കാസർകോട് വികസന പാക്കേജിന് 125 കോടി
ജില്ലയിൽ എൽഡിഎഫ് സർക്കാർ തുടക്കമിട്ട സമഗ്രവികസനത്തിന് വേഗത പകർന്ന് സംസ്ഥാന ബജറ്റ്. നാലര വർഷം നടന്ന സമാനതയില്ലാത്ത വികസനത്തിന്റെ തുടർച്ചയ്‌ക്കാണ് ഊന്നൽ. എല്ലാമേഖലകളെയും വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്നു. ജില്ലയുടെ വികസനത്തിന് മുഖ്യപങ്ക് വഹിക്കുന്ന കാസർകോട് വികസന പാക്കേജിന് 125 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റിൽ 75 കോടിയാണ് നീക്കിവച്ചത്. വമ്പൻ പദ്ധതിയായ കൊച്ചി–- മംഗളൂരു വ്യവസായിക ഇടനാഴിയിൽ പ്രമുഖ സ്ഥാനം കാസർകോടിനായിരിക്കും. 50,000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികളിൽ കാസർകോടിനെ ഉൾപ്പെടുത്തി. ടൂറിസത്തിന് മുതൽ കൂട്ടാവുന്നതും ചെറുവിമാനങ്ങൾ ഇറക്കാൻ കഴിയുന്നതുമായ പെരിയ എയർസ്‌ട്രിപ്പ് യാഥാർഥ്യമാകുമെന്നും ഉറപ്പാക്കി. പെരിയ അടക്കമുള്ള സംസ്ഥാനത്തെ മൂന്ന് എയർസ്‌ട്രിപ്പുകൾക്ക് ഡിപിആർ തയ്യാറാക്കാൻ ഒമ്പത് കോടി രൂപ അനുവദിച്ചു.
ജില്ലയിലെ ആശുപത്രികളെല്ലാം മികവുറ്റതാക്കുന്നതിന് പുറമേ കാസർകോട് മെഡിക്കൽ കോളേജിൽ സ്‌പെഷ്യാലിറ്റി സംവിധാനം ഒരുക്കും. ജീവനക്കാരുടെ പുതിയ തസ്‌തികകൾ സൃഷ്ടിക്കും. ബേക്കൽ ടൂറിസത്തിന് ഉത്തേജനം പകരാൻ ബിആർഡിസിക്ക് 2.5 കോടി അനുവദിച്ചു. എൻഡോസൾഫാൻ ബാധിതരെയും മറന്നില്ല. 19 കോടി രൂപയാണ് നീക്കിവച്ചത്.
ദേശീയപാത എൻഎച്ച് 66, മലയോര ഹൈവയുടെ റീച്ചുകളുടെ പൂർത്തീകരണം എന്നിവക്ക് ഊന്നൽ നൽകുന്നു. തീരദേശ മേഖലയ്ക്കായുള്ള 5000 കോടി രൂപയുടെ പാക്കേജും ടൂറിസം കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 117 കോടിയുടെ പാക്കേജും ഉൾനാടൻ മത്സ്യബന്ധനത്തിനും മത്സ്യ കൃഷിയ്ക്കും 92 കോടി പ്രഖ്യാപിച്ചതും ജില്ലക്ക് ഗുണം ചെയ്യും. പ്രവാസി തൊഴിൽ പദ്ധതിയ്ക്കായി 100 കോടി വകയിരുത്തിയതിലൂടെ പ്രവാസികൾ ഏറെയുള്ള ജില്ലക്ക് മുതൽകൂട്ടാകും.
കാർഷികമേഖലയിൽ രണ്ട് ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമ്പോൾ പ്രഥമസ്ഥാനം ജില്ലയ്‌ക്കായിരിക്കും. പട്ടികജാതി പട്ടിക വർഗവിഭാഗങ്ങളിൽ മുഴുവൻ കുടുംബങ്ങൾക്കും ലൈഫ് മിഷനിലൂടെ വീട് ലഭിക്കും. ജനസംഖ്യയിൽ സ്‌ത്രീകൾ കൂടുതലുള്ള ജില്ലയിൽ അവർക്കായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. യുവജനങ്ങൾക്ക് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചു നൂതന തൊഴിൽ സംരംഭങ്ങളും ആവേശം പകരുന്നതാണ്. കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയോടെ പൂർത്തിയാവുമ്പോൾ ജില്ലയിലും വൻ കുതിച്ചു ചാട്ടമുണ്ടാവും.
നീലേശ്വരത്തും ചെറുവത്തൂരും മിനി സിവിൽ സ്‌റ്റേഷനുകൾ
സംസ്ഥാന ബജറ്റിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ നിരവധി പദ്ധതികൾക്ക് പരിഗണന. നീലേശ്വരം, ചെറുവത്തൂർ നഗരങ്ങളിൽ മിനിസിവിൽ സ്‌റ്റേഷൻ സ്ഥാപിക്കുന്നതിന് അഞ്ചു കോടി രൂപ വീതം നീക്കിവെച്ചു. കൊടക്കാട് ഫോക്‌ലോർ വില്ലേജിന് അഞ്ചുകോടിയുണ്ട്. നീലേശ്വരം ബസാർ -തളിയിൽ അമ്പലം റോഡ് നിർമാണത്തിന് അഞ്ച്കോടി രൂപ അനുവദിച്ചു.
