ഏതുവിധേനയും അധികാരം പിടിക്കാൻ ദേശസ്‌നേഹവും രാജ്യസുരക്ഷയും ആയുധമാക്കി സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ നിരന്തരം അഴിച്ചുവിടുന്ന പ്രചാരണങ്ങൾക്ക് കൈയും കണക്കുമില്ല. ചിലപ്പോഴെല്ലാം സൈനികരുടെ മരണത്തെയും കരുവാക്കി. ശത്രു‐ മിത്രം ദ്വന്ദ്വത്തിലൂടെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കുനേരെ പലവട്ടം ചാടിവീഴുകയും ചെയ്‌തു. അപ്പോഴും ചില സംഭവങ്ങളിൽ കൃത്രിമ ദേശീയവാദികളുടെ മുഖംമൂടി അഴിഞ്ഞുവീണു. പാക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസി (ഐഎസ്‌ഐ)ന് സൈനികരഹസ്യങ്ങൾ ചോർത്തി നൽകിയതിൽ ബിജെപി ഐടി സെൽ മേധാവി ധ്രുവ് സക്‌സേനയും മറ്റും പിടിയിലായിരുന്നു. പത്താൻകോട്ടിലെയും ഉറിയിലെയും ഭീകരാക്രമണങ്ങൾക്ക് ആ വിവരങ്ങളും സഹായകമായി. ഹിസ്ബുൾ മുജാഹിദിൻ തീവ്രവാദികൾക്കൊപ്പം സംഘപരിവാർ ബന്ധമുള്ള ജമ്മു കശ്‌മീർ ഡിവൈഎസ്‌പി ദവീന്ദർ സിങ്ങും അറസ്‌റ്റിലാവുകയുണ്ടായി. പാർലമെന്റ് ആക്രമണ കേസ് വിചാരണയ്‌ക്കിടെ അഫ്‌സൽ ഗുരു, ആ പേര് പരാമർശിക്കുകയും ചെയ്‌തു.
2019 ഫെബ്രുവരി 26ന് പുലർച്ചെ വ്യോമസേന നടത്തിയ ബാലാകോട്ട് മിന്നലാക്രമണത്തെക്കുറിച്ച് റിപ്പബ്ലിക് ചാനൽ എഡിറ്ററും കാവി മാധ്യമപ്രചാരകനുമായ അർണബ് ഗോസ്വാമിക്ക് വിവരമുണ്ടായതായുള്ള വെളിപ്പെടുത്തൽ ഈ ശ്രേണിയിലെ അവസാനത്തേതാകാനിടയില്ല. പുറത്തുവന്ന വാട്സാപ് വിശദാംശങ്ങളിൽനിന്നാണ് സൈന്യം അതീവരഹസ്യമായി ആസൂത്രണംചെയ്‌ത തിരിച്ചടിയുടെ വിവരം ചോർന്നത്. ചില പ്രധാനസൈനിക രഹസ്യങ്ങൾ ഉന്നതോദ്യോഗസ്ഥർപോലും അറിയാറില്ല. ബാർക്ക് മുൻ സിഇഒ പാർത്ഥോ ദാസ്‌ഗുപ്‌തയുമായുള്ള ചാറ്റിലാണ് ബാലാകോട്ട് മുൻനിർത്തി അർണബ് വാചാലനായതും. അർണബും ചാനലും പ്രതിപ്പട്ടികയിലുള്ള ടിആർപി തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസാണ് ചാറ്റുകൾ സമാഹരിച്ചത്. കോടതിയിലെത്തിയ അനുബന്ധ കുറ്റപത്രത്തിൽ വിശദാംശങ്ങളുമുണ്ട്. വലുതായൊന്ന് സംഭവിക്കാനിരിക്കുന്നുവെന്ന് 2019 ഫെബ്രുവരി 23ന് ഗുപ്‌തയ്‌ക്കയച്ച സന്ദേശത്തിൽ അർണബ് വെളിപ്പെടുത്തി. പാകിസ്ഥാനെന്ന് തെളിച്ചുപറഞ്ഞ് അത് മോഡിക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നും തുടർന്നു. കശ്‌മീരിലും സുപ്രധാന സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നും വിശദീകരിച്ചു. മറ്റുചില ചാറ്റുകളിൽ തന്റെ ആവശ്യങ്ങൾക്ക് സർക്കാരുമായി ബന്ധപ്പെടണമെന്ന് ഗുപ്‌ത അഭ്യർഥിക്കുന്നുണ്ട്. യുദ്ധകാഹളം മുഴക്കുന്നതിൽ കുപ്രസിദ്ധനായ അർണബിന്റെ സന്ദേശങ്ങൾ ഇന്ത്യൻ മാധ്യമങ്ങളും മോഡി ഗവൺമെന്റും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെകൂടി തെളിവാണ്. ചാറ്റിൽ ആർഎസ്‌എസ് അധീനതയിലുള്ള ജനം ചാനലും കടന്നുവന്നു. ശബരിമല വിവാദവേളയിൽ അതിന്റെ റേറ്റിങ് ഉയർന്നതിൽ ഇരുവരും ആഹ്ലാദം പ്രകടിപ്പിക്കുകയാണ്.
