സഭ തുടങ്ങിയപ്പോൾ 18 എംഎൽഎമാർ, തീരുമ്പോൾ ‘പതിനഞ്ചര’എംഎൽഎമാർ. രണ്ടുപേർ ജയിലിൽ. മൂന്നാമതൊരാൾ വർഗീയപ്രചാരണം നടത്തിയ കുറ്റത്തിന് ‘അര എംഎൽഎ’യായി. പതിനാലാം കേരള നിയമസഭയുടെ അവസാനസമ്മേളനം കഴിഞ്ഞ് വെള്ളിയാഴ്‌ച പിരിഞ്ഞപ്പോൾ മുസ്ലിംലീഗ് പടിയിറങ്ങുന്നത് അങ്ങേയറ്റം നാണംകെട്ട്.
അഴിമതിക്കേസിൽ മാസങ്ങളായി അകത്താണ് എംഎൽഎമാരായ എം സി ഖമറുദ്ദീനും വി കെ ഇബ്രാഹിംകുഞ്ഞും. ലീഗ് നിയമസഭാകക്ഷി ഉപനേതാവായ ഇബ്രാഹിംകുഞ്ഞ് സഭ കണ്ടിട്ട് കാലങ്ങളായി. പാലാരിവട്ടം പാലം അഴിമതിക്കേസ് പ്രതിയാണീ മുൻമന്ത്രി. മഞ്ചേശ്വരത്തുനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഖമറുദ്ദീനാകട്ടെ സഭയിൽ പങ്കെടുത്തതിലുമധികം കാലം ജയിലിലെന്ന റെക്കൊർഡിലേക്ക് പോകകുയാണ്. ഫാഷൻഗോൾഡ് സ്വർണത്തട്ടിപ്പിൽ പ്രതിയായ ഖമറൂദ്ദീനെതിരെ എത്ര കേസെന്ന് ലീഗ് നേതൃത്വത്തിനുകൂടി നിശ്ചയമില്ല.
‘അര എംഎൽഎ’യായ കെ എം ഷാജി നിയമസഭാകക്ഷി ട്രഷററാണ്. വർഗീയപ്രചാരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ ഷാജിക്ക് സമ്മേളനത്തിൽ പങ്കെടുക്കാനും രജിസ്‌റ്ററിൽ ഒപ്പിടാനുമേ അവകാശമുള്ളൂ. എന്നാൽ ഷാജിയും അവസാനസമ്മേളനത്തിലുണ്ടായില്ല. പ്ലസ്ടു കോഴക്കേസിൽ ഇഡിയും വിജിലൻസും ചോദ്യംചെയ്‌തു. എന്ന് അറസ്‌റ്റിലാകുമെന്ന ആശങ്കയിലാണിപ്പോൾ.
ഇതിലും ദയനീയമാണ് കക്ഷിനേതാവായ എം കെ മുനീറിന്റെ അവസ്ഥ. സ്വത്ത് സമ്പാദനക്കേസിൽ ഭാര്യയെ ഇഡിക്ക് മുന്നിൽ ഹാജരാക്കിയശേഷമായിരുന്നു മുനീർ സഭാസമ്മേളനത്തിന് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. തിരിച്ച് കോഴിക്കോട്ട് വണ്ടിയിറങ്ങുമ്പോൾ ഇഡിയോ അതോ വിജിലൻസോ, ആരു പിടിക്കുമെന്ന ഭീതിയിലാണ് പ്രതിപക്ഷ ഉപനേതാവ് കൂടിയായ മുനീർ. ഷാജിയുടെ കേസിൽ ഇഡി വിളിപ്പിച്ച ടി വി ഇബ്രാഹിമും പി കെ ബഷീറടക്കം കേസും പൊല്ലാപ്പുമായി ലീഗിന് തലവേദനയായ എംഎൽഎമാർ വേറെയുമുണ്ട്.
പി വി ജീജോ
No comments:
Post a Comment