ഫെബ്രുവരി 6ന് എല്‍ഡിഎഫിന്റെ സായാഹ്ന പ്രതിഷേധം
തിരുവനന്തപുരം > കര്‍ഷക സമരത്ത അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം ഒത്തുതീര്‍പ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും സേനകളെ ഉപയോഗിച്ച് സമരക്കാരെ മര്‍ദ്ദിച്ച് ഒതുക്കുകയുമാണ് ചെയ്യുന്നത്. മുഖം മൂടിയിട്ട് വന്ന് ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ കര്‍ഷകരെ മര്‍ദ്ദിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വലിയ കളങ്കമേറ്റ ദിവസമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം രാജ്യവ്യാപകമായി വളര്‍ന്നുവരും. കേരളത്തില്‍ ഇടതുപക്ഷവും വിശേഷിച്ച് സിപിഐ എമ്മും ഈ പ്രക്ഷോഭങ്ങളുടെ മുന്നില്‍ അണിനിരക്കും. ഫെബ്രുവരി 6ന് എല്‍ഡിഎഫ് സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വളരെ അപകടരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ഈ നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമാണ് റിപ്പബ്ലിക് ദിനത്തിലും കണ്ടത്.
ജനജീവിതത്തെ പ്രയാസകരമാക്കുന്ന നയങ്ങള്‍ നിര്‍ബാധം തുടരുകയാണ്. പെട്രോളിയം ഉള്‍പന്നങ്ങളുടെ വില ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ തൊഴില്‍ നഷ്ടപ്പെട്ടു. തീവ്രവര്‍ഗീയതയ്ക്കപ്പുറത്ത് ജനങ്ങള്‍ക്ക് അനുകൂലമായതൊന്നും ബിജെപി ഭരണം നല്‍കിയിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
പാര്‍ലമെന്റിലേക്ക് ഇടത് എംപിമാരുടെ മാര്‍ച്ച്; പൊലീസിനെ മറികടന്ന് പ്രതിഷേധം
ന്യൂഡല്‍ഹി > കര്‍ഷകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും കാര്‍ഷിക നിയമങ്ങളിലും പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. പാര്‍ലമെന്റിലേക്ക് എംപിമാര്‍ മാര്‍ച്ച് ചെയ്യുകയാണ്. പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞുവെങ്കിലും എംപിമാര്‍ മുന്നോട്ടുനീങ്ങി.
കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച പ്രതിപക്ഷപാര്‍ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ക്കു പുറമെ കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, ആര്‍ജെഡി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ്, എംഡിഎംകെ, കേരള കോണ്‍ഗ്രസ്, എഐയുഡിഎഫ് പിഡിപി തുടങ്ങിയ പാര്‍ടികള്‍ ബഹിഷ്‌കരണത്തില്‍ പങ്കാളികളാകും. ടിആര്‍എസ് അടക്കമുള്ള ചില കക്ഷികള്‍കൂടി പങ്കുചേര്‍ന്നേക്കും.
സിംഘുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണം; ടെന്റുകള്‍ പൊളിച്ചു; അതിര്‍ത്തിയില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി > കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുനേരെ ആക്രമണം. തദ്ദേശവാസികള്‍ എന്ന വ്യാജേന എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചു.
ടെന്റുകള്‍ പൊളിച്ചുനീക്കാനുള്ള അക്രമികളുടെ ശ്രമം കര്‍ഷകര്‍ ചെറുത്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.
കര്‍ഷക സമരത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസുമായി ബന്ധമുള്ളവരെ അയയ്ക്കുന്നതായി കര്‍ഷകര്‍ നേരത്തേ ആരോപിച്ചിരുന്നു. മുന്‍പ് സമരത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അക്രമിയെ കര്‍ഷകര്‍ തന്നെ പിടികൂടിയിരുന്നു.
ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കും: ഡല്‍ഹി ഉപമുഖ്യമന്ത്രി
ന്യൂഡല്‍ഹി> കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളമെത്തിക്കും.കുടിവെള്ളം, ശൗചാലയം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി അറിയിച്ചു.സമരസ്ഥലത്തെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ഇക്കാര്യം അറിയിച്ചത്.
കര്‍ഷക സമരത്തെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണവും വൈദ്യുതി വിതരണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി സര്‍ക്കാര്‍ രംഗത്തെത്തിയത്.
No comments:
Post a Comment