തിരുവനന്തപുരം> മതാധിഷ്ടിത രാഷ്ട്രീയ ചേരിയുമായി കേരളത്തിലെ കോണ്‍ഗ്രസ് കൂടുതലായി കൂട്ടുകെട്ടിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെട്ടു. അതവര്‍ തുടരും എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
മുസ്ലിം ജനവിഭാഗത്തെ മതാധിഷ്ടിത രാഷ്ട്രീയ ചേരിയില്‍ അണിനിരത്തുക എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ആ പ്രവര്‍ത്തനം വിപുലപ്പെടാത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരം ഒരു മുന്നണി കോണ്‍ഗ്രസ് രൂപീകരിച്ചത് കണ്ടുപിടിക്കപ്പെട്ടു. ആ മുന്നണിയെ ജനം നിരാകരിച്ചു. ഇപ്പോഴും കോണ്‍ഗ്രസ് ജമാ അത്ത് ബന്ധം തുടരുകയാണ്. നിരവധി പഞ്ചായത്തില്‍ ജമാ അത്ത് പിന്തുണയില്‍ കോണ്‍ഗ്രസുകാര്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയാണെന്നുംവിജയരാഘവന്‍ പറഞ്ഞു.
ഇത് നാടിന് ഗുണം നല്‍കുന്ന രാഷട്രീയ കൂട്ടുകെട്ടല്ല. ഇവിടെ ഹിന്ദുത്വ ശക്തികള്‍ നാട്ടില്‍ അപകടകരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുകയാണ്. ആ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം സമൂഹത്തില്‍ സൃഷ്ടിച്ച് മതപരമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നിലപാടിനെ എതിര്‍ക്കുക എന്നതാണ് പ്രധാനം. അതിന് പകരം മറ്റൊരു മതമൗലിക ചേരി ഉണ്ടാക്കുകയാണ്. ഒരു ഘട്ടത്തിലും ഒരു ചാഞ്ചാട്ടവും ഈ വിഷയത്തില്‍ സിപിഐ എമ്മിനുണ്ടായിട്ടില്ല. രാജ്യത്ത് ഉറച്ച മതനിരപേക്ഷ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ എം.
എല്ലാ സന്ദര്‍ഭത്തിലും സിപിഐ എം കൃത്യ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അവരൊന്നൊന്നായി ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്ത് കളഞ്ഞു. പൗരത്വ ഭേഗദഗതി നിയമം പാസാക്കി . ഈ സന്ദര്‍ഭത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത് സിപിഐ എം ആണ്. മതേതരത്വത്തിന് വിരുദ്ധമായി അയോധ്യയില്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തുന്നതില്‍ വിമര്‍ശിച്ചത് സിപിഐ എമ്മാണ് .
കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പൗരത്വ നിയമത്തിന് എതിരായി എല്ലാവരേയും ഒരുമിപ്പിക്കാനാണ് ശ്രമിച്ചത്. ആ സിപിഐ എമ്മിനെയാണ് ജമാ അത്തെ ഇസ്ലാമി എതിര്‍ക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിനെ വര്‍ഗീയവാദികള്‍ എന്ന് വിളിക്കുന്നു. അയോധ്യക്ഷേത്ര നിര്‍മാണത്തിന് വെള്ളികൊണ്ട് ഇഷ്ടിക കൊടുത്തത് കമല്‍നാഥാണ്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ജമാ അത്തെ ഇസ്ലാമിക്ക് കൃത്യമായ അജണ്ടയുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ അപകടകരമായ നിലപാടിനെ മുസ്ലീം വിഭാഗത്തിലെ ധാരാളം സംഘടനകള്‍ നിശിതമായി വിമര്‍ശിക്കുന്നു. അവരുമായി രാഷ്ട്രീയ ലാഭത്തിന് കൂട്ടുകൂടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. അതിനെ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി
No comments:
Post a Comment