുണയാർജിച്ച കർഷകസമരത്തെ അപകീർത്തിപ്പെടുത്തി അടിച്ചമർത്താമെന്നാണ് മര്യാദയും മനുഷ്യത്വവും തൊട്ടുതീട്ടിയില്ലാത്ത കോർപ്പറേറ്റ് ദാസന്മാരായ മോഡിയും കൂട്ടാളികളും വിചാരിക്കുന്നത്.

ഫോട്ടോ: പി വി സുജിത്

സംഘികളെ ഒരു കാര്യമോർപ്പിക്കട്ടെ ഡൽഹിയിലെ കൊടുംശൈത്യത്തിലും സമരം ചെയ്യുന്ന ഈ കർഷകർ സവർക്കറിൽ നിന്നും ഭിന്ദ്രൻവാലയിൽ നിന്നും രാഷ്ട്രീയവും ചരിത്രവും പഠിച്ചവരല്ല. രാജ്യത്തിന് വേണ്ടി തൂക്കിലേറിയ ഭഗത് സിംഗിൽ നിന്നും ചമ്പാരനിലെ നീലം കൃഷിക്കാർക്കും രാജ്യത്തെ ദരിദ്രനാരായണന്മാർക്കും വേണ്ടി പൊരുതിയ ഗാന്ധിജിയിൽ നിന്നും രാഷട്രീയവും ചരിത്രവും പഠിച്ചവരാണ്. അന്നെല്ലാം നിങ്ങളുടെ ആചാര്യന്മാരായ പൂർവ്വികർ ഉള്ളുണങ്ങി പറങ്കികളുടെ ചിറി നക്കി നടന്ന് കാലംകഴിച്ചവരാണ്.

ചരിത്രം ഒരിക്കലും മാപ്പ് തരാത്ത ദേശദ്രോഹത്തിന്‍റെ അപമാനകരമായ ഭൂതകാലവും സാമ്രാജ്യത്വസേവയുടെ കുറ്റകരമായ വർത്തമാനവുമാണ് സംഘികളെ നിങ്ങൾക്ക് സ്വന്തമായുള്ളൂ..

കൃഷിയും ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവുമെല്ലാം ആഗോള  അഗ്രിബിസിനസ് - കോർപറേറ്റ് കമ്പനികളുടെ ആധിപത്യത്തിലാക്കുന്നതും രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയെ തകർക്കുന്നതുമാണ് മോഡി സർക്കാറിന്‍റെ കാർഷിക പരിഷ്ക്കരണ നിയമങ്ങളെന്ന തിരിച്ചറിവിൽ നിന്നാണ് ഇന്ത്യൻ കർഷകർ പൊരുതുന്നത്. പിന്മടക്കമില്ലാതെ സമരം തുടരുന്നത്.അവരെ രാജ്യദ്രോഹികളും ഖാലിസ്ഥാനികളുമായി മുദ്ര കുത്തി അടിച്ചമർത്തുക എന്ന തന്ത്രമാണ് വൻകിട കുത്തക വർഗ്ഗങ്ങളുടെ താല്പര്യ സംരക്ഷകരായ ഹിന്ദുത്വവാദികൾ പരീക്ഷിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന കർഷകലക്ഷങ്ങളെ പ്രകോപിച്ച് കലാപമുണ്ടാക്കാനുള്ള കുത്സിത തന്ത്രമാണ് ഇന്നലെ ഡൽഹി പോലീസിലെ പ്രത്യേകം നിയോഗിതരായ ഒരു വിഭാഗം പയറ്റിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചെങ്കോട്ട ഖാലിസ്ഥാൻ ഭീകരർ കയ്യടക്കി, അവിടെ ദേശീയ പതാക മാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തി എന്നൊക്കെയുള്ള നുണപ്രചരണങ്ങൾ ആസൂത്രിതമായി അഴിച്ചുവിടുകയായിരുന്നു സംഘികൾ.സങ്കുചിതദേശീയ വികാരം ഇളക്കിയെടുത്ത് നിലനില്പിന് വേണ്ടി സമരം ചെയ്യുന്ന കർഷകലക്ഷങ്ങളെ ഖാലിസ്ഥാനികളാക്കി അടിച്ചമർത്താനുള്ള കൗശലപൂർവ്വമായ നീക്കമാണ് കേന്ദ്ര സർക്കാറും സംഘികളും നടത്തിയത്. യഥാർത്ഥത്തിൽ ചെങ്കോട്ടയിൽ ഉയർത്തിയത് സിഖ് മതത്തിന്‍റെ വിശുദ്ധ പതാകയായ നിഷാൻ സാഹിബ് ആയായിരുന്നെന്നും, അത് ദേശീയ പതാകക്ക് മുകളിലായിരുന്നില്ലെന്നും, അവിടെ നിന്നുള്ള വിഷ്വൽസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സിഖ് പതാക കെട്ടൽ തന്നെ സംഘികൾ തന്നെ പ്ലാൻ ചെയ്ത് നടത്തിയതാണോയെന്നും സംശയിക്കാവുന്ന വിവരങ്ങളും പുറത്തു വന്നിരിക്കുന്നു.