ഉറി, പുൽവാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് മോഡിയുടെ കൈകളിൽ രാജ്യം സുരക്ഷിതമാണെന്ന ആത്മവിശ്വാസമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്‌താവിച്ചത് കഴിഞ്ഞ ദിവസമാണ്. കർണാടകത്തിലെ പൊതുപരിപാടിക്കിടെയായിരുന്നു ആ അവകാശവാദം. ബാലാകോട്ട് സംബന്ധിച്ച് അർണബിന് അറിയാമായിരുന്നുവെന്ന വാർത്തയ്‌ക്കുപിന്നാലെയാണ് ഷായുടെ മോഡി സ്‌തുതി. ബാലാകോട്ട് ആക്രമണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയത്തിനും റിപ്പബ്ലിക് ചാനലിന്റെ റേറ്റിങ് ഉയർത്താനും സഹായകമായെന്നും തെളിഞ്ഞു. ഗുപ്തയും അർണബും കൈമാറിയ സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കിയെന്നാണ് നാഷണൽ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ വിലയിരുത്തിയത്. റേറ്റിങ് കൃത്രിമത്തിന് ഗൂഢാലോചന നടന്നതായും കണ്ടെത്തി. റേറ്റിങ് കൃത്രിമം മാത്രമല്ല, സ്വാധീനമുപയോഗിച്ചുവെന്നും വ്യക്തമായി. മുതിർന്ന സെക്രട്ടറിമാരുടെ നിയമനം, മന്ത്രിസഭാ പുനഃസംഘടന, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വാധീനം, വാർത്താവിതരണ മന്ത്രാലയത്തിന്റെ പ്രവർത്തനരീതികൾ തുടങ്ങിയവയും സന്ദേശത്തിലുണ്ട്. ബിജെപി സർക്കാരും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പുറത്തെത്തിയ ചാറ്റ് വെളിപ്പെടുത്തുന്നത്.
രാജ്യസുരക്ഷയുടെ രഹസ്യങ്ങളടക്കം ഭരണകേന്ദ്രങ്ങളിൽനിന്ന് അർണബിന് ചോർന്നുകിട്ടുന്നുണ്ടെന്നതിന്റെ തെളിവാണ് വിവാദ ചാറ്റുകൾ. 40 സൈനികരുടെ മരണംപോലും ആഘോഷമാക്കിയവർക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്രം തയ്യാറായേക്കില്ല. രാജ്യസുരക്ഷയെ സംശയമുനയിലാക്കിയ സംഭവത്തിൽ അന്വേഷണം വൈകരുതെന്നാവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചില സാമൂഹ്യ സംഘടനകൾ. ഗുപ്‌ത‐ അർണബ് ആശയവിനിമയം പാകിസ്ഥാൻ നയതന്ത്രതലത്തിൽ ആയുധമാക്കിയിരിക്കുകയാണ്. ബിജെപി സർക്കാർ വ്യാജഏറ്റുമുട്ടലുകൾ ഒരുക്കുകയും തെരഞ്ഞെടുപ്പ് ജയത്തിന് തീവ്രദേശീയത ഇളക്കിവിടുകയുമാണെന്ന തങ്ങളുടെ വിമർശം ശരിവയ്‌ക്കുന്നതാണ് ചാറ്റുകളെന്ന് പാക് വിദേശമന്ത്രാലയം പ്രസ്‌താവനയിറക്കി. ബാലാകോട്ട് ആക്രമണം, തെരഞ്ഞെടുപ്പ് നേട്ടത്തിന് മോഡി ഉപയോഗിച്ചതിന് തെളിവാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ആരോപിച്ചു. ഈ വിമർശങ്ങളോട് കേന്ദ്രവും ബിജെപിയും പ്രതികരിച്ചിട്ടില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരം അർണബ് മുൻകൂട്ടി അറിഞ്ഞതിൽ കേന്ദ്രം മറുപടി പറഞ്ഞേ തീരൂവെന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം ഈ പശ്ചാത്തലത്തിൽ യഥാർഥ രാജ്യസ്‌നേഹികളുടെയാകെ വികാരമാണ്. രാജ്യസുരക്ഷയും നിർലജ്ജം വിൽപ്പനയ്‌ക്കുവയ്‌ക്കുമ്പോൾ ജനാധിപത്യവാദികൾ ശക്തമായി പ്രതികരിച്ചേ മതിയാകൂ.
deshabhimani editorial 200121
No comments:
Post a Comment