തിരുവനന്തപുരം > അഞ്ചുവർഷത്തിൽ സംസ്ഥാനത്തിന്റെ മൂലധനച്ചെലവിൽ വൻ കുതിപ്പ്. 52,055.16 കോടി രൂപയാണ് മൂലധനച്ചെലവിനായി എൽഡിഎഫ് സർക്കാർ ബജറ്റുവഴി നീക്കിവച്ചത്. വലിയ പദ്ധതികൾ പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെട്ട ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചുവർഷത്തിൽ വകയിരുത്തിയത് 29,689.37 കോടിയും. 23,665.79 കോടി രൂപ എൽഡിഎഫ് സർക്കാർ അധികമായി വകയിരുത്തി.
ബജറ്റിനുപുറത്തുള്ള മൂലധന നിക്ഷേപവും ചേരുമ്പോൾ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് അഞ്ചുവർഷം സാക്ഷ്യം വഹിച്ചത്. വൻകിട മൂലധന നിക്ഷേപവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് 60,096.35 കോടി രൂപയുടെ പദ്ധതികളാണ് കിഫ്‌ബി അനുമതിയിൽ മുന്നേറുന്നത്.
ഇവയും ചേരുമ്പോൾ 1,12,152 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സർക്കാർ രൂപംനൽകി നടപ്പാക്കി. അഞ്ചുവർഷത്തിൽ 50,000 കോടിയുടെ വികസന പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. കിഫ്‌ബി അംഗീകരിച്ച 821 പദ്ധതിയിൽ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം 40,096 കോടിയുടേതാണ്. ഭൂമി ഏറ്റെടുക്കലിന് 20,000 കോടി രുപ മാറ്റിവച്ചതിലൂടെ വികസനപാതയിലെ ഏറ്റവും വലിയ തടസ്സം നീക്കി. പൊതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യ–-കുടുംബക്ഷേമം, ജലസേചനം തുടങ്ങിയ പ്രധാന മേഖലകളിൽ എല്ലാ നിയമസഭാ മണ്ഡലത്തിനും പ്രാധാന്യം ലഭിച്ചു.
അടിസ്ഥാന സൗകര്യ വികസന മുന്നേറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്. 44,705 ക്ലാസ് മുറി ഹൈടെക്കായി. 292 കോടിയിൽ സ്‌കൂളുകൾക്ക് അത്യാധുനിക ലാബുകളായി. മികവിന്റെ കേന്ദ്രങ്ങളാകുന്ന സ്‌കൂളുകളുടെ കെട്ടിട നിർമാണത്തിന് 1642 കോടിയാണ് നിക്ഷേപം. പൊതുആശുപത്രികൾക്കായുള്ള വകയിരുത്തൽ വിസ്‌മയിപ്പിക്കുന്നു. ഇതുവരെ ചെലവ് 3122 കോടി. 673 കോടിയുടെ കൊച്ചി നഗര പുനരുജ്ജീവനവും സമഗ്ര ജലഗതാഗതവും, 5200 കോടിയുടെ പുതിയ ട്രാൻസ്‌ഗ്രിഡ്, 1062 കോടിയുടെ കെ–-ഫോൺ, 5374 കോടിയിൽ ദേശീതപാത വികസനത്തിന് സ്ഥലമെടുപ്പ്, വ്യവസായ പാർക്കുകൾക്കും ഇടനാഴികൾക്കുമായി 15,000 കോടി, 1652 കോടിയിൽ തീരദേശ ഹൈവേ, 1720 കോടിയിൽ മലയോര ഹൈവേ തുടങ്ങിയ പദ്ധതികളെല്ലാം നടത്തിപ്പിന്റെ വിവിധഘട്ടങ്ങളിലാണ്.
സുഭിക്ഷ കേരളം പദ്ധതി: 26,580 ഹെക്ടർ കൃഷിയോഗ്യമാക്കി, 1,580 ഹെക്‌ടറിൽ അധികം കൃഷി
തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷിയോഗ്യമായത് 26,580 ഹെക്ടർ തരിശുഭൂമി. ലക്ഷ്യമിട്ട 25,000 ഹെക്ടറിൽ 1,580 ഹെക്‌ടർ അധികം കൃഷിയിറക്കി. നെല്ല് ഉൽപ്പാദനം 6.8 ലക്ഷം മെട്രിക് ടണ്ണിൽനിന്നും ഒമ്പത് ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. 2015-–-16ൽ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം 2019–--20 ആയതോടെ 15 ലക്ഷം ടണ്ണായി.
പദ്ധതിയിലേക്ക് കർഷകരെയും യുവാക്കളെയും ആകർഷിക്കാനായി സുഭിക്ഷ കേരളം വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. 65,979 കർഷകർ രജിസ്റ്റർ ചെയ്തു. ഇതിൽ 11,428 പ്രവാസികളും 11,316 യുവാക്കളുമുണ്ട്. നെൽകൃഷി ചെയ്യുന്ന 32,118 കർഷകർക്ക് റോയൽറ്റി നൽകി. റോയൽറ്റിക്ക് അർഹതയുള്ള കർഷകരുടെ രജിസ്‌ട്രേഷൻ തുടരുകയാണ്. എല്ലാ കുടുംബങ്ങളെക്കൊണ്ടും പരമാവധി കൃഷി ചെയ്യിക്കുന്നതിന് ഒരുകോടി ഇരുപത് ലക്ഷത്തോളം വിത്ത് പായ്‌ക്കറ്റുകൾ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് വിതരണം ചെയ്തു.
