Tuesday, January 26, 2021

എക്‌സിക്യൂട്ടീവാകുന്ന റിപ്പബ്ലിക് - പി രാജീവ്‌ എഴുതുന്നു

1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കാകുന്നത് ജനങ്ങൾ പരമാധികാരികളാകുന്ന ജനാധിപത്യ സംവിധാനമായി പ്രഖ്യാപിക്കുന്ന ഭരണഘടന അന്നുമുതൽ  പ്രാബല്യത്തിൽ വന്നതുകൊണ്ടാണ്.  അതുവരെ 1935 ലെ ഗവൺമെന്റ്‌ ഓഫ് ഇന്ത്യ ആക്ടും  ഭരണഘടനാ രാജവാഴ്ചയുമാണ് നിലനിന്നിരുന്നത്. 1947 ആഗസ്ത് 15ന് സ്വതന്ത്രമായെങ്കിലും സ്വന്തമായ ഭരണഘടനയിലേക്ക് എത്തുന്നതിന് പിന്നെയും സമയം എടുത്തു. 1949 നവംമ്പർ 26നാണ് ഭരണഘടന അസംബ്ലി ഇന്ത്യൻ ഭരണഘടനയ്‌ക്ക് അംഗീകാരം നൽകുന്നത്. 1929 ഡിസംബറിൽ ജവാഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ ബ്രിട്ടീഷുകാരിൽനിന്ന് പൂർണസ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ചു. 1930 ജനുവരി 26 സമ്പൂർണ സ്വാതന്ത്ര്യദിനമായി ഇന്ത്യയെമ്പാടും ആചരിക്കണമെന്നും ആ സമ്മേളനം തീരുമാനിച്ചു. അതുകൊണ്ടാണ് ഭരണഘടന പ്രാബല്യത്തിൽ വരുന്നതിന് ജനുവരി 26 തെരഞ്ഞെടുത്തത്. ഈ ആവശ്യം ആദ്യം ഉന്നയിച്ച് 1921ൽ അഹമ്മദാബാദ്  സമ്മേളനത്തിൽ കമ്യൂണിസ്റ്റ് പാർടിക്കുവേണ്ടി പ്രമേയം അവതരിപ്പിച്ച ഹസ്രത്ത് മൊഹാനിയും അതേ ഭരണഘടന അസംബ്ലിയിൽത്തന്നെ ഉണ്ടായിരുന്നുവെന്നത് കൗതുകകരമായ മറ്റൊരു കാര്യം.

ഇന്ന് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ ഭരണഘടനയ്‌ക്കും അതിന്റെ അടിസ്ഥാന ശിലകൾക്കും  ഭരണഘടനാ സ്ഥാപനങ്ങൾക്കും എന്തു സംഭവിക്കുന്നുവെന്ന ഉൽക്കണ്ഠയാണ് ഉയർന്നുനിൽക്കുന്നത്. 1950ലെ ആദ്യ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായിരുന്ന ഇന്തോനേഷ്യൻ പ്രധാനമന്ത്രി സുകർണോ ആയിരുന്നു പ്രധാന ആകർഷകകേന്ദ്രം. വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലെ ഭരണാധികാരികളെയൊന്നും ക്ഷണിക്കാതെ സുകർണോയെ പങ്കെടുപ്പിച്ചതിന് പല മാനങ്ങളുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ റിപ്പബ്ലിക് ദിനത്തിന്റെ ശ്രദ്ധാകേന്ദ്രം രാജ്യത്തെ കർഷകർ തലസ്ഥാന നഗരിയിലും മറ്റിടങ്ങളിലും നടത്തുന്ന ട്രാക്ടർ പരേഡാണ്. കോർപറേറ്റ് ആധിപത്യത്തിനു കീഴടങ്ങിയ ഭരണസംവിധാനത്തിനെതിരെയുള്ള പ്രതിഷേധമാണ് കർഷകർ പ്രകടിപ്പിക്കുന്നത്. അതോടൊപ്പം അത് ഭരണഘടനയെയും അതിന്റെ അടിസ്ഥാനശിലകളായ ഫെഡറലിസത്തെയും പാർലമെന്ററി വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭം കൂടിയുമാണ് കർഷകർ നടത്തുന്നത്.

പാർലമെന്റും എക്സിക്യൂട്ടീവും ജുഡീഷ്യറിയുമാണ് ജനാധിപത്യത്തിന്റെ തൂണുകൾ. ഇവയോരോന്നും പ്രവർത്തിക്കുന്നത് ഭരണഘടന അനുശാസിക്കുന്നതു പ്രകാരമാണ്. അതുകൊണ്ട് ഈ മൂന്നു സ്ഥാപനത്തിന്റെയും മുകളിലാണ് ഭരണഘടന. എന്നാൽ, ഇന്ന് പ്രയോഗത്തിൽ അത് അട്ടിമറിക്കപ്പെടുന്നു. ഭരണഘടന മരവിപ്പിക്കുകയോ മാറ്റി എഴുതുകയോ ചെയ്യാതെതന്നെ ഭരണഘടനയെ നിശ്ശബ്ദമാക്കാമെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു.

