സാമ്പത്തികവളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും തുല്യ പ്രാധാന്യം നൽകുന്ന സംസ്ഥാന ബജറ്റ് ഭാവി കേരളത്തിനുള്ള ശുഭപ്രതീക്ഷയാണ്. പ്രതിസന്ധികൾക്കിടയിലും ജനപക്ഷ കാഴ്‌ചപ്പാട് മുന്നോട്ടു വച്ചുള്ള ബജറ്റ്. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനതയുടെ ക്ഷേമം മുൻനിർത്തിയുള്ള പുതിയ കാലത്തിലേക്കുള്ള ബജറ്റ്... വികസനക്കുതിപ്പ് തുടരാം
പൊതുമേഖലയ്‌ക്ക് 250 കോടി
വിവിധ പൊതുമേഖലാ സ്ഥാപന വികസനത്തിന് 250 കോടി രൂപ അനുവദിച്ചു. 35 കോടി രൂപ പ്രവർത്തന മൂലധനത്തിന് വകയിരുത്തി
• കെമിക്കൽ വ്യവസായം 57 കോടി
• ഇലക്ട്രോണിക് വ്യവസായം 25 കോടി
• എൻജിനിയറിങ് വ്യവസായം 42 കോടി
• സെറാമിക് വ്യവസായം 13 കോടി
• ഇലക്ട്രിക്കൽ വ്യവസായം 57 കോടി
• ടെക്സ്റ്റൈൽ വ്യവസായം 28 കോടി
• മറ്റുള്ളവയ്ക്ക് 21 കോടി.
ധന സ്ഥാപനങ്ങൾക്ക് കൗൺസിൽ
നവകേരളം പടുത്തുയർത്തുന്നതിൽ നിർണായക പങ്കാളികളാകുന്ന സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ ഒരു കൗൺസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രൂപീകരിക്കും. സംരഭകത്വ വികസന വായ്പകളുടെ ലക്ഷ്യം നിർവചിക്കുകയും പുരോഗതി അവലോകനം ചെയ്യുകയുമാണ് കൗൺസിലിന്റെ ചുമതല.
കിഫ്ബി
ദിവാസ്വപ്നമായി പ്രതിപക്ഷം വിമർശിച്ച കിഫ്‌ബി കേരള സമ്പദ്ഘടനയിലും സമൂഹത്തിലും വലിയ ചലനം സൃഷ്ടിച്ചുകഴിഞ്ഞു. 7000ൽപ്പരം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 821 പ്രോജക്ടുകളിലായി 40100 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. ഭൂമി ഏറ്റെടുക്കുന്നതിനടക്കം 20000 കോടി രൂപ അനുവദിച്ചു. 19100 കോടി രൂപയുടെ പ്രോജക്ടുകൾ നിർവഹണഘട്ടത്തിലാണ്. 2021–-22ൽ 15000 കോടി രൂപയുടെ കിഫ്ബി പ്രോജക്ടുകൾ പൂർത്തിയാകും.
കേരള ബാങ്ക്
ഈ സർക്കാർ പ്രഥമ ബജറ്റിൽ വാഗ്ദാനം ചെയ്ത കേരള ബാങ്കും യാഥാർഥ്യമായി. 61000 കോടി രൂപയുടെ നിക്ഷേപമുള്ള, കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്. കാർഷിക വികസന വായ്പകൾക്കും കാർഷിക മൂല്യവർദ്ധിത ഉൽപ്പന്ന വ്യവസായങ്ങൾ വളർത്താനും കേരളബാങ്ക് സഹായമാകും. പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപം 1.6 ലക്ഷം കോടി രൂപയാണ്. കോർ ബാങ്കിങ്ങിന്റെ ഭാഗമാകുന്നതോടെ സഹകരണ ബാങ്കുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാങ്കറായി മാറും.
കെഎഫ്സി
കെഎഫ്സിയെ സംസ്ഥാന സർക്കാരിന്റെ നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായി പുനഃസംഘടിപ്പിക്കും. നിലവിൽ 1951ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ആക്ടിനു കീഴിലാണുള്ളത്. ധനകാര്യ പുനഃസംഘടനയിലൂടെ 2015–--16ൽ 10.7 ശതമാനമായിരുന്ന നിർജ്ജീവ ആസ്തികൾ 3.52 ശതമാനമാക്കി കുറച്ചു.
കെഎസ്എഫ്ഇ
8000 കോടി രൂപയാണ് ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ളത്. പ്രവാസി ചിട്ടി വഴി കിഫ്ബി ബോണ്ടുകളിലുള്ള നിക്ഷേപം 1000 കോടി രൂപയായി ഉയരും. പുതിയ സ്കീമുകൾ കെഎസ്എഫ്ഇ നടപ്പാക്കും: പുതിയ മാർക്കറ്റിങ് വിഭാഗം ആരംഭിക്കും, മടങ്ങിയെത്തിയ പ്രവാസികൾക്ക് പരിഗണന നൽകിക്കൊണ്ട് 3000 ബിസിനസ് പ്രൊമോട്ടർമാരെ നിയമിക്കും, കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ, ഓൺലൈൻ അധിഷ്ഠിത നിവാസി ചിട്ടികൾ, കുടിശ്ശിക നിവാരണ പദ്ധതി.
