ഇത്തവണത്തെ ബജറ്റ് എന്താണെന്ന് ചോദിച്ചാല്‍ , അത് നാലാം വ്യാവസായിക വിപ്ലവത്തെ നേരിടാനുള്ള ഇടതിന്റെ മുന്നൊരുക്കം ആണെന്ന് പറയേണ്ടിവരും.
Industry 4.0 യുടെ അവസരങ്ങള്‍ മുന്നില്‍ക്കണ്ടുള്ള ഒരു ദീര്‍ഘ വീക്ഷകന്റെ സ്വപ്നങ്ങള്‍ മാത്രമായി തോമസ് ഐസക്കിന്റെ ബജറ്റിനെ വിലയിരുത്തിയാല്‍ അത് ചെറുതായിപ്പോവും (ക്ഷേമ പദ്ധതികള്‍ മാറ്റി നിര്‍ത്തിയാല്‍). സൈബര്‍ കുത്തക മുതലാളിത്തത്തിന്റെ നേര്‍ക്കുള്ള ഇടത് ബദലും കൂടിയാണത്.
രോഹിത് ജോസഫ് |
Industry 4.0 കാലത്തെ ഉല്‍പ്പാദന ബന്ധം (relations of production) എന്താണ് ? ആരാണ് ഇവിടുത്തെ ചൂഷകര്‍?
വ്യാവസായിക വിപ്ലവകാല മുതലാളിമാര്‍ പുരാവസ്തുക്കളായി. ഫോര്‍ഡു പോയിട്ട് അംബാനിയെപ്പോലും എടുത്ത് മ്യൂസിയത്തില്‍ വയ്ക്കാം. ഇനിയങ്ങോട്ട് പ്ലാറ്റ്‌ഫോമുകളുടെ ഒടേക്കാരന്മാരാണ് ചൂഷകര്‍.
ഫ്യൂഡല്‍ ജന്മിയുടെയും കാപ്പിറ്റലിസ്റ്റ് മുതലാളിയുടെയും ഹൈബ്രിഡ് സന്തതി. പ്ലാറ്റ് ഫോം ജന്മി എന്ന് വിളിക്കാം. മൂലധനം മുടക്കി അവന്‍ പുതിയ സ്‌പേസ് നിര്‍മ്മിക്കും. ഇവിടെ ഡിജിറ്റിസ് ചെയ്യാവുന്ന എന്തും ചരക്കുകളാണ്. അവന്റെ സ്‌പേസില്‍ പണിയെടുക്കാന്‍,അവന്‍ തന്നെ ടൂളും തരും. ആല്‍ഗൊരിതങ്ങളാണ് ടൂളുകള്‍. സ്‌പേസും,ടൂളും ചേരുന്നതാണ് പ്ലാറ്റ്‌ഫോം.
ധനമന്ത്രി തോമസ് ഐസക്ക് കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ, കലക്ടര്‍ എസ് സുഹാസ് എന്നിവര്‍ക്കൊപ്പം
പഴയ കാലത്തെപ്പോലെ തന്നെ. ഈ സ്‌പേസില്‍ ആര്‍ക്കും അധ്വാനിക്കാം. ഉല്‍പ്പാദനം നടത്താം .പക്ഷെ ജന്മിയുടെ നിയമം അനുസരിക്കണം. പാട്ടവും കൊടുക്കണം.
പഴയ കുട്ടനാടന്‍ പാടശേഖരങ്ങളിലെ ചരിത്രമുണ്ട്. കായലില്‍ നിന്നും തൊഴിലാളികള്‍ കട്ടകുത്തി നിര്‍മ്മിച്ചതാണ് കുട്ടനാട്ടിലെ കുറേയധികം പാട ശേഖരങ്ങളെങ്കിലും.വെള്ളമിറങ്ങി കര തെളിഞ്ഞാല്‍ പിന്നെ ഉടമസ്ഥര്‍ ജന്മിമാരായ മുരിക്കനും പണിക്കരുമൊക്കയാണ്. വിളവ് മൊത്തം തമ്പ്രാന്. നക്കാപ്പിച്ച കൂലിയും ജന്മിയുടെ തെറിയും കുടിയാന്. ഒടുവില്‍ ഭൂമി ജന്‍മിയുടെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യപ്പെട്ടു. അതായിരുന്നു ഭൂപരിഷ്‌കരണം. അന്നത്തെ ഇടത് ബദല്‍.
