Wednesday, January 20, 2021

ഉമ്മൻചാണ്ടിയുടെ കാലത്ത്‌ കടം ഇരട്ടി കുതിച്ചു; മോഡി കടമെടുത്തത്‌ 11 ലക്ഷം കോടി

തിരുവനന്തപുരം > അഞ്ചുവർഷത്തിൽ കടം ഇരട്ടിയാക്കിയത്‌ കഴിഞ്ഞ യുഡിഎഫ്‌‌ സർക്കാർ. ഇത്‌ മറച്ചുവച്ചാണ്,‌ കേരളം കടക്കെണിയിലെന്ന ബിജെപിയുടെ കുപ്രചാരണം യുഡിഎഫ്‌ നേതാക്കൾ കൊഴുപ്പിക്കുന്നത്‌‌.

യുഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുകടവും ബാധ്യതകളും 78,673  കോടി. അധികാരം വിട്ടൊഴിയുമ്പോൾ 1,57,370 കോടി രൂപ. വർധന 78,697  കോടി. വർധന ഇരട്ടിയിൽ അധികം. മുൻ വി എസ്‌ സർക്കാരിന്റെ കാലത്ത്‌ വർധന വെറും 32,744 കോടി മാത്രമായിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ വർധന 1,39,446  കോടി രൂപയാകുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. മുൻ സർക്കാരിന്റെ കടവർധനയുടെ ഇരട്ടിയിൽ താഴെ.  ഈ വസ്‌തുതയാണ്‌ യുഡിഎഫ്‌-ബിജെപി നേതാക്കൾ മറയ്‌ക്കാൻ ശ്രമിക്കുന്നത്‌.

പൊതുകടം

സർക്കാർ എടുക്കുന്ന വായ്‌പകളാണ് പൊതുകടം. ഇത്‌ സഞ്ചിത നിധിയിൽ വരവുവയ്‌‌ക്കുന്നു. ആഭ്യന്തര കടവും കേന്ദ്രസർക്കാർ വായ്‌പകളുമാണ്‌ ഘടകങ്ങൾ. പൊതു വിപണിയിൽനിന്നുള്ള കടമെടുക്കലാണ് ആഭ്യന്തര കടത്തിലെ പ്രധാന ഇനം. ദേശീയ സമ്പാദ്യ പദ്ധതിയിൽനിന്നുള്ള വരവ് (വായ്‌പയായി സ്വീകരിക്കാൻ സംസ്ഥാനം നിർബന്ധിതമാണ്, എൽഐസി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കടമെടുക്കൽ എന്നിവയും അഭ്യന്തര കടമാണ്‌.

മോഡി കടമെടുത്തത്‌ 11 ലക്ഷം കോടി

റിസർവ് ബാങ്കിന്റെ പ്രാഥമിക കണക്കുകളിൽ 2019-–-20 സാമ്പത്തികവർഷത്തിൽ കേന്ദ്ര സർക്കാരിന്റെ ആകെ  കടം  1,04,70,773 കോടി രൂപ. ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിന്റെ 72 ശതമാനം. രണ്ടാം യുപിഎ സർക്കാർ ചുമതലയൊഴിയുമ്പോൾ ആകെ കടം 58,59,332 കോടി രൂപയായിരുന്നു. മോഡി സർക്കാരിന്റെമാത്രം സംഭാവന 46,11,441 കോടി‌. ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിന്റെ ശരാശരി 30 ശതമാനമാണ് കേരളത്തിന്റെ പൊതുകടം. കേന്ദ്ര സർക്കാരിന്റെ കടമാകട്ടെ ദേശീയ വരുമാനത്തിന്റെ ശരാശരി നാലിൽ മൂന്നുഭാഗവും. 

ജി രാജേഷ്‌ കുമാർ 

No comments:

Post a Comment