Saturday, January 23, 2021

അനശ്വരനായ നേതാജി

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും തീക്ഷ്‌ണവും ഉജ്വലവുമായ അധ്യായമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. 1930കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഗാന്ധിജിക്കൊപ്പം സ്വാധീനവും സമ്മതിയും അദ്ദേഹത്തിനുണ്ടായിരുന്നു. പുരോഗമനവാദികൾ, റാഡിക്കൽ സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, സാമ്രാജ്യത്വ വിരുദ്ധർ എന്നിങ്ങനെ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ നിശിതമായ പോരാട്ടത്തിനു തയ്യാറായ ദേശസ്നേഹികളുടെ വിപുലമായ കൂട്ടായ്മ രൂപപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഗാന്ധിജിയെ അങ്ങേയറ്റം ബഹുമാനിക്കുകയും  രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്യുമ്പോഴും ഗാന്ധിയൻ മാർഗം സ്വീകാര്യമായിരുന്നില്ല. അഹിംസാ സിദ്ധാന്തവും സന്ധിയും ചർച്ചകളും ഇന്ത്യയുടെ മോചനത്തിന് സഹായകമാകുമെന്ന് അദ്ദേഹം വിശ്വസിച്ചില്ല. “ചരിത്രത്തിലെ യഥാർഥ മാറ്റങ്ങൾ ഒന്നുംതന്നെ സാധ്യമാക്കിയത് ചർച്ചകളിലൂടെ ആയിരുന്നില്ല’ എന്ന് പ്രഖ്യാപിച്ചു. സന്ധികളില്ലാത്ത പോരാട്ടമായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ മാർഗം. രാജ്യത്തോടും ജനങ്ങളോടുമുള്ള കറകളഞ്ഞ ഐക്യദാർഢ്യവും അടിയുറച്ച ദേശസ്നേഹവുമാണ് നേതാജിയെന്ന പോരാളിയെ രൂപപ്പെടുത്തിയത്.

കേംബ്രിഡ്ജിൽനിന്ന് പഠനം പൂർത്തിയാക്കി ഇന്ത്യയിൽ എത്തിയ നേതാജി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ സിവിൽ സർവീസ് (ഐസിഎസ്) ഉപേക്ഷിച്ച്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോടുള്ള വിയോജിപ്പുമൂലം കൽക്കത്തയിലേക്ക് പോയി ചിത്തരഞ്ജൻ ദാസിനൊപ്പം പ്രവർത്തിച്ചു. 1924- ഏപ്രിലിൽ രൂപീകൃതമായ കൽക്കട്ട കോർപറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബംഗാൾ രാഷ്ട്രീയത്തിൽ സുഭാഷ് ചന്ദ്രബോസ് ശ്രദ്ധേയനായി. ചിത്തരഞ്ജൻ ദാസ് ആയിരുന്നു മേയർ. പിന്നീട് നേതാജി കൽക്കട്ട മേയറായും തെരഞ്ഞെടുക്കപ്പെട്ടു.

നേതാജിയുടെ ആശയലോകം

കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ചെറുപ്പക്കാരുടെ സംഘത്തിലെ പ്രധാനിയായി നേതാജി മാറി. നെഹ്റുവും സുഭാഷ് ചന്ദ്ര ബോസുമായിരുന്നു ഈ വിഭാഗത്തിന് നേതൃത്വം നൽകിയത്. ഗാന്ധിസവും അഹിംസാമാർഗവും സ്വീകരിച്ചുകൊണ്ട് നെഹ്റു സോഷ്യലിസത്തിനുവേണ്ടി വാദിച്ചപ്പോൾ സുഭാഷ് ചന്ദ്രബോസ് ഗാന്ധിസത്തെ നിരാകരിച്ചുകൊണ്ട് സോഷ്യലിസത്തെ സ്വീകരിച്ചു. ലെഫ്റ്റിസം തന്റെ രാഷ്ട്രീയദർശനമായി നേതാജി സ്വീകരിച്ചു. എന്നാൽ, ശാസ്ത്രീയ സോഷ്യലിസത്തിന്റെ സമ്പത്തികഘടനയോ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രമോ അതിന്റെ അടിസ്ഥാനപ്രമാണങ്ങളോട് ആഭിമുഖ്യം പുലർത്തുംവിധം ആന്തരവൽക്കരിക്കാനോ പ്രയോഗത്തിൽ വരുത്താനോ അദ്ദേഹം പരിശ്രമിച്ചതായി കാണുന്നില്ല. എന്നാൽ, സോഷ്യലിസത്തിലെ സാമ്രാജ്യത്വ വിരുദ്ധതയും തുല്യതാസങ്കൽപ്പവും അദ്ദേഹം സർവാത്മനാ സ്വീകരിച്ചു.

