രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളെല്ലാം പിടിച്ചെടുത്ത് അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തെ ഏറ്റവും സവിശേഷവും അജയ്യവുമായ മുന്നേറ്റമാക്കുന്നത് ഗ്രാമീണ ഇന്ത്യയുമായുള്ള അതിന്റെ വിച്ഛേദിക്കാനാകാത്ത വേരുകളാണ്. അതു തന്നെയാണ് മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം നടന്ന ജനാധിപത്യ സമരങ്ങളിൽ നിന്നെല്ലാം ഇപ്പോൾ നടക്കുന്ന കർഷക സമര കാഹളത്തെ വ്യത്യസ്തമാക്കുന്നത്. തലസ്ഥാനം അക്ഷരാർത്ഥത്തിൽ വളഞ്ഞിരിക്കുന്ന കർഷക പ്രക്ഷോഭ കേന്ദ്രങ്ങളിൽ നാലു ലക്ഷത്തോളം കർഷകർ പങ്കെടുത്തു കൊണ്ടിരിക്കുന്നുവെന്നാണ് കണക്ക്. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കുന്ന ടിക്രി, രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂർ, പഞ്ചാബ്- ഡൽഹി അതിർത്തിയായ സിംഘു, ഉത്തർപ്രദേശ് - ഡൽഹി അതിർത്തിയായ ഗാസിപൂർ, മധ്യപ്രദേശിൻ്റെ അതിർത്തി പൽവാൻ എന്നിവിടങ്ങിലാണ് കർഷക ലക്ഷങ്ങൾ തമ്പടിച്ചിരിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ കർഷകർക്ക് പുറമെ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയുമെല്ലാം കർഷകരും കർഷക തൊഴിലാളികളും വിവിധ സമരകേന്ദ്രങ്ങളിൽ ഉണ്ട്.
കർഷക പ്രക്ഷോഭ കേന്ദ്രങ്ങളിൽ ടെന്റ് കെട്ടി താമസിക്കുന്ന സമരക്കാർക്കായി ഗോതമ്പും അരിയും പാലും പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളുമായി അവരുടെ ഗ്രാമങ്ങളിൽ നിന്നും ട്രക്കുകളും വാഹനങ്ങളും വന്നു കൊണ്ടേയിരിക്കുന്നു. ഏതെങ്കിലും സമര സ്ഥലത്ത് ഭരണകൂടം അതിക്രമത്തിന് ഒരുങ്ങുന്ന പക്ഷം ഉടനടി കൂടുതൽ പേർ ഗ്രാമങ്ങളിൽ നിന്നും പുറപ്പെടാനായി സജ്ജരായിരിക്കുന്നു. അതിർത്തികളിൽ സമരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് ഈ സംസ്ഥാനത്തിലെയെല്ലാം ഗ്രാമങ്ങളിൽ യോഗങ്ങൾ നടക്കുന്നുണ്ട്. സിഖ് വിശ്വാസികളുടെ ആരാധനാ കേന്ദ്രങ്ങളായ ഗുരുദ്വാരകൾ ഒന്നാകെ സമരകേന്ദ്രങ്ങളിലേക്ക് ഭക്ഷണവും പണവും എത്തിച്ചുകൊണ്ടിരിക്കുന്നു. രാജസ്ഥാനിലെ വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരെ ഷാജഹാൻപൂരിൽ കാണാം. ശൈത്യത്തിൻ്റെ ആരംഭത്തിൽ വിത്തിറക്കുകയും വേനൽ ആരംഭിക്കുമ്പോൾ വിളവെടുക്കുകയും ചെയ്യുന്ന റാബി വിളകളുടെ കൃഷി ആരംഭിക്കുന്നത് ഒക്ടോബർ അവസാനത്തോടു കൂടിയാണ്. പഞ്ചാബാണ് ഈ വിളകളുടെ ഒരു പ്രധാന കേന്ദ്രം. ഒരു കുടുംബത്തിൽ നിന്നും ഒന്നോ രണ്ടോ പേർ സമരത്തിന് പോവുകയും മറ്റുള്ളവർ കൃഷി ശ്രദ്ധിക്കുകയും ചെയ്യുക എന്ന രീതിയാണ് പലരും പിന്തുടർന്നത്. ഒരു ഗ്രാമത്തിൽ നിന്നും ഒരു സംഘം സമരത്തിൽ പങ്കെടുത്ത് ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും മറ്റൊരു സംഘം പുറപ്പെടുന്നു. ചുരുക്കത്തിൽ സമരകേന്ദ്രങ്ങളിൽ നേരിട്ട് പങ്കാളികളായ നാല് ലക്ഷം പേരിലും അധികം എത്രയോ ലക്ഷം ജനങ്ങൾ ഈ പ്രക്ഷോഭത്തിന്റെ സജീവ കണ്ണികളാണ്. ഒന്നര മാസം പിന്നിടുമ്പോഴും ഈ പ്രക്ഷോഭം ഒരു കടുകിണ ക്ഷീണിക്കാത്തതിന്റെ കാരണങ്ങളിലൊന്ന് ഈ വിപുലമായ പങ്കാളിത്തമാണ്. അത് തന്നെയാണ് സംഘപരിവാര ഭരണകൂടത്തെ വലച്ചു കൊണ്ടിരിക്കുന്നത്.
ഇന്നുവരെ രാജ്യത്തെ വിവിധ വിഭാഗങ്ങൾ നടത്തിയ ദീർഘമായ സമരങ്ങളെ ദുർബലപ്പെടുത്താനും അടിച്ചമർത്താനും മോദി ഭരണകൂടം നടത്തിയ കുത്സിത ശ്രമങ്ങളൊന്നും ഈ കർഷക മുന്നേറ്റത്തിനു മുന്നിൽ വിലപ്പോവില്ല. മുൻപ് ഒരു വിഭാഗത്തിൻ്റെ സമരത്തെ മറ്റൊരു വിഭാഗത്തിനെതിരായി ഉയർത്തിക്കാട്ടാൻ സംഘപരിവാരം ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം ബിജെപി ആരംഭിച്ചത് ഒരു കർഷക റാലി നടത്തിക്കൊണ്ടായിരുന്നു. ആ റാലിയുടെ ഒടുവിൽ കർഷകർക്ക് മുന്നിൽ അവർ ജെ എൻ യു സമരത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. ‘രാജ്യദ്രോഹികളിൽ‘ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണം എന്നവർ ആവർത്തിച്ചു. പൊതു വിദ്യാഭ്യാസവും കാമ്പസ് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുവാനുള്ള പോരാട്ടങ്ങളെ രാജ്യ വിരുദ്ധ സമരങ്ങളായി അവർ ചിത്രീകരിച്ചു. ഷഹീൻഭാഗിൽ ഉൾപ്പടെ സമാധാനപരമായി നടന്ന സി എ എ വിരുദ്ധ സമരങ്ങൾക്കെതിരെ വിഷലിപ്തമായ പ്രചരണം അഴിച്ചു വിട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡൽഹിയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ വംശഹത്യയ്ക്കൊരുങ്ങിയ സംഘപരിവാരഭീകരത നമ്മൾ കണ്ടിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അപരത്വനിർമിതിയിലൂടെയും വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം ഇവിടെ വിലപ്പോകില്ല. നഗരങ്ങളിലെ കലാപങ്ങളെക്കുരിച്ചുള്ള നിറം പിടിപ്പിച്ച കഥകളുമായി ഗ്രാമങ്ങളിലേക്ക് പോയി നേട്ടം കൊയ്യാൻ അവർക്കാവില്ല. ഇത് ഗ്രാമീണ ഇന്ത്യയുടെ സമരമാണ്.
