Wednesday, January 27, 2021

സ്വപ്‌നപ്പുലരിയിലേക്ക്‌ ആലപ്പുഴ; ബൈപാസ്‌ നാളെ ഉദ്‌ഘാടനംചെയ്യും

 ആലപ്പുഴ > ദശാബ്‌ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്‌ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്നാണ്‌ പതിറ്റാണ്ടുകളായുള്ള ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നത്‌.

348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമിച്ച ബൈപ്പാസിന്റെ നിർമാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. റെയിൽവേ  മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.

ബൈപ്പാസ് നിർമാണത്തിനുള്ള വിഹിതം നൽകിയതിനു പുറമേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേക്ക് കെട്ടിവയ്‌ക്കാനുള്ള 7 കോടി രൂപ നൽകിയതും സംസ്ഥാന സർക്കാരാണ്.അമ്പത്‌ വർഷത്തെ കാത്തിരിപ്പിനാണ്‌  സാക്ഷാത്‌ക്കാരമാകുന്നത്. ആലപ്പുഴ ഇനി ഇടതടവില്ലാതെ കുരുക്കൊഴിഞ്ഞ പാതയിലൂടെ കുതിക്കും.

അമ്പതാണ്ടിന്റെ കാത്തിരിപ്പ്‌

ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം ചരിത്രത്തിലിടം നേടിയിരിക്കുകയാണ്. കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കി. മീ നീളമുള്ള ബൈപാസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 50 വര്‍ഷം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ 15 ശതമാനം ജോലികളാണ് പൂര്‍ത്തിയായിരുന്നത്. പിന്നീടുള്ള നാലര വര്‍ഷംകൊണ്ടാണ് 85 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

1970കളില്‍ ബൈപാസിനായി സര്‍വേ ആരംഭിച്ചപ്പോള്‍ മുതല്‍ തടസങ്ങളായിരുന്നു. ആദ്യ സർവേ പ്രകാരമായിരുന്നു നിര്‍മാണമെങ്കില്‍ കുറച്ചുകൂടി നീളം കുറയ്‌ക്കാമായിരുന്നു. ഒരു റെയില്‍വേ മേല്‍പ്പാലവും ഒഴിവാക്കാമായിരുന്നു. ചില ഇടപെടലുകളെ തുടർന്ന് ‌അലൈൻമെ‌ന്റിൽ മാറ്റംവരുത്തിയതോടെ ബൈപാസിന് നീളം കൂടി. രണ്ട് റെയിൽവേ മേൽപ്പാലം അനിവാര്യമായി. കുതിരപ്പന്തി ടികെഎംഎം യുപി സ്‌കൂളിന്റെ പ്രധാനപ്പെട്ട മൂന്ന് കെട്ടിടംപൊളിച്ചു മാറ്റി.

പലതായിരുന്നു പ്രതിസന്ധി

നൂറു കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചും വീടുകളടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയുമാണ് ബൈപാസിന് സ്ഥലമെടുത്തത്. സ്ഥലത്തിന് നൽകിയ വിലപോരെന്ന് കാട്ടി പലരുംകൊടുത്ത കേസ് തീര്‍പ്പാകാന്‍ കാലങ്ങളെടുത്തു. റോഡിനായി സ്ഥലമൊരുക്കാന്‍ കടൽമണ്ണാണോ പൂഴിയാണോ വേണ്ടതെന്ന തര്‍ക്കമായി പിന്നീട്. മണലിറക്കാൻ ടിപ്പർലോറി ഉപയോഗിച്ചാൽ തൊഴിലാളിയുടെ തൊഴിൽ നഷ്‌ടം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമായി അടുത്ത തടസം. ബൈപാസ് തന്നെ ഇല്ലാതാകുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് നാമമാത്ര തുക കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തി ബൈപാസ് നഷ്‌ടപ്പെടാതെ നിലനിർത്തി.

നിര്‍മാണം

ബൈപാസ് നിർമാണം ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാൻസ്‌ഫർ) രീതിയിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങി. കേരളത്തിലെ ഇടതുപക്ഷ സർക്കാരും ജനങ്ങളും പ്രക്ഷോഭരംഗത്തെത്തി. തുടർന്ന് കേന്ദ്ര സർക്കാർ നേരിട്ട് ബൈപാസ് നിർമിക്കാൻ തീരുമാനിച്ചു. എന്നാൽ, നിർമാണം അനിശ്ചിതമായി നിലച്ചു. തെരഞ്ഞെടുപ്പ് കാലത്തെ തുറുപ്പുചീട്ടായിരുന്നു കോണ്‍​ഗ്രസിന് ആലപ്പുഴ ബൈപാസ്. ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ദാ, ഇപ്പോ നിര്‍മാണം പുനരാരംഭിക്കുമെന്ന് പറഞ്ഞ് വോട്ടുപിടിക്കുകയായിരുന്നു അവര്‍.

എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തി വലിയ സമ്മര്‍ദ്ദം ചെലുത്തിയതോടെ നിർമാണ തുകയുടെ പകുതി സംസ്ഥാനം നൽകിയാൽ നിർമാണം പുനരാരംഭിക്കാമെന്നായി കേന്ദ്രം. സംസ്ഥാന സർക്കാർ അതിന് തയ്യാറായി. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായതോടെ ശക്തമായ ഇടപെടലിൽ നിര്‍മാണം പുനരാരംഭിച്ചു. ഓരോ ഘട്ടത്തിലും ശ്രദ്ധയില്‍പെട്ട അപാകവും പോരായ്‌മയും അപ്പോള്‍ത്തന്നെ പരിഹരിച്ചു. റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള തടസം. അതിനും പരിഹാരമായതോടെ ബൈപാസ് യാഥാര്‍ഥ്യമായി.

No comments:

Post a Comment