Monday, January 18, 2021

വിലക്കും വിലങ്ങും അതിജീവിച്ച കാലം: ദേശാഭിമാനിയുടെ 75 പോരാട്ട വർഷങ്ങൾ

ദിനപത്രമെന്ന നിലയിൽ ദേശാഭിമാനി മുക്കാൽ നൂറ്റാണ്ട് താണ്ടിയത് ഒട്ടേറെ പ്രതിസന്ധിഘട്ടങ്ങൾ മറികടന്നാണ്. ലെനിൻ നിർവചിച്ചതുപോലെ പ്രചാരകനും പ്രക്ഷോഭകനും സംഘാടകനുമായി പ്രവർത്തിച്ച പത്രം പിന്നിട്ടതേറെയും തീപ്പാതകൾ. നിരന്തരം വീണ  വിലങ്ങുകൾ അറുത്തെറിയാൻ എന്നും ജനങ്ങൾ പത്രത്തിനൊപ്പം നിന്നതുകൊണ്ട് പത്രം ഇന്നും പുതു ചാലുകള്‍ കീറി ഒഴുകുന്നു.

1942 ൽ വാരികയായി തുടങ്ങിയ പത്രം 1946  ജനുവരി 18 നാണ് ദിനപത്രമായി വളർന്ന് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണം തുടങ്ങിയത്.

ദേശാഭിമാനിയ്ക്കു മുമ്പുതന്നെ തൊഴിലാളിവർഗ പത്രപ്രവർത്തനത്തിനു കേരളത്തിൽ തുടക്കമായിരുന്നു. ബോള്‍ഷെവിക് വിപ്ലവത്തില്‍ ആവേശം ഉള്‍ക്കൊണ്ട് തൊഴിലാളി-കര്‍ഷക വിഭാഗത്തെ സംഘടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ പ്രവര്‍ത്തനം ആരംഭിച്ച്പ്പോൾ അതിനൊപ്പം ആദ്യകമ്യൂണിസ്റ്റ് പത്രവും പിറന്നു.. 1935 ജനുവരി ആദ്യം 'പ്രഭാതം' പുറത്തിറങ്ങി.

ആദ്യകാല എഡിറ്റോറിയല്‍ സ്റ്റാഫ്: നില്‍ക്കുന്നവര്‍ വലത്തോട്ട്:മുഹമ്മദ്‌ കുഞ്ഞി, എം എ ജോര്‍ജ്, മാധവന്‍ നായര്‍, ഇ കെ നായനാര്‍, മണ്ണാലത്ത് ശ്രീധരന്‍, ചിത്രഭാനു, ജി എം നെന്മേലി . ഇരിക്കുന്നവര്‍: വി ടി ഇന്ദുചൂഡന്‍, കെ കെ വാര്യര്‍, ഇഎംഎസ്, എം എസ് ദേവദാസ്, സി ഉണ്ണിരാജ. താഴെ: ആര്‍ടിസ്റ്റ് വത്സന്‍,കൃഷ്ണന്‍.

ചെറിയ കാലയളവിലാണ് ഈ പത്രം പ്രസിദ്ധീകരിക്കപ്പെട്ടത്. വൈകാതെ ബ്രിട്ടീഷ് സർക്കാർ പ്രസിദ്ധീകരണം തടഞ്ഞു.1938ല്‍ കോഴിക്കോട്ടുനിന്ന് വീണ്ടും പ്രഭാതം പ്രസിദ്ധീകരിക്കപ്പെട്ടു എങ്കിലും രണ്ടാംലോകമഹായുദ്ധം ആരംഭിച്ചതോടെ  പ്രസിദ്ധീകരണ അനുമതി പിന്‍വലിക്കപ്പെട്ടു..

