ആലപ്പുഴ > നഗരത്തിലെ പാലങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്‌ക്ക് ഇനി അതിവേഗം കുതിക്കാം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ബൈപ്പാസ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്നാണ് സ്വപ്‌നപദ്ധതി ഉദ്‌ഘാടനം ചെയ്‌തത്.
കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ള പദ്ധതികളെക്കുറിച്ച് നിരന്തരമായി കേന്ദ്രമന്ത്രിയുമായി സംസാരിക്കാറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലവിധ പദ്ധതികൾ പറഞ്ഞ കൂട്ടത്തിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിങ് റോഡ് അദ്ദേഹം വിട്ടുപോയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ഓർമ്മയിലേക്ക് കൊണ്ടുവരികയാണ്. അടുത്ത ഡൽഹി യാത്രയിൽത്തന്നെ മന്ത്രിയുമായി എല്ലാ വികസന വിഷയങ്ങളും ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലാണ് നാല് വൻകിട പാലങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് പണിത് പൂർത്തിയാക്കിയത്. പാലാരിവട്ടം പാലം മെയ് മാസത്തിൽ പൂർത്തിയാക്കും ‐ മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത 66-ല്‍ (പഴയ എന്‍എച്ച്.-47) കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം.
കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതുംകൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.
ആലപ്പുഴ ബെപ്പാസ്; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി
ആലപ്പുഴ > ആലപ്പുഴ ബൈപാസ് യാഥാർത്ഥ്യമാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.
പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത് മുഖ്യമന്ത്രിയും സർക്കാരും നൽകിയ പിന്തുണയിലൂടെയാണെന്ന് ഗഡ്‌കരി പറഞ്ഞു. സ്ഥലമേറ്റെടുപ്പും ഫണ്ട് വിനിയോഗിക്കുന്നതിലും സംസ്ഥാന സർക്കാർ കാണിക്കുന്ന ആത്മാർത്ഥത പല പദ്ധതികൾക്കും വേഗം പകരുന്നു. ദേശീയപാത വികസനത്തിൽ പ്രകടിപ്പിക്കുന്ന സഹകരണം എടുത്തുപറയേണ്ടതാണെന്നും ഗഡ്‌കരി പറഞ്ഞു.
ആലപ്പുഴയിൽ 4 കേന്ദ്രമന്ത്രിമാരുണ്ടായിട്ടും അനങ്ങിയില്ല; ഉദ്‌ഘാടന ദിവസം കോൺഗ്രസിന്റെ പ്രഹസന പ്രതിഷേധം
ആലപ്പുഴ > ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കെ സി വേണുഗോപാലിനെ ഒഴിവാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച്. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഉണ്ടായിരുന്ന കാലത്ത് ബൈപാസിന് വേണ്ടി ഒന്നും ചെയ്യാതിരുന്ന ശേഷമാണ് ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാകുന്ന ദിവസം സമരവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്. ഇത് ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്കാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. എം ലിജുവിന്‍റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തി ഇരിക്കാന്‍ തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കുണ്ടായി.
ജില്ലയിൽനിന്നുള്ള എ കെ ആന്റണിയും വയലാർ രവിയും കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷുമടക്കം പല വർഷങ്ങളിൽ കേന്ദ്ര മന്ത്രിമാരായിരുന്നിട്ടും സാധിക്കാത്തതാണ് എൽഡിഎഫ് സർക്കാർ നടത്തിയെടുത്തത്. 2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ കേവലം 15 ശതമാനം പണിപോലും പൂർത്തിയാക്കാത്ത അവസ്ഥയിലായിരുന്നു ബൈപാസ്. പിന്നീടുള്ള നാലര വർഷംകൊണ്ടാണ് മേൽപ്പാലം പൂർണമായും നിർമ്മിച്ചത്. റെയിൽവേയുടെ ഭാഗത്ത് നിന്നും ഉണ്ടായ നിസ്സഹകരണം പരിഹരിച്ചത് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നിരന്തര ഇടപെടലിലാണ്.
"കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യം'; ജനഹൃദയങ്ങളില്‍ ഫ്ലക്‌സ് വയ്‌ക്കാൻ കോൺഗ്രസിനാകില്ലെന്ന് ജി സുധാകരൻ
ആലപ്പുഴ > കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ. കേരളവും കേന്ദ്രവും വ്യത്യസ്‌ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ എന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴ ബൈപാസ് ഉദ്‌ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
174 കോടി വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും 7.5 കോടി രൂപ പൊതുമരാമത്ത് വകുപ്പ് റെയില്‍വേ അനുമതിക്ക് വേണ്ടിയും ചെലവഴിച്ചു. "ബൈപ്പാസിന്റെ 15 ശതമാനം പണി (മണ്ണിനടിയിലുള്ള പണികള്‍) മുന്‍പുള്ള സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ചെയ്‌തിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാക്കിയുള്ള പണികളാണ് പൂര്‍ത്തിയാക്കിയത്". അത് നന്ദിയോടെ ഓര്‍ക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
"കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഈ ബൈപ്പാസ്. കേരളവും കേന്ദ്രവും വ്യത്യസ്‌ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടര്‍ കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോള്‍ ബൈപ്പാസ് നിര്‍മാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോള്‍ സമരം നടത്തുകയല്ല ചെയ്യേണ്ടത്. കോടിക്കണക്കിന് കൊണ്ടുവന്ന് പാലത്തില്‍ ഫ്‌ളക്‌സ് വയ്ക്കാനേ അവര്‍ക്കാവൂ, ജനഹൃദയങ്ങളില്‍ wഫ്‌ളക്‌സ് വയ്ക്കാന്‍ അവര്‍ക്കാവില്ല. സര്‍ക്കാര്‍ പോലും നിയമാനുസൃതമായ ഫ്‌ളക്‌സുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ, ബാക്കിയെല്ലാം ജനങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകളാണ്". അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളും സര്‍ക്കാരിന് പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment