ഒട്ടേറെ നിയമനിർമാണങ്ങൾക്കും പോരാട്ടങ്ങൾക്കും വേദിയായ 14–--ാം കേരള നിയമസഭയ്‌ക്ക് തിരശ്ശീല വീഴുന്നത് കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന്റെ കാറ്റുവിതച്ച്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൊല്ലാക്കൊലചെയ്യുന്ന കേന്ദ്രർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ശബ്ദം സഭയെ നിരന്തരം ത്രസിപ്പിച്ചു.
മലയാളിയുടെ ഉറച്ച മതനിരപേക്ഷതാ ബോധവും ബദൽ നയങ്ങളും നിയമസഭയ്‌ക്ക് കരുത്ത് പകർന്നു. കേന്ദ്ര സർക്കാരിനും ഏജൻസികൾക്കുമെതിരെ 14 പ്രമേയം സഭ പാസാക്കി. ഇതിനായി രണ്ട് തവണ പ്രത്യേക സഭാ സമ്മേളനംചേർന്നു. അവസാന സമ്മേളനം നടന്ന വെള്ളിയാഴ്ചയും ഒരുപ്രമേയം പാസാക്കി.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പോരാട്ട വേദിയായി ഭരണപക്ഷം സഭയെ മാറ്റിയപ്പോൾ പ്രതിപക്ഷ ശബ്ദം പലപ്പോഴും ദുർബലമായി. ബിജെപിയോടുള്ള യുഡിഎഫിന്റെ മൃദുസമീപനമാണ് ഇതിന് കാരണം.ബിജെപിയെ കുറ്റപ്പെടുത്താൻ പലപ്പോഴും പ്രതിപക്ഷ നേതാവടക്കമുള്ളവർ പിശുക്ക് കാട്ടി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണപക്ഷം കേന്ദ്ര സർക്കാരിനും അവരെ നയിക്കുന്ന ബിജെപിക്കും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി നിയമം, ആൾക്കൂട്ട കൊലപാതകം, പട്ടികജാതി പട്ടികവർഗ നിയമ ഭേദഗതി എന്നിവയിൽ നടത്തിയ പോരാട്ടം ഇതിന് തെളിവാണ്. കേന്ദ്ര സർക്കാരിന്റെ കർഷക, സഹകരണ, പ്രവാസി, പൊതുമേഖലാ വിരുദ്ധ നിലപാടുകൾക്കെതിരെയും കേരളത്തിന്റെ പ്രതിഷേധം സഭയിൽ മുഴങ്ങി.
ഏതാനും മാസമായി സംസ്ഥാന സർക്കാരിനെ തകർക്കാൻ വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെയും സഭ താക്കീതിന്റെ ശബ്ദം മുഴക്കി. കിഫ്ബിയെ തകർക്കാനുള്ള സി എ ജി നീക്കത്തിനെതിരെ വെള്ളിയാഴ്ച പാസാക്കിയ പ്രമേയം ഇതിന് തെളിവാണ്.
കാർഷിക നിയമ ഭേദഗതിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രമേയം കൊണ്ടുവന്നത് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ്. നോട്ട് നിരോധനം, സഹകരണ ബാങ്ക് നിക്ഷേപങ്ങൾക്ക് ആദായ നികുതി, പ്രവാസികൾക്ക് ആദായ നികുതി, ദേശീയ വിദ്യാഭ്യാസ നയം, ആർ സി ഇ പി കരാർ, കൃഷി ഭൂമി സെക്യുരിറ്റി ഭേദഗതി, പട്ടിക ജാതി പട്ടികവർഗ നിയമ ഭേദഗതി, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വിൽപ്പന, ലോക്‌സഭയിൽനിന്ന് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ ഒഴിവാക്കൽ തുടങ്ങിയ തീരുമാനങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നു.
കോവിഡ് കാലത്തെ പ്രവാസികളുടെ വിമാനയാത്രാ പ്രശ്നം, കർണാടക രാത്രികാല യാത്രാ വിലക്ക്, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള കൂലി കുടിശ്ശിക അനുവദിക്കൽ എന്നീ ആവശ്യങ്ങൾക്കും പ്രമേയം കൊണ്ടുവന്നു. സംഘപരിവാറിന്റെ ആൾക്കൂട്ടകൊലപാതകത്തിനെതിരെയും പ്രമേയം കൊണ്ടുവന്നു.
ഗുരുസ്‌മരണയോടെ 14‐ാം നിയമസഭ പിരിഞ്ഞു
ശ്രീനാരായണ ഗുരുവിന്റെ സ്മരണയിൽ പതിനാലാം കേരള നിയമസഭ പിരിഞ്ഞു. ഒട്ടേറെ നിയമ നിർമാണങ്ങൾക്കും ഭരണ പ്രതിപക്ഷ പോരാട്ടങ്ങൾക്കും കേന്ദ്ര നയങ്ങൾക്കെതിരായ ഐക്യപ്പെടലിനും സാക്ഷിയായ സഭ ,യുഗപ്രഭാവനയായ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ ബിൽ പാസാക്കിയാണ് പിരിഞ്ഞത്. സ്‌പീക്കറെ നീക്കണമെന്ന അത്യപൂർവമായ പ്രമേയം ചർച്ച ചെയ്യുന്നതിനും സഭ വേദിയായി. സഭയിൽ ഒട്ടേറെ ഹൈടെക് പദ്ധതികളും ഈ കാലത്ത് ആരംഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വന്നശേഷം 2016 ജൂൺ രണ്ടിനാണ് ആദ്യ സമ്മേളനം തുടങ്ങിയത്. 22 സമ്മേളനങ്ങളിലായി 232 ദിനങ്ങൾ സമ്മേളിച്ചു. 1,13,44 ചോദ്യം അംഗീകരിച്ചു. 72482 ചോദ്യങ്ങൾ അച്ചടിച്ചു. ഏഴ് അടിയന്തര ചോദ്യങ്ങളും അനുവദിച്ചു. 2072 സബ്മിഷനും അനുവദിച്ചു.
