ന്യൂഡൽഹി > ബാലാകോട്ട് മിന്നലാക്രമണമടക്കം രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ റിപ്പബ്ലിക് ടിവി എഡിറ്ററും സംഘപരിവാർ അനുകൂലിയുമായ അർണബ് ഗോസ്വാമി മുൻകൂട്ടി അറിഞ്ഞതിന്റെ തെളിവ് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലാതെ കേന്ദ്ര സർക്കാരും ബിജെപിയും. അർണബിന്റെ വാട്‌സാപ് ചാറ്റ് ആയുധമാക്കി പാകിസ്ഥാൻ നടത്തിയ രൂക്ഷ വിമർശങ്ങളോട് വിദേശമന്ത്രാലയം പ്രതികരിച്ചിട്ടില്ല. സൈന്യത്തിന്റെ മിന്നലാക്രമണം അർണബ് മുൻക്കൂട്ടി അറിഞ്ഞതെങ്ങനെ ചോദ്യത്തോട് പ്രതിരോധ മന്ത്രാലയവും മിണ്ടുന്നില്ല. അർണബിന് വിവരങ്ങള്‍ ചോർത്തിനല്‍കിയെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം പകരുന്നതാണ് കേന്ദ്രത്തിന്റെ കുറ്റകരമായ മൗനം.
അർണബും ചാനൽ റേറ്റിങ് ഏജൻസിയായ ബാർക്ക് മുൻ സിഇഒ പാർത്ഥോ ദാസ്‌ഗുപ്‌തയുമായുള്ള വാട്‌സാപ് ചാറ്റിലാണ് വിവാദ പരാമർശങ്ങള്‍. ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസിന്റെ അന്വേഷണത്തിലാണ് ചാറ്റുകൾ കണ്ടെത്തിയത്. 2017 മുതൽ 2020 വരെയുള്ള ചാറ്റാണ് പുറത്തുവന്നത്. ഭീകരാക്രമണങ്ങളും അതിർത്തിസംഘർഷവുമെല്ലാം സംഘപരിവാറും റിപ്പബ്ലിക്ക് ടിവിയുമെല്ലാം ഏതുവിധം തെരഞ്ഞെടുപ്പ് നേട്ടത്തിനും റേറ്റിങ് നേട്ടത്തിനും ഉപയോഗപ്പെടുത്തിയെന്ന് ചാറ്റുകളിൽ വ്യക്തം. 40 ഭടൻമാർ കൊല്ലപ്പെട്ട 2019 ഫെബ്രുവരി 14 ലെ പുൽവാമ ഭീകരാക്രമണം ചാനലിന് വലിയ റേറ്റിങ് നേട്ടമുണ്ടാക്കിയതായി അർണബ് പാർത്ഥോയെ അറിയിക്കുന്നുണ്ട്.
രഹസ്യം ചോർത്തിയത് മോഡിയെന്ന് രാഹുൽ
ബാലാക്കോട്ട് മിന്നലാക്രമണ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതിനാല്‍ വിഷയത്തിൽ അന്വേഷണമുണ്ടാകില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യം ചോർത്തിനൽകുന്നത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണ്, രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശരിയായ ചാനൽ റാങ്കിങ് പുറത്തുവിടണം: എൻബിഎ
ബാർക്ക് ഉദ്യോഗസ്ഥരുമായി ചേർന്ന് റിപ്പബ്ലിക് ടിവി ചാനൽ റേറ്റിങ്ങിൽ കൃത്രിമം നടത്തി മുന്നിലെത്തിയത് മറ്റ് ചാനലുകൾക്ക് വലിയ സാമ്പത്തികനഷ്ടം വരുത്തിയതായി നാഷണൽ ബ്രോഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷൻ പറഞ്ഞു. കൃത്രിമം കാട്ടിയ റിപ്പബ്ലിക് ചാനലിന്റെ റേറ്റിങ് രേഖകൾ പൂർണമായും റദ്ദുചെയ്‌ത് ശരിയായ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ തുടക്കംമുതലുള്ള ചാനൽ റാങ്കിങ് പുറത്തുവിടണം. ഇന്ത്യൻ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷനിൽനിന്ന് റിപ്പബ്ലിക് ടിവിയെ പുറത്താക്കണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
ഔദ്യോഗിക രഹസ്യനിയമം ചുമത്താൻ മഹാരാഷ്ട്ര
മിന്നലാക്രമണം അടക്കമുള്ള വിവരം അർണബ് ഗോസ്വാമിക്ക് ചോർന്നുകിട്ടിയ സംഭവത്തിൽ ഔദ്യോഗിക രഹസ്യനിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രയോഗിക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് മഹാരാഷ്ട സർക്കാർ. ഔദ്യോഗിക രഹസ്യനിയമപ്രകാരം നടപടി സാധ്യമാകുമോയെന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു.
എം പ്രശാന്ത്
No comments:
Post a Comment