റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടറുകൾ അണിനിരത്തി കിസാൻ പരേഡ് നടത്താൻ കർഷകസംഘടനകൾക്ക് അനുമതി. ശനിയാഴ്‌ച ഡൽഹി, യുപി, ഹരിയാന പൊലീസുമായി സംയുക്ത കിസാൻമോർച്ച പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് കേന്ദ്രം വഴങ്ങിയത്. സിൻഘു, തിക്രി, ഷാജഹാൻപുർ, പൽവൽ, ഗാസിപുർ എന്നീ അഞ്ച് സമരകേന്ദ്രത്തിൽനിന്ന് ട്രാക്ടറുകൾ ഡൽഹിക്കുള്ളിൽ പ്രവേശിക്കും. നഗരത്തിനുള്ളിൽ 30 കിലോമീറ്ററോളം പരേഡുണ്ടാകും. ഒരു ലക്ഷത്തോളം ട്രാക്ടറിലായി അഞ്ച് ലക്ഷത്തോളം കർഷകർ പരേഡിൽ അണിനിരക്കും.
അതിശൈത്യം കാരണം മരിച്ച രത്തൻ സിങ്ങിന്റെ മൃതദേഹത്തിന് സമീപം പൗത്രൻ മൻജ്യോതിനെ ആശ്വസിപ്പിക്കുന്നവർ ഫോട്ടോ: പി വി സുജിത്
ട്രാക്ടർ റാലി റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായെന്നും വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും പൊലീസുമായുള്ള ചർച്ചയ്ക്കുശേഷം കർഷകസംഘടനാ നേതാക്കൾ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ ഔദ്യോഗിക പരേഡിനും അതിന്റെ സുരക്ഷാക്രമീകരണങ്ങൾക്കും കർഷകർ തടസ്സമാകില്ല. ചരിത്രത്തിൽ ഇടംനേടും വിധം പങ്കാളിത്തത്തോടെ ഏറ്റവും സമാധാനപൂർണമായിട്ടാകും പരേഡ്. പൊലീസ് അനുവദിച്ചിട്ടുള്ള റൂട്ടിലൂടെ പരേഡ് നീങ്ങും. പരേഡിന് ശേഷം ട്രാക്ടറുകൾ വീണ്ടും അതിർത്തികടന്ന് പുറത്തേക്ക് നീങ്ങും–- നേതാക്കൾ പറഞ്ഞു.
ട്രാക്ടർ റാലി തടയാൻ കേന്ദ്രം എല്ലാ ശ്രമവും നടത്തി. പരേഡ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് തീരുമാനിക്കട്ടെയെന്നായിരുന്നു കോടതി. പരേഡ് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് സ്വീകരിച്ചത്. രണ്ടുവട്ടം കർഷകസംഘടനകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഡൽഹിയിൽ പ്രവേശിക്കുമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു. ഇതിനിടെ ആയിരക്കണക്കിന് ട്രാക്ടറുകൾ പരേഡിനായി ഡൽഹി അതിർത്തിയിലേക്ക് എത്തി. ജനകീയ സമ്മർദം ശക്തിപ്പെട്ടതോടെ കേന്ദ്രവും പൊലീസും വഴങ്ങുകയായിരുന്നു.
രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നാണ് പരേഡിനായി ട്രാക്ടറുകൾ എത്തുക. ഹരിയാനയിലെയും പഞ്ചാബിലെയും ഓരോ ഗ്രാമങ്ങളിൽനിന്ന് കുറഞ്ഞത് പത്ത് ട്രാക്ടർ വീതമാണ് ഡൽഹിയിലേക്ക് നീങ്ങിയിട്ടുള്ളത്.
റിപ്പബ്ലിക് ദിനത്തിലെ ഔദ്യോ ഗിക റാലിയേക്കാൾ ശ്രദ്ധ കിസാൻ പരേഡിന് ലഭിക്കുമോയെന്ന ആശങ്ക കേന്ദ്രത്തിനുണ്ട്. ഒന്നര വർഷത്തേക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്‌ദാനത്തിലേക്ക് എത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത് പരേഡ് ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണ്. കർഷകർ ഈ ഉപാധിയും നിരാകരിച്ചതോടെ കേന്ദ്രം വഴങ്ങേണ്ടിവന്നു. കോർപറേറ്റ് പ്രീണന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബിജെപി സർക്കാരിന് ശക്തമായ താക്കീതാകും ട്രാക്ടർ റാലി.
സിൻഘുവിൽ ഒരു കർഷകൻകൂടി മരിച്ചു
സിൻഘുവിലെ സമരകേന്ദ്രത്തിൽ ശനിയാഴ്‌ച ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബിലെ കോട്‌ലിയിൽനിന്നുള്ള 75 കാരനായ രത്തൻ സിങ്ങാണ് കൊടുംതണുപ്പിനെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളാൽ മരിച്ചത്. ഏതാനും ആഴ്‌ചകളായി രത്തൻ സിങ് സമരകേന്ദ്രത്തിൽ ബന്ധുക്കൾക്കൊപ്പം തുടരുകയായിരുന്നു.
നവംബർ 26ന് ഡൽഹി വളഞ്ഞുള്ള കർഷകപ്രക്ഷോഭം ആരംഭിച്ചശേഷം നൂറിലേറെ കർഷകരാണ് തണുപ്പടിച്ചും മറ്റ് രോഗങ്ങളെ തുടർന്നും മരിച്ചത്. ആറുകർഷകർ വിവിധ സമരകേന്ദ്രങ്ങളിൽ ആത്‌മഹത്യ ചെയ്‌തു.
എം പ്രശാന്ത്
പോരാളികള്‍ക്ക് വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യം: കര്‍ഷകരുടെ സമാന്തര പരേഡില്‍ എസ്എഫ്‌ഐയും അണിനിരക്കും
തിരുവനന്തപുരം > ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കാര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ പരേഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കര്‍ഷകര്‍ നടത്തുന്ന സമാന്തര പരേഡില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും അണിനിരക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒന്നര മാസക്കാലമായി രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് നേരെ കണ്ണടയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
തുടരെ തുടരെ പ്രഹസനപരമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനോ, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്തെ വലിയ കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള്‍ക്ക്, കര്‍ഷക താല്പര്യങ്ങളും, കര്‍ഷകരുടെ അവകാശങ്ങളും അടിയറവ് വെക്കുന്ന നിയമത്തിനെതിരെയാണ് മഹാ സമരം നടക്കുന്നത്.
ഇന്ത്യയുടെ തലസ്ഥാന നഗരി കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തില്‍ നേരിട്ട് അണിനിരക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ കേരളത്തില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകരുടെ സമാന്തര റാലിയില്‍ പങ്കാളികളാകും. മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ്, പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിയമം നടപ്പാക്കിയാൽ കർഷകർ ഉണ്ടാകില്ല; ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ അവസ്ഥയിലേക്ക് കൊണ്ടുപോകും: എസ് ആർ പി
തിരുവനന്തപുരം > പുതിയ കാർഷിക നിയമം രാജ്യത്തെ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ അവസ്ഥയിലേക്ക് കൊണ്ടുപോകുമെന്ന് കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. രാജ്‌ഭവനുമുമ്പിൽ സംയുക്ത കർഷക സമിതി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇനി കർഷകർ ഇല്ലാതാകും. വിദേശ കോർപറേറ്റുകൾക്ക് കീഴിലെ കീഴാളരായി കർഷകർ മാറും. സമാന നിയമം നടപ്പാക്കിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ അവസ്ഥ അതാണ്.
എല്ലാ ജനാധിപത്യ മര്യാദകളും കേന്ദ്രസർക്കാർ ബലികഴിക്കുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ തേടിയില്ല. നിയമത്തിലെ പല കാര്യങ്ങളും സംസ്ഥാന സർക്കാരിന് പരമാധികാരമുള്ളതാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിലങ്ങുവച്ചിരിക്കുകയാണ്. സുപ്രീംകോടതിയെ അടക്കം കേന്ദ്ര സർക്കാർ നിയന്ത്രിക്കും. അതിനാലാണ് നിയമത്തെ അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി സുപ്രീംകോടതി സമിതി രൂപീകരിച്ചതെന്നീം അദ്ദേഹം പറഞ്ഞു.
