Saturday, January 30, 2021

കോവിഡ്:‌ പോരാട്ടത്തിന്റെ ഒരുവർഷം - കെ കെ ശൈലജ എഴുതുന്നു

2020 ജനുവരി 30 കേരളത്തിന്‌ മറക്കാനാകാത്ത ഒരു ദിവസമാണ്. ഇന്ത്യയിൽത്തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവൽ കൊറോണ വൈറസ് ) കൊറോണ കുടുംബത്തിൽപ്പെട്ട (സാർസ്, മെർസ് ) വൈറസുകളുടെ ഒരു വകഭേദമായിരുന്നു. ഇതിന് പകർച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണകാരണമാകുമെന്ന് ഡബ്ല്യുഎച്ച്ഒ  മുന്നറിയിപ്പ് നൽകി. ഉടൻതന്നെ കേരളത്തിൽ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ തുടങ്ങി.

പകർച്ചവ്യാധി പ്രതിരോധത്തിൽ കേരളം മൂന്ന് പ്രധാന വെല്ലുവിളി നേരിടുന്നു. ഒന്ന്, വളരെ ഉയർന്ന ജനസാന്ദ്രതയാണ്. രണ്ടാമതായി പ്രായം ചെന്നവരുടെ ജനസംഖ്യ ഏറ്റവും കൂടുതലാണ്‌. ജീവിതശൈലീ രോഗവ്യാപനമാണ് മറ്റൊന്ന്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. പല മാനവ വികസന സൂചികകളിലും നാം ഒന്നാമതെത്തിയെങ്കിലും ആരോഗ്യശീലങ്ങളിലും ജീവിതശൈലിയിലും ഉണ്ടായ അശാസ്ത്രീയമായ പ്രവണതകളാണ് ജീവിതശൈലീരോഗങ്ങൾ വർധിക്കാൻ കാരണം. ഏറെ വ്യാപനശേഷിയുള്ള ഒരു വൈറസിന്റെ പകർച്ച ഉണ്ടാകുമ്പോൾ മരണനിരക്ക് വർധിക്കാൻ ഇത് കാരണമാകുന്നു. സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറയ്‌ക്കാൻ സാധിച്ചത്. ലോകാരോഗ്യ സംഘടനയും ആരോഗ്യരംഗത്തെ മറ്റ്‌ ഏജൻസികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോൾ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാൻ സാധിച്ചു.

ഈ ഘട്ടത്തിൽ അകലംപാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാൻ ഓരോ വ്യക്തിയും തയ്യാറായാൽ മാത്രമേ രോഗപകർച്ച തടയാൻ കഴിയുമായിരുന്നുള്ളൂ. ആയത് വേണ്ടത്ര പാലിക്കാത്തതിന്റെ ഫലമായാണ് രോഗപകർച്ച കൂടിയത്. എന്നാൽ, സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സമയോചിതവും സാഹസികവുമായ ഇടപെടലിലൂടെയാണ് കേസുകൾ ഇത്രയേറെ വർധിച്ചിട്ടും മരണനിരക്ക് ആദ്യഘട്ടത്തിലെ 0.5 ശതമാനത്തിൽനിന്ന്‌ 0.4 ശതമാനമായി കുറയ്ക്കാൻ സാധിച്ചത്. കോവിഡ് മഹാമാരി പിൻമാറുമ്പോൾ ഒരു ചോദ്യമാണ് പ്രധാനമായി അവശേഷിക്കുക. എത്ര പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത്. ഒരു ചെറിയ അശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ മരിച്ചു പോകുമായിരുന്ന പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തിന് ഇതേവരെയുണ്ടായിട്ടുള്ള നേട്ടം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും സേവനങ്ങളും ശക്തമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സമയബന്ധിതമായിട്ടുള്ള പ്രവർത്തനങ്ങളുമാണ് ഇതിന് സാധ്യമാക്കിയത്.

2020 ജനുവരി 24 മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി കൺട്രോൾ റൂം സ്ഥാപിച്ചു. 18 ടീം സജ്ജമാക്കി.  ജില്ലാ കൺട്രോൾ റൂമുകളും കോൾ സെന്ററുകളും സ്ഥാപിച്ചു. ജനുവരി 25 മുതൽ മാർച്ച് അഞ്ചുവരെയുള്ള ആദ്യഘട്ടത്തിൽ ആകെ മൂന്ന് പേർക്കാണ് രോഗം ബാധിച്ചത്. മാർച്ച് 6 മുതൽ മെയ് നാലുവരെയുള്ളതാണ് രണ്ടാം ഘട്ടം. മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർന്നപ്പോഴും പിടിച്ചുനിൽക്കാൻ നമുക്കായി. മാർച്ച് എട്ടിന് വിദേശത്തുനിന്ന്‌ വന്ന പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേർക്കാണ് രണ്ടാം ഘട്ടത്തിൽ ആദ്യം രോഗമുണ്ടായത്. രണ്ടാം ഘട്ടത്തിൽ ആകെ 499 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ മൂന്നുപേർ മരിച്ചു.