ഇന്ന് AWS (Amazon Web Services) ആണ് പ്ലാറ്റ്‌ഫോം ഇക്കോണമിയിലെ മുരിക്കന്‍ രായാവ്.ആമസോണ്‍,eBay എല്ലാം രായാവിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ചന്തകളാണ്. കച്ചവടം നടന്നാല്‍ കമ്മീഷന്‍ രായാവിനും ഇടക്കാര്‍ക്കും കൊടുക്കണം. മറ്റൊരു കൂട്ടര്‍ Airbnb,Uber ഒക്കെയാണ്. ഭൌതിക ലോകത്തെ ഏര്‍പ്പാടുകള്‍ അവര്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ നിയന്ത്രിക്കും. അധ്വാനത്തിന്റെ പങ്ക് പറ്റും. അവസാനത്തെ കൂട്ടര്‍ നമ്മുടെ ഫേസ്ബുക്ക്,ഗൂഗിള്‍ ഒക്കെയാണ്. ഇന്‍ഫര്‍മേഷന്‍ ആണ് ഇവിടുത്തെ ചരക്ക്.
അല്ല, ചൂഷണത്തിന് നിന്നുകൊടുക്കാന്‍ വയ്യ എന്നാണെങ്കില്‍ അതും പ്രയാസമാണ്. ലോകത്താകെ ഉല്‍പ്പാദന പ്രക്രിയ വെര്‍ച്വല്‍ ലോകത്തേയ്ക്ക് മൊത്തമായും ചില്ലറയായും പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഞങ്ങള്‍ ഇനിയും ചര്‍ക്ക കറക്കി ജീവിച്ചോളാം എന്നാണെങ്കില്‍ കമ്പോളത്തിന് പുറത്തു പോകും. ലുലുമാള്‍ വന്ന ശേഷം ആ പരിസരത്തെ എത്ര വഴിയോര കച്ചവടക്കാരാവും വഴിയാധാരമായത്. Uber ഉള്ള നാട്ടിലെ ആരെങ്കിലും പിന്നെ ടാക്‌സി പിടിക്കുമോ? എവിടേലും പോയാല്‍ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ലോക്കല്‍ ഗൈഡിനെ തപ്പുമോ അതോ Airbnb തപ്പുമോ?
ലോകം അങ്ങനെയാണ്.എല്ലായ്‌പ്പോഴും മെച്ചപ്പെട്ടവയെ പിന്തുടരും. അല്ലാത്തവ ക്ഷീണിക്കും. ഫ്രിക്ഷന്‍ ഇല്ലാത്ത കമ്പോളമാണ്.പഴയതില്‍ തുടരാന്‍ നമുക്ക് ഓപ്ഷന്‍ പോലും ഇല്ല. അതാണ് അവസ്ഥ. നാട്ടിലെ ടാക്‌സി ഡ്രൈവര്‍ക്ക് എത്രകാലം Uber ല്‍ ചേരാതെ നില്‍ക്കാനാകും? എത്ര തട്ടുകടക്കാര്‍ക്ക് Swiggy വേണ്ടന്ന് വച്ചു പിടിച്ചു നില്‍ക്കാന്‍ കഴിയും. ലോകം വലിക്കുന്ന ഇടത്തേയ്ക്ക് ഓടണം. അത് കുതിക്കുകയാണ്.
സമൂഹത്തിലെ ഉന്നതര്‍ക്കും മധ്യവര്‍ഗ്ഗത്തിനും പിന്തുടരാന്‍ കഴിഞ്ഞേക്കും .അവര്‍ എങ്ങനെയെങ്കിലും ഡിജിറ്റല്‍ എക്കോണമിയില്‍ കയറിപ്പറ്റും. അല്ലാത്തവര്‍ക്കോ?
ഇക്കോണമിയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണം. സമതുല്യമായ വിതരണം നടക്കണം .ഇതാണ് ഇതാണ് ഇടതു പക്ഷത്തിന് മുന്നിലെ വെല്ലുവിളി?
സ്റ്റേറ്റിന്റെ വടിക്ക് ഡിജിറ്റല്‍ ഇക്കോണമിയില്‍ പുല്ലു വിലയാണ്. ഒപ്പമിറങ്ങി മത്സരവും പ്രയാസം. മൂലധന ശക്തി വിധി നിര്‍ണ്ണയിക്കുന്ന കമ്പോളമാണ്. ചെറിയ കളിക്കാരൊക്കെ വെറും ഈയാംപാറ്റകളായി ചത്തൊടുങ്ങും. വേറെ ലീഗാണ്.
നെഗോസിയേഷന്‍ എങ്കിലും നടക്കണമെങ്കില്‍ ഉല്‍പ്പാദനോപാധിയില്‍ (പ്ലാറ്റ്‌ഫോമില്‍ ) തൊഴിലാളിക്ക് അവകാശം സാധ്യമാവണം. അവര്‍ കാശ് മുടക്കി ഉണ്ടാക്കിയ നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചരും സെര്‍വറും തൊഴിലാളിയുടെയാണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ?
