യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്‌ആർടിസിയിൽ 100 കോടി രൂപ ചെലവഴിച്ചത് സംബന്ധിച്ച് കണക്കില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കൃത്യമായി കണക്ക് സൂക്ഷിക്കാതെ നടന്ന ഇടപാടുകൾക്ക് പിന്നിൽ സാമ്പത്തിക തിരിമറി ഉണ്ടോയെന്ന് സംശയിക്കുന്നതായി ധനകാര്യ അഡീഷണൽ സെക്രട്ടറി റിപ്പോർട്ട് നൽകി. സംഭവത്തിൽ, ക്രമക്കേട് നടന്ന കാലയളവിൽ അക്കൗണ്ട്‌സ് മാനേജരായിരുന്ന കെ എം ശ്രീകുമാറിനെ സ്ഥലം മാറ്റി. ചീഫ് ഓഫീസിലെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറുടെ ചുമതലയിൽനിന്ന് സെൻട്രൽ സോണിലെ (എറണാകുളം) ഭരണവിഭാഗത്തിലേക്കാണ് മാറ്റം.
2010–-11, 11–12, 12–-13 വർഷത്തെ വാർഷിക കണക്കുകൾ പരിശോധിച്ചപ്പോഴാണ് കോടികളുടെ തിരിമറി പുറത്തായത്. കാഷ് ബുക്കിൽ കൃത്യമായി കണക്ക് രേഖപ്പെടുത്താതെ കോടികൾ കൈകാര്യം ചെയ്‌തത് ഗുരുതരമായ കൃത്യവിലോപമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ധനകാര്യ അഡീഷണൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു. തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.
2010 മുതൽ ചീഫ് ഓഫീസിൽനിന്ന് വിവിധ യൂണിറ്റുകൾക്ക് നൽകുന്ന പണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വരവുചെലവുകൾ കൃത്യമായി എഴുതി സൂക്ഷിച്ചിരുന്നില്ല. ഇതേത്തുടർന്ന് കണക്കിൽ വ്യത്യാസംവന്ന തുക ‘സസ്‌പെൻസ്’ എന്ന ഹെഡിൽ എഴുതി മാറ്റുകയായിരുന്നു. പണം കൈമാറുമ്പോൾ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങൾപോലും പാലിക്കാതിരുന്നത് സാമ്പത്തിക ക്രമക്കേട് മറയ്‌ക്കാനാണോ എന്ന് സംശയിക്കുന്നു. ക്രമക്കേട് കണ്ടുപിടിക്കാൻ വിശദമായ പരിശോധന ആവശ്യമാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസി വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇതിനിടയിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്‌ചകൾ വരുത്തിയാൽ കർശന നടപടിയെടുക്കുമെന്നും സിഎംഡി ബിജു പ്രഭാകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
No comments:
Post a Comment