ഇന്നത്തെ ഇന്ത്യൻ ജീവിതദശയിൽ ലെഫ്റ്റിസം എന്നത് സാമ്രാജ്യത്വ വിരുദ്ധതയാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ലെഫ്റ്റിസം സോഷ്യലിസം തന്നെയാണ്. ദേശീയ ജീവിതത്തെ സോഷ്യലിസം അടിസ്ഥാനമായി പുനർനിർമിക്കുക എന്നതാണ് സ്വതന്ത്ര ഭാരതത്തിന്റെ ദേശീയ കടമ’ അദ്ദേഹം വ്യക്തമാക്കി. വലതുപക്ഷ നിലപാടുള്ളവരെ “സാമ്രാജ്യത്വവുമായി സന്ധി ചെയ്തവർ’ എന്നദ്ദേഹം വിമർശിച്ചു (ദ ഇൻഡ്യൻ സ്‌ട്രഗിൾ പേജ്‌–-28). ബാലഗംഗാധര തിലകിനെയും അരവിന്ദഘോഷിനെയുമെല്ലാം ഇടതുപക്ഷക്കാരായാണ് സുഭാഷ് ചന്ദ്രബോസ് വീക്ഷിച്ചത് (ദ ഇൻഡ്യൻ സ്‌ട്രഗിൾ പേജ്‌–-15). ദേശീയതയാൽ പ്രചോദിതമായ സാമ്രാജ്യത്വ വിരുദ്ധതയിലാണ് സോഷ്യലിസത്തെ നേതാജി പ്രതിഷ്ഠിച്ചത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ്‌ സാർവദേശീയത അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. അതേസമയം, ഗാന്ധിയൻ സോഷ്യലിസവും ഹിന്ദുത്വ സൈദ്ധാന്തികരായ ഡോ. മുഞ്ചേ, ശ്യാമപ്രസാദ് മുഖർജി എന്നിവരുടെ ഹിന്ദു സോഷ്യലിസവും നിരാകരിച്ചു. ഇന്ത്യയുടെ മതവൈവിധ്യവും ബഹുസ്വരതയും അദ്ദേഹം ഉയർത്തിപ്പിടിച്ചു.  എല്ലാ മതങ്ങൾക്കും തുല്യഅവകാശം  എന്നതായിരുന്നു നേതാജിയുടെ മുദ്രാവാക്യം.സ്വതന്ത്രഭാരതം സോഷ്യലിസ്റ്റ് മതനിരപേക്ഷമായിരിക്കണമെന്ന കാര്യത്തിൽ നിഷ്കർഷ പുലർത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദ -വലതുപക്ഷ വിഭാഗത്തെ തോൽപ്പിച്ച് 1938-ൽ അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിജിയുടെ സ്ഥാനാർഥിയായ പട്ടാഭി സീതാരാമയ്യയെയാണ് പരാജയപ്പെടുത്തിയത്. 1939-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസത്തെതുടർന്ന് രാജിവച്ചു. 1939-ൽ ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ചു. കെപിസിസി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് രാജിവച്ച് ഫോർവേഡ് ബ്ലോക്കിൽ ചേർന്നു. കേരള ഘടകത്തിന്റെ പ്രസിഡന്റായി അദ്ദേഹം അറിയപ്പെട്ടു. ബംഗാൾ പ്രവിശ്യയിൽ ഫോർവേഡ് ബ്ലോക്കിന് വലിയ പിന്തുണ ലഭിച്ചു. അഖിലേന്ത്യാടിസ്ഥാനത്തിൽ പാർടി കെട്ടിപ്പടുക്കാൻ കഴിയുംമുമ്പേ അദ്ദേഹത്തിന് ഇന്ത്യ വിടേണ്ടിവന്നു.