213 ഔദ്യോഗിക ബില്ലും 62 അനൗദ്യോഗിക ബില്ലും ഉൾപ്പെടെ 275 ബില്ല് പ്രസിദ്ധീകരിച്ചു. അവയിൽ 87 ഗവൺമെന്റ് ബില്ലും 22 ധനവിനിയോഗ ബില്ലും ഉൾപ്പെടെ 109 നിയമങ്ങൾ പാസാക്കി. അടിസ്ഥാന സൗകര്യ നിക്ഷേപനിധി (ഭേദഗതി) ബിൽ, കേരള ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ബിൽ, കേരള മലയാള ഭാഷാ (നിർബന്ധിത ഭാഷ) ബിൽ, കേരള മാരിടൈം ബോർഡ് ബിൽ, കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ബിൽ, കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസ്അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ, സൂക്ഷ്മ - ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബിൽ, കേരള ക്രിസ്ത്യൻ സെമിത്തേരികൾ (മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബിൽ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിൽ എന്നിവയാണ് ഇതിൽ പ്രധാനം. ഗവർണർ തിരിച്ചയച്ച 2014 -ലെ കേരള മാരിടൈം ബോർഡ് ബിൽ പിൻവലിച്ചു.
സഭ പാസാക്കിയ 2018-ലെ കേരള പ്രൊഫഷണൽ കോളേജുകൾ (മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമവൽക്കരിക്കൽ) ബില്ലിന് ഗവർണർ അനുമതി നിഷേധിച്ചു. രണ്ട് സ്റ്റാറ്റ്യൂട്ടറി പ്രമേയവും 20 ഗവണ്മെന്റ് പ്രമേയങ്ങളും പാസാക്കി. ഒരു അവിശ്വാസ പ്രമേയവും സഭ വോട്ടിനിട്ടു തള്ളി. സ്പീക്കറെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു പ്രമേയം ഭൂരിപക്ഷമില്ലാത്തതിനാൽ സഭാ തലത്തിൽ പരാജയപ്പെട്ടു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സംസ്ഥാന ബജറ്റ് സമ്പൂർണമായി പാസാക്കാനുമായി.
റഷീദ് ആനപ്പുറം
പ്രമേയം സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാൻ : ടി എം തോമസ് ഐസക്
സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ താൽപ്പര്യവും സംരക്ഷിക്കാനാണ് സിഎജി റിപ്പോർട്ടിലെ അന്യായമായ പരാമർശങ്ങൾ തള്ളണമെന്ന പ്രമേയം അവതരിപ്പിച്ചതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വമ്പൻ ധനസമാഹരണത്തിനൊരുങ്ങുന്ന കിഫ്‌ബിക്ക് സിആൻഡ്‌എജി റിപ്പോർട്ടിലെ പരമാർശങ്ങൾ പ്രതികൂലമായി ബാധിക്കും. വിശ്വാസത്തിന്റെ പേരിലാണ് ഈ വായ്പ എടുക്കുന്നത്. എന്നാൽ, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നതുൾപ്പെടെയുള്ള പ്രതികൂല പരാമർശങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഡെമോക്ലീസിന്റെ വാൾ പോലെ ഈ പരാമർശങ്ങൾ കിഫ്‌ബിയുടെ തലയ്ക്കുമേൽ തൂങ്ങിക്കിടക്കും. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിനുമേൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കിഫ്‌ബിയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. കിഫ്‌ബി തകർന്നാൽ സംസ്ഥാനത്തിന്റെ വികസനം മുടങ്ങും. പിന്നെ ജനതാൽപ്പര്യം സംരക്ഷിക്കാനാകില്ല. സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനും അവരുടെ ഏജൻസികൾക്കുമുള്ള മുന്നറിയിപ്പാണ് ഈ പ്രമേയം. സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന സന്ദേശംകൂടിയാണ് ഇത്. ഇതിലൂടെ നിയമസഭയുടെ അവകാശം സർക്കാർ സംരക്ഷിച്ചു.
സിആൻഡ്‌എജി ഡിക്ടറ്റീവ് ഇൻസ്‌പെക്ടറല്ല. സർക്കാരിന്റെ പണം ചട്ടങ്ങളും നിയമങ്ങൾക്കുമനുസരിച്ച് വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ഈ ഉദ്യോഗസ്ഥൻ. അല്ലാതെ രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും ജയിംസ് മാത്യു പറഞ്ഞു.
സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ഇത് അംഗീകരിക്കാനാകില്ലെന്നും വീണ ജോർജ് പറഞ്ഞു.
മറ്റ് ഏജൻസികളെപ്പോലെ സിആൻഡ് എജിയെയും സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നു. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന കാര്യം മറക്കരുതെന്ന് എ എൻ ഷംസീർ പറഞ്ഞു. കിഫ്‌ബിയെയും കേരളത്തെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിന് ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നു. ഈ ഭീഷണിക്കു മുന്നിൽ ഓച്ചാനിച്ചുനിൽക്കാൻ തയ്യാറല്ലെന്ന് എം സ്വരാജ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി ജോസഫ്, വി ഡി സതീശൻ, എം കെ മുനീർ, ഒ രാജഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
No comments:
Post a Comment