പിന്നീടാണ് 1942 ൽ വാരികയായി  ദേശാഭിമാനി ആരംഭിക്കുന്നത്. രണ്ടുപേജിലായിരുന്നു അച്ചടി. ഇത് ദിനപ്പത്രമായി മാറ്റാൻ പാർട്ടി തീരുമാനിച്ചു. എ.കെ.ജിയുടെ നേതൃത്വത്തിലാണ്‌ ഫണ്ട്‌ സ്വരൂപിച്ചത്‌. നാടെങ്ങും ദേശാഭിമാനി മേളകൾ അരങ്ങേറി. ചെറുസമ്പാദ്യങ്ങൾ പോലും പാർട്ടിയ്ക്ക് കൊടുക്കാൻ പലരും തയ്യാറായി. ഫണ്ട്‌ ആവേശകരമായി മുന്നേറുമ്പോഴാണ്‌ കണ്ണൂർ ജില്ലയിൽ പേരാവൂർ  മുരിങ്ങോടിയിലെ പാലോറ മാത സ്വന്തമായി ഉണ്ടായിരുന്ന പശുക്കുട്ടിയെ എ.കെ.ജിയെ ഏൽപ്പിച്ചത്‌. മാത ദേശാഭിമാനിക്ക്‌ പശുക്കുട്ടിയെ സംഭാവന നൽകിയതിനെ പ്രകീർത്തിക്കുന്ന നാടോടിപ്പാട്ടുകൾ പോലുമുണ്ടായി.

സിലോണിലും  ബര്‍മയിലും  സിംഗപ്പൂരിലും  സഞ്ചരിച്ച് എ കെ ജി ഫണ്ട് സമാഹരിച്ചു. ഇ എം എസ് തന്റെ സ്വത്ത് വിറ്റുകിട്ടിയ 50,000 രൂപ പൂർണ്ണമായും പത്രത്തിന് നൽകി.എല്ലാം ഏകോപിപ്പിച്ചും  എല്ലാവരെയും ചേർത്തുനിർത്തിയും സഖാവ് പി കൃഷ്ണപിള്ള അക്ഷീണം പ്രയത്നിച്ചു. അങ്ങനെയാണ് ദിന പത്രം യാഥാർഥ്യമായത്.

1946 ജനുവരി 18 നു ഇറങ്ങിയ ആദ്യപത്രത്തിന്റെ ഒന്നാം പേജ്

1946 ജനുവരി 18ന് ദിനപത്രമായി മാറുമ്പോഴേക്കും കൊച്ചി ഗവണ്‍മെന്റ് ഒരുതവണയും തിരുവിതാംകൂറിലെ ദിവാന്‍ഭരണം രണ്ടുതവണയും ദേശാഭിമാനിയെ നിരോധിച്ചിരുന്നു. തൊഴിലാളിവര്‍ഗത്തിനും ജനങ്ങള്‍ക്കും ജനാധിപത്യത്തിനുംവേണ്ടി വീറോടെ വാദിച്ചു എന്നതായിരുന്നു   'കുറ്റം'. ഇടയ്ക്കിടെ വൻ പിഴയും ചുമത്തി.

കയ്യൂര്‍ മുഖപ്രസംഗത്തിന് പിഴയിട്ട നോട്ടീസ്

1943 ൽ  കയ്യൂർ സമരസഖാക്കളെ തൂക്കിലേറ്റാൻ അന്തിമ തീരുമാനമായപ്പോൾ തൂക്കുമരത്തിന്‍റെ വിളി എന്ന പേരില്‍രില്‍ പത്രം മുഖപ്രസംഗം എഴുതി. ഇതിനു  ബ്രിട്ടീഷ് സർക്കാർ പിഴയിട്ടത് ആയിരം രൂപയാണ്.  എല്ലാ ഘട്ടത്തിലും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ നീണ്ടത് അധ്വാനിക്കുന്ന ജനങ്ങളുടെ കരങ്ങളാണ്. ആ തുകയും  അവര്‍ പിരിച്ചുനല്‍കി.

മലബാര്‍ കലാപത്തിന്റെ 25-ാംവാര്‍ഷികത്തില്‍ 1946ല്‍ ഇ എം എസ് എഴുതിയ '1921ന്റെ ആഹ്വാനവും താക്കീതും' എന്ന ലേഖനത്തിന്റെ പേരിലായിരുന്നു 1946ല്‍ ദേശാഭിമാനി  നിരോധിക്കപ്പെട്ടത്.