അവിടെയാണ് കെ.ഫോണ്‍ ഒരു ഇടതുപക്ഷ ബദലാവുന്നത്. ആര്‍ക്കും കുത്തക ഇല്ലാത്ത നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഈ വര്‍ഷം സാധ്യമാവും എന്ന് ബജറ്റില്‍ കൂട്ടിച്ചേര്‍ത്തത് ഈ സമാന്തര സ്‌പേസിനെപ്പറ്റിയാണ്. വെര്‍ച്വല്‍ ലോകത്ത് പണിയെടുക്കാന്‍ സര്‍ക്കാര്‍ നമുക്ക് ഭൂമി ഒരുക്കി തരുകയാണ്. ഒരു സമന്തര വിപണിയും. പുതിയ കമ്പോളത്തില്‍ സ്റ്റേറ്റിന് വലിയ മൂലധന നിക്ഷേപകന്‍ ആകാം. കമ്പോളത്തിന്റെ നിയന്ത്രണം സ്റ്റേറ്റിന്. റെഗുലേഷന്‍ നടക്കും. ആരുടേയും തിണ്ണമിടുക്ക് ചിലവാകില്ല. ഉല്‍പ്പാദനോപാധിയില്‍ മനുഷ്യന്‍മാര്‍ക്ക് തുല്യാവകാശം. ഇതാ, പുതിയകാലത്തെ 'ഇന്റര്‍നെറ്റ് ഭൂപരിഷ്‌ക്കണം
സ്ഥലം കിട്ടിയാല്‍ പോരല്ലോ.അവിടെ പണിയെട്ക്കാന്‍ പ്രത്യേകം സ്‌കില്‍ വേണ്ടെ? ഡിവൈസസ് വേണ്ടേ? സ്‌കില്‍ പാര്‍ക്കുകള്‍ നാടൊട്ടുക്കും ഒരുങ്ങുകയാണ്.വിദ്യാഭാസ രംഗം അടിമുടി മാറും. ഓണ്‍ലൈന്‍ വിപ്ലവം സ്‌കൂളുകളില്‍ നിന്നും തുടങ്ങുന്നു. ലാപ്‌ടോപ്പും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും സാര്‍വ്വത്രികമാകുന്നു.നാളത്തെ കേരള സമൂഹം ഈ ഡിജിറ്റല്‍ കമ്പോളത്തില്‍ ഏറ്റവും മെച്ചപ്പെട്ട വിലയ്ക്ക് തങ്ങളുടെ അധ്വാനം വില്‍ക്കും.അതും ന്യായമായ കൂലിക്ക്.
ഇതുകൊണ്ടായോ. സമൂഹത്ത്‌നെ പ്രീകണ്ടീഷന്‍സ് ഇപ്പോഴും നിലനില്‍ക്കുകയല്ലേ. പിന്നിലായവരെ എങ്ങനെ ഒപ്പമെത്തിക്കും? സബ്‌സിഡിയും പലിശ രഹിത വായ്പകളും വിതരണം ചെയ്യുകയാണ്. ഏറ്റവും പിന്നിലായി പോയവര്‍ക്കാണ് സര്‍ക്കാരിന്റെ സൂപ്പര്‍ ഹൈവേയില്‍ ആദ്യം പ്രവേശനം.
പഴയ മുതലാളിത്ത ലോകത്ത് സ്ത്രീകള്‍ ആരായിരുന്നു. കൂലിയില്ലാതെ ജോലി ചെയ്യുന്ന കൂട്ടര്‍. അധ്വാന ശക്തി പുനരുല്‍പ്പാദിപ്പിക്കാന്‍ ത്യാഗം നടത്തുന്ന ഫ്രീ ലേബര്‍. വെര്‍ച്ച്വല്‍ ലോകത്തേക്ക് കേരളാ ബജറ്റ് ആദ്യം ക്ഷണിക്കുന്നത് അവരെയാണ്. അഭ്യസ്ഥവിദ്യരായ വീട്ടമ്മമാരെ. അതൊരു റാന്‍ഡം തിരഞ്ഞെടുപ്പല്ല. അവിടെ അവര്‍ക്ക് ശാരീരിക ക്ഷമതയുടെ വിവേചനം നേരിടേണ്ടി വന്നേക്കില്ല.
വെറും സ്വപ്നമായി കണ്ട് ചെറുതാക്കാനാവില്ല ഈ ബദലിനെ. പിന്തുണയ്ക്കണം. ശത്രു പ്രബലനാണ്.
രോഹിത് ജോസഫ്
(ഐഐടി ബോംബെയിലെ ടെക്‌നോളജി ആന്റ് ഡെവലപ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് രോഹിത് ജോസഫ്)
No comments:
Post a Comment