ഭരണഘടന അസംബ്ലിയിൽ ഭരണഘടനാ ധാർമികതയെ പരാമർശിക്കുമ്പോൾ ബി ആർ അംബേദ്കർ ഈ മുന്നറിയിപ്പ് നൽകിയിരുന്നു എന്നതാണ് യാഥാർഥ്യം. “ജനാധിപത്യ ഭരണഘടനയുടെ സമാധാനപരമായ പ്രവർത്തനത്തിന് ഭരണഘടന ധാർമികതയുടെ വ്യാപനത്തിന്റെ അനിവാര്യത എല്ലാവരും തിരിച്ചറിയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് പരസ്പരബന്ധിതമായ രണ്ടു കാര്യം പലരും മനസ്സിലാക്കുന്നില്ലെന്നത് നിർഭാഗ്യകരമാണ്. ഭരണനിർവഹണത്തിന്റെ രൂപത്തിന് ഭരണഘടനയുടെ രൂപവുമായി അടുത്ത ബന്ധമുണ്ടായിരിക്കണം. അതായത് ഭരണനിർവഹണം, ഭരണഘടനയുടെ സത്തയ്‌ക്ക് അനുസൃതമായിരിക്കണം. രണ്ടാമതായി, ഭരണഘടനയെ മാറ്റാതെതന്നെ ഭരണനിർവഹണത്തിന്റെ രൂപത്തെ മാറ്റിക്കൊണ്ടും അതിനെ ഭരണഘടനയുടെ സത്തയ്‌ക്ക് എതിരായി മാറ്റിക്കൊണ്ടും ഭരണഘടനയെത്തന്നെ അട്ടിമറിക്കാം എന്നതാണ്’. ഇന്നത്തെ ഇന്ത്യയിൽ ഈ വാചകങ്ങൾ എത്രമാത്രം പ്രസക്തമാണ്.

ഭരണഘടന അനുശാസിക്കുന്നതു പ്രകാരം കൃഷി സംസ്ഥാനവിഷയമാണ്. അതു സംബന്ധിച്ച നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനില്ല, നിയമസഭകൾക്കാണ്. വ്യാപാരത്തെ സംബന്ധിച്ച് മൂന്നാം ഭരണഘടന ഭേദഗതിയിലെ സാങ്കേതികപിൻബലമാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, കാർഷികമേഖലയിലെ മാറ്റങ്ങൾക്ക് ഇടയാക്കുന്ന നിയമം പാസാക്കാൻ ഭരണഘടനയുടെ അന്തസ്സത്തയ്‌ക്ക് അനുസൃതമായി നിയമസഭകൾക്ക് മാത്രമാണ് അധികാരം. എന്നാൽ, ഇവിടെ കേന്ദ്ര സർക്കാർ പ്രയോഗത്താൽ ഭരണഘടനയെ അട്ടിമറിക്കുന്നു.

സംസ്ഥാനങ്ങൾക്ക് നിയതമായ അധികാരം ഭരണഘടന നൽകുന്നത് കൃത്യമായ കാഴ്ചപ്പാടിനെ അനുസരിച്ചാണ്. ഫെഡറലിസമെന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയാണ്. കാർഷിക നിയമങ്ങൾവഴി ഇതും കേന്ദ്ര സർക്കാർ അട്ടിമറിച്ചു.

രാജ്യത്ത് ഒരു നിയമം പാസാക്കേണ്ടത് എങ്ങനെയെന്ന് ഭരണഘടന വ്യക്തമായും നിർവചിക്കുന്നുണ്ട്. അതിനെക്കൂടി അടിസ്ഥാനമാക്കിയാണ് ഇതുസംബന്ധിച്ച  ചട്ടങ്ങൾക്ക് പാർലമെന്റ്‌ രൂപം നൽകിയിട്ടുള്ളത്. ഇതിനെല്ലാം കടകവിരുദ്ധമായാണ് രാജ്യസഭയിൽ കാർഷിക ബില്ലുകൾ “പാസാക്കി’യെടുത്തത്. ഇവിടെ പാർലമെന്റ്‌ കേവലം എക്സിക്യൂട്ടിവ് പാർലമെന്റായി അധഃപതിക്കുന്നു. പ്രയോഗത്താൽ വീണ്ടും ഭരണഘടന അട്ടിമറിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിലും ഈ പ്രവണത ദൃശ്യമാണ്. ഭരണഘടന അനുശാസിക്കും പ്രകാരം പൗരത്വമെന്നത് മതത്തിന്റെയോ രാഷ്ട്രങ്ങളുടെയോ അടിസ്ഥാനത്തിൽ വിവേചനം അനുവദിക്കാത്തതാണ്. ഇതുസംബന്ധിച്ച് ഇപ്പോൾ സർക്കാർ ഉയർത്തുന്ന വാദങ്ങൾ വിശദമായി ചർച്ച ചെയ്ത് ഭരണഘടന അസംബ്ലി തീർപ്പുകൽപ്പിച്ചതാണ്. ഭരണഘടന അസംബ്ലിയുടെ തീർപ്പിനും ഭരണഘടനയുടെ ആർട്ടിക്കിളുകൾക്കും കടകവിരുദ്ധമായി നിയമം പാസാക്കുക വഴി ഫലത്തിൽ ഭരണഘടന നോക്കുകുത്തിയായി മാറുന്നു.

