Monday, January 25, 2021

പിന്നീട് കുതിരവട്ടത്ത്‌ എന്ത് സംഭവിച്ചു?...മാനസികാരോഗ്യ രംഗത്ത്‌ ഈ സർക്കാർ ചെയ്‌തത്‌

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അനേക വർഷം കുടുങ്ങി കിടന്ന ആളുകൾക്കായുള്ള ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Banyan Kerala Chapter Consultant  സാലിഹ്‌ പി എം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌:

2016 ലെ ജനുവരി 23 നു ശ്രീ പിണറായി വിജയൻ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചതാണ്, ചിത്രം. അതേ വർഷം മേയ് മാസമാണ് അദ്ദേഹം ഈ നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. തൊട്ടടുത്ത വർഷം, 2017 ലാണ് ദി ബാന്യൻ കേരളത്തിൽ ആദ്യമായി ഭവന പദ്ധതിയിലൂടെ ദീർഘകാല പുനരധിവാസ പദ്ധതി, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അനേക വർഷം കുടുങ്ങി കിടന്ന ആളുകൾക്കായി ശാസ്ത്രീയമായി ഒരുക്കി തുടങ്ങുന്നത്. അതേ വർഷം അവസാനത്തിലാണ് കേരളത്തിലെ മൂന്നു സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലും സർവ്വേ നടത്തി പുതിയ കാലത്തിനനുസരിച്ചുള്ള പുനരധിവാസ പാക്കേജ് തയാറാക്കാൻ, ആരോഗ്യവകുപ്പ് സെക്രട്ടറി ദി ബാന്യനെ അനുവദിക്കുന്നത്. 2018 ജനുവരിയിൽ വ്യത്യസ്ത ഭാഷയിൽ പ്രാവീണ്യരായ ഒരു ഡസൻ പ്രൊഫെഷണൽസുമായി ദി ബാന്യൻ കോഴിക്കോടും (കുതിരവട്ടം), തൃശൂരും (പടിഞ്ഞാറെകോട്ട) തിരുവനന്തപുരം പേരൂർക്കട (ഊളമ്പാറ) ത്തുമുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു, അവിടങ്ങളിൽ ചികില്‌സാനന്തരവും ചുരുങ്ങിയത് ഒരു വർഷമോ അതിൽ അധികമോ ആയി കഴിയുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന 280 ഇൽ പരം അന്തേവാസികളെ ഇന്റർവ്യൂ ചെയ്തു

വിഷയം പഠിച്ചു റിപ്പോർട്ട് സർക്കാരിന് കൈമാറി.

2018 മാർച്ചിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചു നമ്മുടെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാടിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി 'സ്നേഹക്കൂട്' എന്ന പദ്ധതി ഉൽഘാടനം ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ദി ഹാൻസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ ദി ബാന്യൻ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി അവിടെ ആരംഭിയ്ക്കുകയായി.

3 വർഷം പിന്നിടുമ്പോ ഈ മൂന്നു കേന്ദ്രങ്ങളിൽ നിന്നുമായി 230 പേര് ഇതു വരെ പുറത്തിറങ്ങി കഴിഞ്ഞു.

ഇതിൽ ഏറിയ പേരെയും സ്വന്തം വീട്ടിലേക്ക് തന്നെയാണ് തിരിച്ചെത്തിച്ചിട്ടുള്ളത്. അതിൽ ലണ്ടനിലെ എന്ഫീല്ഡില് ഇരുന്നു ഇന്നും നമുക്കു മെയിലയക്കുന്ന ഒരെഴുത്തുകാരൻ ഉണ്ട്, ഗുജറാത്തിലെ ഒരു വീട്ടമ്മയുണ്ട്, അരുണാചൽ പ്രദേശിലെ ഒരു യുവാവുണ്ട്, ആസ്പത്രിയിൽ നിന്നും 2 കിലോമീറ്റർ മാത്രമകലെ താമസിക്കുന്ന ഒരമ്മയും മകളുമുണ്ട്.

