എം സ്വരാജ് എംഎൽഎയ്‌ക്ക് മറുപടിയായി വി ഡി സതീശൻ എംഎൽഎ ഭരണഘടനയുടെ 12ആം വകുപ്പ് പ്രകാരം "സ്റ്റേറ്റ്" എന്ന പദം വിശാലമാണെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ അതിൻ്റെ പരിധിയിൽ പെടുന്നു എന്നും അതുകൊണ്ട് 293ആം വകുപ്പ് കിഫ്ബിക്ക് ബാധകമാണെന്നും വാദിച്ചു. അതുകേട്ട കോൺഗ്രസ് ട്രോളന്മാർ "സ്വരാജിനെ തേച്ചേ" എന്നും പറഞ്ഞ് ആഘോഷവും തുടങ്ങി. വിവരക്കേടെടുത്ത് ആഘോഷമാക്കുന്ന അണികളെ പിന്നീടെങ്കിലും തിരുത്താൻ ഒരു നിയമ ബിരുദധാരി എന്ന നിലയ്ക്ക് അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. ജനീവയിൽ അന്താരാഷ്‌ട്ര നിയമം പ്രാക്‌ടീസ് ചെയ്യുന്ന ദീപക് രാജു എഴുതുന്നു.
കിഫ്ബിക്ക് സ്വന്തം ഹൈക്കോടതി വേണോ?. ട്രോൾ ഗ്രൂപ്പുകൾ ഭരണഘടനാ ചർച്ചയിലാണ്.
അൽപം പശ്ചാത്തലം. ഭരണഘടനയുടെ 293ആം വകുപ്പ് "സ്റ്റേറ്റുകൾ" കടം വാങ്ങുന്നത് സംബന്ധിക്കുന്ന ചില വ്യവസ്ഥകൾ മുന്നോട്ട് വയ്ക്കുന്നു. ആ വകുപ്പ് കിഫ്‌ബി ലംഘിച്ചു എന്ന ആരോപണത്തിന് മറുപടിയായി ബഹു. എം. സ്വരാജ് എം.എൽ.എ ആ വകുപ്പിൽ സ്റ്റേറ്റ് എന്നാൽ "സംസ്ഥാനം" എന്നാണെന്നും അതുകൊണ്ട് ആ വകുപ്പ് കിഫ്ബിക്ക് ബാധകമല്ലെന്നും വാദിച്ചു. അതിന് മറുപടിയായി ബഹു. വി.ഡി സതീശൻ എം.എൽ.എ ഭരണഘടനയുടെ 12ആം വകുപ്പ് പ്രകാരം "സ്റ്റേറ്റ്" എന്ന പദം വിശാലമാണെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ അതിൻ്റെ പരിധിയിൽ പെടുന്നു എന്നും അതുകൊണ്ട് 293ആം വകുപ്പ് കിഫ്ബിക്ക് ബാധകമാണെന്നും വാദിച്ചു. അതുകേട്ട കോൺഗ്രസ് ട്രോളന്മാർ "സ്വരാജിനെ തേച്ചേ" എന്നും പറഞ്ഞ് ആഘോഷവും തുടങ്ങി.
"State" എന്ന വാക്ക് ഭരണഘടനയിൽ രണ്ട് അർത്ഥങ്ങളിൽ എങ്കിലും ഉപയോഗിക്കുന്നുണ്ട്. ഒന്ന്, വിശാലമായ അർത്ഥത്തിൽ, രാഷ്ട്രം. രണ്ട്, സംസ്ഥാനം.
ഇതിൽ ആദ്യത്തെ അർത്ഥമാണ് ആർട്ടിക്കിൾ 12-ഇലെ നിർവചനത്തിൽ ഉള്ളത്. ആർട്ടിക്കിൾ 12 മൗലികാവകാശങ്ങൾ അടങ്ങിയ ഭരണഘടനയുടെ പാർട്ട് 3യുടെ ഭാഗമാണ്. ആ വകുപ്പിലെ നിർവചനത്തിൽ എയർപോർട്ട് അതോറിറ്റിയും, എയർ ഇന്ത്യയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒക്കെ "ദ സ്റ്റേറ്റ്" ആണ്.
അങ്ങനെ ഒരു നിർവചനം സ്വീകരിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. പാർട്ട് 3യിൽ പറയുന്ന മൗലികാവകാശങ്ങൾ പൗരന് ഉറപ്പ് വരുത്തേണ്ടത് "സ്റ്റേറ്റ്" ആണ്. ആ അവകാശങ്ങൾക്ക് കൂടുതൽ വ്യാപ്‌തി ഉറപ്പുവരുത്തുകയാണ് ആർട്ടിക്കിൾ 12ലെ നിർവചനം ചെയ്യുന്നത്. എയർ ഇന്ത്യ വിവേചനപരമായ തൊഴിൽനയങ്ങൾ സ്വീകരിച്ചാൽ, എയർ ഇന്ത്യ "സ്റ്റേറ്റ്" ആയതുകൊണ്ട് അത് മൗലികാവകാശ ലംഘനമാണ്.