28 ലക്ഷം പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതിൽ 10.87 ലക്ഷം പേർ സ്ത്രീകളും മൂന്നു ലക്ഷം പേർ യുവാക്കളുമാണ്. പ്രാദേശിക, വിദേശ ഫല വർഗങ്ങൾ വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു കോടി ഫലവൃക്ഷത്തൈകൾ വിപണനം ആരംഭിച്ചിരുന്നു. തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുക, ഉൽപ്പാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നത്.
പ്രതിസന്ധി കരുത്താക്കി; പൊതുമേഖലയിൽ 3149 കോടിയുടെ വിറ്റുവരവ്
തിരുവനന്തപുരം > കോവിഡ്‌കാല പ്രതിസന്ധി കരുത്താക്കി സംസ്ഥാന പൊതുമേലാ സ്ഥാപനങ്ങളുടെ കുതിപ്പ്. 2019–-20 സാമ്പത്തികവർഷം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 3149 കോടിരൂപയുടെ വിറ്റുവരവ് നേടി. പതിനഞ്ച് പൊതുമേഖലാസ്ഥാപനം ലാഭം നേടി. ആലപ്പുഴ കലവൂരിലെ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസാണ് (കെഎസ്ഡിപി) മുമ്പിൽ. പോയവർഷം 7.13 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി.
സാനിറ്റൈസറിൽ കെഎസ്ഡിപി കുതിച്ചു
ഈ സാമ്പത്തികവർഷം 100 കോടിയുടെ വിറ്റുവരവാണ് കെഎസ്‌ഡിപിക്ക്. സാനിറ്റൈസർ നിർമാണത്തിൽ ശ്രദ്ധയൂന്നിയാണ് കെഎസ്‌ഡിപിയുടെ കുതിപ്പ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും സ്‌കൂളുകളിലും സാനിറ്റൈസർ വിതരണം ചെയ്തു. കോവിഡ് സ്വാബ് ശേഖരണ എക്‌സാമിനേഷൻ ബൂത്ത്, സ്വാബ് കലക്‌ഷൻ ബൂത്ത്, ഈസി ഐസൊലേറ്റ് സംവിധാനം, ഫെയ്‌സ് മാസ്‌ക് ഡിസ്പോസൽ ബിൻ എന്നിവയുടെ നിർമാണവും ആരംഭിച്ചു. ആന്റിബയോട്ടിക്ക്, കുത്തിവയ്‌പ് മരുന്ന്, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ എന്നിവയുടെ നിർമാണമാരംഭിച്ചു.
മലബാർ സിമന്റ്‌സ് ലാഭത്തിൽ
മലബാർ സിമന്റ്സ് 1.2 കോടി ലാഭം നേടി. ആറ് കോടിയുടെ പ്രവർത്തന ലാഭവും കൈവരിച്ചു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ 2019-–-20 ൽ 55.87 കോടി ലാഭം നേടി. കാസ്റ്റിക് സോഡ പ്ലാന്റ്, കാസ്റ്റിക് കോൺസെൻട്രേഷൻ യൂണിറ്റ്, ഹൈഡ്രോക്ലോറിക് ആസിഡ് സിന്തസിസ് യൂണിറ്റ് എന്നിവ തുടങ്ങി. കാസ്റ്റിക് സോഡ കയറ്റുമതിയും ആരംഭിച്ചു.
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന്റെ കീഴിലുള്ള രണ്ട് മില്ലും നാല് സഹകരണ സ്പിന്നിങ് മില്ലും കഴിഞ്ഞ നവംബറിൽ പ്രവർത്തനലാഭം കൈവരിച്ചു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ പ്രവർത്തനലാഭം നേടി. കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മിൽ, ഉദുമ ടെക്‌സ്‌റ്റൈൽ മിൽ, പിണറായി ഹൈടെക് വീവിങ് മിൽ എന്നിവിടങ്ങളിൽ ഉൽപ്പാദനം ആരംഭിച്ചു. സുരക്ഷാ മാസ്‌ക് നിർമാണങ്ങളിൽ കെഎസ്ടിസി മില്ലുകൾ പങ്കാളികളായി.
42 സ്ഥാപനത്തിൽ കൃഷിയിറക്കി
സുഭിക്ഷ കേരളം പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായി. 42 സ്ഥാപനത്തിലായി. 150.325 ഏക്കറിൽ കൃഷി ആരംഭിച്ചു. അഞ്ച് ലക്ഷത്തിലേറെ രൂപയാണ് കൃഷിയിൽ നിന്നുള്ള വരുമാനം.
No comments:
Post a Comment