നേതാജിയുടെ സമരങ്ങൾ

രണ്ടാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ട സന്ദർഭത്തിൽ അച്ചുതണ്ടുശക്തികളുടെ സഹായത്തോടെ ഇന്ത്യയെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി സുഭാഷ് ചന്ദ്രബോസ് ജർമനിയിലേക്ക് പലായനം ചെയ്തു. യൂറോപ്പിലെ ജർമൻ അധിനിവേശ രാജ്യങ്ങളിലുണ്ടായിരുന്ന ഇന്ത്യക്കാരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ട ഇന്ത്യൻ സൈനികരെയും ചേർത്ത് ഇന്ത്യൻ ലീജിയൻ എന്ന സൈനികദളം രൂപീകരിച്ചു. ജർമൻ വിദേശ വകുപ്പിൽ ‘സ്പെഷ്യൽ ഇന്ത്യൻ ഡിപ്പാർട്ട്മെന്റും ബർലിനിൽ’ ഫ്രീ ഇന്ത്യ സെന്ററും സ്ഥാപിച്ചു. സ്ഥാനപതി കാര്യാലയത്തിനു തുല്യമായ പരിഗണന ഫ്രീ ഇന്ത്യാ സെന്ററിന്‌ ലഭിച്ചു. ബർലിനിലെ ഫ്രീ ഇന്ത്യാ സെന്ററാണ് ടാഗോറിന്റെ ‘ജനഗണമന’ ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്. കുതിച്ചുചാടുന്ന കടുവയുടെ ചിത്രം ആലേഖനം ചെയ്ത മൂവർണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു.

ഹിറ്റ്‌ലറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജപ്പാനിലേക്കു കടന്ന സുഭാഷ് ചന്ദ്രബോസ് 1943 ജൂലൈ നാലി-ന് റാഷ്ബിഹാരി ബോസ് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തു. ജൂലൈ അഞ്ചിന് ആസാദ് ഹിന്ദ് ഫൗജ് അഥവാ ഐഎൻഎ രൂപീകരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു. തുടർന്ന് സിംഗപ്പൂർ ആസ്ഥാനമായി ‘സ്വതന്ത്ര ഭാരത സർക്കാർ’ അഥവാ ആസാദ് ഹിന്ദ്  സർക്കാർ രൂപീകരിച്ചു. ഈ പ്രവാസി സർക്കാരിലെ ഏക വനിതാ അംഗം ഐഎൻഎയുടെ ഝാൻസി റെജിമെന്റിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. ജപ്പാന്റെ പിന്തുണയോടെ ഇന്ത്യയെ മോചിപ്പിക്കാൻ കഴിയുമെന്ന് നേതാജി കരുതി. ഐഎൻഎ പോരാളികൾ ഇംഫാൽ വരെ മുന്നേറുകയും ചെയ്തു. എന്നാൽ, ജപ്പാന്റെ പരാജയത്തോടെ ഐഎൻഎയും ചിതറപ്പെട്ടു. നിരവധി ഐഎൻഎ ഭടന്മാർ കൊല്ലപ്പെടുകയും അവശേഷിച്ചവർ ബ്രിട്ടീഷ് സർക്കാരിനു മുന്നിൽ കീഴടങ്ങുകയും ചെയ്തു. ഇന്ത്യൻ ദേശീയതയാൽ പ്രചോദിതമായ രാജ്യസ്നേഹികളുടെ മഹത്തായ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും വീരഗാഥയാണ് ഐഎൻഎ. 1945 ആഗസ്‌ത്‌ 18നു തായ്‌വാനിലെ തെയ്ഹോക് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടതോടെ നേതാജി ഇല്ലാത്ത ഭാരതം അനാഥമായി.