നിലേശ്വരം സെന്റ് ആൻസ് യുപി സ്‌കൂളിന് സമീപം റെയിൽവേ മേൽപാലം, പിലിക്കോട് ചന്തേര റെയിൽവേ മേൽപാലം, വീരമലകുന്ന് ടൂറിസം പദ്ധതി, നിലേശ്വരം മുണ്ടേമ്മാട് റോഡ് പാലം, കോട്ടപ്പുറം മാട്ടുമ്മൽ കടിഞ്ഞിമൂല റോഡ്പാലം, കൊയോങ്കര ഗവ.ആയുർവേദ ആശുപത്രിക്ക് പ്രത്യേക ബ്ലോക്ക് നിർമാണം, കയ്യൂർ കർഷക സമര ചരിത്രമ്യൂസിയം, വലിയപറമ്പ ദ്വീപ് പഞ്ചായത്തിൽ കടലാക്രമണ പ്രതിരോധ പദ്ധതി, നീലേശ്വരം മുനിസിപ്പാലിറ്റിയിൽ കല്ലളൻ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയം, തൃക്കരിപ്പൂർ ഫയർസ്‌റ്റേഷന് പ്രത്യേക ബ്ലോക്ക് നിർമാണം, ചീമേനിയിൽ ഗവ. ഹയർസെക്കൻഡറി സ‌്കൂൾ സ്‌റ്റേഡിയം നിർമാണം, തൃക്കരിപ്പൂരും അനുബന്ധ പഞ്ചായത്തുകളിലുമായി സമഗ്ര കുടിവെള്ള പദ്ധതി, ചീമേനി പിഡബ്ലൂഡി റെസ്‌റ്റ് ഹൗസ് നിർമാണം, നീലേശ്വരത്ത് ലോ അക്കാദമി ആൻഡ് ലീഗൽ സ്‌റ്റഡി സെന്റർ, ഭീമനടി ചീമേനി എന്നിവിടങ്ങളിൽ ഫയർസ്‌റ്റേഷൻ, ചെറുവത്തൂർ ടെക്‌നിക്ൽ ഹൈസ്‌കൂൾ ക്യാമ്പസിൽ സർക്കാർ എൻജിനിയറിങ് കോളേജ്, ചെറുവത്തൂർ സബ് രജിസ്‌ട്രാർ ഓഫീസ്, ചീമേനിയിൽ കേരള വെറ്റിനറി സവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രവും തുടങ്ങിയ പ്രവൃത്തികൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി.
പ്രത്യാശയോടെ ആശമാർ
ആയിരം രൂപയുടെ ഓണറേറിയം വർധന ആശമാർക്ക് ആശ്വാസമായി. വിവിധ ബജറ്റുകളിൽ അവരെ സംസ്ഥാന സർക്കാർ ചേർത്തു പിടിച്ചതാണ് നിലവിൽ ലഭിക്കുന്ന ആനുകൂല്യവർധന. ബജറ്റിൽ ആശമാരുടെ വേതന പരിഷ്കരണത്തിന് പ്രത്യേകം തുക വകയിരുത്തിയതുമൂലം 5000 രൂപ പ്രതിമാസം ലഭിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ പ്ര വൃത്തിയെടുക്കുന്ന ഇതര സംസ്ഥാനങ്ങളിലെ ആശുമാർക്ക് ഇതിലും കുറഞ്ഞ വേതനമാണ്. നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ കീഴിലാണ് ആശമാർ. നഗരപ്രദശങ്ങൾകൂടി നാഷണൽ ഹെൽത്ത് മിഷന്റെ പരിധിയിൽ വന്നതോടെ എൻആർഎച്ച്എം എൻഎച്ച്എമ്മായി. ആരോഗ്യ മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും ജീവനക്കാരുടെ വേതന കാര്യങ്ങൾ നോക്കാനുള്ള ചുമതല സംസ്ഥാനങ്ങൾക്കാണ്. എൻഎച്ച്എം കരാർ ജീവനക്കാരുടെ വേതനം പരിഷ്കരിക്കുകയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത് സർക്കാർ ഉത്തരവ് വന്നു. ആശമാരുടെ വേതന ഘടന ഇനിയും നിശ്ചയിക്കപ്പെടാത്ത സാഹചര്യത്തിലാണ‌് സംസ്ഥാന സർക്കാർ എല്ലാ ബജറ്റിലും തുക വർധന വരുത്തുന്നുത‌്.