സ്റ്റേറ്റ് ഇൻഷുറൻസ്
സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് പുനഃസംഘടിപ്പിക്കും. കുടുംബശ്രീ, സഹകരണസംഘങ്ങൾ, തൊഴിലുറപ്പ്, ക്ഷേമനിധികൾ തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട മേഖലകളിൽ ഇൻഷുറൻസ് പ്രവർത്തനം വ്യാപിപ്പിക്കും. പവർ ഫിനാൻസ് കോർപറേഷൻ, കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപറേഷൻ, ടൂറിസം ഫിനാൻസ് കോർപ്പറേഷൻ, കെയുആർഡിഎഫ്സി, വനിതാ വികസന കോർപ്പറേഷൻ പോലുള്ള മറ്റു കോർപറേഷനുകളും സമഗ്രമായി പുനഃസംഘടിപ്പിക്കും.
തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി അധികം
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചു. സംസ്ഥാന ധന കമീഷൻ നിർദേശപ്രകാരം വികസന ഫണ്ട് 25 ശതമാനത്തിൽനിന്ന് 26 ശതമാനമായി ഉയർത്തി. മെയിന്റനൻസ് ഫണ്ട് ആറ് ശതമാനത്തിൽനിന്ന് ആറര ശതമാനമായും ജനറൽ പർപ്പസ് ഫണ്ട് മൂന്നരശതമാനത്തിൽനിന്ന് നാല് ശതമാനമായും ഉയർത്തി. • 1000 പേരിൽ അഞ്ച് വീതമെങ്കിലും പുതിയ തൊഴിലവസരം സൃഷ്‌ടിക്കാൻ പ്രത്യേക ഏകോപന സമിതി • വഴിയോരക്കച്ചവടക്കാർക്കുള്ള ഐഡി കാർഡ് വിതരണം പൂർത്തിയാക്കും. 10000 രൂപവരെ വായ്‌പ ഏഴ് ശതമാനം പലിശയ്‌ക്ക് ലഭ്യമാക്കും.
ക്യാൻസർ മരുന്നുകൾക്ക് പാർക്ക്
കിഫ്ബിയിൽനിന്ന് 150 കോടി രൂപയുടെ ധനസഹായത്തോടെ കെഎസ്ഡിപിയുടെ മാനേജ്മെന്റിൽ ക്യാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-–-22ൽ യാഥാർഥ്യമാക്കും. ജൈവവൈവിധ്യവും ആയുർവേദ പാരമ്പര്യവും ബയോ ടെക്നോളജി വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കും
• അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് അനിവാര്യമായ 250 രൂപ കമ്പോളവില വരുന്ന ആറിനം മരുന്നുകൾ ഫെബ്രുവരിയിൽ 40 രൂപയ്ക്ക് പുറത്തിറക്കും.
• തോന്നയ്ക്കലിലെ ലൈഫ്‌സയൻസ് പാർക്കിന് 24 കോടി രൂപ വകയിരുത്തി. ഇവിടെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേർന്ന് നിർമിക്കുന്ന 230 കോടി രൂപയുടെ മെഡിക്കൽ ഡിവൈസസ് പാർക്കിനും 24 കോടി രൂപ വകയിരുത്തി
• കെഎസ്ഡിപിയുടെ ഉൽപ്പാദനം 2015–--16ൽ ഏതാണ്ട് 20 കോടി രൂപയായിരുന്നത് 2020–--21ൽ 150 കോടിയായി ഉയരും. നോൺ ബീറ്റാ ലാക്ടം ഇഞ്ചക്ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉൽപ്പാദനശേഷി 250 കോടിയാകും. നിലവിലുള്ള പ്രോജക്ടുകൾക്ക് 15 കോടി രൂപ.
• 15 ഫോർമുല മരുന്നുകൾ പുതുതായി 2021–--22ൽ കമ്പോളത്തിലിറക്കും.
• ഡബ്ല്യുഎച്ച്ഒ സർട്ടിഫിക്കേഷനോടെ ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ആരംഭിക്കും.
• കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിൽ ബൾക്ക് ഡ്രഗുകൾ ഉൽപ്പാദിപ്പിക്കാൻ ഒരു ഫാർമ പാർക്കുകൂടി സ്ഥാപിക്കും.
