Sunday, January 24, 2021

സംസ്ഥാനത്ത് ഭൂമിയുടെ സർവേ ഇനി ഉപഗ്രഹങ്ങൾ നിർണയിക്കും; ധാരണപത്രം ഒപ്പിട്ടു

സംസ്ഥാനത്ത് ഭൂമിയുടെ സർവേ ഇനി ഉപഗ്രഹസാങ്കേതികവിദ്യ വഴി. ഭൂമിയുടെ അളവും പരിപാലനവും കൂടുതൽ കാര്യക്ഷമവും കൃത്യവുമാക്കാൻ നൂതന ജിയോസ്പേഷ്യൽ സാങ്കേതിക വിദ്യയായ കണ്ടിന്യൂസിലി ഓപ്പറേറ്റിങ്‌ റെഫറൻസ്‌ സ്‌റ്റേഷൻസ്‌ (സിഒആർഎസ്‌) സ്ഥാപിക്കും. നാവിഗേഷൻ സാറ്റലൈറ്റുകളുപയോഗിച്ച്‌ പ്രവർത്തിക്കുന്ന സിഒആർഎസ്‌ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിയൽ ടൈം കിനെമാറ്റിക്‌ (ആർടികെ)  മെഷീനുകൾ ഉപയോഗിച്ച് സർവേ ചെയ്യുന്ന സംവിധാനമാണ്‌ കേരളത്തിൽ നടപ്പാക്കുന്നത്‌. 12 കോടി രൂപ ചെലവിലാണ്‌ ഈ സജ്ജീകരണമൊരുക്കുന്നത്‌. ഇതിൽ  എട്ട്‌ കോടി രൂപ  സിഒആർ സ്റ്റേഷനുകൾ സ്ഥാപിക്കാനും  ശേഷിക്കുന്ന തുക  ആർടികെ മെഷീനുകൾക്കുമാണ്‌. അഞ്ച്‌ സംസ്ഥാനങ്ങളിൽ ഇത്‌ നടപ്പാക്കിയതിന്റെ പ്രാവീണ്യവും പരിചയസമ്പത്തും കണക്കിലെടുത്താണ്‌ സർവേ ഓഫ് ഇന്ത്യക്ക്‌  നിർവഹണച്ചുമതല നൽകിയത്‌. 

28 സിഒആർ സ്റ്റേഷനാണ് കേരളത്തിൽ സ്ഥാപിക്കുക. ഇതുവഴി സർവേയർമാരുടെ ലഭ്യതക്കുറവുമൂലമുള്ള കാലതാമസം ഒഴിവാകും. പൂർണമായും ഡിജിറ്റൽ രീതിയിൽ സർവേ രേഖകൾ തയ്യാറാക്കുന്നതിനാൽ  ജനങ്ങൾക്ക് ഓൺലൈനായി സേവനങ്ങൾ നൽകാം.   ഒരു വർഷത്തിനകം പൂർത്തിയാകും.  സർവേ ജീവനക്കാർക്ക് സർവേ ഓഫ് ഇന്ത്യ പരിശീലനം നൽകും.

സിഒആർ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള  ധാരണപത്രം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ  സാന്നിധ്യത്തിൽ സർവേ ഓഫ് ഇന്ത്യ  കേരള ആൻഡ്‌ ലക്ഷദ്വീപ് ഡയറക്ടർ  പി വി രാജശേഖറുമായി സംസ്ഥാന സർവേ ഡയറക്ടർ  ആർ ഗിരിജ ഒപ്പുവച്ചു. 

നിയമസഭാ കോംപ്ലക്സിൽ തിങ്കളാഴ്‌ച രാവിലെ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രിക്ക്‌ പുറമെ  റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലക്, ലാൻഡ്‌ റവന്യൂ കമീഷണർ കെ ബിജു  എന്നിവരും പങ്കെടുത്തു.

1.63 ലക്ഷം പേർക്ക് പട്ടയം നൽകി , ചട്ടലംഘനം കണ്ടെത്തിയ കേസുകളിൽ നടപടി : ഇ ചന്ദ്രശേഖരൻ

എൽഡിഎഫ്‌ സർക്കാർ  1,63, 691 പേർക്ക് പട്ടയം അനുവദിച്ചുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ  അറിയിച്ചു. അതിതീവ്ര ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ  സാധ്യത മേഖലകളായി നിർണയിച്ചിട്ടുള്ള പ്രദേശങ്ങളിൽ വെടിമരുന്ന് ഉപയോഗിച്ചുള്ള പാറഖനനം നിരോധിക്കണമെന്ന കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക്‌ നിർദേശം നൽകിയിട്ടുണ്ട്.

പട്ടയവ്യവസ്ഥകൾ ലംഘിച്ച് കെട്ടിടനിർമാണം നടത്തുന്നത് തടയാൻ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. ചട്ടം ലംഘിച്ച്  കെട്ടിടനിർമാണം നടത്തിയതിൽ  പട്ടയം റദ്ദ് ചെയ്ത് ഭൂമി തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കും. പത്തനംതിട്ട ജില്ലയിൽ ചട്ടം ലംഘിച്ചതായി കണ്ടെത്തിയ പട്ടയം തഹസിൽദാർ റദ്ദ്‌ ചെയ്തു. ഇടുക്കി ജില്ലയിൽ ഇപ്രകാരമുള്ള കേസുകളിൽ നിരോധന ഉത്തരവുകൾ നൽകി. നിർമാണപ്രവർത്തനം നിർത്തിവച്ചു. ചിലതിൽ പട്ടയം റദ്ദ് ചെയ്തു. വയനാട് ജില്ലയിൽ ചട്ടലംഘനം കണ്ടെത്തിയ കേസുകളിൽ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

No comments:

Post a Comment