എല്ലാ മേഖലയിലും ഉണർവ് പകരുന്ന ബജറ്റ്: എം വി ബാലകൃഷ്‌ണൻ
ജില്ലയുടെ വികസനക്കുതിപ്പിന് ആക്കം കുട്ടുകയും എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ ചേർത്തുപിടിക്കുകയും ചെയ്യുന്ന എൽഡിഎഫ് സർക്കാർ ബജറ്റ് അഭിനന്ദനമർഹിക്കുന്നുവെന്ന് സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന്റെ തുടർച്ച മുന്നിൽകണ്ട് കാസർകോട് പാക്കേജ് 75 കോടിയിൽ നിന്ന് 125 കോടിയായി വർധിപ്പിച്ചു. കൊച്ചി –-മംഗളൂരു വ്യവസായ ഇടനാഴിയിൽ ഉൾപ്പെടുത്തിയതിലുടെ ജില്ലയെ മാറ്റത്തിന്റെ പുതുവഴിയിലേക്കാണ് നയിക്കുന്നത്. പെരിയ എയർ സ്‌ട്രിപ്പിന് പച്ചക്കൊടി കാട്ടി. മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റിയാക്കാനുള്ള വഴിയൊരുക്കി. കഴിഞ്ഞ നാലര വർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ കുതിപ്പാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അതോടൊപ്പം ദുർബല വിഭാഗങ്ങളെ ഒന്നടങ്കം ചേർത്തുപിടിക്കുന്നു. പെൻഷൻ വർധിപ്പിച്ചതടക്കമുള്ള കാര്യങ്ങൾ അതിന് തെളിവാണ്. കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം കൃഷിക്കാരെ മണ്ണിലിറങ്ങാൻ പ്രേരിപ്പിക്കുന്ന നിലയിൽ നെല്ലിന്റെതടക്കം തറവില കൂട്ടി. യുവജനങ്ങളെയും വനിതകളെയും പ്രത്യേകമായി പരിഗണിക്കുകയും അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള നൂതന തൊഴിൽ മേഖലകൾ തുറന്നുകൊടുക്കുകയും ചെയ്‌തത് ശ്ലാഘനീയമാണ്. ജില്ലയുടെ എല്ലാ മേഖലകളിലും ബജറ്റ് പുത്തനുണർവ് പകരും–- പ്രസ്‌താവനയിൽ പറഞ്ഞു.
ബജറ്റ് കവറിൽ താരമായി ജീവൻ
ബജറ്റ് പ്രസംഗത്തിന്റെ കവർചിത്രത്തിലൂടെ താരമായി ജീവൻ. കാസർകോട് ഇരിയണ്ണി പിഎഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ ജീവൻ വരച്ച ചിത്രമാണ് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തിന്റെ മലയാളം പതിപ്പിന്റെ കവറിൽ ഉപയോഗിച്ചത്. ജെൻഡർ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ.
അങ്കണവാടിയിൽ പഠിക്കുമ്പോൾ മുതൽ കൈയിൽ ബ്രഷ് പിടിച്ചു തുടങ്ങിയതാണ് ജീവൻ. ചിത്രങ്ങൾ നന്നാവുന്നുണ്ടെന്ന് തോന്നിയപ്പോൾ അധ്യാപകൻ കൂടിയായ അച്ഛൻ സരീഷ് ഫേസ്‌ബുക്കിൽ 'ജീവന്റെ വരകൾ' എന്ന പേജ് ആരംഭിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തു. നാല് വയസ് മുതൽ വരച്ചു തുടങ്ങിയ ജീവന്റെ ഒട്ടുമിക്ക ചിത്രങ്ങളും ഇവിടെയുണ്ട്. 2020 പുതുവത്സരത്തിൽ ആരംഭിച്ച് 100 ദിവസം കൊണ്ട് 100 ചിത്രങ്ങൾ പൂർത്തിയാക്കി വിർച്വൽ പ്രദർശനവും സംഘടിപ്പിച്ചു.
ലോക്‌ഡൗൺ കാലത്ത് കുട്ടികളുടെ സർഗശേഷിയുടെ പ്രകാശനത്തിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അക്ഷരവൃക്ഷത്തിൽനിന്നാണ് തോമസ് ഐസക് സൃഷ്ടികൾ തിരഞ്ഞെടുത്തത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4947 വിദ്യാലയങ്ങളിൽ നിന്ന് 56399 സൃഷ്ടികൾ വന്നപ്പോൾ അതിൽ നിന്നാണ് ജീവന്റെ വരകൾ തെരഞ്ഞെടുത്തത്. അപ് ലോഡ് ചെയ്ത ചിത്രങ്ങളിലൊന്ന് എടുത്തോട്ടെ എന്ന് ചോദിച്ച് വിളി വന്നിരുന്നെങ്കിലും കവർചിത്രമായി തിരഞ്ഞെടുക്കുമെന്ന് ജീവന്റെ കുടുംബം പ്രതീക്ഷിച്ചില്ല. ഇരിയണ്ണി സ്‌കൂളിലെ അധ്യാപക ദമ്പതിമാരായ സരീഷും കെ വി റോഷ്‌നിയുടെയും മകനാണ് ജീവൻ. സഹോദരൻ: ജിനൻ. ബജറ്റിനെക്കുറിച്ചൊന്നുമറിയില്ലെങ്കിലും തന്റെ കുഞ്ഞൻ വരകൾ കവർ പേജായി എന്നറിഞ്ഞപ്പോൾ ജീവനും സന്തോഷം.
രജിത് കാടകം
No comments:
Post a Comment