"ദ സ്റ്റേറ്റ്" എന്ന പദത്തിന്റെ ഈ വിശാലമായ നിർവചനം പാർട്ട് 3 യിൽ മാത്രം ബാധകമാണ്. ആർട്ടിക്കിൾ 12 തുടങ്ങുന്നത് തന്നെ "In this Part" എന്ന് പറഞ്ഞുകൊണ്ടാണ്.
ഈ നിർവചനം എടുത്ത് പാർട്ട് 3ക്ക് പുറത്ത് പ്രയോഗിച്ചാൽ വിചിത്രമായ ഫലങ്ങളാണ് ഉണ്ടാകുക. ഭരണഘടനയുടെ ആർട്ടിക്കിൾ 1 "India, that is Bharat, shall be a Union of States" എന്നാണ്. ഇവിടെ "സ്റ്റേറ്റ്സ്" എന്നാൽ സംസ്ഥാനങ്ങൾ എന്നാണ് ഞാൻ മനസിലാക്കുന്നത്. ആദരണീയനായ പറവൂർ അംഗത്തിന്റെ ലോജിക്ക് അനുസരിച്ചാണെങ്കിൽ ഇന്ത്യ എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എയർ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു യൂണിയൻ എന്ന് മനസിലാക്കേണ്ടി വരും. ആർട്ടിക്കിൾ 1(3) പ്രകാരം ഇവയ്‌ക്കൊക്കെ സ്വന്തമായി ടെറിട്ടറിയും ഉണ്ടാകും.
ഭരണഘടനയുടെ ആർട്ടിക്കിൾ 2 പറയുന്നത് ഒരു പുതിയ "സ്റ്റേറ്റ്" ഉണ്ടാക്കാൻ പാർലമെന്റ് നിയമം കൊണ്ടുവരണം എന്നാണ്. അവിടെയും സ്റ്റേറ്റ് എന്നാൽ സംസ്ഥാനം എന്നാണ് ഞാൻ മനസിലാക്കുന്നത്. ആദരണീയനായ പറവൂർ അംഗത്തിന്റെ ലോജിക്ക് അനുസരിച്ചാണെങ്കിൽ ഒരു സംസ്ഥാനത്തിനും സ്വന്തം നിലയ്ക്ക് ഒരു പൊതുമേഖലാ സ്ഥാപനം തുടങ്ങാനാകില്ല. പാർലമെന്റ് നിയമം കൊണ്ടുവരണം.
ആർട്ടിക്കിൾ 293 "the executive power of a State"നെ സംബന്ധിക്കുന്ന ഒരു വകുപ്പാണ്. ആ വിഷയത്തെ സംബന്ധിക്കുന്ന മറ്റൊരു പ്രധാന വകുപ്പ് ആർട്ടിക്കിൾ 154(1) ആണ്. ആ വകുപ്പ് പ്രകാരം "The executive power of the State shall be vested in the Governor". ഈ രണ്ടു വകുപ്പുകളിലും "സ്റ്റേറ്റ്" എന്നാൽ ഞാൻ മനസിലാക്കുന്നത് സംസ്ഥാനം എന്നാണ്. ശ്രീ സതീശന്റെ തിയറി അനുസരിച്ചാണെങ്കിൽ കിഫ്ബിക്കും, എയർ ഇന്ത്യക്കും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കും ഒക്കെ അവരുടെ എക്സിക്ക്യൂട്ടിവ് അധികാരം കയ്യാളുന്ന ഓരോ ഗവർണർ വേണം. അത് നിർബന്ധമാണ്. കാരണം, ആർട്ടിക്കിൾ 153 പ്രകാരം "There shall be a Governor for each State".
ആദരണീയനായ പറവൂർ അംഗത്തിന്റെ തിയറി അനുസരിച്ച് കിഫ്ബിക്ക് വേണ്ടത് ഗവർണർ മാത്രമല്ല. ആർട്ടിക്കിൾ 163(1) പ്രകാരം കിഫ്ബിക്ക് സ്വന്തമായി മുഖ്യമന്ത്രിയും മന്ത്രിസഭയും വേണം. ആർട്ടിക്കിൾ 165 പ്രകാരം കിഫ്ബിക്ക് സ്വന്തമായി അഡ്വക്കേറ്റ് ജെനറൽ വേണം. ആർട്ടിക്കിൾ 168 പ്രകാരം കിഫ്ബിക്ക് സ്വന്തമായി നിയമസഭ വേണം. ആർട്ടിക്കിൾ 214 പ്രകാരം കിഫ്ബിക്ക് സ്വന്തമായി ഹൈക്കോടതിയും വേണം.
മുന്നൊരുക്കമില്ലാത്തതുകൊണ്ട് ഒരു നിയമസഭാസാമാജികൻ ഒരു അബദ്ധപ്രസ്‌താവന നടത്തി എന്നത് പൊറുക്കാവുന്ന കാര്യമാണ്. പക്ഷേ ആ വിവരക്കേടെടുത്ത് ആഘോഷമാക്കുന്ന അണികളെ പിന്നീടെങ്കിലും തിരുത്താൻ ഒരു നിയമ ബിരുദധാരി എന്ന നിലയ്ക്ക് അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്.
ദീപക് രാജു
No comments:
Post a Comment