യുപി പൊലീസിന്റെ ഒഴിപ്പിക്കൽ ശ്രമം ചെറുത്തുതോൽപ്പിച്ച ഗാസിപുരിലെ സമരകേന്ദ്രത്തിലേക്ക് കർഷകപ്രവാഹം. വ്യാഴാഴ്‌ച രാത്രി ആരംഭിച്ച കർഷകരുടെ ഒഴുക്ക് വെള്ളിയാഴ്‌ചയും തുടർന്നു. ആയിരത്തിൽ താഴെ പ്രക്ഷോഭകരുണ്ടായിരുന്ന ഗാസിപുരിൽ വെള്ളിയാഴ്‌ച പകലോടെ പതിനായിരത്തിലേറെ പേരെത്തി. സിൻഘുവിനും ടിക്രിക്കുമൊപ്പം ശക്തമായ സമരകേന്ദ്രമായി ഡൽഹി–-യുപി അതിർത്തിയിലെ ഗാസിപുരും മാറി. ആയിരക്കണക്കിന് പൊലീസിനെയും അർധസേനയെയുമാണ് യുപി സർക്കാർ വിന്യസിച്ചത്. നിരോധനാജ്‌ഞയും പ്രഖ്യാപിച്ചു. കർഷകരെ ബലമായി ഒഴിപ്പിക്കാനുള്ള നീക്കമറിഞ്ഞ് രാത്രി യുപി, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന് ട്രാക്ടറുകളിലും മറ്റ് വാഹനങ്ങളിലുമായാണ് കർഷകർ പ്രവഹിച്ചത്.
ഭാരതീയ കിസാൻ യൂണിയൻ (ടിക്കായത്ത്) വിഭാഗത്തിൽപ്പെട്ട കർഷകരാണ് ഗാസിപുരിൽ സമരത്തിലുണ്ടായിരുന്നത്. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ടസംഭവങ്ങളെ തുടർന്ന് കോർപറേറ്റ് മാധ്യമങ്ങളും സംഘപരിവാരവും വലിയ പ്രചാരം അഴിച്ചുവിട്ടതോടെയാണ് യുപി പൊലീസ് സമരകേന്ദ്രത്തിലെത്തിയത്. സമരകേന്ദ്രം ഒഴിയാൻ ബികെയു നേതാവ് രാകേഷ് ടിക്കായത്തിനോട് ജില്ലാ ഭരണകൂടവും പൊലീസും നിർദേശിച്ചു. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഇതറിഞ്ഞ് കിസാൻസഭ നേതാക്കളായ ഹനൻ മൊള്ള, അശോക് ദാവ്‌ളെ, വിജൂ കൃഷ്‌ണൻ, കെ കെ രാഗേഷ്, പി കൃഷ്‌ണപ്രസാദ് തുടങ്ങിയവർ എത്തി ചർച്ച നടത്തി.
അതിനിടെ, ഗാസിയാബാദ് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ഒരു സംഘം കർഷകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കലക്ടറും കമീഷണറും അടക്കമുള്ളവർ പിന്നാലെയെത്തി സമരക്കാരെ ബലമായി നീക്കാൻ ശ്രമിച്ചു. കെ കെ രാഗേഷും ടിക്കായത്തും അടക്കമുള്ളവർ ചെറുത്തു. ഇതോടെ കലക്ടർക്കും കൂട്ടർക്കും മടങ്ങേണ്ടി വന്നു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം സമരകേന്ദ്രം സന്ദർശിച്ചു. കർഷകർക്ക് വെള്ളം അടക്കമുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് സിസോദിയ അറിയിച്ചു. മൂന്ന് കാർഷിക നിയമവും പിൻവലിക്കുംവരെ ഗാസിപുരിലെ കർഷകസമരം തുടരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
നാടാകെ കർഷകർക്കൊപ്പം , മുസഫർനഗറിൽ മഹാപഞ്ചായത്ത്
ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷകസമരത്തിന് പിന്തുണ അറിയിച്ച് മഹാപഞ്ചായത്ത് ചേർന്നു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മഹാപഞ്ചായത്ത് യുപി–- ഡൽഹി അതിർത്തിയിലെ ഗാസിപുർ സമരകേന്ദ്രത്തിലേക്ക് കൂട്ടമായി നീങ്ങാൻ തീരുമാനമെടുത്തു. നിയമങ്ങൾ പിൻവലിക്കുംവരെ ഗാസിപുരിൽ സമരത്തിലിരിക്കാനാണ് തീരുമാനം. ഗാസിപുർ സമരകേന്ദ്രം ഒഴിപ്പിക്കാൻ യുപിയിലെ ബിജെപി സർക്കാർ ശ്രമിച്ചതോടെയാണ് മഹാപഞ്ചായത്ത് ചേർന്നത്.
