Wednesday, January 27, 2021

ലൈഫ്‌ മിഷൻ: അടുത്ത വർഷം ഒന്നര ലക്ഷം വീടു കൂടി; മാർച്ച് 30നകം 15,000 വീടുകൾ കൂടി പൂർത്തീകരിക്കും

തൃശൂർ> ലൈഫ് മിഷൻ പദ്ധതിയിലൂടെ അടുത്ത സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ മന്ത്രി എ സി മൊയ്‌തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർഹരായ എല്ലാ ഭവനരഹിതർക്കും  വീട്  പദ്ധതിയിലൂടെ യാഥാർഥ്യമാക്കും. 2021 മാർച്ച് 30നകം പദ്ധതിയിൽ ഉൾപ്പെട്ട 15,000 വീടുകൾ കൂടി പൂർത്തീകരിക്കും. ഇതോടൊപ്പം 30,000 വീടുകളുടെ നിർമാണ പ്രവർത്തനങ്ങളും തുടങ്ങും. എട്ട്‌ ലക്ഷം അപേക്ഷകൾ പുതിയതായി  ലഭിച്ചിട്ടുണ്ട്‌.

നിർമ്മാണം പൂർത്തീകരിച്ച 2,50, 547 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.   ഇതിനായി 8,823. 20 കോടി രൂപയാണ്   ചെലവഴിച്ചത്.

ഒന്നാം ഘട്ടത്തിൽ 97 ശതമാനം വീടുകളും പൂർത്തീകരിക്കാനായി. രണ്ടാം ഘട്ടത്തിൽ ഇതേവരെ 89  ശതമാനം വീടുകളാണ് പൂർത്തിയായത്. ബാക്കിയുള്ളവ  പൂർത്തീകരണ ഘട്ടത്തിലാണ്. മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ്  സർക്കാർ ലക്ഷ്യമിടുന്നത്‌.

സർക്കാർ വിവാദങ്ങൾക്കു പിറകെയല്ല, ജനങ്ങൾക്കൊപ്പമാണെന്ന്‌ മന്ത്രി പറഞ്ഞു.

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ വിവാദം സുപ്രീം കോടതിയ്ക്കു മുന്നിലുള്ള വിഷയമാണ്. കോടതിവിധിക്ക്‌ വിധേയമായാണ്‌ തുടർ നിർമാണം തുടങ്ങുക.  വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർക്കാർ 140 പേർക്ക് അവിടെ താമസ സൗകര്യം ഒരുക്കുന്നത്. അതിനെ അപവാദ പ്രചാരണം മൂലം തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെട്ടു.  കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നഗരസഭയും  എംഎൽഎയുടെ പഞ്ചായത്തും എല്ലാം ഇതിന്‌ മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.

വീടുകൾ നൽകിയത്‌ ഇങ്ങിനെ

ലൈഫ് മിഷൻ – 1,43, 478 വീട്‌  

പിഎംഎവൈ - ലൈഫ് അർബനിൽ–-63,449

പിഎംഎവൈ - ലൈഫ് റൂറൽ–- 17, 149

പട്ടികജാതി - വർഗ വിഭാഗ പദ്ധതി–- 19,987, 2,095

മത്സ്യത്തൊഴിലാളി - 4,389

തദ്ദേശ സ്ഥാപനങ്ങളിൽ വകുപ്പുകളുടെ സേവനം ഉറപ്പാക്കും

തൃശൂർ > ലൈഫ് പദ്ധതിയുടെ ഭാഗമായി   നടക്കുന്ന രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന വേളയിൽ  എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക്‌ വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കുമെന്ന്  മന്ത്രി എ സി മൊയ്തീൻ  അറിയിച്ചു.

13 സർക്കാർ വകുപ്പുകളിലൂടെ 67 സേവനങ്ങളാണ് ലഭ്യമാക്കുക. തദ്ദേശസ്ഥാപന തല സംഗമത്തിന്റെയും അദാലത്തിന്റെയും ഭാഗമായി വിവിധ വകുപ്പുകൾക്ക് ലഭിക്കുന്ന അപേക്ഷകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾകലക്ടർക്ക് കൈമാറും.  ഗുണഭോക്താക്കൾക്ക് സേവനങ്ങൾക്കായി കലക്ടറുടെ അദാലത്തിലേക്കുള്ള അപേക്ഷകൾ  സമർപ്പിക്കാനും കഴിയും.

തദ്ദേശ സ്ഥാപനങ്ങളിലെ വാർധക്യകാല, കർഷകത്തൊഴിലാളി, വിധവ, ഭിന്നശേഷി പെൻഷനുകൾ, ജനന-മരണ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ഉടമസ്ഥാവകാശ,  സ്ഥിര താമസ സാക്ഷ്യപത്രം എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും  അവസരം ലഭിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ റേഷൻ കാർഡ് തിരുത്തൽ, മുൻഗണനാ കാർഡ്, പുതിയ റേഷൻ കാർഡ്, തുടങ്ങിയ സേവനങ്ങൾക്കും അപേക്ഷിക്കാം.

കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ, ഐടി, ഫിഷറീസ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി/വർഗം, ക്ഷീര വികസനം, ആരോഗ്യം,  റവന്യൂ,  ശുചിത്വമിഷൻ, വനിതാ ശിശു വികസനം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെ സേവനത്തിനായി ഉദ്യോഗസ്ഥ സംഘം എല്ലാ തദ്ദേശ സ്വയംഭരണങ്ങളിലും ഉണ്ടാകും. ജില്ലയിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടത്തുന്ന സാന്ത്വന സ്പർശം ജില്ലാ അദാലത്തിലും ഈ 13 വകുപ്പുകളുടെയും സേവനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. കലക്ടർ എസ്‌ ഷാനവാസ്‌, ലൈഫ്‌മിഷൻ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ യു വി ജോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

No comments:

Post a Comment