ബ്രിട്ടീഷുകാരെപ്പോലെ ഈ കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയിലാണ് ഹിന്ദു  വര്‍ഗീയശക്തികളും വ്യാഖ്യാനിച്ചത്. കോണ്‍ഗ്രസും മുസ്ലിം ലീഗും കലാപത്തെ പാടേ തള്ളിപ്പറഞ്ഞു. ഉണ്ടായത് ലഹളയല്ല, കാർഷിക കലാപമാണ് എന്നതായിരുന്നു  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. കലാപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില ദൗര്‍ബല്യങ്ങള്‍ തിരുത്തിയും ഗുണപരമായ പാരമ്പര്യം ഏറ്റുപിടിച്ചും മുന്നോട്ട് പോകുകയാണ് വേണ്ടതെന്നു പാർട്ടി നിലപാടെടുത്തു. അന്ന് പാര്‍ട്ടി അത് ജനങ്ങളോട് പറഞ്ഞത്  ദേശാഭിമാനിയിലൂടെയാണ്. ഇതിന്റെ പേരിലാണ്   "ദേശാഭിമാനി' സമാനതകളില്ലാത്ത  വേട്ടയാടലും നിരോധനവും നേരിട്ടത്‌.

1946 ആഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട്ട് നടന്ന തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ടി കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍, 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു. ഇക്കാര്യം കൂടുതല്‍ വിശദീകരിച്ചാണ് ഇതേ പേരില്‍ ഇ എം എസ് ലഘുലേഖ  എഴുതിയത്. ‘1921–-ആഹ്വാനവും താക്കീതും’എന്ന ഈ ലേഖനം പ്രസിദ്ധീകരിച്ചതിനാണ് പത്രത്തിനു വിലക്ക് വീണത്.

മലബാർ കലാപത്തിന്റെ 25–-ാം വാർഷികദിനമായ ആഗസ്ത് 20 നാണ് ലേഖനം പ്രസിദ്ധീകരിച്ചത്. . ഇതിനടുത്ത ദിവസം, ആഗസ്‌ത്‌ 21 ന്‌  കമ്യൂണിസ്‌റ്റ്‌ പാർടിയെയും ദേശാഭിമാനിയെയും വിമർശിച്ച്‌ മാതൃഭൂമി മുഖപ്രസംഗമെഴുതി.  ‘മാതൃഭൂമി എതിർക്കുന്നത്‌ സാമുദായിക ലഹളയേയോ ബഹുജന സമരത്തേയോ’ എന്നപേരിൽ  22ന്‌  ദേശാഭിമാനിയിൽ ഇ എം എസ്‌ ‌ മറുപടിയെഴുതി. ഇതിന്റെ തുടർച്ചയായി ‌ ആഗസ്‌ത്‌ 24ന്‌‌ കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസും പ്രസ്സും ബ്രിട്ടീഷ്‌ പൊലീസ്‌ കൈയേറി‌. പത്രത്തിന്‌ നിരോധനം ഏർപ്പെടുത്തി. ഏഴായിരം രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ജാമ്യസംഖ്യ കെട്ടിവച്ചാണ് പ്രവര്‍ത്തനം തുടര്‍ന്നത്. .

രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയ നാളുകളിൽ 1947ൽ വീണ്ടും പത്രത്തിന് നേരെ വിലക്ക് നീണ്ടു. 1947 ജനുവരി 23ന് മദിരാശിയിലെ അന്നത്തെ  കോണ്‍ഗ്രസ് ഗവണ്‍മെന്റ് പൊതുരക്ഷാനിയമം എന്ന പേരില്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പത്രാധിപസമിതിയിലെ മിക്ക അംഗങ്ങളെയും ലേഖകരെയും ജയിലിലടച്ചു.

അന്ന് ദേശാഭിമാനി പ്രവർത്തകർ പത്രത്തിലൂടെ നടത്തിയ അഭ്യർത്ഥന കാണുക.

''ഇന്നത്തെ ലക്കത്തോടെ ദേശാഭിമാനിയുടെ പ്രസിദ്ധീകരണം തൽക്കാലം നിൽക്കുകയാണ്.ഇനിയും തുടർന്ന് പ്രസിദ്ധീകരിയ്ക്കാൻ നിയമപ്രകാരം അനുവാദമില്ല. ഇനി ദേശാഭിമാനി എന്നാണു തുടരേണ്ടതെന്ന് നാട്ടുകാരാണ് നിശ്ചയിക്കേണ്ടത്. നാട്ടുകാർ എത്രവേഗത്തിൽ ഞങ്ങൾക്ക് അനുവാദം വാങ്ങിത്തരുന്നോ അത്രയും വേഗത്തിൽ പത്രം തുടർന്ന് പുറപ്പെടും''....പത്രാധിപസമിതി ചെയർമാൻ ഇ എം എസ് ,പത്രാധിപർ എം എസ്  ദേവദാസ്,മാനേജിങ് ഡയറക്ടർ പി കെ ബാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളുമായി വന്ന പ്രസ്താവന പ്രതികരണമുണ്ടാക്കി.ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ ജനങ്ങൾ മദിരാശി സർക്കാരിനെ മുട്ടുകുത്തിച്ചു. സ്വാതന്ത്ര്യലബ്ധിയ്ക്ക് നാലുനാള്‍ മുമ്പ് 1947 ആഗസ്ത് 11 നു പത്രം വീണ്ടും പുറത്തുവന്നു.

