തിരുവനന്തപുരം > ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സോളാർ ലൈംഗിക പീഡന കേസുകൾ സർക്കാർ സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, മുൻമന്ത്രി എ പി അനിൽകുമാർ എംഎൽഎ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്‌ദുള്ളക്കുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.
ഇരയായ സ്‌ത്രീ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ആറ് കേസുകൾ സിബിഐക്ക് വിട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ശനിയാഴ്‌ച രാത്രിയാണ് വിജ്ഞാപനമിറക്കിയത്. തുടർന്ന് സിബിഐ ചുമതലയുള്ള കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തെ അറിയിച്ചു. പേഴ്‌സണൽ മന്ത്രാലയം ഉത്തരവിറക്കിയാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് സിബിഐ അന്വേഷണം ആരംഭിക്കാം.
ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മൻചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂർ പ്രകാശിനെതിരായ 141/2019, എ പി അനിൽകുമാറിനെതിരായ 142/2019 എന്നീ കേസുകളാണ് സിബിഐക്ക് വിട്ടത്. യുഡിഎഫ് സർക്കാർ നിയോഗിച്ച സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് ശുപാർശ പ്രകാരവും ഇരയുടെ പരാതിയിലുമാണ് ഈ കേസുകൾ രജിസ്‌റ്റർ ചെയ്‌തത്. എ പി അനിൽകുമാറിനെതിരെ ഇര മജിസ്‌ട്രേട്ടിന് മുമ്പിൽ രഹസ്യമൊഴിയും നൽകി. അബ്‌ദുള്ളക്കുട്ടിക്കെതിരെ 2016 ൽ രജിസ്‌റ്റർ ചെയ്‌ത 128/സിആർ/എച്ച്‌എച്ച്‌ഡബ്യൂ- –-1/ടിവിഎം കേസ് ഉമ്മൻചാണ്ടിയുടെ കാലത്ത് ബലാത്സംഗത്തിനിരയായെന്ന ഇരയുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌തതാണ്. ആദ്യം കന്റോൺമെന്റ് അസി. കമീഷണർ അന്വേഷിച്ച ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഇര മജിസ്‌ട്രേട്ടിന് മുമ്പിൽ രഹസ്യമൊഴി നൽകിയിരുന്നു.
സോളാർ പദ്ധതിയുടെ ഭാഗമായി ടീം സോളാർ ഉദ്യോഗസ്ഥയായ വനിതാ സംരംഭകയെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും മറ്റിടങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സോളാർ തട്ടിപ്പ് സംബന്ധിച്ച് എൽഡിഎഫ് നിയമസഭയ്‌ക്കകത്തും പുറത്തും നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് 2013 ഒക്‌ടോബർ 29നാണ് ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണ കമീഷനെ നിയമിച്ചത്. റിട്ട. ജസ്റ്റിസ് ജി ശിവരാജൻ കമീഷൻ 2017 സെപ്‌തംബർ 26ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. അഴിമതി വിജിലൻസും കുറ്റകൃത്യം പൊലീസും വിശദമായി അന്വേഷിക്കണമെന്നായിരുന്നു പ്രധാന ശുപാർശ. നിയമ വിദഗ്‌ധരുമായി ആലോചിച്ച ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘവും രൂപീകരിച്ചു. 2017 ഒക്‌ടോബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ആക്‌ഷൻ ടേക്കൺ റിപ്പോർട്ട് നിയമസഭയിലും വച്ചു.
സോളാർ കേസ് ഇതുവരെ അന്വേഷിച്ചില്ലെന്നത് പച്ചക്കള്ളം; കമീഷന് കിട്ടിയത് സുപ്രധാന തെളിവ്
തിരുവനന്തപുരം > സോളാർ കേസ് സിബിഐക്ക് വിട്ടത് അഞ്ചുവർഷം തികയുമ്പോളെന്ന യുഡിഎഫ് വാദം പച്ചക്കള്ളം. 2017 സെപ്‌തംബറിലാണ് സർക്കാരിന് റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്. കോടതികളെ സമീപിച്ചും മറ്റും ഒട്ടേറെ തടസ്സങ്ങൾ സൃഷ്‌ടിക്കാൻ പ്രതികളിൽ ചിലർ ശ്രമിച്ചു. അന്വേഷണ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരിൽ ചിലർ വിരമിച്ചതും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതും കാലതാമസത്തിനിടയാക്കി. അതിനിടെയാണ് കേസ് സിബിഐക്ക് വിടണമെന്ന് ഇര പരാതി നൽകിയത്. ഇതേ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്.
ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ അതിവേഗമാണ് സർക്കാർ നടപടി സ്വീകരിച്ചത്. റിപ്പോർട്ട്കിട്ടി ഒരുമാസം മാത്രം പിന്നിട്ടപ്പോൾ ആക്‌ഷൻ ടേക്കൻ റിപ്പോർട്ട് സഹിതം നിയമസഭയിൽ വച്ചു.
2017 സെപ്‌തംബർ 26ന് നൽകിയ റിപ്പോർട്ട് ഒക്‌ടോബർ 19ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച രാജേഷ് ദിവാൻ വിരമിച്ചു. ഐജി ദിനേന്ദ്ര കശ്യപ് കേന്ദ്ര സർവീസിൽ പോയി. അതോടെ പുതിയ അന്വേഷണ സംഘം രൂപീകരിച്ചു.അതിനിടെ ഇര ക്രൈംബ്രാഞ്ചിന് മറ്റൊരു പരാതി നൽകി. അതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കമീഷന് കിട്ടിയത് സുപ്രധാന തെളിവ്
സോളാർ ആരോപണവിധേയരിൽ ചിലർ ലൈംഗിക കുറ്റകൃത്യം നടത്തിയതിന് സോളാർ കമീഷന് ലഭിച്ചത് കൃത്യമായ തെളിവുകൾ. ഇതുൾപ്പെടെ കമീഷൻ റിപ്പോർട്ടിൽ സുപ്രധാന ശുപാർശകളും കണ്ടെത്തലുമുണ്ട്.
●മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ദേഹം വഴി പേഴ്സണൽ സ്റ്റാഫ് ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിം രാജ്, ഡൽഹിയിലെ സഹായി മുതലായവർ ടീം സോളാർ പ്രതിക്കും കമ്പനിക്കുംവേണ്ടി ഉപഭോക്താക്കളെ വഞ്ചിക്കാൻ കൂട്ടുനിന്നു.
● അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസ് ഉദ്യോഗസ്ഥർ മുഖേന മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ക്രിമിനൽ ബാധ്യതയിൽനിന്ന് വിടുവിക്കുന്നത് ഉറപ്പുവരുത്തി.
-● മുഖ്യമന്ത്രിയെ ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിവാക്കാൻ സംശയാസ്പദമായ രീതികളിലൂടെ പ്രത്യേക അന്വേഷണ സംഘം പ്രവർത്തിച്ചു. ചില മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രി, ചില നിയമസഭാംഗങ്ങൾ, ചില പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപെടലുകൾ അന്വേഷിച്ചില്ല.
● പരാതിക്കാരിയുടെ കത്തിൽ സൂചിപ്പിച്ചവർക്ക് പരാതിക്കാരിയുമായും അഭിഭാഷകനുമായും നിരന്തര ഫോൺ ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി.
എന്നും സിബിഐയെ വിളിക്കുന്നത് യുഡിഎഫ്; അന്വേഷണം ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടി നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമീഷൻ
തിരുവനന്തപുരം > കേരളത്തെ ഞെട്ടിച്ച സോളാർ ലൈംഗികപീഡന കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമീഷൻ. കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കൈമാറിയപ്പോൾ കേരള പൊലീസിൽ വിശ്വാസമില്ലെന്ന് പറഞ്ഞതും ഉമ്മൻചാണ്ടിയടക്കമുള്ള പ്രതികൾ. എല്ലാ കേസിലും സിബിഐയെ വിളിക്കാൻ മുറവിളി കൂട്ടുന്നവർ ഈ കേസിൽ സിബിഐ വരുമ്പോൾ വിമർശിക്കുന്നത് വിരോധാഭാസവും.
സംസ്ഥാനാന്തര ബന്ധമുള്ള കേസായതിനാൽ സിബിഐ അന്വേഷിക്കുന്നതാണ് നല്ലതെന്ന വിലയിരുത്തലും ഇരയുടെ പരാതിയുമാണ് പുതിയ തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. സോളാർ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം. ലൈംഗികമായി പീഡിപ്പിച്ചതായി ഇരയാണ് പറഞ്ഞത്. പീഡിപ്പിച്ചവരുടെ പേരുവിവരം ഉൾപ്പെടെയുള്ള വിശദമായ കത്ത് കോടതിക്കും നൽകി. സാമ്പത്തിക അഴിമതി നടന്നെന്നും ഇര പറഞ്ഞു. തട്ടിപ്പിനിരയായതായി കോൺഗ്രസ് നേതാവ് മല്ലേലിൽ ശ്രീധരൻ നായർ അടക്കമുള്ളവർ പറഞ്ഞു. ഉമ്മൻചാണ്ടിയുമായി സരിതയ്‌ക്കുള്ള ബന്ധമാണ് പണം കൊടുക്കാനിടയാക്കിയതെന്നും ശ്രീധരൻ നായർ പറഞ്ഞു.
സോളാർ തട്ടിപ്പ് കേസും അതിൽ രാഷ്ട്രീയ–- -ഉദ്യോഗസ്ഥ-ഭരണ നേതൃത്വത്തിലുള്ളവരുടെ കുറ്റകരമായ പങ്കും അന്വേഷിക്കാൻ 2013 ഒക്‌ടോബർ 28ന് ഉമ്മൻചാണ്ടി റിട്ട. ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണ കമീഷനായി നിയോഗിച്ചത്. നാലുവർഷത്തെ തെളിവെടുപ്പിനും വിസ്‌താരത്തിനുംശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും ഉപദേശം തേടിയശേഷം 2017 ഒക്‌ടോബർ 11നു ചേർന്ന മന്ത്രിസഭായോഗം റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും അംഗീകരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരിജിത് പസായതിന്റെ നിയമോപദേശവുംതേടി. മൂന്ന് നിയമോപദേശങ്ങളുടെയും കമീഷന്റെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് തുടർ നടപടി സ്വീകരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ രാഷ്‌ട്രീയ തീരുമാനമല്ല സോളാർ കേസന്വേഷണമെന്ന് ഇത് വ്യക്തമാക്കുന്നു.
കേരളത്തിൽ ഏത് കേസായാലും സിബിഐ അന്വേഷിക്കണമെന്ന മുറവിളിയാണ് യുഡിഎഫിന്റേത്. ലൈഫ് പദ്ധതിക്കെതിരെ പോലും കത്തെഴുതി സിബിഐയെ വിളിച്ചുവരുത്തി. ഏറ്റവും ഒടുവിൽ വിവാദമായ വാളയാർ കേസും സിബിഐക്കു വിടാൻ സർക്കാർ തീരുമാനിച്ചു.
റഷീദ് ആനപ്പുറം
No comments:
Post a Comment