രാജ്യത്തിന്റെ അതിർത്തിക്കകത്ത് എല്ലാ മനുഷ്യർക്കും തുല്യത എന്നത് മൗലികാവകാശം എന്നതോടൊപ്പം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പരമപ്രധാന സങ്കൽപ്പമാണ്. ഇത്തരം മൗലിക കാഴ്ചപ്പാടുകൾ നിയമനിർമാണത്തിലും ഭരണനിർവഹണത്തിലും വ്യാപിക്കേണ്ടത് ഭരണഘടന ധാർമികതയുടെ മുന്നുപാധിയാണ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ നടപടിയും ഭരണഘടന അന്തസ്സത്തയ്‌ക്കും ആർട്ടിക്കിളുകൾക്കും വിരുദ്ധമായിരുന്നു. ഭരണഘടനയ്‌ക്ക് ഭേദഗതി വരുത്തുന്നതിന് സങ്കീർണവും നിയതമുമായ പ്രക്രിയയിലൂടെ പാർലമെന്റിന്  അധികാരമുണ്ട്. എന്നാൽ, അതീവലാഘവത്വത്തോടെ ഈ വ്യവസ്ഥകളും ചട്ടങ്ങളും കാറ്റിൽപ്പറത്തി. പാർലമെന്റാണ് ഭരണഘടനയുടെ സൂക്ഷിപ്പുകാരൻ. ഈ സൂക്ഷിപ്പുകാരനെത്തന്നെ ഇപ്രകാരം ഉപയോഗിക്കുമ്പോൾ ഫലത്തിൽ പാർലമെന്റ്‌ എക്സിക്യൂട്ടിവിന്റെ താൽപ്പര്യംമാത്രം സംരക്ഷിക്കുന്നതായി മാറുന്നു. അഥവാ പാർലമെന്റ്‌, എക്സിക്യൂട്ടിവ് പാർലമെന്റാകുന്നു.

നിയമനിർമാണവും ഭരണനിർവഹണവും ഭരണഘടനാനുസൃതമാണോയെന്ന് ഉറപ്പുവരുത്തേണ്ട ഭരണഘടനാ സ്ഥാപനമാണ് സുപ്രീംകോടതി. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയുടെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും ഭരണഘടനാ സാധുത ചോദ്യംചെയ്ത ഹർജികൾ വർഷങ്ങൾ പിന്നിട്ടിട്ടും കേൾക്കാൻപോലും ഉന്നത നീതിപീഠത്തിന് സമയം കിട്ടിയിട്ടില്ല!

കാർഷിക ബില്ലുകൾ ഭരണഘടനാവിരുദ്ധമാണെന്ന ഹർജികളിൽ വാദം കേൾക്കുന്നതിനു പകരം മധ്യസ്ഥതയ്‌ക്കായി കമ്മിറ്റി രൂപീകരിക്കുന്നു. ഭരണഘടനയ്‌ക്ക് അനുസൃതമല്ലെങ്കിൽ നിയമം റദ്ദാക്കാൻ ഭരണഘടന അധികാരം നൽകുന്ന സുപ്രീംകോടതി, തൽക്കാലത്തേക്ക് നിർത്തിവച്ചുകൂടെയെന്ന് കേന്ദ്രത്തോട് അപേക്ഷിക്കുന്നു. ഒരു നിയമം പ്രസിഡന്റ്‌ ഒപ്പുവച്ചു കഴിഞ്ഞാൽ അത് പ്രയോഗത്തിൽ വന്നു കഴിഞ്ഞുവെന്നും ഒന്നുകിൽ പാർലമെന്റ്‌തന്നെ അതിനെ  റദ്ദാക്കുന്ന മറ്റൊരു നിയമം പാസാക്കിയാലോ അല്ലെങ്കിൽ സുപ്രീംകോടതി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയാലോ മാത്രമേ നിലവിലെ നിയമം ഇല്ലാതാകുകയുള്ളൂവെന്ന പ്രാഥമിക നിയമസാക്ഷരതയിൽ ഉന്നത നീതിപീഠം അജ്ഞത നടിച്ചു. ആധികാരിക സ്ഥാപനമായ സുപ്രീംകോടതി തങ്ങളുടെ ഉത്തരവാദിത്തം എക്സിക്യൂട്ടീവിന് കൈമാറുന്നു. ഫലത്തിൽ അത് എക്സിക്യൂട്ടിവ് ജുഡീഷ്യറിയായി മാറുന്നു.

ഭരണഘടനയുടെ അടിസ്ഥാന ശിലയായി കരുതുന്ന മതനിരപേക്ഷത കൈയൊഴിയുന്നതിനും ഇക്കാലം സാക്ഷ്യം വഹിച്ചു. മതമില്ലാത്ത ധാർമികതയാണോ അതോ മതം ഭരണകൂടത്തിൽ ഇടപെടാത്തതാണോ മതനിരപേക്ഷത എന്നതിലായിരുന്നു ഭരണഘടന അസംബ്ലിയിൽ നടന്ന സംവാദങ്ങളുടെ ഹൃദയം. എന്നാൽ, ഭരണകൂടം മതപരമായ എല്ലാ കാര്യത്തിലും ഇടപെടുന്നത് ക്ഷേത്രനിർമാണ ഉദ്ഘാടനത്തിൽവരെ പ്രതിഫലിക്കുകയുണ്ടായി. ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും ഇല്ലാതാകുന്ന കാലത്ത് എങ്ങനെയാണ് ഇന്ത്യക്ക്  റിപ്പബ്ലിക് എന്ന് അവകാശപ്പെടാൻ കഴിയുന്നതെന്ന ചോദ്യം പ്രസക്തമാണ്. മതനിരപേക്ഷതയിൽനിന്ന്‌ മതാത്മകതയിലേക്കുള്ള മാറ്റം ജനാധിപത്യത്തിൽനിന്ന്‌ ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്.

എല്ലാം എക്സിക്യൂട്ടീവിലേക്ക് കേന്ദ്രീകരിക്കുന്ന സവിശേഷ സന്ദർഭത്തിൽ എക്സിക്യൂട്ടീവ്തന്നെ ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നുവെന്ന അപകടത്തെക്കൂടി കാണേണ്ടതുണ്ട്. ഭരണഘടന അസംബ്ലിയിലെ അവസാന പ്രസംഗത്തിൽ അംബേദ്കർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. “ജനാധിപത്യത്തിൽ എപ്പോഴും ഏകാധിപത്യത്തിനുള്ള സാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. പുതിയ ജനാധിപത്യ രാജ്യങ്ങളിൽ ഈ സാധ്യത അധികമാണ്. അതു സംഭവിച്ചാൽ ദുരന്തമായിരിക്കും ഫലം. മതത്തിൽ മഹദ്വ്ൽക്കരണവും ഭക്തിയും നല്ലതായിരിക്കാം. എന്നാൽ, രാഷ്ട്രീയത്തിൽ അത് ഏകാധിപത്യത്തിനുള്ള വഴിതുറക്കും.’’ നരേന്ദ്ര മോഡി എന്ന വ്യക്തിയിലേക്കും ഏകമുഖ പ്രത്യയശാസ്ത്രത്തിലേക്കും രാഷ്ട്രത്തെ ചുരുക്കാനുള്ള ശ്രമം ഈ വഴിയിലേക്കുള്ളതാണ്.

ഈ ഘട്ടത്തിലും പ്രതീക്ഷകൾ അസ്തമിക്കുന്നില്ലെന്ന് ശക്തിപ്പെടുന്ന പോരാട്ടങ്ങൾ പ്രഖ്യാപിക്കുന്നു. “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ എന്നുതന്നെയാണ് ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത്. ഈ ജനതയാണ് കൊടുംശൈത്യത്തിലും തളരാതെ തുടർച്ചയായി പൊരുതിക്കൊണ്ടിരിക്കുന്നത്. അവരാണ് റിപ്പബ്ലിക് ദിനത്തിൽ യഥാർഥ പരേഡിന് നേതൃത്വം നൽകുന്നത്. ജനങ്ങൾ തന്നെയാണ് റിപ്പബ്ലിക്കിലെ പരമാധികാരികൾ. എല്ലാ ഏകാധിപത്യ പ്രവണതയും അവസാനിക്കുന്നത് ജനതയുടെ ഇച്ഛാശക്തിയിലും സമർപ്പണത്തിലും തന്നെയായിരിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനവും ഓർമിപ്പിക്കുന്നു.

പി രാജീവ് 

No comments:

Post a Comment