രണ്ടാംഘട്ടത്തിൽ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കി. എല്ലാ ജില്ലയിലും കോവിഡ് കെയർ സെന്ററുകൾ സ്ഥാപിച്ചു. കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. മികച്ച കോവിഡ് ചികിത്സയ്ക്കായി ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള കോവിഡ് ആശുപത്രികൾ ആരംഭിച്ചു. ഒപി സമയം വൈകിട്ട്‌ ആറുവരെ നീട്ടി.

രാജ്യവ്യാപക ലോക്‌ഡൗൺ

2020 മാർച്ച് 24ന് രാജ്യവ്യാപകമായി ലോക്‌ഡൗൺ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചു. ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കാത്ത വ്യക്തികൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു. എൻസിഡി രോഗികൾക്ക് അവരുടെ വീടുകളിൽ ഒരു മാസത്തെ മരുന്നുകൾ വിതരണം ചെയ്തു. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് പ്രത്യേക ഡയാലിസിസ് സൗകര്യം നൽകാൻ നിർദേശം നൽകി. വയോജനങ്ങളുടെ വീടുകൾ ആരോഗ്യപ്രവർത്തകർ സ്ഥിരമായി സന്ദർശിക്കുകയും റിവേഴ്‌സ് ക്വാറന്റൈൻ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തിലുള്ള സന്നദ്ധ സംഘങ്ങൾ വീട് സന്ദർശനം ആരംഭിച്ചു.  കമ്യൂണിറ്റി അടുക്കളകൾ ആരംഭിച്ച് ഭക്ഷണം ഉറപ്പുവരുത്തി. ഡീ അഡിക്‌ഷൻ, കൗൺസലിങ്‌ സേവനം ഉറപ്പുവരുത്തി.

മെയ് നാലുമുതൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുടുങ്ങിയവർക്ക്  സംസ്ഥാനത്തേക്ക് മടങ്ങാൻ അനുവാദം നൽകി. മെയ് ഏഴുമുതൽ “വന്ദേ ഭാരത് മിഷന്റെ’ ഭാഗമായി അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചു. മികച്ച കോവിഡ് ചികിത്സയ്ക്കായി 29 കോവിഡ് ആശുപത്രിയും 41 മറ്റാശുപത്രികളും ഉൾപ്പെടെ സർക്കാർ മേഖലയിൽ 70 ആശുപത്രിയിലായി 11,640 കിടക്ക സജ്ജമാക്കി. 1286 സ്വകാര്യ ആശുപത്രിയിലായി 5757 കിടക്ക സജ്ജമാക്കി. കൂടുതൽ ഐസിയു കിടക്കകളും വെന്റിലേറ്റർ സൗകര്യങ്ങളും ഒരുക്കി. കോവിഡ് പ്രതിരോധത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പിച്ചു. 1427 കേന്ദ്രത്തിലായി 1,24,282 കിടക്കയാണ് സജ്ജമാക്കിയത്.

പരിശോധന 70,000 വരെ

പരിശോധനാശേഷി പ്രതിദിനം 70,000 ടെസ്റ്റായി ഉയർത്തി.  കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് എൻഐവി ആലപ്പുഴ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സംസ്ഥാനത്തുടനീളം സർക്കാർ,സ്വകാര്യലാബുകൾ ഉൾപ്പെടെ 2231 ലാബ്‌ സ്ഥാപനങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നു. കോവിഡ്-–-19 സമ്പർക്കരോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി. ബ്രേക്ക് ദ ചെയിൻ നടപ്പാക്കി. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോക ശ്രദ്ധനേടി. ഏറ്റവും ശരിയായ പരിശോധനാ രീതിയും നിയന്ത്രണരീതിയുമാണ് കേരളം അവലംബിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് സംസ്ഥാനം കാര്യങ്ങൾ നിയന്ത്രിച്ചത്. കേരളത്തിന്റെ രീതി ശരിയെന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയിൽ ഏറ്റവുമാദ്യം കേസ് റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് ഇപ്പോൾ അവസാനം ഉച്ചസ്ഥായിലെത്തുന്നത്.

മൂന്നാംഘട്ടത്തിൽ ഓണം കഴിഞ്ഞുള്ള ആഴ്ചകളിൽ പ്രതിദിന രോഗികളുടെ എണ്ണംകൂടി 10,000 കഴിഞ്ഞു. ഒരു ഘട്ടത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു. ഒക്‌ടോബറിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബർ പതിനാലോടെ ചികിത്സയിലുള്ളവരുടെ എണ്ണം അമ്പത്തേഴായിരമാക്കി കുറയ്ക്കാൻ സാധിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തദ്ദേശതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവർത്തനങ്ങളിൽ വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയെങ്കിലും നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയാണുള്ളത്. 

കോവിഡ് വാക്‌സിന് അനുമതി ലഭിച്ചതോടെ ഈവർഷം പ്രതീക്ഷ നൽകുന്നു. കേന്ദ്രം വാക്‌സിൻ എത്തിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്‌സിൻ എത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനായുള്ള എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്. ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കോവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്കും മറ്റ് വിവിധ വിഭാഗങ്ങളിലെ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. എല്ലാവരിലും വാക്‌സിൻ എത്തുന്നതുവരെ പോരാട്ടം തുടരണം.

No comments:

Post a Comment