ആയിരക്കണക്കിന് രൂപ പിഴയടയ്ക്കാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടപ്പോഴും ദിവസങ്ങള്‍ക്കകം പിരിച്ചുനല്‍കി ജനങ്ങള്‍ പത്രത്തെ നിലനിര്‍ത്തി.

1948ലെ പൊലീസ് ഗുണ്ടാമര്‍ദനം പുറത്തറിയാതിരിക്കാന്‍ 1948 ഏപ്രില്‍ 12ന് പൊതുരക്ഷാ നിയമപ്രകാരം വീണ്ടും നിരോധിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ നടപടി. പത്രം റോട്ടറി പ്രസിനായി ശ്രമം നടത്തുന്ന സമയമായിരുന്നു .പ്രസ് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ അത് എത്തുമ്പോഴേക്ക് കമ്പനിതന്നെ ലിക്വിഡേറ്റ് ചെയ്യുമെന്ന സ്ഥിതിയിലായി .  മാതൃഭൂമി പത്രം ആ പ്രസ് വാങ്ങി. അഡ്വാൻസ് നൽകിയ തുകയും ദേശാഭിമാനിക്ക് നഷ്ടമായി.

1951 വരെ പത്രത്തിന്  നിരോധനം തുടര്‍ന്നു. 1952ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദേശാഭിമാനി വീണ്ടും ജനങ്ങളുടെ കൈകളിലെത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ രൂപീകരണത്തിലേക്ക് നയിച്ച ബഹുജന മുന്നേറ്റത്തിൽ പത്രം ഗണ്യമായ സംഭാവന നൽകി. 1957 ലെ തെരെഞ്ഞെടുപ്പ് വേളയിൽ മുഖ്യപ്രചാരകനായി പത്രം പ്രവർത്തിച്ചു.

1957 ജനുവരി 20 ന്റെ പത്രം

കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നടത്തിയ  സുപ്രധാനമായ പരിഷ്കാരങ്ങളായിരുന്നു ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസബില്ലും. ഈ രണ്ട് ബില്ലിന്‍റേയും ഗുണപരമായ കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോ ജനാധിപത്യപരമായ ഒരു സംവാദത്തിന് വിധേയമാക്കുന്നതിനോ അന്ന് മുഖ്യധാരാപത്രങ്ങളൊന്നും തയ്യാറായില്ല. ഈ ഘട്ടത്തില്‍ ജനപക്ഷത്തുനിന്ന് ഇതിനെ സംരക്ഷിക്കാനുള്ള നിലപാടെടുത്തതും ദേശാഭിമാനി ആയിരുന്നു.

1964ലെ പാര്‍ടി പിളര്‍പ്പോടെ  സിപിഐ എമ്മിന്‍റെ മുഖപത്രമായി മാറിയ ദേശാഭിമാനി വലതുപക്ഷ ആശയഗതികള്‍ക്കെതിരായി വമ്പിച്ച പ്രചാരണമാണ് നടത്തിയത്. ആദ്യഘട്ടത്തിൽ പത്രത്തിൽ ഇരു വിഭാഗവും ഒന്നിച്ചു പ്രവർത്തിച്ചു. ഒന്നാം പേജിൽ ഇടതുപക്ഷ നിലപാടും ഉൾപ്പേജിൽ വലതുപക്ഷ നിലപാടും അച്ചടിച്ചുവരുന്ന സ്ഥിതി പോലും വന്നു. പിന്നീട് കെ പി ആർ ഗോപാലന്റെ നേതൃത്വത്തിൽ സിപിഐ  എം പത്രത്തിന്റെ നിയന്ത്രണം  പിടിച്ചെടുത്തു. നിയമപരമായും പത്രം സിപി ഐ എമ്മിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിയ്ക്കപ്പെട്ടു.

