Thursday, January 28, 2021

വെടിവെച്ചാലും മുന്നില്‍ നില്‍ക്കും; എത്രപേരെ ജയിലിലടയ്ക്കും? കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താനാകില്ല: കെ കെ രാഗേഷ്

ന്യൂഡല്‍ഹി > കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ കെ രാഗേഷ് എംപി. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യാം. വെടിവെച്ചാലും സമരമുഖത്ത് മുന്നില്‍ തന്നെ നില്‍ക്കും. അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. രാജ്യത്തെ കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും രാഗേഷ് പറഞ്ഞു.

ഗാസിപൂരില്‍ നിന്ന് അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്നാണ് പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ കൂടുതല്‍ ശക്തമായി സമരം തുടരുക തന്നെ ചെയ്യും. സമരസ്ഥലത്തേക്കുള്ള ജലവിതരണവും വൈദ്യുതിയും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു. താല്‍കാലിക ശൗചാലയങ്ങള്‍ നീക്കം ചെയ്തു.

രാജ്യത്തെ കര്‍ഷകരെ മുഴുവന്‍ ജയിലിലടച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് രാഗേഷ് ചോദിച്ചു. രണ്ട് മാസത്തിലേറെയായി കര്‍ഷകര്‍ തുടര്‍ച്ചായി സമരത്തിലാണ്. 150ലേറെ പേര്‍ ഇതിനിടയില്‍ മരണപ്പെട്ടു. എന്നിട്ടും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. കരിനിയമങ്ങള്‍ പിന്‍വലിക്കാത്ത പ്രധാനമന്ത്രിയെ എത്രകാലം രാജ്യം സഹിക്കുമെന്ന് കണ്ടറിയാമെന്നും രാഗേഷ് പറഞ്ഞു.

No comments:

Post a Comment