സുഭാഷ്‌ ചന്ദ്രബോസ്‌ ക്യാപ്റ്റൻ ലക്ഷ്മിക്കൊപ്പം ഐഎൻഎ പരേഡ്‌ പരിശോധിക്കുന്നു

നേതാജി എന്ന അത്ഭുതം

നേതാജിയുടെ മരണത്തിലെ ദുരൂഹത ഒരു സമസ്യയായി തുടരുന്നു. സുഭാഷ് ചന്ദ്രബോസ് തിരിച്ചുവരുമെന്നും ‘ഇന്ത്യൻ സോഷ്യലിസം’ സ്ഥാപിക്കുമെന്നും വിശ്വസിക്കുന്നവർ നിരവധിയാണ്. നെഹ്റു നിയമിച്ച ഷാനവാസ് കമീഷൻ, ഇന്ദിര ഗാന്ധിയുടെ കാലത്തെ ഖോസ്ലാ കമീഷൻ, വാജ്പേയി സർക്കാർ നിയമിച്ച മുഖർജി കമീഷൻ എന്നിവയ്ക്കൊന്നും ആ മരണത്തിലെ ദുരൂഹത നീക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ, നെഹ്റുവിന്റെ നിർദേശപ്രകാരം സോവിയറ്റ് യൂണിയനിൽവച്ച് നേതാജിയെ വധിച്ചെന്ന വാദവുമായി സുബ്രഹ്മണ്യ സ്വാമി രംഗത്തുവന്നു. എല്ലാത്തിനും നെഹ്റുവിൽ കുറ്റം കാണുന്ന ഹിന്ദുത്വ അജൻഡയാണ് ഇതിനു പിന്നിൽ. നെഹ്റുവിനെയും കമ്യൂണിസ്റ്റുകാരെയും സംശയത്തിന്റെ മുനയിൽ നിർത്താനുള്ള സൃഗാല തന്ത്രമാണിത്. വിഭജിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർ ദേശീയ ഐക്യത്തിന്റെ സമുദ്രശക്തി ആന്തരവൽക്കരിച്ച നേതാജിയുടെ ജീവിതവും മരണവും ദുരുപയോഗം ചെയ്യുന്നത് ചരിത്രത്തോടും രാഷ്ട്രത്തോടുമുള്ള കടുത്ത അനീതിയാണ്.

1945--_46 കാലത്ത് ഐഎൻഎ ഭടന്മാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിനെതിരെ ശക്തമായ പോരാട്ടം ഉയർന്നുവന്നു. ഐഎൻഎ പതാകയും ചെങ്കൊടിയുമേന്തി ആയിരക്കണക്കിന് രാജ്യസ്നേഹികൾ അണിനിരന്നു. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റ് - തൊഴിലാളി സംഘടനകളുമാണ് ഐഎൻഎ ഭടന്മാർക്കുവേണ്ടി സമരം ചെയ്തത്. 1946-ലെ നാവിക കലാപകാലത്തും റോയൽ ഇന്ത്യൻ നേവിയിലെ ഭടന്മാർക്കൊപ്പം തൊഴിലാളികളും കമ്യൂണിസ്റ്റുകാരും അണിനിരന്നു. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിനുശേഷം ഏറ്റവും ശക്തമായ സാമ്രാജ്യത്വവിരുദ്ധ ജനമുന്നേറ്റങ്ങളായിരുന്നു ഇവ രണ്ടും.