ഒരോ സമര കേന്ദ്രവും ഒരു ഗ്രാമം പോലെ പ്രവർത്തിക്കുന്നത് കാണാം. എല്ലായിടത്തും ഒരു കമ്യൂണിറ്റി ഉയർന്നു വന്നിട്ടുണ്ട്. എല്ലാ സമരകേന്ദത്തിലും മുഴുവൻ സമയ മെഡിക്കൽ കാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതത് പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പം ഡെൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ നിന്നും ഡോക്ടർമാരും സമര കേന്ദ്രങ്ങളിൽ തമ്പടിക്കാനായി എത്തിച്ചേർന്നിട്ടുണ്ട്. വിവിധ നാടുകളിൽ നിന്നും സമരക്കാരക്കാർക്കായി ആയിരക്കണക്കിന് കമ്പിളികളും കിടക്കകളും അയച്ചിരുന്നു. അഭൂതപൂർവമായ ഐക്യദാർഢ്യത്തിന്റെ കാഴ്ചകൾ സമരകേന്ദ്രങ്ങളിൽ കാണാം. ട്രാക്ടറിൽ ബോക്സ് കെട്ടി വിപ്ലവഗാനങ്ങളും പഞ്ചാബി പാട്ടുകളുമെല്ലാം ഉച്ചത്തിൽ വച്ച് നിർത്താതെ ചുറ്റിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരെ കാണാം. തമ്പടിച്ചിരിക്കുന്ന വിദ്യാർഥികളെ കാണാം. എസ് എഫ് ഐയുടെ അൻപതാം വാർഷിക പരിപാടി നടന്നത് ഷാജഹാൻപൂരിലെ കർഷക സമര കേന്ദ്രത്തിൽ വച്ചായിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരും ശാസ്ത്രഞ്ജരും ഒക്കെ സമരത്തിൽ പങ്കു ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം സിംഘു അതിർത്തിയിലേക്ക് പഞ്ചാബിലെ കബഡി താരങ്ങൾ കബഡി മത്സരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളുമായി വന്നു. ഗുസ്തി താരങ്ങൾ മത്സരം സംഘടിപ്പിച്ചു. നിരവധി കായിക താരങ്ങളാണ് ഇതിനകം സമരത്തോട് അനുഭാവം പ്രകടിപ്പിച്ചത്. സമര കേന്ദ്രങ്ങളിൽ വായനശാലയും പുസ്തക വിതരണ കേന്ദ്രങ്ങളും കാണാം.
തൊഴിലാളികളുടെ വലിയ നിര സമരത്തിലേക്കെത്തിച്ചേരുന്നുണ്ട്. ഇന്ത്യയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും കാർഷിക മേഖലയുടെ തകർച്ചയെ തുടർന്ന് തൊഴിൽ തേടി നഗരങ്ങളിലേക്ക് ചേക്കേറിയവരാണെന്ന് കാണാൻ സാധിക്കും. പലരും കൃഷി നടക്കുന്ന ഒരു സീസൺ ഗ്രാമത്തിലും വർഷത്തിന്റെ അടുത്ത പകുതി കൂലിവേലക്കാരായും കരാർ പണിക്കാരായും റിക്ഷ വലിക്കാരായുമെല്ലാം നഗരത്തിലും കഴിയുന്നവരാണ്. രാജ്യത്തെ ബാധിച്ച കനത്ത സാമ്പത്തിക പ്രതിസന്ധിയെയും പിന്നീട് വന്ന ലോക്ക് ഡൗണിൻ്റെയുമെല്ലാം പശ്ചാത്തലത്തിൽ ഈ റിസർവ് തൊഴിൽ സേനയിലെ വലിയൊരു ശതമാനം ഗ്രാമങ്ങളിലേക്ക് പൂർണമായും മടങ്ങിയിരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികൾ ശക്തമായി കർഷക സമരത്തിന്റെ കൂടെ നിൽക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാണ്. മറ്റൊരർഥത്തിൽ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും അദ്ധ്വാനിക്കുന്ന ജനതയെ ഈ കാർഷിക പ്രക്ഷോഭം കണ്ണിചേർക്കുന്നുണ്ട്.
ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം ധനിക കർഷകരുടെയും ജന്മിമാരുടേതുമാണെന്ന പ്രചരണം ഇതിനെ എതിർക്കുന്നവർ അഴിച്ചു വിടുന്നുണ്ട്. ഇന്ത്യയിലെ കർഷകരിൽ 85 ശതമാനവും സ്വന്തമായി അഞ്ച് ഏക്കറിൽ താഴെമാത്രം ഭൂമി ഉള്ളവരാണ്. 65 ശതമാത്തിനും ഒരേക്കറിൽ താഴെമാത്രമാണ് സ്വന്തം ഭൂമി ഉള്ളത്. ധനിക കർഷകർ മാത്രമാണ് അണിനിരക്കുന്നതെങ്കിൽ ഇത്തരം വിപുലമായ പങ്കാളിത്തവും ത്യാഗ സന്നദ്ധതയും നമുക്ക് ദർശിക്കാനാകുമായിരുന്നില്ല. കാർഷികവൃത്തിയിൽ നിന്നും ജീവിതോപാദി കണ്ടെത്തുന്ന എല്ലാ വിഭാഗം ജനങ്ങളും ഈ സമരത്തിൻ്റെ ഭാഗമാണ് എന്നതാണ് യാഥാർത്യം. കർഷക തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നീണ്ടു നിൽക്കുന്ന ഒരു സമരത്തിന്റെ ഭാഗമാവുകയെന്നത് അങ്ങേയറ്റം ബുദ്ധുമുട്ടാണ്. ഏറ്റവും ദരിദ്ര വിഭാഗമായ അവർ പലപ്പോഴും അന്നന്നത്തെ അന്നത്തിനുള്ള വക അന്നന്നത്തെ അധ്വാനത്തിൽ നിന്നും കണ്ടെത്തുന്നവരാണ്. ആഴ്ചകളോളം പണിയില്ലാതിരിക്കുക എന്ന അവസ്ഥ അവർക്ക് താങ്ങാനാകണം എന്നില്ല. എന്നിട്ടും അനേകം കർഷക തൊഴിലാളികളെ ഓരോ സമരകേന്ദ്രത്തിലും കാണാം. അതിൽ വലിയൊരു ശതമാനം ദളിതരാണ്. വിവിധ ദളിത് സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പങ്കാളികളാവുകയും ഒക്കെ ചെയ്യുന്നുണ്ട്. കാർഷിക മേഖലയ്ക്ക് സംഭവിക്കാൻ പോകുന്ന മൊത്തമായ തകർച്ചയും കോർപ്പറേറ്റ് വൽകരണവും തങ്ങളുടെ കൂലിയെയും വരുമാനത്തെയും ജീവിതത്തെയും തന്നെ ബാധിക്കുമെന്ന് അവർ മനസിലാക്കുന്നുണ്ട്.
നവലിബറൽ നയങ്ങൾ തീവ്രമായി അവതരിപ്പിക്കപ്പെട്ട കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ മൂന്ന് ലക്ഷത്തിലധികം കർഷകർ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആത്മഹത്യാ തോത് വർധിച്ചതായാണ് കണക്ക്. കടക്കെണി മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ ഭാര്യമാർ ഈ സമരകേന്ദ്രങ്ങളിൽ ഉണ്ട്. നിലവിലുള്ള പരിതാപകരമായ അവസ്ഥയെ മറികടക്കുവാൻ സഹായിക്കില്ല എന്ന് മാത്രമല്ല അവശേഷിക്കുന്ന പച്ചത്തുരുത്തുകളെ പോലും പുതിയ നിയമങ്ങൾ കരിച്ചു കളയുമെന്ന് അവർക്കറിയാം. സമരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ദേയമാണ്. കർഷക സംഘടനകൾ തന്നെ അത് എടുത്ത് പറയുന്നുണ്ട്. കാർഷിക വൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഗ്രാമങ്ങളിലെ സ്ത്രീകൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അതിർത്തികളിൽ ഈ പ്രക്ഷോഭം ഇതുപോലെ പുരോഗമിക്കില്ലായിരുന്നു. ജാത്യാചാരങ്ങളുടെയും ഫ്യൂഡൽ ആണധികാരത്തിന്റെയും തടവറയിൽ പൊതുജീവിതത്തിൻ്റെ വെളിച്ചം കാണാതെ ജീവിച്ചിരുന്ന ഗ്രാമീണ സ്ത്രീകൾ അവയെ മറികടന്ന് സമരത്തിന്റെ ഭാഗമാകുന്നത് കാണാം. അവർ പലരും അത് ഊന്നിപ്പറയുന്നുമുണ്ട്. ഇത്തരത്തിൽ സങ്കുചിതമായ പല മതിലുകളെയും പൊളിച്ചുകൊണ്ട് കൂടിയാണ് കർഷക സമരത്തിന്റെ മുന്നേറ്റം.
