Saturday, January 23, 2021

കോൺഗ്രസ്‌വിരുദ്ധ ലേഖനം പ്രബോധനത്തിൽനിന്ന്‌ ഒഴിവാക്കി; ജമാഅത്തെ ഇസ്ലാമിയിൽ പുതിയ വിവാദം

കോഴിക്കോട്‌> കോൺഗ്രസിനെതിരായ ലേഖനം മുഖവാരികയിൽനിന്ന്‌ ഒഴിവാക്കിയതിനെച്ചൊല്ലി ജമാഅത്തെ ഇസ്ലാമിയിൽ വിവാദം. ജമാഅത്തെ  മുഖവാരിക പ്രബോധനത്തിൽനിന്ന്‌ ലേഖനം വെട്ടിയതാണ്‌  ചർച്ചയാകുന്നത്‌. ജമാഅത്തെ ഉന്നതനും മാധ്യമം എഡിറ്ററുമായ ഒ അബ്ദുറഹ്മാനാണ്‌ (എ ആർ) സെൻസറിങ്ങിനിരയായത്‌. വെള്ളിയാഴ്‌ച പുറത്തിറങ്ങിയ പ്രബോധനത്തിലാണ്‌  വെട്ടിനിരത്തൽ‌.

‘അധ്യായം അട‌യ്‌ക്കുമ്പോൾ കോൺഗ്രസ്‌ മറക്കരുതാത്തത്‌’ എന്ന അബ്ദുറഹ്മാന്റെ ലേഖനത്തിന്റെ ശീർഷകം പ്രബോധനത്തിന്റെ കവറിലുണ്ട്‌. എന്നാൽ വാരികയുടെ അമ്പതുപേജ്‌ മറിച്ചാലും ലേഖനം കാണാനാകില്ല. കവറിൽ സൂചിപ്പിച്ച മറ്റു ‌ലേഖനങ്ങളെല്ലാം കൃത്യമായി നൽകിയപ്പോഴാണീ വെട്ടിനിരത്തൽ. ‘അകക്കണ്ണ്‌’ എന്ന പേരിൽ അബ്ദുറഹ്മാൻ വർഷങ്ങളായി തുടരുന്ന  പംക്തിയിലായിരുന്നു കോൺഗ്രസ്‌ വിരുദ്ധ പരാമർശമുള്ള ലേഖനം വരേണ്ടത്‌. ‌കോൺഗ്രസിന്‌ എതിരായതിനാൽ  അകക്കണ്ണടക്കം ഒഴിവാക്കിയാണീ ലക്കം പ്രസിദ്ധീകരിച്ചത്‌.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്‌ പ്രകടിപ്പിച്ച  ജമാഅത്തെ വിരോധത്തിലുള്ള എതിർപ്പ്‌ ചൂണ്ടിക്കാട്ടി വിമർശിക്കുന്നതായിരുന്നുവത്രെ ലേഖനം.  കോൺഗ്രസ്‌ വിമർശനം പാടില്ലെന്ന ഒരു വിഭാഗത്തിന്റെ നിലപാടിനാലാണ്‌ എ ആറും ലേഖനവും പുറത്തായത്‌. എന്നാൽ കവർസ്‌റ്റോറി ഒഴിവാക്കിയത്‌ സാങ്കേതിക പ്രശ്‌നമാണെന്ന്‌ പ്രബോധനം എക്‌സി. എഡിറ്റർ അഷ്‌റഫ്‌ കീഴുപറമ്പ്‌ പറഞ്ഞു.  

ഇടതുപക്ഷത്തെ അനവസരത്തിൽ കടന്നാക്രമിക്കുന്നതിലും മുസ്ലിംലീഗ്‌ ബന്ധത്തിലും ജമാഅത്തെക്കുള്ളിൽ ഭിന്നത ശക്തമാണ്‌. വെൽഫെയർ പാർടി  യുഡിഎഫുമായി ചേരുന്നതിൽ എതിരുള്ള വിഭാഗവുമുണ്ട്‌‌.

No comments:

Post a Comment