കമ്യൂണിസ്റ്റ് പാർടി ഓഫ് ഇറ്റലിയുടെ ശതാബ്‌ദി ദിനമാണിന്ന്. 1920 ഒക്‌ടോബറിൽ സിപിഐയുടെ ആദ്യഘടകം താഷ്‌കന്റിൽ രൂപീകരിക്കപ്പെട്ട് മൂന്നുമാസം കഴിഞ്ഞപ്പോൾ ഇറ്റലിയിലും കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായി. അതിന്റെ മൂന്നാഴ്‌ച മുമ്പാണ് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായത്–-(1920 ഡിസംബർ 20). 1917 ലെ മഹത്തായ ഒക്‌ടോബർ സോഷ്യലിസ്‌റ്റ് വിപ്ലവത്തിന്റെയും തുടർന്ന് വി ഐ ലെനിന്റെ നേതൃത്വത്തിൽ 1919ൽ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെയും സ്വാധീനം ലോകത്തിന്റെ നാനാഭാഗങ്ങളിൽ കമ്യൂണിസ്റ്റ് പാർടികൾ രൂപീകരിക്കപ്പെട്ടതിനു പിന്നിൽ പ്രചോദനമായിരുന്നു. ദക്ഷിണാഫ്രിക്ക, ചൈന, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടികൾ പ്രവർത്തനം സംഘടിതമായി ആരംഭിച്ചത് 1921ൽ ആയിരുന്നു.
അന്റോണിയോ ഗ്രാംഷി / ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി ആസ്ഥാനം
സിപി(ഇറ്റലി)യുടെ 100 വർഷം അതിന്റെ ഏറ്റവും പ്രശസ്‌തനായ നേതാവും സൈദ്ധാന്തികനുമായ അന്റോണിയോ ഗ്രാംഷിയുടെ 130–-ാം ജന്മവർഷം കൂടിയാണ്. അതുകൊണ്ട് പ്രസ്‌തുത പാർടിയുടെ ചരിത്രവും അതിന്റെ വിശ്രുതനായ നേതാവിന്റെ ജീവിതവും സംഭാവനകളും ചർച്ച ചെയ്യാൻ നമുക്ക് ചുമതലയുണ്ട്.
കമ്യൂണിസ്‌റ്റുകാരും ഉൾപ്പെട്ടു പ്രവർത്തിച്ചിരുന്ന ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർടിയുടെ 17–--ാം കോൺഗ്രസിലെ ആശയപരവും സംഘടനാപരവുമായ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള സംവാദങ്ങളെ തുടർന്നാണ് സോഷ്യലിസ്റ്റ് പാർടി ഭിന്നിച്ച് കമ്യൂണിസ്റ്റ്പാർടി രൂപീകരിക്കപ്പെട്ടത്. ടൂറിനിൽ നിന്നെത്തിയ കമ്യൂണിസ്റ്റ് നേതാവ്–- മുപ്പതുകാരൻ അന്റോണിയോ ഗ്രാംഷി, അമാഡിയോ ബോർഡിഗ, ആൻജലോ റ്റാസ്‌ക തുടങ്ങിയവർ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന് നേതൃത്വം നൽകി.