ആസ്പത്രി വിടാമെങ്കിലും തിരികെ പോകാൻ വീടില്ലാത്ത, ഏറ്റെടുക്കാൻ ആളുകളില്ലാത്ത നിരവധി പേരുണ്ട്, അവർക്കായി ഭവനങ്ങൾ ഒരുക്കി ഒരു വീട്ടിൽ 5 പേരെന്ന ക്രമത്തിൽ, അവർക്കൊപ്പം ഓരോ കെയർ ടെയ്ക്കറെ വെച്ചു സാമൂഹ്യ - മാനസികരോഗ്യ പുനരധിവാസ പദ്ധതി വിപുലപ്പെടുത്തി. നമ്മുടെയൊക്കെ വീടുകൾ പോൽ, തൊഴിൽ സാധ്യതകളും പൊതു ഇടങ്ങളും ഉപയോഗപ്പെടുത്തി ഗൃഹാന്തരീക്ഷത്തിൽ വിഭാവനം ചെയ്ത 12 ഇടങ്ങളുണ്ട്, ഇന്ന് കേരളത്തിൽ. മലപ്പുറത്തും കോഴിക്കോടും തൃശൂരും പാലക്കാടും ആയി ഒരുക്കിയ ഈ വീടുകളിൽ 61 പേര് ഈ സമയം താമസിച്ചു വരുന്നു.

അതിൽ 24 വർഷത്തെ ആശുപത്രിവാസം കഴിഞ്ഞ ഒരു മലയാളി സ്ത്രീയുണ്ട്, മകളെ കാത്തിരിക്കുന്ന ഒരു ഉത്തരേന്ത്യൻ അമ്മയുണ്ട്, വീടോർമ്മയില്ലാത്ത ഒരു ചെറുപ്പക്കാരനുമുണ്ട്.

സ്വന്തം വീട്ടിലോ 'ഹോം എഗൈനി'ലോ താമസിക്കാൻ പരിമിതിയുള്ള കുറെ പേരും കൂട്ടത്തിൽ ആശുപത്രിവാസം വിട്ടു. നമ്മുടെ നാട്ടിലെ കുറെ സിസ്റ്റമാറ്റിക് ആയി നടക്കുന്ന സ്ഥാപനങ്ങളിലേക്ക് അവരുടെ അനുവാദ പ്രകാരം മാറ്റി പാർപ്പിക്കുകയും ഉണ്ടായി.

അത്ഭുതമെന്നോണം, ചില അപൂർവം കാരണങ്ങളാൽ ഇനിയും ആശുപത്രി വിടാൻ ആഗ്രഹിക്കാത്ത/സാധിക്കാത്ത കുറച്ചു പേർ കൂടി ബാക്കിയുണ്ടവിടെ.

ഈ കേന്ദ്രങ്ങളിൽ ദീർഘകാലം അകാരണമായി കഴിയേണ്ടി വരുന്ന സാഹചര്യം സഹജീവികൾക്ക് ഇനിയുണ്ടാകേണ്ടതില്ല.

ഇന്ന് നമുക്കൊരു നയമുണ്ട്, അത്തരം മനുഷ്യരെ ചേർത്തുപിടിക്കാൻ, നമ്മുടെ ഭാഗമായി തന്നെ കാണാൻ, നമുക്കിടയിൽ തന്നെ ജീവിക്കാനുതകുന്ന പുതിയകാല ഭവന പുനരധിവാസ പദ്ധതിയുണ്ട്, അതിന്റെ മാതൃകയുമുണ്ട്.

സെല്ലുകൾക്കുള്ളിൽ അകാരണമായി ഒരു മനുഷ്യന്റെയും ശബ്ദം നേർത്തില്ലാതാകുന്ന ആ കാലത്തെ പിന്നോട്ട് നീക്കി, മുഖ്യധാരയിൽ അവർക്കും കൂടി ഇടം കൊടുക്കുന്ന ഒരു നാടായി മാറാൻ ഏറെ ബോധപൂർവമായ ശ്രമങ്ങൾ ഇക്കഴിഞ്ഞ 5 വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.

ഇനിയും കുറെ പ്രതിബന്ധങ്ങൾ ഉണ്ട്, മാറ്റങ്ങൾ ആവശ്യമായതുമുണ്ട്, അതൊക്കെ പക്ഷെ സാധ്യമാണെന്ന ആത്മവിശ്വാസം ഇന്നുണ്ട്, കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നു!

രാഷ്ട്ര നിർമ്മാണത്തിൽ വരിയിലെ ഏറ്റവും അവസാനം നിൽക്കുന്നയാളെ കൂടി പരിഗണിക്കുമ്പോഴാണ് നീതി നടപ്പിലാകുന്നത് എന്നു മഹാത്മാ.

ആവറേജ് മനുഷ്യന്റെ ചിന്താ പരിസരത്ത് ഇല്ലാത്തവരെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ നയം, നേതാവ്, ചിത്രത്തിൽ!

No comments:

Post a Comment