ഒന്നാം പേജില്‍ ഒരു പക്ഷത്തിന്റെയും ഉള്‍പെജില്‍ മറുപക്ഷത്തിന്റെയും നിലപാടുമായി ഇറങ്ങിയ പത്രം

എന്നാൽ 1964 അവസാനത്തിലും 1965 ആദ്യത്തിലും ഇന്ത്യ-ചൈന യുദ്ധത്തിന്റെ മറവില്‍  കേരളത്തിലെ ആയിരക്കണക്കിനു പാർടിപ്രവർത്തകരേയും നേതാക്കളെയും രാജ്യ സുരക്ഷാ നിയമം (ഡിഐആർ) ഉപയോഗിച്ച് അറസ്റ്റ്ചെയ്ത തടങ്കലിലാക്കിയതോടെ അത് പത്രത്തെയും ബാധിച്ചു. മുഖ്യചുമതലക്കാർ ജയിലിലായി.പക്ഷെ പത്രപ്രവർത്തനത്തിൽ അധികം പരിചയമൊന്നുമില്ലാത്തവരായിരുന്നിട്ടും ചുരുക്കം പേർ അർപ്പണബദ്ധിയോടെ  അക്ഷീണം പ്രവർത്തിച്ച് അക്കാലത്തും  പത്രം പുറത്തിറക്കി.

1965 ല്‍ ഡിഐആര്‍ പ്രകാരമുള്ള അറസ്റ്റിന്റെ വാര്‍ത്ത

1975മുതല്‍ 1977വരെ നിലനിന്ന അടിയന്തരാവസ്ഥയുടെ കാലഘട്ടങ്ങളില്‍ കടുത്ത ആക്രമണമാണ് ദേശാഭിമാനി നേരിട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ വെല്ലുവിളിച്ചു പിറ്റേന്നിറങ്ങിയ പത്രം സർക്കാരിനെതിരായ വെല്ലുവിളി ആയിരുന്നു.

'പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ','അര്‍ധ ഫാസിസത്ത്തില്‍ നിന്ന് ഫാസിസത്തിലേക്ക്',  'പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു ' തുടങ്ങിയ പ്രകോപനപരമായ തലക്കെട്ടുകളോടെയാണ് ജൂൺ 27ലെ ദേശാഭിമാനി പുറത്തിറങ്ങിയത്. അറസ്റ്റിലായ നേതാക്കളുടെ പേര് പത്രത്തിൽ കൊടുക്കരുതെന്നായിരുന്നു സർക്കാർ കല്പന. പേരൊന്നുമെഴുതാതെ ജയപ്രകാശ് നാരായണന്‍, മൊറാർജി ദേശായി, ചരൺസിങ് , ജ്യോതിർമൊയി ബസു , രാജ് നാരായൺ, എൽ കെ അദ്വാനി, കോൺഗ്രസ്  പ്രവർത്തക സമിതി അംഗം  ചന്ദ്രശേഖർ തുടങ്ങിയവരുടെ പടം ഒന്നാം പേജിൽ തന്നെ കൊടുത്തു. ഇവരൊക്കെ അറസ്റ്റിലായന്നു വായനക്കാർക്കും വ്യക്തമായി.

അടിയന്തരാവസ്ഥയെ - എതിർത്ത് മുഖപ്രസംഗമെഴുതാൻ പാടില്ല എന്ന് നിർദേശം വന്നു. മുഖപ്രസംഗം പ്രസിദ്ധീകരിക്കുന്ന കോളം ഒഴിച്ചിട്ട്  അവിടെ ഇങ്ങനെ എഴുതി:

"രാഷ്ട്രപതി പുറപ്പെടുവിച്ച ആഭ്യന്തര അടിയന്തരാവസ്ഥയെ  കുറിച്ച് മുഖപ്രസംഗം എഴുതുന്നതില്‍ നിന്ന് പത്രങ്ങളെ വിലക്കിയിരിക്കുകയാല്‍ ഇന്ന് മുഖപ്രസംഗം പ്രസിദ്ധീകരിയ്ക്കാന്‍ കഴിഞ്ഞില്ല. .'' .