1922 ഒക്‌ടോബറിൽ ഭരണത്തിലെത്തിയ ബെനിറ്റോ മുസോളിനി കമ്യൂണിസ്‌റ്റുകാർക്കെതിരെ ഫാസിസ്റ്റ് മർദന നടപടികൾ കെട്ടഴിച്ചുവിട്ടു. 1923ൽ ഒരു സംഘം കമ്യൂണിസ്റ്റ് സഖാക്കളെ ഫാസിസ്റ്റ് ഭരണം അറസ്റ്റ് ചെയ്യുകയും ‘രാഷ്‌ട്രത്തിനെതിരെ ഗൂഢാലോചന നടത്തി’ എന്ന കുറ്റം ആരോപിച്ച് ജയിലിലടയ്‌ക്കുകയും ചെയ്‌തു. 1924ൽ ഗ്രാംഷി എഡിറ്ററായി പ്രസിദ്ധീകരണം ആരംഭിച്ച ‘യൂണിറ്റ'എന്ന പാർടി പത്രം കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയിലും ജനസ്വാധീനം ഉയർത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. അതേവർഷം ആഗസ്‌തിൽ ഗ്രാംഷി പാർടി ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
1926 ജനുവരിയിൽ നടന്ന കമ്യൂണിസ്റ്റ് പാർടി (ലിയോൺ) കോൺഗ്രസിൽവച്ച് ഫാസിസത്തിനെതിരെ പൊരുതുന്നതിന് വിശാലമായ ഐക്യമുന്നണി രൂപപ്പെടുത്തണമെന്ന ഗ്രാംഷിയുടെ സമരതന്ത്രത്തിന് പാർടിയുടെ അംഗീകാരം ലഭിച്ചു. കമ്യൂണിസ്റ്റ് ഇന്റർനാഷണൽ 1935ൽ ഗ്യോർഗി ദിമിത്രോവിന്റെ നേതൃത്വത്തിൽ ഫാസിസത്തിനെതിരെ ഐക്യമുന്നണി തന്ത്രം അംഗീകരിച്ചതിന് മാതൃകയായത് ഇറ്റലിയിലെ കമ്യൂണിസ്റ്റ് പാർടി ഫാസിസത്തിനെതിരായി വികസിപ്പിച്ചെടുത്ത സമരകാഴ്‌ചപ്പാടാണെന്ന് വ്യക്തം. 1926ൽ അന്റോണിയോ ഗ്രാംഷി വ്യാജ ആരോപണങ്ങളെ ആസ്‌പദമാക്കി ഫാസിസ്റ്റ് ഭരണകൂടത്താൽ അറസ്റ്റ് ചെയ്യപ്പെട്ടു. പാർലമെന്റ് അംഗമാണെന്നതും അവഗണിച്ചുകൊണ്ടാണ് അറസ്‌റ്റും പീഡനവും നടത്തിയത്. കമ്യൂണിസ്റ്റ് പാർടിയും 1926 മുതൽ ഫലത്തിൽ നിരോധനത്തിലായി. ഗ്രാംഷി, ജയിലിലെ ദുസ്സഹ സാഹചര്യത്തെ അതിജീവിച്ചെഴുതിയ കുറിപ്പുകൾ മാർക്‌സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും രചനകളോടൊപ്പം, സമൂഹത്തെ നീതിപൂർവകമായി പുതുക്കിവാർക്കാൻ പൊരുതുന്ന വിപ്ലവശക്തിക്ക് അപാരമായ ഉൾക്കാഴ്‌ച നൽകുന്നു.
ഇറ്റലിയിലെ രാഷ്‌ട്രീയത്തിൽ അതിനിർണായകമായ സ്വാധീനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലൂടെയും തൊഴിലാളി–-കർഷക–-യുവജന–- വിദ്യാർഥി സമരങ്ങളിലൂടെയും നേടിയെടുക്കാൻ ദീർഘകാലം കമ്യൂണിസ്റ്റ് പാർടിക്ക് സാധിച്ചു. 1948ൽ ചേമ്പർ ഓഫ് ഡെപ്യൂട്ടീസിൽ 31 ശതമാനം വോട്ട് നേടി. 1976ൽ അത് 34.4 ശതമാനമായി ഉയർന്നു. 1987 വരെ ആ സ്വാധീനം ഏറ്റക്കുറച്ചിലുകളോടെ നിലനിന്നു. സെനറ്റിൽ 1948ൽ 30. 8 ശതമാനം വോട്ട് ലഭിച്ചു. 1976ൽ 33.8 ശതമാനം. 1987ൽ 28. 3 ഉം. എന്നാൽ, ഈ ജനപിന്തുണ നിലനിർത്താനോ വളർത്താനോ കമ്യൂണിസ്റ്റ് പാർടിക്ക് സാധിച്ചില്ല. മഹത്തായ സമരപാരമ്പര്യവും ബഹുജനപിന്തുണയുടെ ചരിത്രവുമുള്ള ഇവിടത്തെ പാർടി ഇപ്പോൾ പാർടി ഓഫ് റീ ഫൗണ്ടേഷൻ, ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി, പാർടി ഓഫ് ഇറ്റാലിയൻ കമ്യൂണിസ്റ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത സംഘടനയായി പിരിഞ്ഞു പ്രവർത്തിക്കുന്നു.