നേതാജിയുടെ അനുയായികൾ സ്വതന്ത്ര ഇന്ത്യയിൽ ഇടതുപക്ഷത്തിനൊപ്പം അണിനിരന്നു. ക്യാപ്റ്റൻ ലക്ഷ്മി ഇടതുപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർഥിയായി മത്സരിക്കുകയുണ്ടായി. അവരുടെ പുത്രി സുഭാഷിണി അലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ് (ക്യാപ്റ്റൻ ലക്ഷ്മി സിപിഐ എം അംഗമായിരുന്നു). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സോഷ്യലിസ്റ്റ് - ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും സംഘാടകരുമായി ഐഎൻഎ ഭടന്മാരും ഫോർവേഡ് ബ്ലോക്കും മാറി. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും നേതാജിയുടെ അനുയായികളും ആരാധകരും സജീവ സാന്നിധ്യമായി.

ഐഎൻഎയുടെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ച മലയാളികൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ വക്കം അബ്ദുൾ ഖാദർ, ടി പി  കുമാരൻ നായർ എന്നിവർ തൂക്കിലേറ്റപ്പെട്ടു. ക്യാപ്റ്റൻ ലക്ഷ്മിക്കൊപ്പം നാരായണിയമ്മാൾ, മിസിസ്‌ പി കെ  പൊതുവാൾ തുടങ്ങിയ വനിതകൾ ഐഎൻഎയുടെ ഭാഗമായി. എൻ രാഘവൻ, എ സി എൻ നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകര മേനോൻ, എൻ എ നായർ തുടങ്ങിയവർ ഐഎൻഎയുടെ മുന്നണി പോരാളികളായിരുന്നു. ക്യാപ്റ്റൻ ലക്ഷ്മി അടക്കമുള്ള ഐഎൻഎ ഭടന്മാർ പിന്നീട് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുമായി സഹകരിച്ചു പ്രവർത്തിച്ചു. അഖിലേന്ത്യാതലത്തിൽ സോഷ്യലിസ്റ്റ് -–-ഇടതുപക്ഷ–-കമ്യൂണിസ്റ്റ് ധാരയുമായി ഐക്യപ്പെട്ട് പ്രവർത്തിച്ച നേതാജിയുടെ അനുയായികൾ സാമ്രാജ്യത്വവിരുദ്ധ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പരിശ്രമിച്ചു.

എല്ലാ മതങ്ങളോടുമുള്ള സമഭാവന, സാമ്രാജ്യത്വ വിരുദ്ധത, കറകളഞ്ഞ ദേശീയത, സോഷ്യലിസം എന്നിങ്ങനെ നേതാജി മുന്നോട്ടുവച്ച ആശയങ്ങൾ സമകാലീന ഇന്ത്യയിൽ ഏറെ പ്രസക്തമാണ്. നേതാജി കഠിനമായി വിമർശിച്ച “സാമ്രാജ്യത്വവുമായി സന്ധി ചെയ്ത വലതുപക്ഷക്കാർ’ ഭരണകൂടത്തെ ആമൂലാഗ്രം നിയന്ത്രിക്കുന്ന വർത്തമാനകാലത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 ‘പരാക്രം ദിവസ്’ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ മോചനം ജനതയുടെ ഐക്യത്തിലും തുല്യതയിലും അധിഷ്ഠിതമാണെന്ന് ജീവിതംകൊണ്ടും പ്രവർത്തനംകൊണ്ടും തെളിയിച്ച അനശ്വരനായ നേതാജിയെ ആദരിക്കേണ്ടത് അദ്ദേഹം സ്വപ്നംകണ്ട ഇന്ത്യ യാഥാർഥ്യമാക്കിക്കൊണ്ടായിരിക്കണം. അവിടെ വിഭജിതരാഷ്ട്രീയത്തിനും വർഗീയ പ്രത്യയശാസ്ത്രങ്ങൾക്കും പ്രസക്തിയില്ല എന്നതാണ് യാഥാർഥ്യം.

ഡോ. പി ജെ വിൻസെന്റ്

No comments:

Post a Comment