• കെഎസ്ഐഡിസിയുടെ പാലക്കാട്ടെ എൻജിനിയറിങ് ഇൻഡസ്ട്രിയൽ പാർക്കിന് അഞ്ച് കോടി രൂപ
• കിൻഫ്രാ ഫിലിം വീഡിയോ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ഏഴ് കോടി രൂപ. കൊച്ചിയിലെ 240 ഏക്കർ ഹൈടെക് പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിക്കും.
• വിവിധ കെൽട്രോൺ സ്ഥാപനങ്ങൾക്കായി 25 കോടി രൂപ വകയിരുത്തി. ആമ്പല്ലൂരെ ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്കിന്റെ നിർമാണം ഊർജിതപ്പെടുത്തും.
7500 കോടി തൊഴിലുറപ്പിന്
തൊഴിലുറപ്പ് പദ്ധതിയിലും അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലും ജനക്ഷേമപരമായ മാറ്റങ്ങൾ. 7500 കോടി രൂപ വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതി
4057 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഫെബ്രുവരിയിൽ ക്ഷേമനിധി . വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്നവർക്ക് ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽസേനയിൽനിന്ന് പുറത്തുപോകുമ്പോൾ തുക പൂർണമായും അംഗത്തിന് ലഭ്യമാക്കും. മറ്റു പെൻഷനുകളില്ലാത്തവർക്ക് 60 വയസ്സുമുതൽ പെൻഷൻ. 75 ദിവസം തൊഴിലെടുത്തവർക്ക് ഉത്സവബത്ത നൽകും.
മൂന്ന് ലക്ഷം പേർക്കുകൂടി തൊഴിൽ മൂന്ന് ലക്ഷം പേർക്കുകൂടി തൊഴിൽ നൽകും. 2021-–-22ൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽദിനം നൽകും.
അയ്യൻകാളി പദ്ധതി
200 കോടി രൂപ നീക്കിവച്ചു. 100 കോടി അയ്യൻകാളി ഇന്റേൺഷിപ് സ്‌കീമിനാണ്.നഗരങ്ങളിലെ ഗ്രാമീണ വാർഡിന് മുൻഗണന. നിലവിൽ പദ്ധതിയുടെ തുക എല്ലാ വാർഡുകൾക്കും തുല്യമായി വീതിക്കുകയാണ്. പകരം നഗരങ്ങളിലെ ഗ്രാമീണ വാർഡിന് മുൻഗണന നൽകും.
അയ്യൻകാളി ഇന്റേൺഷിപ് സ്‌കീം
സ്വകാര്യസംരംഭങ്ങളിൽ അപ്രന്റീസുകളോ ഇന്റേണുകളോ ആയി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പുകൂലി സബ്സിഡിയായി നൽകും. പണിയെടുക്കുന്നവർക്കുള്ള വേതനം സംരംഭകർ ബാങ്ക് വഴി നൽകണം. തദ്ദേശസ്ഥാപനം വഴി പദ്ധതി നടപ്പാക്കും.
ഭിന്നശേഷിക്കാർക്ക് 321 കോടി
സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി ഭിന്നശേഷിക്കാർക്കായി 321 കോടി രൂപ നീക്കിവച്ചു. ഇതിനുപുറമേ തദ്ദേശഭരണ സ്ഥാപനങ്ങൾ 290 കോടി രൂപയെങ്കിലും നീക്കിവയ്ക്കണം.
●ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും 50 കോടി രൂപയും മാനസികാരോഗ്യ പരിപാടികൾക്കായി 64 കോടിയും.
● 250 തദ്ദേശസ്ഥാപനത്തിൽക്കൂടി ബഡ്സ്കൂളുകൾ ആരംഭിക്കും. കൂടുതൽ കൗൺസലേഴ്സിനെ നിയമിക്കും. കൂടുതൽ അധ്യാപകർക്ക് പരിശീലനവും നൽകും.
●സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം 60 കോടി രൂപയായി ഉയർത്തി.
● 18 വയസ്സ് കഴിഞ്ഞവരുടെ സംരക്ഷണത്തിനുവേണ്ടി 10 കോടി രൂപ
● ബാരിയർ ഫ്രീ പദ്ധതിക്ക് ഒമ്പത് കോടി.
കുടുംബശ്രീക്ക് കൈനിറയെ
സംസ്ഥാന ബജറ്റിലും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ആകെ 1749 കോടി രൂപ ബജറ്റിൽ വകയിരുത്തി. 260 കോടി രൂപയാണ് ബജറ്റ് വിഹിതം. 125 കോടി രൂപ അധികമായും പ്രഖ്യാപിച്ചു. വിദ്യാശ്രീ ലാപ്ടോപ് പദ്ധതി, മുഖ്യമന്ത്രിയുടെ സഹായഹസ്‌തം എന്നിവയുടെ പലിശ സബ്സിഡിക്കായി 300 കോടി രൂപ ലഭ്യമാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 1064 കോടി രൂപകൂടി ലഭ്യമാകും. ഇതുകൂടി ചേർന്നാണ് ആകെ 1749 കോടി രൂപ കുടുംബശ്രീക്ക് ലഭിക്കുക.
ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നൽകുന്ന പദ്ധതിയിൽ തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ നൈപുണ്യപരിശീലനത്തിനായി കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്. അഞ്ചു കോടി രൂപ ഇതിനായി അനുവദിച്ചു.
● കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോ ചിട്ടിയിൽ ചേരുന്നവർക്കെല്ലാം ഫെബ്രുവരി, മാർച്ച്, എപ്രിൽ മാസങ്ങളിൽ ലാപ്ടോപ് ലഭ്യമാക്കും. ഇതിന് വേണ്ടിവരുന്ന പലിശ സർക്കാർ വഹിക്കും.
● ജില്ലാ മിഷനുകൾ പരിശോധിച്ച് പരിശീലനവും മേൽനോട്ടവും നൽകി നടപ്പാക്കുന്ന പ്രോജക്ടുകൾക്ക് എക്രോസ് ദി കൗണ്ടർ വായ്പ ലഭ്യമാക്കും. ഈട് ആവശ്യമില്ല. പലിശ സബ്സിഡി ലഭിക്കും.
● സൂക്ഷ്മസംരംഭങ്ങളിൽ സമാന സ്വഭാവമുള്ള ഉൽപ്പന്നങ്ങളുടെ ക്ലസ്റ്റർ രൂപീകരിക്കും
● കുടുംബശ്രീ വഴി നൈപുണ്യ പരിശീലനം ലഭിച്ചവർക്ക് സ്വയംതൊഴിലിന് അല്ലെങ്കിൽ വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി. ഇതുവഴി വഴി ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും
● ജനകീയ ഹോട്ടൽ, ഹോം ഷോപ് എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും.
● വയനാട് കാപ്പി ബ്രാൻഡിന്റെ 500 ഓഫീസ് വെൻഡിങ് മെഷീനും 100 കിയോസ്കും കുടുംബശ്രീ വഴി ആരംഭിക്കും.
● കുടുംബശ്രീ കർഷകസംഘങ്ങളുടെ എണ്ണം ഒരു ലക്ഷമാക്കും. അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും.
● ആശ്രയ പദ്ധതിക്കായി 100 കോടി രൂപകൂടി അനുവദിച്ചു.
പുതിയ എട്ട് ജലവൈദ്യുത പദ്ധതി
2021-–-22ൽ 170 മെഗാവാട്ട് സ്ഥാപിതശേഷിയും 452 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനവുമുള്ള എട്ട് ജലവൈദ്യുത പദ്ധതി കമീഷൻ ചെയ്യും. 414 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 13 ജലവൈദ്യുത പദ്ധതിയുടെ നിർമാണവും ആരംഭിക്കും. അടങ്കൽ 97 കോടി രൂപയാണ്.
17.14 ലക്ഷം കണക്‌ഷൻ നൽകി സമ്പൂർണ വൈദ്യുതീകരണം പൂർത്തീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൈദ്യുതി ഉൽപ്പാദനശേഷി 88 മെഗാവാട്ടാണ് വർധിച്ചതെങ്കിൽ ഇപ്പോളത് 236 മെഗാവാട്ടാണ്. പുതിയ വ്യവസായ നിക്ഷേപങ്ങളെ ആദ്യത്തെ അഞ്ച് വർഷം വൈദ്യുതി ചാർജിലുള്ള ഇലക്ട്രിസ്റ്റി ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും.
കൊച്ചി–ഇടമൺ ഇടനാഴിയിലൂടെ കൊണ്ടുവരുന്ന വൈദ്യുതി കേരളത്തിലുടനീളം എത്തിക്കണമെങ്കിൽ 400 കെവിയുടെ ട്രാൻസ്‌മിഷൻ ലൈൻ പൂർത്തീകരിക്കണം. ഇതാണ് 10000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് –-2 പദ്ധതി.വൈദ്യുതി തടസ്സം ഒഴിവാക്കാൻ 11 കെവി ലൈനിൽനിന്ന് ട്രാൻസ്‌ഫോർമറിലേയ്‌ക്ക് രണ്ട് ലൈനെങ്കിലും ഉറപ്പുവരുത്താൻ 4000 കോടി രൂപയുടെ "ദ്യുതി' പദ്ധതി നടപ്പാക്കും. ഇത് പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് വ്യവസായ കുതിപ്പിനുള്ള വൈദ്യുതി പശ്ചാത്തലം ഒരുങ്ങും. പ്രസരണ നഷ്ടം 3.7 ശതമാനമായും വിതരണ നഷ്ടം 8.7 ശതമാനമായും താഴ്‌ന്നു.
No comments:
Post a Comment