കര്‍ഷക പ്രക്ഷോഭം: സംഘടനാ നേതാവിന് നോട്ടീസ് നല്‍കി എന്‍ഐഎ
ന്യൂഡല്‍ഹി> കര്‍ഷക പ്രക്ഷോഭം രാജ്യത്ത് ശക്തമായി തുടരുന്നതിനിടെ കര്‍ഷക സംഘടനാ നേതാവിന് നോട്ടീസ് നല്‍കി എന്‍ഐഎ. സിക്ക് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ ദിവസം കര്‍ഷകരുമായി കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിയമം പിന്‍വലിക്കുക എന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ച് നിന്നതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് നോട്ടീസ് നല്‍കിയത്. 19 ന് വീണ്ടും ചര്‍ച്ച നടത്തും
എൻഐഎ സമൻസ് അപലപനീയം; സമരം തകർക്കാനുള്ള നീക്കം അംഗീകരിക്കില്ല: കിസാൻസഭ
ന്യൂഡൽഹി > സമരം ചെയ്യുന്ന കർഷകസംഘടനകളുടെ നേതാക്കൾക്ക് യുഎപിഎ അടക്കമുള്ള വകുപ്പുകളുടെ അടിസ്ഥാനത്തിൽ എൻഐഎ സമൻസുകൾ അയക്കുന്നതിനെ അഖിലേന്ത്യ കിസാൻസഭ അപലപിച്ചു. കർഷകരെ ഖലിസ്ഥാനികളായി ചിത്രീകരിക്കാനുള്ള മോഡിസർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം. ദേശീയ ഐക്യത്തെ ബാധിക്കുംവിധം വർഗീയനടപടികളിലേക്ക് നീങ്ങുന്ന മോഡിസർക്കാരിന്റെ നിലപാടിനെ രാഷ്ട്രീയപാർടികൾ തള്ളിപ്പറയണമെന്ന് കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരുമായുള്ള ചർച്ചകളിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘത്തിൽ അംഗമായ ബൽദേവ് സിങ് സിർസ അടക്കമുള്ളവർക്കാണ് എൻഐഎ സമൻസ് അയച്ചത്. വിഘടനവാദികളുടെ പങ്കിനെക്കുറിച്ച് സർക്കാരിന് തെളിവുണ്ടെങ്കിൽ അക്കാര്യം പുറത്തുപറയുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണം. അല്ലാതെ കർഷകനേതാക്കൾക്ക് നോട്ടീസ് അയക്കുകയും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല
പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം നിഷേധിക്കുകയാണ് സർക്കാർ. നിരോധിത സംഘടനകളുമായി ബന്ധമില്ലെന്ന് കർഷകരുടെ സംയുക്തസമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. 26ന് കർഷകർ നടത്തുന്ന പരേഡ് ഔദ്യോഗിക റിപ്പബ്ലിക് പരേഡിനുശേഷമായിരിക്കുമെന്നും സമാധാനപരമായിരിക്കുമെന്നും ഉറപ്പുനൽകി. ഈ സാഹചര്യത്തിലാണ് കർഷകസമരം ഖലിസ്ഥാൻവാദികളുടെ സഹായത്തോടെയുള്ള രാജ്യവിരുദ്ധനീക്കമാണെന്ന് ബിജെപി സർക്കാർ പ്രചരിപ്പിക്കുന്നത്. പഞ്ചാബ്‌പോലുള്ള സംസ്ഥാനങ്ങളിൽ ദേശവിരുദ്ധശക്തികൾക്ക് ഗുണകരമാകുന്നതാണ് ബിജെപി–-ആർഎസ്‌എസ് നീക്കം. കർണാലിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് ഹരിയാന പൊലീസ് 900 കർഷകരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു.ഈ കേസുകളും എൻഐഎ നോട്ടീസുകളും പിൻവലിക്കണമെന്ന് കേന്ദ്ര, ഹരിയാന സർക്കാരുകളോട് കിസാൻസഭ ആവശ്യപ്പെട്ടു.
ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്ന് കർഷകർ എത്തി; തീവ്രമാകും കർഷകരോഷം
ന്യൂഡൽഹി > കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശി കേന്ദ്ര സർക്കാർ തുടരുന്ന സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം കർഷകർ കൂടുതൽ തീവ്രമാക്കുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ എത്തിയതോടെ 50 ദിവസത്തിലേറെയായി സമരത്തിലുള്ളവർ കൂടുതൽ ആവേശത്തിലാണ്. റിപ്പബ്ലിക്ക് ദിനത്തിലെ കിസാൻ പരേഡിൽ പങ്കെടുക്കുന്നതിനായി ഹരിയാന, പഞ്ചാബ് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നും കർഷകർ ട്രാക്‌ടർ ട്രോളികളിലും മറ്റുമായി എത്തിതുടങ്ങി.
സർക്കാരുമായുള്ള ഒമ്പതാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം തീവ്രമാക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. കൊടുംതണുപ്പിൽ സമരം ദുർബലപ്പെടുമെന്ന കേന്ദ്രസർക്കാർ പ്രതീക്ഷ തകിടംമറിച്ചാണ് സമരകേന്ദ്രങ്ങളിലേക്ക് കർഷകരുടെ പ്രവാഹം. തിങ്കളാഴ്‌ച മഹിളാകിസാൻ ദിവസ് ആചരണം, 20 മുതൽ 26 വരെ വിവിധ സംസ്ഥാനങ്ങളിലെ രാജ്‌ഭവനുകൾക്ക് മുന്നിൽ ധർണ, റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യവ്യാപകമായി കിസാൻ പരേഡ് എന്നിവയാണ് തീരുമാനിച്ച പ്രക്ഷോഭപരിപാടികൾ. തിങ്കളാഴ്‌ച ചേരുന്ന യോഗത്തിൽ അടുത്തഘട്ടം സമരപരിപാടികളുടെ തീരുമാനമുണ്ടാകും.
റിപ്പബ്ലിക്ക് ദിനത്തിലെ കിസാൻ പരേഡിൽ ഡൽഹി അതിർത്തികളിൽ മാത്രം ലക്ഷക്കണക്കിന് കർഷകർ ട്രാക്‌ടർ–- ട്രോളികളിൽ പങ്കെടുക്കും. ഇതിനായി പഞ്ചാബിൽ നിന്നുള്ള കർഷകർ ട്രാക്ടറുകളിൽ ബുധനാഴ്‌ച ഡൽഹിയിലേക്ക് തിരിക്കും. ഹരിയാനയിൽ നിന്നുള്ള കർഷകർ 23 ന് സമരകേന്ദ്രങ്ങളിലേക്ക് നീങ്ങും. ദേശീയപാതകളിൽ ട്രാഫിക്ക് തടസ്സം ഒഴിവാക്കുന്നതിനാണ് നേരത്തെ പുറപ്പെടുന്നത്.
No comments:
Post a Comment