കേരളത്തിൽ നിന്നും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആയിരത്തോളം കർഷകർ സമരത്തിൽ പങ്കെടുക്കുവാൻ ഒരുങ്ങുകയാണ്. അവരിൽ അഞ്ഞൂറോളം വരുന്ന ആദ്യ സംഘം ഷാജഹാൻപൂരിൽ എത്തിക്കഴിഞ്ഞു. രണ്ടാഴ്ച മുൻപാണ് ഐതിഹാസികമായ ലോംഗ് മാർച്ചിൻ്റെ ഇരമ്പൽ ഒന്നുകൂടി ഉയർത്തി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും പുറപ്പെട്ട കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജാഥ ഷാജഹാൻപൂരിൽ എത്തിയത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ കർഷക സമരത്തിന്റെ തുടർച്ചകൾ ഉണ്ടാവുകയാണ്. സമര കേന്ദ്രങ്ങളിൽ വളരെ വ്യാപകമായി പതിക്കപ്പെട്ടിട്ടുള്ള ചിത്രം ഭഗത് സിംഗിന്റെതാണ്. ടിക്രി അതിർത്തിയിലെ ഏകദേശം എല്ലാ ടെൻ്റിലും ഭഗത് സിംഗിൻ്റെ ചിത്രം കാണാമായിരുന്നു. ചെറുതും വലുതുമായ മുന്നൂറിലധികം കർഷക സംഘടനകൾ, അവരുടെ വ്യത്യസ്ത നിറങ്ങളിലുള്ള കൊടികൾ, അവരെല്ലാം ചേർത്തുവെക്കുന്ന ഒന്നായി ഭഗത് സിംഗിൻ്റെ ചിത്രം, കൂടെ ദേശീയ പതാക.. പുതിയൊരു രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് അവർ നട്ടുനനക്കുന്നത്. സമരം നീളും തോറും അത് പടർന്ന് പന്തലിക്കും. സുപ്രസിദ്ധ മാധ്യമ പ്രവർത്തകൻ സായ്നാഥ് അഭിപ്രായപ്പെട്ടത് പോലെ സായുധ സേനയെ ഉപയോഗിച്ചുകൊണ്ടും അവരെ അടിച്ചൊതുക്കുക എളുപ്പമാകില്ല. ഇന്ത്യൻ സേനയുടെ വലിയൊരു ഭാഗം ഈ പ്രക്ഷോഭഭരിതമായ ഗ്രാമങ്ങളിലെ കുട്ടികളാണ്. സായ്നാഥിൻ്റെ ഭാഷയിൽ ‘യൂണിഫോമിലുള്ള കർഷകർ’. വെറുതെയല്ല ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യം സമരകേന്ദ്രങ്ങളിൽ ഇടയ്ക്കിടെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുകയല്ല, ഗ്രാമങ്ങളിലൂടെ അതിജീവിക്കുകയാണ്.
നിതീഷ് നാരായണൻ
(ഡൽഹി ജെ എൻ യുവിലെ പി എച്ച് ഡി ഗവേഷകനും ട്രൈക്കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിലെ ഗവേഷകനും എസ് എഫ് ഐ മുഖമാസിക സ്റ്റൂഡൻ്റ് സ്ട്രഗിളിൻ്റെ എഡിറ്ററുമാണ് ലേഖകൻ)
No comments:
Post a Comment