Wednesday, January 20, 2021

ഇത് ബജറ്റിന് പുറത്തുളള കടമെടുപ്പല്ല'; കിഫ്‌ബിയിൽ വി ഡി സതീശന്‌ തോമസ്‌ ഐസകിന്റെ മറുപടി

തിരുവനന്തപുരം > കിഫ്‌ബി ഭരണഘടനാ വിരുദ്ധമാണ് എന്ന സിഎജി നിഗമനത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. വി ഡി സതീശന്‍ എംഎല്‍എയുടെ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

കിഫ്‌ബിയില്‍ നിന്നുളള ചെലവ് 7300 കോടി രൂപയാണ്. മാര്‍ച്ചിനുളളില്‍ ചുരുങ്ങിയത് 12,000 കോടി രൂപ കിഫ്ബി ഫിനാന്‍സ് ചെയ്യും. ഇത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനമാണ്.മൂന്നുനാലുകൊല്ലത്തിനുളളില്‍ ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ കേരളം എങ്ങനെ മാറും എന്ന് ചിന്തിക്കണം എന്നും ധനമന്ത്രി പറഞ്ഞു. സിഎജി ഏഴാം ഷെഡ്യൂള്‍ പഠിപ്പിക്കുകയാണ്. എങ്ങനെയാണ് ഇതെല്ലാം എഴുതിപ്പിടിപ്പിക്കാന്‍ കഴിയുന്നതെന്നും തോമസ് ഐസക് ചോദിച്ചു.

കിഫ്‌ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും. കിഫ്‌ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്നകാര്യം യുഡിഎഫ് ജനങ്ങളോട് പറയണം. കിഫ്‌ബി വായ്പയെടുക്കുന്നതിനു സർക്കാർ ഗാരന്റി നൽകുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി സർക്കാർ തങ്ങളുടെ ഇംഗിതത്തിനു അനുസരിച്ച് നിർത്തുകയാണ്. അത്‌ യുഡിഎഫിനും അറിയാവുന്ന കാര്യമാണ്‌.

മസാല ബോണ്ട് എടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ല. ഈ നിയമസഭ രൂപംനല്‍കിയ ഒരു ബോഡി കോര്‍പറേറ്റാണ്. ആര്‍ട്ടിക്കിള്‍ 246 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കി. കേന്ദ്രനിയമമായ ഫെമയില്‍ ഈ നിയമസഭ രൂപം നല്കിയ ബോഡി കോര്‍പറേറ്റിന് ഈ വായ്‌പയ്‌ക്ക്‌ അവകാശമുണ്ട്. ഈ വിവാദം മുഴുവന്‍ നടന്നിട്ടും റിസര്‍വ് ബാങ്ക് അവകാശമില്ലെന്ന് എവിടെ എങ്കിലും പറഞ്ഞോയെന്നും ധനമന്ത്രി ചോദിച്ചു.

അന്താരാഷ്‌ട്ര വിപണിയില്‍ ഒരു സന്ദേശം നല്‍കുകയാണ്. കേരളം എന്ന ഒരു കൊച്ചു സംസ്ഥാനം അവിടെ കിഫ്ബി എന്ന ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കമ്പനി അവര്‍ക്ക് ഇങ്ങനെയൊരു വായ്‌പ എടുക്കാനുളള ശേഷിയുണ്ടെന്ന് കാണിച്ചുകൊടുക്കുകയാണ്. 60,000 കോടി രൂപയാണ് സംസ്ഥാനത്തിന് വേണ്ടി മൊബിലൈസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുളളത്. അതിന് പ്രാപ്‌തിയുണ്ടെന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിന് പുറത്തുളള കടമെടുപ്പ് എന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തേയും ധനമന്ത്രി തള്ളി. ഇത് ബജറ്റിന് പുറത്തുളള കടമെടുപ്പല്ല എന്നുളളതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇത് ബോഡി കോര്‍പറേറ്റ് കിഫ്‌ബി എന്ന സ്ഥാപനം വായ്‌പയെടുത്ത് നടപ്പാക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

കി‌ഫ്‌ബിയുടെ ഡയറക്‌ടർ ബോർഡ്‌ എന്ന്‌ പറയുന്നത്‌ സർക്കാർ പറയുന്നത്‌ അതുപോലെ അംഗീകരിച്ച്‌ പോകുന്ന ആളുകളല്ല. ചർച്ച ചെയ്‌ത തന്നെയാണ്‌ തീരുമാനങ്ങൾ എടുക്കുന്നത്‌. എത്ര വിസ്‌മയകരമായ മാറ്റമാണ്‌ കിഫ്‌ബിയിലൂടെ നാട്ടിൽ വന്നിരിക്കുന്നതെന്ന്‌ നമുക്ക്‌ കാണാവുന്നതല്ലേ. രാഷ്‌ട്രീയമായി ഇതിന്റെ ഗുണം സർക്കാരിന്‌ കിട്ടുന്നു എന്ന തോന്നലിന്റെ പ്രശ്‌നമാണ്‌ പ്രതിപക്ഷത്തിന്‌. അതുകൊണ്ടാണ്‌ ഇത്തരം വസ്‌തുതാവിരുദ്ധമായ വാദങ്ങളുമായി വരുന്നത്‌ - മന്ത്രി പറഞ്ഞു.

No comments:

Post a Comment