Saturday, January 23, 2021

ചരിത്രംകുറിച്ച്‌ 14–-ാം നിയമസഭ

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഒട്ടേറെ സവിശേഷതകൾ കൂട്ടിച്ചേർത്ത 14–-ാം  കേരള നിയമസഭയുടെ 22–-ാം സമ്മേളനം  പിരിഞ്ഞിരിക്കുന്നു. ഇക്കാലയളവിലാകെ 230 ദിവസം സഭ കൂടുകയുണ്ടായി. അവസാന 11  മാസം കടുത്ത കോവിഡ്‌ നിയന്ത്രണത്തിന്റെ പരിമിതികൾക്കും തടസ്സങ്ങൾക്കുമിടയിലും  ജാഗ്രത കൈവിടാതെ 22 സെഷനുകൾ ചേർന്നു.  രാജ്യത്തിനു  മാതൃകയായി ഐക്യവും ബഹുസ്വരതയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള അനുകരണീയങ്ങളായ പോരാട്ടങ്ങളുടെ വേദിയാക്കി മാറ്റാനായെന്നതാണ്‌ മൗലികമായ സംഭാവന. ആ ബദൽ പാർലമെന്ററി സംസ്‌കാരത്തെ മറ്റു സംസ്ഥാനങ്ങളിലെ സാമാജികരും അക്കാദമിക പണ്ഡിതരും നിയമവിദഗ്‌ധരും സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. അതിൽ പലരും ആ അനുഭവങ്ങൾ നേരിട്ട്‌ മനസ്സിലാക്കാനും ആഴത്തിൽ പഠിക്കാനും ഇവിടേക്ക്‌ എത്തുകയുമുണ്ടായി.

തൊഴിലാളികളും കർഷകരുമടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിൽ  ബദ്ധശ്രദ്ധമായിരുന്ന സഭ,  ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങൾക്കും കാവൽനിന്നു. കേന്ദ്ര  നിയമനമായ  ഗവർണർ പദവി  ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിന്റെ അവകാശങ്ങൾക്ക്‌ മുകളിലാണെന്ന,  അടിസ്ഥാനതത്ത്വങ്ങളുടെ  ലംഘനമായ ആശയത്തിനെതിരെ നിലകൊണ്ട സഭ,  അത്‌  അടിച്ചേൽപ്പിക്കാൻ ശ്രമിച്ച  ചില തെറ്റായ കീഴ്‌വഴക്കങ്ങളുടെ നേർക്കുള്ള വിയോജനവും ശക്തമായി രേഖപ്പെടുത്തി. ആഗോളവൽക്കരണത്തിന്റെയും വർഗീയ ഫാസിസത്തിന്റെയും കോവിഡ്‌ മഹാമാരിയുടെയും അതിന്റെ മറപറ്റിയുള്ള തൊഴിലാളി‐ കർഷക ദ്രോഹ നയങ്ങളുടെയും ആസുരമായ കാലത്ത്‌ രാഷ്ട്രീയ‐ സാമ്പത്തിക‐ സാമൂഹ്യ ബദൽ മുന്നോട്ടുവച്ചെന്ന നിലയിലും ഈ സഭ എക്കാലവും ഓർമിക്കപ്പെടും. ആശയപരമായ തലത്തിൽമാത്രം അത്‌ ഒതുങ്ങിയില്ലെന്നതും ശ്രദ്ധേയം. പകരം ബൃഹത്തായ പ്രായോഗിക പരിഹാരമാർഗങ്ങൾ നിർദേശിച്ചതിലൂടെ പുതിയ മാതൃകയുമായി.

ലെജിസ്ലേച്ചർ ആക്ടിവിസമെന്ന അതിവിശാലമായ കാഴ്‌ചപ്പാടിലേക്ക്‌ നിയമസഭയെ ഉയർത്താൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ  നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളും ശ്ലാഘനീയമാണ്‌. സർഗാത്മകമായ സഭാ അന്തരീക്ഷമായിരുന്നു അതിലേക്കുള്ള ആദ്യപടി.  ഭരണഘടനാ തത്വങ്ങൾ ഒരിക്കലുമില്ലാത്തവിധം വെല്ലുവിളി നേരിട്ടപ്പോൾ  ഭരണഘടനാ ക്ലാസുകളിലൂടെ പ്രതിരോധമുയർത്തി. ജനാധിപത്യ മൂല്യങ്ങൾ ഭയാനകമായ ഭീഷണി അഭിമുഖീകരിച്ചപ്പോൾ ‘ഫെസ്റ്റിവൽ ഓഫ്‌ ഡെമോക്രസി’ക്ക്‌ നേതൃത്വം നൽകി. ഇന്ത്യയിൽ ആദ്യമായി നിയമനിർമാണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കി.