തുടർന്നുള്ള ദിവസങ്ങളിൽ മുഖപ്രസം ഗത്തിൻറ കോളം കറുത്ത ബോർഡറിനകത്ത് ഒന്നുമെഴുതാതെ വെറുതെയിട്ടു കൊണ്ടും പ്രതിഷേധം തുടർന്നു . കുറെ ദിവസം കഴിഞ്ഞപ്പോൾ ഇതിനും വിലക്കുവന്നു. പിന്നീട് അടിയന്തരാവസ്ഥ പിൻവലിക്കും വരെ മുഖപ്രസംഗത്തിന്റെ കോളത്തിൽ വാർത്തകൾ കൊടുത്തുകൊണ്ടാണ് പത്രമിറക്കിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനെതീരെ  ജവാഹർലാൽ നെഹ്റുവിന്റെ ഉദ്ധരണികൾ, മഹാഭാരതത്തിലെ ചില ഭാഗങ്ങൾ എന്നിവ ചില ദിവസങ്ങളിലെ പത്രത്തിൽ പ്രസിദ്ധീകരിച്ചു. ഇതും കർശനമായി തടഞ്ഞു. 

പെട്ടെന്നൊരു ദിവസം വൈകുന്നരം വന്‍ പോലീസ് സന്നാഹത്തോടെ, വാർത്താ നിയന്ത്രണത്തിൻറ ചുമതല വഹിക്കുന്ന ആപ്പീസർമാർ ദേശാഭിമാനിയുടെ കോഴിക്കോട് , കൊച്ചി ആപ്പീസുകളിൽ കയറിവന്നു. അടുത്ത ദിവസത്തെ പത്രത്തിൽ കൊടുക്കാൻ തയ്യാറാക്കിയ വാർത്തകൾ അവർ പരിശോധിച്ചു. പല വാർത്തകളും നീക്കി.  പ്രീ സെൻസർ ഷിപ്പെന്ന വാർത്തയുടെ മുൻകൂർ പരിശോധന നടപ്പാക്കുന്നതിന്റെ തുടക്കമായിരുന്നു അത്.

തൊട്ടടുത്ത ദിവസം മുതൽ, പത്രത്തിൽ കൊടുക്കുന്ന മുഴുവൻ വാർത്തക ളും കിലോമീറ്ററുകൾ അകലെയുള്ള പരീശോധനാ ഉദ്യോഗസ്ഥൻ മുമ്പിലെത്തിക്കണം എന നിലവന്നു.. വാർത്ത കമ്പോസ്‌  ചെയ്ത്  ഒന്നിലധികം പ്രൂ ഫെടുത്തു പരിശോധനക്കും കൊണ്ടുചെല്ലണം , ആപ്പീസ ർ മാരുടെ സൗകര്യം അനുസരിച്ച് വാർത്ത വായിച്ചുനോക്കി തള്ളേണ്ടതു തള്ളിയ ശേഷം ഒരു കോപ്പി സീൽചെയ്ത് ഒപ്പിട്ടു തിരിച്ചുതരും. അതാണ് പത്ര ത്തിൽ കൊടുക്കേണ്ടത്. വൈകിവരു - ന്ന ഒററ വാർത്തപോലും പത്രത്തിൽ കൊടുക്കാനാവില്ല.  ഈ സ്ഥിതിയിൽ പത്രം അടച്ചുപൂട്ടുമെന്നു അധികൃതർ കരുതി. എന്നാൽ ദേശാഭിമാനി പിടിച്ചുനിന്നു.

വാർത്താനിയന്ത്രണം കർശനമാക്കിയിട്ടും പത്രം നിന്നില്ലെന്നു കണ്ടപ്പോൾ ഗവർമെണ്ടു ദേശാഭിമാനിക്കു പരസ്യം തരുന്നതും നിർത്തി. സർക്കാർ പരസ്യം മാത്രമല്ല സർക്കാർ  നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പരസ്യവും നിഷേധിച്ചു. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന പരസ്യങ്ങളും നിലച്ചു. വാര്‍ത്തകള്‍ കുറഞ്ഞതോടെ പത്രത്തിന്റെ സർക്കുലേഷൻ ഗണ്യമായി ഇടിഞ്ഞു. പരസ്യവരുമാനം കൂടി ഇല്ലാതായതോടെ പത്രം നടത്തിക്കൊണ്ടുപോവുക പ്രയാസമായി. എത്ര വിഷമം സഹിച്ചുകൊണ്ടാണെങ്കിലും പത്രം മുടങ്ങാതെ നടത്തിക്കൊണ്ടു പോകാൻ തന്നെ പാർട്ടി തീരുമാനിച്ചു.

