ന്യൂഡൽഹി> കർഷകപ്രക്ഷോഭം കരുത്താർജിച്ചതോടെ നുണക്കഥ പ്രചരിപ്പിച്ച വലതുകോർപറേറ്റ് മാധ്യമങ്ങളുടെ വിശ്വാസ്യത കൂടിയാണ് ഇടിഞ്ഞില്ലാതാകുന്നത്. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡുമുതൽ ചില മാധ്യമങ്ങൾ കർഷകർക്കെതിരായി തുടർച്ചയായി വ്യാജപ്രചാരണം നടത്തി. കർഷകരെയാകെ അക്രമികളായി ചിത്രീകരിക്കാനായിരുന്നു ശ്രമം.
സിഎൻഎൻന്യൂസ് 18, ടൈംസ്‌നൗ, റിപ്പബ്ലിക് ടിവി എന്നീ ഇംഗ്ലീഷ് ചാനലുകളും സീന്യൂസ്, ഇന്ത്യാ ടിവി തുടങ്ങിയ ഹിന്ദി ചാനലുകളുമാണ് കർഷകസമരത്തെ അപകീർത്തിപ്പെടുത്തിയത്.
കർഷകരെ ഗുണ്ടകളെന്ന് വിശേഷിപ്പിച്ചായിരുന്നു ആക്രോശം. ചെങ്കോട്ടയിലെ ദേശീയപതാക കർഷകർ നീക്കം ചെയ്‌തുവെന്നും ഖാലിസ്ഥാൻ പതാക ഉയർത്തിയെന്നും ഇവർ ആവർത്തിച്ച് പറഞ്ഞു. ദേശീയപതാക ആരും നീക്കം ചെയ്‌തിട്ടില്ലെന്ന് ദൃശ്യങ്ങൾ സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പോസ്‌റ്റ് നിറഞ്ഞിട്ടും തിരുത്തിയില്ല.
സിഖ് പതാക ഉയർത്തിയത് മോഡിയുടെയും സംഘപരിവാറിന്റെയും അടുപ്പക്കാരനായ ദീപ് സിദ്ദുവാണെന്ന കാര്യം മറച്ചുവച്ചു. അണികളില്ലാത്ത ചില കടലാസുസംഘടന പിൻവാങ്ങിയതിനെ പർവതീകരിച്ചു. സമരകേന്ദ്രങ്ങളിൽ ആളൊഴിഞ്ഞുവെന്ന് കള്ളവാർത്ത നൽകി. നാട്ടുകാർ എന്ന പേരിലെത്തിയത് സംഘപരിവാറുകാരാണെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ തെളിഞ്ഞെങ്കിലും കണ്ട ഭാവം നടിച്ചില്ല.
രാകേഷ് ടിക്കായത്ത് ഉടൻ പൊലീസിന് കീഴടങ്ങുമെന്നും ഗാസിപുർ സമരകേന്ദ്രം ഒഴിപ്പിക്കുമെന്നും വാർത്ത നൽകി. മരിച്ചാലും സമരവേദി വിടില്ലെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് നേരെയായി നുണപ്രചാരണം. ചാനലുകളുടെ അപവാദങ്ങളെ തള്ളി കർഷകർ സമരകേന്ദ്രങ്ങളിലേക്ക് പ്രവഹിച്ചതോടെ ഇവർ മറ്റ് കാഴ്‌ചകളിലേക്ക് ക്യാമറ തിരിച്ചു.
അടിച്ചമര്‍ത്താന്‍ ശ്രമിക്കുംതോറും കരുത്താര്‍ജിക്കുന്നു; ഗൂഢാലോചന പൊളിഞ്ഞു: പി കൃഷ്‌ണപ്രസാദ്
സിൻഘു> ബിജെപി സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുംതോറും കർഷകസമരം കൂടുതൽ കരുത്താർജിക്കുമെന്ന് കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്. സിൻഘു അതിർത്തിയിൽ ഉപവാസത്തിലുള്ള കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകസമരം അക്രമസമരമെന്ന് വരുത്താൻ വലിയ ഗൂഢാലോചന നടക്കുന്നു. റിപ്പബ്ലിക് ദിനത്തിലെ ഒറ്റപ്പെട്ട സംഭവം അതിന്റെ ഭാഗമാണ്.
കർഷകസംഘടനകൾ തീരുമാനിച്ചിരുന്നെങ്കിൽ ചെങ്കോട്ട തന്നെ സമരകേന്ദ്രമാകുമായിരുന്നു. അതിന് ശ്രമിക്കാത്തത് കർഷകസംഘടനകളുടെ ദൗർബല്യമായി മോഡി സർക്കാർ കാണരുത്.
സമരകേന്ദ്രത്തിന് നേരെ ആക്രമണം നടത്തുന്നത് ബിജെപിക്കാരാണ്. ഇത്തരം പ്രകോപനങ്ങളിൽ കർഷകർ വീഴില്ല. മൂന്ന് നിയമവും പിൻവലിക്കുംവരെ സമരം തുടരും.–- കൃഷ്‌ണപ്രസാദ് പറഞ്ഞു. നേതാക്കളും കർഷകർക്കൊപ്പം ഉപവസിച്ചു. തിക്രി, ഷാജഹാൻപുർ, ഗാസിപുർ എന്നീ സമരകേന്ദ്രങ്ങളിലും കർഷകർ ഉപവസിച്ചു. ഡൽഹിയിലെ സുർജിത് ഭവനിൽ കിസാൻസഭ നേതാക്കൾ ഉപവസിച്ചു.
അടിച്ചോടിക്കാന്‍ വന്ന ‘നാട്ടുകാർ’ ബിജെപി പ്രവർത്തകർ
ന്യൂഡൽഹി> സിൻഘു അതിർത്തിയിൽ സമാധാനപൂർവം പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചൊതുക്കാൻ ‘നാട്ടുകാർ’ എന്ന വ്യാജേന എത്തിയത് ബിജെപിക്കാർ. റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാകയെ അവഹേളിച്ച കർഷരെ ‘നാട്ടുകാർ’ കൈയേറ്റം ചെയ്‌തെന്ന നിലയിലാണ് ചില ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ, അക്രമികൾ പ്രാദേശിക ബിജെപി നേതാക്കളും പ്രവർത്തകരുമാണെന്ന് വ്യക്തമായി.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിജെപി നേതാവ് അമൻകുമാറാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 31–-ാം വാർഡ് ബിജെപി കൗൺസിലർ അഞ്‌ജുദേവിയുടെ ഭർത്താവാണ് അമൻകുമാർ. ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള അമൻകുമാറിന്റെ ഫോട്ടോകളും പുറത്തുവന്നു. അമൻകുമാറിന്റെ സുഹൃത്തും പ്രാദേശിക ബിജെപി നേതാവുമായ കൃഷ്‌ണൻ ദബസും കർഷകരെ കൈയേറ്റം ചെയ്‌തു. ‘പ്രദേശവാസികൾ’ എന്ന വ്യാജേനയാണ് ബിജെപിക്കാർ ഗുണ്ടകളുമായെത്തി കർഷകരെ ആക്രമിച്ചത്.
പൊലീസ് ബാരിക്കേഡുകൾ മറികടന്ന് കർഷകർക്ക് നേരെ കല്ലെറിഞ്ഞു. കർഷകരുടെ കൂടാരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അക്രമികൾക്കെതിരായ രോഷം സാമൂഹ്യമാധ്യമങ്ങളിൽ അലയടിക്കുന്നു.
കർഷകസമരത്തിന് പിന്തുണ അറിയിച്ച് ബിഹാറിൽ മനുഷ്യച്ചങ്ങല
ന്യൂഡൽഹി> കർഷകസമരത്തിന് പിന്തുണ അറിയിച്ച് ബിഹാറിൽ ഇടതുപക്ഷ പാർടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ മഹാസഖ്യം സംസ്ഥാനത്തുടനീളം മനുഷ്യച്ചങ്ങല തീർത്തു. തലസ്ഥാനമായ പട്‌നയിൽ ബുദ്ധപാർക്കിലെ മനുഷ്യച്ചങ്ങലയിൽ ആയിരക്കണക്കിനാളുകൾ പങ്കാളികളായി.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സിപിഐ എം സംസ്ഥാന സെക്രട്ടറി അവധേഷ് കുമാർ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ അണിചേർന്നു.
മഹാരാഷ്ട്ര കിസാൻസഭ സെക്രട്ടറിയെ വധിക്കുമെന്ന് സംഘപരിവാർ; നടപടിയെടുക്കണമെന്ന് കിസാൻസഭ
ന്യൂഡൽഹി> മഹാരാഷ്ട്രയിൽ ഐതിഹാസിക കർഷകസമരത്തിന് നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത് നർവാലെയെ വധിക്കുമെന്ന് സംഘപരിവാർ ഭീഷണി.
കർഷകസമരത്തിന് നേതൃത്വം നൽകുന്നത് തുടർന്നാൽ വെടിവച്ച് കൊല്ലുമെന്നാണ് സാമുഹ്യമാധ്യമങ്ങളിലൂടെ ഭീഷണി.
വധഭീഷണി ഉയർത്തുന്നവർക്കെതിരായി സർക്കാർ നടപടിയെടുക്കണമെന്ന് കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസ്‌താവനയിൽ പറഞ്ഞു.
യുപി, ഹരിയാന പൊലീസിന്റെ സഹായത്തോടെ ഗാസിപുർ, ഷാജഹാൻപുർ, പൽവൽ എന്നീ കർഷക സമരകേന്ദ്രങ്ങളിൽ സംഘപരിവാർ കുഴപ്പങ്ങൾക്ക് ശ്രമിക്കുകയാണ്. കർഷകർക്ക് നേരെ ആക്രമണം നടത്തുന്നവരെയും അവർക്ക് കൂട്ടുനിൽക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും- കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു.
No comments:
Post a Comment