കൃഷിയെ കോർപ്പറേറ്റു വൽക്കരിക്കുകയും കർഷകരെ കൂലിയടിമകളാക്കുകയും ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവും അംബാനി, അദാനി, ആമസോൺ ബഹുരാഷ്ട്ര കുത്തകകളെ ഏല്പിക്കുകയും ചെയ്യുന്നതാണ് ഈ നിയമങ്ങൾ ... ജീവന്‍റെ അടിസ്ഥാനമായ ഭക്ഷണത്തെയും അതുല്പാദിപ്പിക്കുന്ന കർഷകരെയും അന്താരാഷ്ട്ര മൂലധനശക്തികൾക്ക് അടിയറ വെക്കുന്ന രാജ്യദ്രോഹ ഭീകരനിയമമാണ് ഈ മൂന്ന് നിയമങ്ങളും... ഇത് അടിച്ചേല്പിക്കുന്നവരാണ് രാജ്യദ്രോഹികളും യഥാർത്ഥ ഭീകരവാദികളും.

കെ ടി കുഞ്ഞിക്കണ്ണൻ 

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ കലാ പ്രതിഷ്ഠാപനം

പുഴയ്ക്കല്‍> ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി അടാട്ടെ കോള്‍ കര്‍ഷകരുടെ പിന്തുണയോടെ തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോള്‍ പാടത്തിന്റെ നടുവില്‍ കലാ പ്രതിഷ്ഠാപനം നടത്തി. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍, അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമാ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ്  തികച്ചും വ്യത്യസ്തവും മൗലികവുമായ ഈ പ്രവര്‍ത്തനത്തിന് പുറകില്‍.

(ചിത്രം :കര്‍ഷക സമരത്തിന് പിന്തുണയുമായി അടാട്ട് കോള്‍ വരമ്പത്ത് കലാകാരന്മാര്‍ ഒരുക്കിയ പ്രതിഷ്ഠാപനങ്ങളില്‍ ഒന്ന് )

കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കോള്‍ പാടം തന്നെ അവതരണത്തിനായി തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭ്യമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ നിലനിര്‍ത്തുന്നതായ  കലാസൃഷ്ടികളാണ് ഇതിന്റെ ഭാഗമായി  ഒരുക്കിയത്. 

റിപ്പബ്ലിക് ദിനത്തില്‍ കാലത്ത് 9 മണിക്ക് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വൈകീട്ട് ആറു മണിയോടെ പൂര്‍ണമാക്കുകയും തുടര്‍ന്ന് വ്യത്യസ്തമായ  കലാവതരണങ്ങള്‍ സംഘടിപ്പിക്കുകയുമുണ്ടായി.

 നാടകം , നാടന്‍പാട്ടുകള്‍, കുമ്മാട്ടി, പോസ്റ്ററുകള്‍, ചിത്രങ്ങള്‍, പ്രതിഷേധ ജാഥകള്‍,പഴയ കാലത്തെ ജലസേചനരീതിയായിരുന്ന ചക്രം ചവിട്ടല്‍   എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു. കലാകാരന്മാരുടെ പിന്തുണ സമരം ചെയ്യുന്ന കര്‍ഷകരെ   അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. 

അന്‍വര്‍ അലി , പി പി രാമചന്ദ്രന്‍ , കവിത ബാലകൃഷ്ണന്‍ , ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ മനോജ് , പ്രൊഫ.എം വി നാരായണന്‍, മുസ്തഫ ദേശമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.