ഒരു ദിവസം പോലും മുടങ്ങാതെ അടിയന്തരാവസ്ഥ കാലത്തുടനീളം പത്രം ഇറങ്ങി. അടിയന്തരാവസ്ഥ ദേശാഭിമാനിക്ക് അങ്ങനെ വമ്പിച്ചൊരു പരീക്ഷണത്തിൻറ നാളുകളായി.

രാജന്‍ കേസില്‍ കെ കരുണാകരന്റെ രാജിവാര്‍ത്തയുമായി ഇറങ്ങിയ പത്രം

അടിയന്തരാവസ്ഥയ്ക്കുശേഷം അക്കാലത്തെ പീഡനങ്ങൾ ഏറെയും പുറം ലോകത്തെത്തിച്ചതും ദേശാഭിമാനിയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി രാജനെ കാണാതായ വാർത്ത ആദ്യം വന്നത് ദേശാഭിമാനിയിലാണ്. പിന്നീട് ആ കേസിൽ പ്രതികൾ ശിക്ഷിയ്ക്കപ്പെടും വരെ തുടർച്ചയായ വാർത്താപരമ്പര തന്നെ ദേശാഭിമാനയിൽ നിന്നുണ്ടായി.

പിന്നീടുള്ള പത്രത്തിന്റെ വളർച്ച അഭൂതപൂര്‍‌വമായിരുന്നു. ഇന്ന് പ്രചാരത്തിൽ മൂന്നാമത്തെ മലയാള പത്രമായി പത്ത് എഡിഷനുകളോടെ പത്രം തല ഉയർത്തി നിൽക്കുന്നു. ഓണ്‍ലൈന്‍ എഡിഷനും 1998 മുതൽ ദേശാഭിമാനിക്കുണ്ട്.

പ്രസാധക ചരിത്രം

    1935 ജനുവരി 9 : ഷൊര്‍ണൂരില്‍നിന്ന് പ്രഭാതം പ്രസിദ്ധീകരിച്ചു (ഒമ്പതുമാസമേ അത് പ്രസിദ്ധീകരിച്ചുള്ളൂ)

    1938 ഏപ്രില്‍ : കോഴിക്കോട്ടുനിന്ന് പ്രഭാതം പുറത്തിറക്കി

    1942 സെപ്തംബര്‍ 6 : കോഴിക്കോട്ടുനിന്ന് ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ചു

    1946 ജനുവരി 18 : കോഴിക്കോട് ദേശാഭിമാനി ദിനപത്രം

    1968 മെയ് 16 : കൊച്ചിയില്‍ ദേശാഭിമാനിയുടെ രണ്ടാമത് എഡിഷന്‍

    1973 ജൂലൈ ഒന്ന് : എറണാകുളത്ത് അച്ചടി ആരംഭിച്ചു

    1989 ജനുവരി 4 : തിരുവനന്തപുരത്ത് ദേശാഭിമാനി മൂന്നാമത് യൂണിറ്റ് തുടങ്ങി

    1994 ജനുവരി 30 : കണ്ണൂരില്‍ ദേശാഭിമാനി നാലാമത് എഡിഷന്‍

    1997 മാര്‍ച്ച് 22 : കോട്ടയത്ത് ദേശാഭിമാനി അഞ്ചാമത് എഡിഷന്‍

    1998 ജനുവരി ഒന്ന് : കൊച്ചിയില്‍ ദേശാഭിമാനി ഇന്‍റര്‍നെറ്റ് എഡിഷന്‍

    2000 ആഗസ്ത് 31 : തൃശൂരില്‍നിന്ന് ദേശാഭിമാനി ആറാമത് എഡിഷന്‍

    2010 ജനുവരി 17 : മലപ്പുറത്തു നിന്ന് ഏഴാമത് എഡിഷന്‍

    2010 മെയ് 8 : തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം

    2018 മെയ് 4: പാലക്കാട് നിന്ന് എട്ടാം എഡിഷൻ

    2018 ജൂൺ 19: ആലപ്പുഴ യിൽ ഒമ്പതാം എഡിഷൻ 

    2019 മാർച്ച് 11: കൊല്ലത്ത് നിന്ന് പതതാം എഡിഷൻ 

No comments:

Post a Comment