Saturday, January 23, 2021

ഓപ്പൺ സർവകലാശാല ഗുരു സങ്കൽപ്പത്തിൽ : പിണറായി വിജയൻ

ലോകത്തിനാവശ്യമായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുക എന്ന ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ചാണ്  ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നടത്തിപ്പും ഉള്ളടക്കവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലാ ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മാതൃകയിൽ ഇവിടെയൊരു സ്ഥാപനം വേണമെന്നുള്ളത്  കേരളത്തിന്റെ ആഗ്രഹമായിരുന്നു.  

സർവകലാശാലയിൽ പഠനസ്കൂൾ സ്ഥാപിക്കും.  സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾക്ക് സമാനമാണിത്.  കോഴ്സുകൾ തയ്യാറാക്കുന്നത്‌ ഈ സ്‌കൂളുകളാകും. ഓപ്പൺ സർവകലാശാലയിലെ  സർട്ടിഫിക്കറ്റുകൾ, റഗുലർ കോഴ്സ് സർട്ടിഫിക്കറ്റിന് തുല്യമാണ്. പഠനകോഴ്സുകൾ ഓൺലൈനായും കോണ്ടാക്ട് ക്ലാസുകളിലൂടെയും നടത്തും.  ഏതു പ്രായക്കാർക്കും ഏതറിവും ഇവിടെ നേടിയെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബിൽ പാസായി

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബിൽ  നിയമസഭ ഏകകണ്‌ഠമായി പാസാക്കി.  ബിൽ നിയമമായതോടെ  സംസ്ഥാനത്തെ വിദൂരവിദ്യാഭ്യാസ പഠനത്തിനുള്ള ഏക സർവകലാശാലയാകുമിത്‌.  മറ്റു സർവകലാശാലകളിൽ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷൻ അടുത്ത അധ്യയനവർഷം മുതൽ അനുവദിക്കില്ല. ഇതിനുള്ള വ്യവസ്ഥയോടെയാണ് ഓപ്പൺ സർവകലാശാലാ ബിൽ പാസാക്കിയത്. നിലവിൽ മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിൽ പഠനം നടത്തിയവർക്കും രജിസ്റ്റർ ചെയ്തവർക്കും പഠനം പൂർത്തിയാക്കാം. മന്ത്രി ഡോ. കെ ടി ജലീലാണ്‌ ബിൽ അവതരിപ്പിച്ചത്‌.

ഓർഡിനൻസിലും സഭയിൽ അവതരിപ്പിച്ച ബില്ലിലും  സർവകലാശാലയ്‌ക്ക് ആദ്യഘട്ടത്തിൽ ഒമ്പത് പഠന സ്കൂളാണ് വ്യവസ്ഥ ചെയ്തിരുന്നത്. സബ്ജക്ട് കമ്മിറ്റി പരിശോധനയ്‌ക്ക് ശേഷം സഭ അംഗീകരിച്ച ബില്ലിൽ ഇത് എട്ട് സ്കൂളാക്കി. നേരത്തെ ഉണ്ടായിരുന്ന ‘സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ആൻഡ്‌ പബ്ലിക് പോളിസി സ്റ്റഡീസ്’ എന്നത് സ്കൂൾ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ്‌ പോളിസി റിസർച്ച് എന്ന പേരിലേക്ക് മാറ്റി.

ഓപ്പൺ സർവകലാശാല വിസി നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയും 65ൽനിന്ന്‌ 60 വയസ്സാക്കി.  സിൻഡിക്കറ്റിലേക്ക് ഇതര സർവകലാശാലാ മാതൃകയിൽ നിയമസഭാ സാമാജികരിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരംഗത്തെ ഉൾപ്പെടുത്താനും അന്തിമ ബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നു. രജിസ്റ്റർചെയ്ത വിദ്യാർഥികളിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വിദ്യാർഥിയെയും സിൻഡിക്കറ്റിൽ ഉൾപ്പെടുത്തും. സൈബർ കൗൺസിൽ സംവിധാനവും ഓപ്പൺ സർവകലാശാലയിലുണ്ടാകും.

ബിൽ ചരിത്രസംഭവമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എല്ലാ വൈജ്ഞാനിക മേഖലകളിലും എല്ലാവിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉന്നത വിദ്യാഭ്യാസ നൈപുണ്യവും പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ പിന്തുണയ്‌ക്കുന്നതായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും പറഞ്ഞു.

No comments:

Post a Comment