നിയമസഭയ്‌ക്ക്‌ ബദൽ മാധ്യമസാധ്യതയും പ്രയോജനപ്പെടുത്തി. പാസാക്കിയെടുത്ത നിയമങ്ങളുടെ അനുഭവങ്ങളും പരിമിതികളും വിശകലനം ചെയ്യുന്നതിന്‌ ‘ഇംപാക്ട്‌ സ്റ്റഡീസി’ന്‌ തുടക്കം കുറിക്കുകയുമുണ്ടായി. സഭാ സമുച്ചയത്തിൽ ഹരിത പ്രോട്ടോകോൾ പരിചയപ്പെടുത്തി. അതിവേഗ മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന കാലത്തിന്റെ ആവശ്യങ്ങളും രീതികളും ഉൾക്കൊണ്ട്‌ സഭയുടെ നവീകരണവും ആധുനികവൽക്കരണവും ലക്ഷ്യമാക്കിയുള്ള തീരുമാനങ്ങളും വേറെ. ‘ഇ’ സഭ, ഇരിപ്പിടത്തിനു മുന്നിൽ സാമാജികർക്കെല്ലാം ലാപ്‌ടോപ്, സഭാ ടെലിവിഷനിലൂടെ തത്സമയ സംപ്രേഷണം, എംഎൽഎമാരുടെ ഗൃഹപാഠത്തിനും വിവരശേഖരണത്തിനും മികച്ച ലൈബ്രറി എന്നിങ്ങനെ രാജ്യത്തെ മികച്ച നിയമസഭയെന്ന ഖ്യാതിയും  നേടി.

എൺപതിനടുത്ത്‌ സുപ്രധാന നിയമനിർമാണങ്ങൾക്കും 14–-ാം  സഭ സാക്ഷിയായി. കർഷക ക്ഷേമനിധി ബിൽ, വ്യവസായ ഏകജാലക ബിൽ, നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ, ക്രിസ്‌ത്യൻ സെമിത്തേരി ബിൽ, മലയാള ഭാഷാ ബിൽ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ചട്ടം 130 അനുസരിച്ചുള്ള നാലു പ്രധാന പ്രമേയവും അംഗീകരിച്ചു. രാജ്യത്തിന്റെ ഭാവിയെപ്പോലും കടുത്ത പ്രതിസന്ധിയിലാക്കുന്ന പുതിയ കേന്ദ്ര കർഷക നിയമങ്ങൾക്കും ഒരു ജനവിഭാഗത്തെ മനഃശാസ്‌ത്രപരമായി അനിശ്ചിതത്വത്തിലാഴ്‌ത്തിയ പൗരത്വ നിയമഭേദഗതിക്കുമെതിരെ സഭ നിലകൊണ്ടതും എടുത്തുപറയേണ്ടതാണ്‌. പൗരത്വ നിയമം സംസ്ഥാനത്ത്‌ ഒരിക്കലും നടപ്പാക്കില്ലെന്നും ഒരാളെപ്പോലും അന്യനായി കണക്കാക്കില്ലെന്നും 2019 ഡിസംബർ 31 ന്റെ ചർച്ചയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചത്‌ മറക്കാനാകില്ല. 

കർഷക നിയമത്തിനെതിരായ സമരമുഖം തുറക്കാൻ  2020 ഡിസംബർ 31ന്‌ സഭ ഒന്നടങ്കം കൈകോർത്തുനിന്നു. ഈ രണ്ടു സന്ദർഭത്തിലും സംയുക്ത ആഹ്വാനത്തിലൂടെ തെളിഞ്ഞ ഐക്യത്തിലെ വിപുലമായ സന്ദേശം മുന്നോട്ടുകൊണ്ടുപോകുന്നതിനു പകരം യുഡിഎഫ്‌ ചില ഘട്ടങ്ങളിൽ അനാവശ്യ വിവാദങ്ങളുടെയും ഊഹാപോഹങ്ങളുടെയും പൊടിപടലമുയർത്തി. സ്‌പീക്കർക്കെതിരെ  പ്രമേയം കൊണ്ടുവരികയുമുണ്ടായി. സഭാ സമ്മേളനത്തിന്റെ അവസാന രണ്ടുദിവസത്തെ നടപടികൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്‌. സ്‌പീക്കർക്കെതിരായ  യുഡിഎഫ്‌ പ്രമേയത്തിന്‌ അനുകൂലമായി നിന്ന ഏക ബിജെപി അംഗം ഒ രാജഗോപാൽ, സിഎജിയുടെ ഭരണഘടനാ ബാഹ്യമായ ഇടപെടൽ മുൻനിർത്തി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിർക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തിലെ  ഇത്തരമൊരു ചങ്ങാത്തം വരാനിരിക്കുന്ന ബന്ധത്തിന്റെ സൂചനയുമാകാം. ആർഎസ്‌എസ്‌ നേതാവ്‌ വി ഡി സവർക്കറുടെ ഫോട്ടോ അനാച്ഛാദനം ചെയ്‌ത, ‘ഗോമാതാവി’നെ സംരക്ഷിക്കാനും മതപരിവർത്തനം നിരോധിച്ചും നിയമങ്ങൾ പാസാക്കിയ, തൊഴിൽ സമയം ദീർഘിപ്പിക്കാൻ കൂട്ടുനിന്ന ഉത്തർപ്രദേശ്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌, കർണാടകം, ഹിമാചൽപ്രദേശ്‌ സഭകൾ നൽകുന്ന ആപൽക്കരങ്ങളായ സന്ദേശങ്ങൾക്കിടയിലാണ്‌ കേരള നിയമസഭ ജനാധിപത്യവാദികളുടെ പ്രതീക്ഷകളിൽ ഒന്നാകുന്നത്‌.

No comments:

Post a Comment