അടിക്കടി ഉയരുന്ന ഇന്ധനവിലയിൽ പെട്രോളിയം കമ്പനികൾക്കൊപ്പം നേട്ടംകൊയ്യുന്നത് കേന്ദ്ര സർക്കാർ. വിലയുടെ മൂന്നിലൊന്നിലേറെ കേന്ദ്ര സർക്കാരാണ് കൊള്ളയടിക്കുന്നത്. വ്യാഴാഴ്‌ചത്തെ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിൽനിന്ന് കേന്ദ്ര സർക്കാരിനുള്ള വരുമാനം 31.73 രൂപ. കേരളത്തിന് 20.16 രൂപയും. എന്നിട്ടും സംസ്ഥാനസർക്കാർ നികുതി ഉപേക്ഷിക്കണമെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആവശ്യം.
ഒരു ലിറ്റർ പെട്രോളിൽ 2.98 രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന എക്‌സൈസ് ഡ്യൂട്ടി. അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയായി 12 രൂപയും, റോഡ് സെസായി 18 രൂപയും ലഭിക്കും. എക്‌സൈസ് ഡ്യൂട്ടിയിൽ 1.73 രൂപ കേന്ദ്രത്തിനും 1.25 രൂപ സംസ്ഥാനങ്ങൾക്കുമാണ്. ജനസംഖ്യാനുപാതികമായി കേരളത്തിന് 1.25 രൂപയുടെ 1.943 ശതമാനമായ രണ്ടു പൈസ ലഭിക്കും.
വിൽപ്പന നികുതി 18.94 രൂപയും അഡീഷണൽ വിൽപ്പന നികുതി ഒരു രൂപയും സെസ് ഇനത്തിൽ 20 പൈസയും കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയിൽനിന്നുള്ള രണ്ടു പൈസയും ചേർത്താണ് 20.16 രൂപ കേരളത്തിന് ലഭിക്കുന്നത്. ഡീസൽ വിലയിലെ അന്തരം നാമമാത്രമായതിനാൽ, കേന്ദ്ര–-സംസ്ഥാന വരുമാനങ്ങളിലും സമാന സ്ഥിതിയാണ്.
കേരളത്തിൽ കുറഞ്ഞ നികുതി
ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി താരതമ്യേന കുറവാണ്. ഇവിടെ 30.8 ശതമാനമാണ് വിൽപ്പന നികുതി. രാജസ്ഥാനിൽ 38 ശതമാനവും. ഒന്നര രൂപ സെസുമുണ്ട്. മഹാരാഷ്‌ട്രയിൽ 25 ശതമാനം വാറ്റിനുപുറമെ 10.12 രൂപ അധിക നികുതിയുമുണ്ട്. പഞ്ചാബിൽ വാറ്റ് 24.79 ശതമാനവും, 10 ശതമാനം അധിക നികുതിയുമാണ്. ഒഡിഷയിൽ 32 ശതമാനവും കർണാടകയിൽ 35 ശതമാനവും മഹാരാഷ്‌ട്രയിൽ 33 ശതമാനവുമാണ് വാറ്റ്.
കേരളത്തിന് വലിയ ആഘാതം
അടിക്കടിയുള്ള പെട്രോൾ, ഡീസൽ വില വർധന കേരളത്തിന് വലിയ ആഘാതമാകുന്നു. ഭക്ഷ്യവസ്‌തുക്കളടക്കം നിത്യോപയോഗ സാധനങ്ങൾക്കും അസംസ്‌കൃത വസ്‌തുക്കൾക്കും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. പെട്രോൾ, ഡീസൽ വിലവർധന ചരക്കുഗതാഗത ചെലവ് ഉയർത്തും. അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുന്നു. നിർമാണ, അനുബന്ധ മേഖലയിലും പ്രതിസന്ധിയാകും.
വി മുരളീധരന്റെ അന്യായ‘വാദം’
ഇന്ധനവില കുറയണമെന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കട്ടെ. കേന്ദ്ര സർക്കാർ നികുതിയിലൂടെ പല ആനുകൂല്യങ്ങൾ നൽകുന്നു.
ജി രാജേഷ് കുമാർ
No comments:
Post a Comment