സത്യൻ മൊകേരി അധ്യക്ഷനായി. നീലലോഹിതദാസ് നാടാർ, അയത്തിൽ അപ്പുക്കുട്ടൻ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, തമ്പാനൂർ രാജീവ്, ബി ഡി മാസ്‌റ്റർ, എം കെ ദിലീപ് എന്നിവർ സംസാരിച്ചു. എം വിജയകുമാർ സ്വാഗതം പറഞ്ഞു.
കര്‍ഷക നേതാക്കളെ വധിക്കാന്‍ നീക്കം; സമരത്തില്‍ നുഴഞ്ഞുകയറിയ തോക്കുധാരി പിടിയില്‍
ന്യൂഡൽഹി > റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ പരേഡ് അലങ്കോലമാക്കാനും നേതാക്കളെ കൊലപ്പെടുത്താനും സർക്കാർ ഏജൻസികൾ പദ്ധതിയിട്ടതായി കർഷകസംഘടനകൾ. ട്രാക്ടർ പരേഡിനിടെ സംഘർഷം സൃഷ്ടിക്കുന്നതിനായി സിൻഘുവിലെ സമരകേന്ദ്രത്തിൽ നുഴഞ്ഞുകയറിയ തോക്കുധാരിയായ യുവാവിനെ കർഷകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കർഷകപ്രക്ഷോഭം അട്ടിമറിക്കാൻ സർക്കാർ ഏജൻസികൾ ശ്രമിക്കുകയാണെന്ന് കർഷകനേതാവ് കുൽവന്ത് സിങ് സന്ധു പറഞ്ഞു. കർഷകർ സദാ ജാഗ്രതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർ പിടികൂടിയ യുവാവിനെ പൊലീസ് ചോദ്യംചെയ്‌തു വരികയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു.
പണവും തോക്കും കൊടുത്ത് പൊലീസ്
ട്രാക്ടർ റാലി അലങ്കോലപ്പെടുത്തുകയും കർഷകനേതാക്കളെ കൊലപ്പെടുത്തുകയുമായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ യുവാവ് സമ്മതിച്ചു. ഇതിനായി പൊലീസാണ് ദൗത്യമേൽപ്പിച്ചതെന്നും യുവാവ് മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞു. സ്‌ത്രീകളടക്കം 10 പേർ സംഘത്തിലുണ്ട്. ഓരോരുത്തർക്കും പതിനായിരം രൂപ വീതം നൽകി. രണ്ടിടങ്ങളിലായി ആയുധങ്ങളും കൈമാറി. ജനുവരി 26ന് സംഘത്തിൽ പകുതിപേർ പൊലീസ് യൂണിഫോമിലാകും എത്തുക. ട്രാക്ടർ പരേഡ് മുന്നോട്ടുനീങ്ങിയാൽ ആദ്യം ആകാശത്തേക്ക് വെടിവയ്‌ക്കും. പിന്നീട് പ്രക്ഷോഭകരുടെ ഇടയിൽനിന്നും പൊലീസിനെ വെടിവയ്‌ക്കും. ഇതോടെ ഏറ്റുമുട്ടലുണ്ടായി പരേഡ് അലങ്കോലപ്പെടും. ജനുവരി 26ന് പ്രശ്‌നങ്ങളുണ്ടാകാൻ 90 ശതമാനവും സാധ്യതയുണ്ട്.
ജാട്ട് പ്രക്ഷോഭസമയത്തും പൊലീസിന്റെ നിർദേശപ്രകാരം പ്രശ്‌നം സൃഷ്ടിച്ചിരുന്നു. അന്ന് പൊലീസ് യൂണിഫോമിലെത്തി പ്രക്ഷോഭകരെ ലാത്തിച്ചാർജ് ചെയ്തു. തുടർന്ന് വലിയ സംഘർഷമുണ്ടായി–- യുവാവ് പറഞ്ഞു. അതിനിടെ, പൊലീസിന് കൈമാറിയശേഷം യുവാവിന്റേതായി വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കർഷകർ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും നിരപരാധിയാണെന്നുമാണ് അതിലെ അവകാശവാദം.
No comments:
Post a Comment