കൊച്ചി > നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ നേട്ടം ഉണ്ടാക്കുകയാണ് പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഓട്ടോകാസ്റ്റ് ലിമിറ്റഡ്. ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും മാരുതിയില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചതിന് പിന്നാലെ കോയമ്പത്തൂര്‍ ആസ്ഥാനമായ പ്രമുഖ യന്ത്രസാമഗ്രി നിര്‍മ്മാണ- കയറ്റുമതി സ്ഥാപനം ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് ഓട്ടോകാസ്റ്റുമായി കൈകോര്‍ക്കുകയാണ്. അഞ്ചിനങ്ങളിലായി 126 മെട്രിക് ടണിന്റെ ഓര്‍ഡറാണ് ആദ്യ മാസം ലഭിച്ചത്. 1.36 കോടിരൂപയുടേതാണ് പ്രതിമാസ ഓര്‍ഡര്‍.
തദ്ദേശീയ ആവശ്യങ്ങള്‍ക്ക് പുറമെ യുകെയിലേയും ഇറ്റലിയിലേയും വിവിധ പദ്ധതികള്‍ക്കായാണ് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് ഓട്ടോകാസ്റ്റില്‍ നിന്ന് കാസ്റ്റിങ്ങുകള്‍ വാങ്ങുന്നത്. ജെസിബി വാഹനങ്ങള്‍ക്കായുള്ള ഫ്ളാഞ്ച് ഹബ്ബ്, വ്യവസായ ഹൗസിങ് കാസ്റ്റിങ്, വിവിധ ബിയറിങ് ബ്രാക്കറ്റ്, ഗിയര്‍ബോക്സ് സപ്പോര്‍ട്ട് എന്നിവയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ന്റെ ക്ലാസ് - എ ഫൗണ്ടറി അംഗീകാരം ലഭിച്ചതോടെയാണ് ഓട്ടോകാസ്റ്റിന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭ്യമായി തുടങ്ങിയത്.
പ്രതിമാസം 500 മെട്രിക് ടണ്‍ ഉത്പാദനം എന്ന പ്രഖ്യാപിത ലക്ഷ്യത്തോട് അടുക്കുകയാണ് ഫെറസ് ഫൗണ്ടറി സ്ഥാപനമായി ഓട്ടോകാസ്റ്റ് ലിമിറ്റഡ്. ഡിസംബറില്‍ 402 മെട്രിക് ടണിന്റെ റെക്കോര്‍ഡ് ഉത്പാദനം നടത്താന്‍ സ്ഥാപനത്തിനായി. യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തി തകര്‍ച്ചയുടെ വക്കിലായിരുന്ന സ്ഥാപനമാണ് ജീവനക്കാരുടെ കൂട്ടായ പ്രയത്നത്തിന്റെ കൂടി ഫലമായി മുന്നേറുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന് മുതല്‍ക്കൂട്ടായി.
No comments:
Post a Comment