കിഴക്കൻ യൂറോപ്പിലും സോവിയറ്റ് യൂണിയനിലും സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കേറ്റ തിരിച്ചടിയും ശിഥിലീകരണവും മാത്രമല്ല; അതിനു മുമ്പുതന്നെ രൂപമെടുത്ത സൈദ്ധാന്തിക വ്യതിയാനങ്ങളും ഇറ്റലിയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദുർബലപ്പെടലിന് കാരണമായിട്ടുണ്ട്. കിരാതമായ ഫാസിസ്റ്റ് മർദന വാഴ്‌ചകൾക്കെതിരായ പോരാട്ടങ്ങളിലൂടെ ആത്മാർഥതയും സത്യസന്ധതയും ത്യാഗസന്നദ്ധതയും തെളിയിച്ച കമ്യൂണിസ്‌റ്റുകാർക്ക് ഫാസിസത്തിന്റെ നിഷ്‌കാസനത്തിനുശേഷം കൈവരിക്കാൻ കഴിഞ്ഞ സ്വീകാര്യത പൊതു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ലഭിച്ച ഗണനീയമായ വോട്ടിങ് ശതമാനത്തിൽ പ്രതിഫലിക്കുന്നത് നാം കണ്ടു. അതു സൃഷ്‌ടിച്ച വ്യാമോഹങ്ങൾ കൂടിയാണ് "യൂറോ കമ്യൂണിസം' എന്നറിയപ്പെടുന്ന വ്യതിയാനത്തിന് ഇറ്റാലിയൻ പാർടി ഉൾപ്പെടെ ചില പ്രധാന യൂറോപ്യൻ കമ്യൂണിസ്റ്റ് പാർടികളെയും (ജാപ്പനീസ്, ഓസ്‌ട്രേലിയൻ പാർടികളെയും) പ്രേരിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്‌തത്.
എറിക് ഹോബ്‌സ് ബാം നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ‘‘ അതി പ്രധാനമായ ഒരു വസ്‌തുത, 1917 നുശേഷം സാമൂഹ്യവിപ്ലവത്തിന്റെ ആത്മനിഷ്‌ഠവും വസ്‌തുനിഷ്‌ഠവുമായ സാഹചര്യങ്ങൾ പലതും നിലനിന്നിരുന്നതായി തോന്നിച്ച ഒരു രാജ്യമായിരുന്നു ഇറ്റലി. ബ്രിട്ടനേക്കാൾ, ഫ്രാൻസിനേക്കാൾ എന്തിന് ജർമനിയേക്കാൾ എന്ന് ഞാൻ പറയും. എന്നിട്ടും അവിടെ വിപ്ലവം നടന്നില്ല. മറിച്ച് ഫാസിസമാണ് അവിടെ അധികാരത്തിൽ വന്നത്. റഷ്യൻ ഒക്‌ടോബർ വിപ്ലവം എന്തുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളിലേക്ക് വ്യാപിച്ചില്ല. അത്തരം രാജ്യങ്ങളിൽ സോഷ്യലിസത്തിലേക്കുള്ള സംക്രമണത്തിന് എന്തെല്ലാം ബദൽ തന്ത്രങ്ങളും അടവുകളുമാണ് ആവശ്യം എന്നതിനെപ്പറ്റി ഒരു അപഗ്രഥനം ഏറ്റെടുക്കുന്നതിലും ആദ്യപഥികർ ഇറ്റാലിയൻ മാർക്‌സിസ്റ്റുകാർ ആയതിൽ അസ്വാഭാവികതയൊന്നും ഇല്ല. അതാണ് ഗ്രാംഷി ചെയ്‌തതും.’’
എന്നാൽ, ഏറ്റവും പ്രസക്‌തവും ഒപ്പം ദുഃഖകരവുമായ കാര്യം ഗ്രാംഷിയുടെ ദാരുണമായ വേർപാടിനുശേഷം അത്തരം അപഗ്രഥനം ശാസ്‌ത്രീയ സൂക്ഷ്‌മതയോടെ മുന്നോട്ടു കൊണ്ടുപോകാൻ ഇറ്റലിയിലെ കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിന് വേണ്ടത്ര കഴിഞ്ഞില്ല എന്നതാണ്. മാത്രമല്ല, അവർ ഗുരുതരമായ നയവ്യതിയാനങ്ങൾക്ക് പിന്നീട് ഇരയാവുകയും ചെയ്‌തു.
നിരന്തരം, നിർഭയം വ്യതിയാനമുക്തമായ ശാസ്‌ത്രീയ അപഗ്രഥനരീതി പിന്തുടരുന്ന ഒരു കമ്യൂണിസ്റ്റ് പാർടിക്കു മാത്രമേ വസ്‌തുനിഷ്‌ഠ സാഹചര്യങ്ങൾ തുറന്നിടുന്ന അനുകൂല സാഹചര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ. തൊഴിലാളി–-കർഷക–-കർഷകത്തൊഴിലാളി–-വിദ്യാർഥി–-യുവജന–-മഹിള–-ദളിത്–-ആദിവാസി, തിരസ്‌കൃത ജനവിഭാഗങ്ങളെ ഒട്ടാകെ സംഘടിപ്പിച്ച് സമരശക്തിയായി വളർത്താനുള്ള ക്ലേശകരമായ കടമ ഏറ്റെടുക്കുന്നതിലെ വ്യതിയാനങ്ങളും ശ്രദ്ധക്കുറവും തിരിച്ചടികൾക്കും മുരടിപ്പിനും കാരണമാകാം. ഇത് ഇറ്റലിയുടെമാത്രം കാര്യമല്ല. ഓരോ കമ്യൂണിസ്റ്റ്‌പാർടിയുടെയും ചരിത്രഘട്ടങ്ങളെ അനുസ്‌മരിക്കുമ്പോൾ, ചൂഷണവിമുക്തമായ നവയുഗസൃഷ്‌ടി സ്വപ്‌നം കാണുന്നവരുടെ ചുമതല മുൻകാല മുന്നേറ്റങ്ങളിൽ ആവേശംകൊള്ളുകയും പിൽക്കാല തിരിച്ചടികളിൽ ദുഃഖിക്കുകയും മാത്രമല്ല. സൂക്ഷ്‌മമായ ചിലചോദ്യങ്ങൾക്ക് ശാസ്‌ത്രീയമായ ഉത്തരങ്ങൾകണ്ടെത്താൻ നാം കൂടുതൽ ആഴത്തിലും പരപ്പിലും അന്വേഷിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ഇന്നും മൂലധനാധിപത്യ വ്യവസ്ഥ, അത് മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണെന്ന് തുടർച്ചയായി തെളിഞ്ഞുകൊണ്ടിരിക്കുമ്പോഴും, അത് സൃഷ്‌ടിക്കുന്ന രൂക്ഷമായ പ്രതിസന്ധികളെ ഏതെങ്കിലും വിധത്തിൽ അതിന് അതിജീവിക്കാനാകുന്നു? സോഷ്യലിസ്‌റ്റ് പരീക്ഷണങ്ങൾ മഹത്തായ നേട്ടങ്ങൾ പലതും കൈവരിച്ചിട്ടും (ഗുരുതരമായ പല പോരായ്മകൾക്കു നടുവിലാണെങ്കിൽപ്പോലും) യൂറോപ്പിൽ തിരിച്ചടികൾ അതിജീവിച്ചില്ല. എന്തുകൊണ്ട് ഏഷ്യയിലും ലാറ്റിനമേരിക്കയിലുംമാത്രം കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള വ്യവസ്ഥകൾക്ക് ഇപ്പോഴും പിടിച്ചുനിൽക്കാനും ഏറ്റക്കുറച്ചിലോടെ മാതൃകാപരമായിപ്രവർത്തിക്കാനും സാധിക്കുന്നു?
ഇത്തരത്തിലുള്ള കാതലായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സിപിഐ എം അതിന്റെ പതിനാലാം കോൺഗ്രസ്(1992) മുതൽ ശ്രമിച്ചുപോരുന്നുണ്ട്. കമ്യൂണിസ്റ്റ് പാർടി നേതൃത്വം വഹിച്ചുകൊണ്ട് പോരാടുകയും, ലെനിനുശേഷം അത്യന്തം ശ്രദ്ധേയമായ സൈദ്ധാന്തിക സംഭാവനകൾ നൽകുകയും ചെയ്‌ത നേതാവാണ് അന്റോണിയോ ഗ്രാംഷി. ജനുവരി 22 സഖാവിന്റെ നൂറ്റി മുപ്പതാം ജന്മദിനമാണ്. അന്റോണിയോ ഗ്രാംഷിയുടെ ജീവിതസമരമുദ്രകൾ വഹിക്കുന്ന ഇറ്റലിയുടെ കമ്യൂണിസ്റ്റ് അനുഭവങ്ങളുടെ പരിശോധനയും മാർക്‌സിസത്തെ കാലോചിതമായി വികസിപ്പിക്കാൻ അദ്ദേഹം നൽകിയ സംഭാവനകളും കമ്യൂണിസ്റ്റ് പാർടികളുടെ പ്രവർത്തന ചരിത്രത്തിൽ വളരെ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇറ്റലിയിൽ കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായതിന്റെ നൂറാം വാർഷികം വെറും ആചരണമായി അവസാനിച്ചുകൂടാ.
എം എ ബേബി
No comments:
Post a Comment