കൊച്ചി> പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനായി പണപ്പിരിവു നടത്തുന്ന നടപടിയിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മത സ്ഥാപനങ്ങളോ ട്രസ്റ്റുകളോ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിൽ യാതൊരു അപാകതയുമില്ല. എന്നാൽ അത്തരം അക്കൗണ്ടുകളിൽ നിക്ഷേപം സ്വരുപീക്കുന്നതിന് ഒരു ബാങ്ക്, അതും ഒരു പൊതുമേഖലാ ബാങ്ക്, ഇറങ്ങിപ്പുറപ്പെടുന്നത് അംഗീകരിക്കാനാകില്ല.
ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിൻ്റെ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കാൻ അതാത് പ്രദേശങ്ങളിലെ ആർഎസ്എസ് പ്രമുഖുമായി ബന്ധപ്പെടണമെന്നാണ് ബാങ്കധികാരികൾ ജീവനക്കാരോടും ഓഫീസർമാരോടും ആവശ്യപ്പെട്ടിരിക്കുന്നത്. അതിനായി ഓഫീസർമാർക്ക് ചുമതലയും നൽകിയിരിക്കുന്നു. ആർഎസ്എസ് പ്രമുഖുമായി ബാങ്ക് ഉദ്യോഗസ്ഥർ ബന്ധപ്പെടണമെന്ന നിർദ്ദേശം അത്യന്തം പ്രതിഷേധാർഹമാണ്. ഒരു മതേതര രാജ്യത്തെ പൊതുമേഖലാ സ്ഥാപനം ഒരു പ്രത്യേക മതത്തിൻ്റെ പ്രചാരകരായി മാറുന്നു എന്നത് പൊതുജന സമൂഹം ഗൗരവമായി കാണേണ്ട വിഷയമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രാമജന്മഭൂമി ട്രസ്റ്റിൻ്റെ പ്രചാരകരായി ആദ്യഘട്ടത്തിൽ രംഗത്ത് വന്നത്. അവരുടെ യോനോ എന്ന ആപ്പ് തുറക്കുമ്പോൾ തന്നെ ട്രസ്റ്റിൻ്റെ പരസ്യമായിരുന്നു വന്നിരുന്നത്. എതിർപ്പുകൾ ഉയർന്നു വന്ന സാഹചര്യത്തിൽ അത് അപ്രത്യക്ഷമായി. സംസ്ഥാനത്തെ ഒരു സ്വകാര്യ ബാങ്കിൻ്റെ ATM ൽ ശരിയത്ത് നിയമപ്രകാരം പലിശരഹിതമായ അക്കൗണ്ടുകൾ ആരംഭിക്കാമെന്ന പരസ്യം പ്രദർശിപ്പിച്ചപ്പോൾ അതിനെതിരെ കടുത്ത വർഗ്ഗീയത പ്രചരിപ്പിച്ച് ബാങ്ക് ജീവനക്കാരെയും ഓഫീസർമാരെയും സംഘപരിവാറിൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ വാർത്തയും അടുത്തിടെ പുറത്ത് വരികയുണ്ടായി.
ബാങ്കുകളെ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ, ഭരണാധികാരികളുടെ മൗനാനുവാദത്തോടെ, സംഘപരിവാറിൻ്റെ മതപ്രചാരക സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ഇപ്പോൾ ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് വേണ്ടി പണപ്പിരിവ് നടത്താനുള്ള ഉത്തരവ്. പ്രസ്തുത ഉത്തവ് ഉടൻ പിൻവലിച്ച് പൊതു സ്ഥാപനത്തിൻ്റെ മതേതര നിലപാട് കാത്തുസൂക്ഷിക്കാൻ ബാങ്ക് ഓഫ് ബറോഡ അധികാരികൾ തയ്യാറാകണമെന്ന് പ്രസിഡന്റ് ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ് എസ് അനിൽകുമാറും പറഞ്ഞു.
No comments:
Post a Comment