ഹരിയാനയിൽ പാനിപ്പത്ത് അടക്കം നിരവധി കേന്ദ്രങ്ങളിൽ കർഷകർ സമരം പുനരാരംഭിച്ചു. ഹരിയാനയിലെയും യുപിയിലെയും സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ അധികാരികൾ തീരുമാനമെടുത്തുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് കൂടുതൽ സമരകേന്ദ്രങ്ങൾ തുറന്നത്. ഗാസിപുരിലേക്ക് ട്രാക്ടറുകളിലും മറ്റുമായി കൂടുതൽ കർഷകരെ അയക്കാനും നിരവധി ഗ്രാമങ്ങളിൽ കിസാൻസഭ അടക്കം തീരുമാനിച്ചു.
കർണാൽ ടോൾപ്ലാസയ്‌ക്ക് പുറമെ ചണ്ഡിഗഢ് ദേശീയപാതയിലെ പാനിപ്പത്ത് ടോൾപ്ലാസയിലും കർഷകർ സമരം പുനരാരംഭിച്ചു. ടോൾപ്ലാസയിലെ പിരിവ് കർഷകർ അവസാനിപ്പിച്ചു. ആയിരക്കണക്കിന് കർഷകരാണ് പാനിപ്പത്തിൽ പ്രക്ഷോഭം പുനരാരംഭിച്ചത്. ഡൽഹി–- റോത്തക്ക് റോഡിലെ റൊഹഡ് ടോൾപ്ലാസയിലും കർഷകർ സമരം പുനരാരംഭിച്ചു.
മുംബൈ കലക്‌ട്രേറ്റിലേക്ക് ഇരച്ചെത്തി കര്‍ഷകര്‍
മുംബൈ കേന്ദ്ര സർക്കാരിന്റെ കർഷകനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈ കലക്‌ട്രേറ്റിനുമുന്നിൽ പ്രതിഷേധം. പുതിയ നിയമങ്ങൾ കോർപറേറ്റുകൾക്കുമാത്രമാണ് ഗുണം ചെയ്യുകയെന്ന് മുംബൈ സബർബൻ കലക്‌ട്രേറ്റിനുമുന്നിൽ സംഘടിച്ച കര്‍ഷര്‍ ചൂണ്ടിക്കാട്ടി.മഹാരാഷ്ട്ര മന്ത്രി ബച്ചു കടുവിന്റെ നേതൃത്വത്തിലുള്ള ‘പ്രഹാർ’ എന്ന സംഘടനയുടെ പിന്തുണയോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കർണാൽ തിരിച്ചുപിടിച്ച് കർഷകർ
ഹരിയാനയിലെ കർണാലിൽ പൊലീസും സംഘപരിവാറുകാരും ചേർന്നൊഴിപ്പിച്ച ഡൽഹി–- ചണ്ഡിഗഢ് ദേശീയപാതയിലെ സമരകേന്ദ്രം കർഷകർ വീണ്ടും തുറന്നു. വെള്ളിയാഴ്‌ച നൂറുകണക്കിന് കർഷകർ കർണാൽ ടോൾ പ്ലാസയിലെ സമരകേന്ദ്രത്തിലെത്തി പ്രക്ഷോഭം പുനരാരംഭിച്ചു. ടോൾ പ്ലാസയിലെ പിരിവ് അവസാനിപ്പിച്ചാണ് കർഷകസമരം. ഹരിയാനയിലെ മറ്റ് കേന്ദ്രങ്ങളിലും കർഷകർ സമരം പുനരാരംഭിച്ചു.
വ്യാഴാഴ്‌ചയാണ് സമരക്കാരെ പൊലീസ് ബലമായി ഒഴിപ്പിച്ചത്. വെള്ളിയാഴ്‌ച രാവിലെ നൂറുകണക്കിന് കർഷകർ സമരകേന്ദ്രത്തിലേക്ക് മാർച്ച് ചെയ്‌തെത്തിയതോടെ ടോൾപ്ലാസയിലെ പിരിവ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. മൂന്ന് കാർഷിക നിയമവും സർക്കാർ പിൻവലിക്കുംവരെ കർണാൽ ടോൾപ്ലാസയിലെ സമരം തുടരുമെന്ന് കർഷകർ പ്രഖ്യാപിച്ചു.
No comments:
Post a Comment