കൊച്ചി > നയതന്ത്രബാഗേജിൽ സ്വർണം കടത്തിയ കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയതിനുപിന്നാലെ എൻഫോഴ്‌സ്‌മെന്റും കസ്‌റ്റംസും അന്വേഷിക്കുന്ന കേസുകളിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കേസെടുത്ത് 60 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടു പ്രധാന കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും ഡോളർ കടത്തുകേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ജയിൽ മോചിതനാകില്ല.
സ്വർണക്കടത്തിലെ തീവ്രവാദബന്ധം അന്വേഷിക്കുന്ന എൻഐഎ എടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ശിവശങ്കറിനെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല. ബിജെപി നേതൃത്വവുമായി അടുത്തബന്ധം കണ്ടെത്തിയ സന്ദീപ് നായർ ഉൾപ്പെടെ പ്രധാന പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
സ്വർണക്കടത്ത് കേസിൽ നവംബർ 24-നാണ് ശിവശങ്കറെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കുറ്റപത്രം സമർപ്പിക്കാൻ ഒരുമാസംകൂടി വേണമെന്നാണ് കസ്‌റ്റംസിന്റെ നിലപാട്. പ്രധാന പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കി മുഖംരക്ഷിക്കാനാണ് കസ്‌റ്റംസും സാവകാശം തേടുന്നത്. പ്രധാനപ്രതികളുടെ രഹസ്യമൊഴികൾ മറ്റ് അന്വേഷണ ഏജൻസികൾ രേഖപ്പെടുത്തിയത് ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
ഡോളർ കടത്തുകേസിൽ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുള്ളതിന് തെളിവുണ്ടെന്ന് അവർ കോടതിയെ അറിയച്ചതോടെ ബുധനാഴ്‌ച ശിവശങ്കറെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്ന കേസിൽ അറസ്റ്റിലായി 89 ദിവസം പിന്നിടുമ്പോഴാണ് ഹൈക്കോടതി ശിവശങ്കറിനു ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള വാദം അംഗീകരിച്ചാണ് ജാമ്യം. കസ്‌റ്റംസ് ഉദ്യോഗസ്ഥരിൽ ചിലരെക്കൂടി കേസിന്റെ ഭാഗമാക്കി ശിവശങ്കറിനെതിരെ തെളിവുണ്ടാക്കാൻ എൻഫോഴ്‌സ്‌മെന്റ് ശ്രമിച്ചിരുന്നു.
എം ശിവശങ്കറിന് രണ്ട് കേസുകളിൽ ഇന്ന് ജാമ്യം
കൊച്ചി> എം ശിവശങ്കറിനെതിരെ കസ്‌റ്റംസും എൻഫോഴ്‌സ് മെൻറും എടുത്ത കേസുകളിൽ ഇന്ന് ജാമ്യം ലഭിച്ചു. ഇഡി എടുത്ത കള്ളപ്പണക്കേസിൽ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെയാണ് ഉത്തരവ്.അറസ്‌റ്റിലായി 89 ദിവസത്തിന് ശേഷമാണ് ജാമ്യം.
രാവിലെ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത സ്വർണ്ണക്കടത്ത് കേസിലും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാകും.
No comments:
Post a Comment